നിര്‍മലയുടെ സാരി ദുലാരി ദേവിക്കുള്ള ആദരം മാത്രമോ? ചര്‍ച്ചയായി 'മധുബനി' ഉറപ്പാക്കുന്ന ബിഹാര്‍ വോട്ടുകള്‍

ബിഹാറിലെ പരമ്പരാ​ഗത കലാരൂപമായ മധുബനി സാരിയിൽ ഉൾപ്പെടുത്തിയത് ആദരം മാത്രമാണോ അതോ മറ്റെന്തെങ്കിലും രഹസ്യങ്ങളുണ്ടോ

dot image

ജറ്റ് അവതരണദിനത്തിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമനാണ് സഭയിലെ പ്രധാന ശ്രദ്ധാകേന്ദ്രം. നിർമല സീതാരാമന്റെ സാമ്പത്തിക നയങ്ങൾ പോലെ പ്രധാനമാണ് ബജറ്റ് ദിനത്തിൽ മന്ത്രി ധരിക്കുന്ന സാരികളും. തന്റെ നിലപാട് കൃത്യമായി പ്രതിഫലിപ്പിക്കാൻ നിർമല സീതാരാമന്റെ സാരികൾക്ക് സാധിക്കാറുണ്ട്. ഇന്ത്യയുടെ സമ്പന്നമായ ടെക്സ്റ്റൈൽ പാരമ്പര്യവും കരകൗശല വിദ്യകളും ധനകാര്യ മന്ത്രിയുടെ സാരികൾ പലപ്പോഴും ഉയർത്തിക്കാട്ടിയിട്ടുണ്ട്.

പതിവു തെറ്റിക്കാതെ വൈവിധ്യമായ ഡിസൈനിലുള്ള സാരി ധരിച്ചാണ് ഇത്തവണയും മന്ത്രി ബജറ്റ് അവതരണത്തിന് എത്തുന്നത്. വെള്ള നിറത്തിലുള്ള സാരിയിൽ മധുബനി പ്രിന്റ് അടങ്ങിയ ​ഗോൾഡൻ നിറത്തിലുള്ള ബോർഡറാണ് ഇത്തവണ പ്രധാന ആകർഷണം. ബിഹാറിലെ പരമ്പരാ​ഗത കലാരൂപമായ മധുബനി സാരിയിൽ ഉൾപ്പെടുത്തിയത് ഫാഷൻ ചോയ്സ് മാത്രമാണോ അതോ മറ്റെന്തെങ്കിലും രഹസ്യങ്ങളുണ്ടോ എന്നതാണ് ചർച്ച.

മധുബനി കലയും നിർമല സീതാരാമന്റെ സാരിയും

ഭം​ഗിയുള്ള വസ്ത്രമെന്നതിന് പുറമേ നിർമല സീതാരാമൻ ബജറ്റ് അവതരണത്തിന് ധരിക്കുന്ന സാരിക്ക് പിന്നിൽ പത്മശ്രീ അവാർഡ് ജേതാവ് ദുലാരി ദേവിക്കും മധുബനി കലയ്ക്കുമുള്ള ആദരവും കൂടിയുണ്ട്. ബിഹാറിലെ മിഥില ആർട് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സന്ദർശനത്തിനിടെയാണ് മന്ത്രി ദുലാരി ദേവിയുമായി കൂടിക്കാഴ്ച നടത്തുന്നത്. അന്ന് ഇരുവരും തമ്മിൽ ഏറെ നേരം നീണ്ട സംസാരത്തിനൊടുവിൽ ദുലാരി ദേവി നിർമല സീതാരാമന് ഈ സാരി സമ്മാനിക്കുകയും ബജറ്റ് അവതരണദിനത്തിൽ ധരിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

സാരിക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന രാഷ്ട്രീയം

വിവിധ സംസ്ഥാനങ്ങളിൽ നിന്നും നെയ്തെടുക്കുന്ന കൈത്തറി സാരികൾ ധരിക്കുന്നതിൽ പ്രമുഖയാണ് നിർമല സീതാരാമൻ. ഇക്കുറി ബിഹാറി കലാരൂപമായ മധുബനി സാരി ധരിക്കുന്നതിന് പിന്നിലും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് ഉയരുന്ന വാദം. 2025 അവസാനത്തോടെ ബിഹാറിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ സാരിക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന രാഷ്ട്രീയത്തിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. തൊഴിലവസരങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക വികസന പദ്ധതികൾ തുടങ്ങി വിവിധ മേഖലകളിൽ ബിഹാറിന് പ്രത്യേക പാക്കേജ് അനുവദിക്കുന്നതിന്റെ സൂചനയാണോ സാരിയിലൂടെ വ്യക്തമാക്കുന്നതെന്നും ചർച്ചകളുണ്ട്.

2025 ബജറ്റിലെ പ്രതീക്ഷകൾ

രാജ്യം ഏറെ പ്രതീക്ഷയോടെയാണ് 2025-26 ബജറ്റ് അവതരണത്തെ കാത്തിരിക്കുന്നത്. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുക. ഇടത്തരക്കാർക്കും പിന്നാക്ക വിഭാ​ഗത്തിനും പരി​ഗണന നൽകുന്ന ബജറ്റായിരിക്കും ഇത്തവണ അവതരിപ്പിക്കുക എന്നാണ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസം​ഗം നൽകുന്ന സൂചന. മിഡിൽ ക്ലാസ് എന്ന വാക്കിന്റെ ആവർത്തിച്ചുള്ള ഉപയോ​ഗമാണ് ഈ പ്രതീക്ഷയ്ക്ക് പിന്നിൽ.

ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ പ്രധാനമന്ത്രി നൽകിയ സൂചനയും ഇടത്തരക്കാരെ സംബന്ധിച്ച് ശുഭകരമാണ്. ഇടത്തരക്കാർക്ക് ഐശ്വര്യമുണ്ടാക്കട്ടെ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന് നടക്കാനിരിക്കെ ബജറ്റിലെ മധ്യവർഗ്ഗക്കാരുടെ കരുതൽ തന്നെയാവും നിർമല സീതാരാമൻ്റെ ബജറ്റിലെ ഹൈലൈറ്റെന്ന് ഉറപ്പിക്കാം. ബജറ്റിൽ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ആശ്വാസമാകുന്ന പാക്കേജ് പ്രഖ്യാപിക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.

Content Highlight: Is there a secret behind Nirmala Sitaraman's budget day saree?

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us