ആത്മവിശ്വാസമുള്ള സ്ത്രീകളെ എന്തിന് ഭയക്കണം? പാര്‍വതിയെ വിമര്‍ശിക്കുന്നവര്‍ ഇനിയും അറിയേണ്ടത്..

അങ്ങനെയുള്ളവരുടെ വാക്കുകള്‍ക്ക് വില നല്‍കേണ്ടതില്ലെന്ന് ഇന്നത്തെ ഒരുവിഭാഗം സ്ത്രീകളെങ്കിലും പഠിച്ചു കഴിഞ്ഞിരിക്കുന്നു

ഷെറിങ് പവിത്രൻ
1 min read|06 Feb 2025, 09:43 am
dot image

ഞാനിപ്പോള്‍ സിംഗിളാണ്…
മുന്‍കാലങ്ങളില്‍ പ്രണയങ്ങളുണ്ടായിട്ടുണ്ട്…
പലരുമായും ഡേറ്റ് ചെയ്തിട്ടുണ്ട്…
കഴിഞ്ഞദിവസം നടി പാര്‍വ്വതി തിരുവോത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിത്….

സദാചാരത്തിന്റെ കപട വാള്‍മുനകളെ ഭയപ്പെടാതെ തന്റെ പ്രണയത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും പൊതുബോധത്തെക്കുറിച്ചുമൊക്കെ തുറന്നുപറയാന്‍ ഒരു സ്ത്രീ തയ്യാറാകുമ്പോള്‍ അവളെ ഒളിഞ്ഞും തെളിഞ്ഞും നിന്ന് കുറ്റം പറയാനും സദാചാരത്തിന്റെ അളവുകോല്‍ കൊണ്ട് അളന്നുമുറിക്കാനും വിലയിടാനും ശ്രമിക്കുന്ന ഒരുകൂട്ടം ആളുകള്‍ ഇനി ഏത് കാലത്താവും വെളിച്ചമുളള ലോകത്തേക്ക് ഇറങ്ങിവരിക. പുരോഗമിച്ചു എന്ന് പറയുന്ന ഈ സമൂഹത്തിന് മുന്നില്‍ ഒരു പുരുഷന്‍ നടത്തുന്ന തുറന്നുപറച്ചിലിനും അവന്റെ അഭിപ്രായങ്ങള്‍ക്കും വിലയുണ്ടാവുകയും അവന്റെ ആത്മവിശ്വാസത്തെ ആരും ചോദ്യം ചെയ്യാതിരിക്കുകയും ചെയ്യുന്നത് ' പ്രിവിലേജ്' എന്ന വാക്കില്‍ അടയാളപ്പെടുത്തേണ്ടിവരും. സ്ത്രീകളും അവരുടെ കാഴ്ചപ്പാടുകളും പുരുഷന്മാരില്‍നിന്ന് വ്യത്യസ്തമായിരിക്കും. പക്ഷേ അവളുടെ തുറന്നുപറച്ചിലുകളുടെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ അവള്‍ ക്രൂശിക്കപ്പെടുന്നു. അവിടെ വെര്‍ബല്‍ അറ്റാക്ക് നേരിടാന്‍ ബാധ്യതപ്പെട്ടവളാണ് അവള്‍.

പാര്‍വ്വതി അല്ലെങ്കില്‍ പാര്‍വ്വതിയെപ്പോലെ എന്ന് നമ്മള്‍ പറയാനാഗ്രഹിക്കുന്ന സ്ത്രീകള്‍ തികഞ്ഞ ആത്മവിശ്വാസമുള്ളവരാണെന്നത് സന്തോഷത്തോടെ മനസിലാക്കുകയാണ് വേണ്ടത്. അവനവന്റെ പ്രണയത്തെക്കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചും, തകര്‍ന്നുപോയ മുന്‍കാല ബന്ധങ്ങളെക്കുറിച്ചും, ഒരാള്‍ തന്നെ ഉപയോഗിച്ചതിനെക്കുറിച്ചും, തനിക്ക് ഇഷ്ടപ്പെട്ട വസ്ത്രധാരണത്തെക്കുറിച്ചും, വായിക്കാനിഷ്ടപ്പെടുന്ന പുസ്തകങ്ങളെക്കുറിച്ചും ഒക്കെ തുറന്നുപറച്ചിലുകള്‍ നടത്തുന്നത് അവരുടെ ഉള്ളില്‍ ആത്മവിശ്വാസവും സുതാര്യതയും ഉള്ളതുകൊണ്ടാണ്. അത്തരത്തിലൊരാളെ അല്ലെങ്കില്‍ തുറന്നുപറയുന്ന പെണ്ണിനെ അംഗീകരിക്കാന്‍ സാധിക്കുന്നില്ല എങ്കില്‍… അവര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിയുന്നുണ്ട് എങ്കില്‍ നാവില്‍ അവഹേളനത്തിന്റെ വാക്കുകള്‍ വരുന്നുണ്ട് എങ്കില്‍ മറ്റൊന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്. അങ്ങനെയുള്ളവരുടെ വാക്കുകള്‍ക്ക് വില നല്‍കേണ്ടതില്ലെന്ന് ഇന്നത്തെ ഒരുവിഭാഗം സ്ത്രീകളെങ്കിലും പഠിച്ചു കഴിഞ്ഞിരിക്കുന്നു.

സ്വാഭിപ്രായമുള്ള സ്ത്രീകള്‍ കൊള്ളരുതാത്തവരോ?

സ്വന്തമായി അഭിപ്രായമുളള സ്ത്രീകള്‍ കൊളളരുതാത്തവരാണെന്ന് അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്ന ആണ്‍ സമൂഹമാണ് നമുക്ക് ചുറ്റും. ഭര്‍ത്താവിന്റെ, മകന്റെ, അച്ഛന്റെ, സുഹൃത്തിന്റെ, മേലധികാരിയുടെ തെറ്റുകളെ ചോദ്യം ചെയ്താല്‍ ഉടന്‍തന്നെ അവള്‍ മോശക്കാരിയായി. പ്രതികരിക്കാന്‍ തയ്യാറാവുന്ന സ്ത്രീയെ നിശബ്ദയാക്കുക എന്ന ഉദ്ദേശ്യമാണ് ഇത്തരം സദാചാര എതിര്‍ ചോദ്യങ്ങള്‍ക്ക് പിന്നില്‍. മാത്രമല്ല തെറ്റുകളൊക്കെ സ്ത്രീകളുടേത് മാത്രമാണെന്ന തോന്നലാണ് പൊതു സമൂഹം ഉണ്ടാക്കുന്നത്. പൊതു ഇടങ്ങളില്‍ അഭിപ്രായം പറയുന്ന സ്ത്രീകളാണ് പലപ്പോഴും ഇത്തരം വിധികള്‍ക്ക് ഇരയാകുന്നത്.

കുടുംബങ്ങളില്‍ നിന്നുതന്നെയാണ് ഇതിന്‍റെ തുടക്കം. അവള്‍ക്ക് സ്വന്തമായി അഭിപ്രായമുണ്ടെന്നും സ്വാതന്ത്ര്യമുണ്ടെന്നും മനസ്സിലാക്കുന്നതിന് പകരം അവള്‍ക്കത് ഞങ്ങള്‍ അനുവദിച്ചുകൊടുക്കാറുണ്ടെന്ന ഊറ്റം പറച്ചിലുകളാണ് കുടുംബങ്ങളില്‍ നിന്നുയരുന്നത്. അതിന്‍റെ പ്രതിഫലനമാണ് സമൂഹത്തില്‍ കാണുന്നതും. അടക്കവും ഒതുക്കവും പെണ്ണിന് വേണ്ട എന്തോ പ്രധാനപ്പെട്ട ഘടകങ്ങളാണെന്ന തോന്നല്‍ തലമുറകളായി കൈമാറി വരുന്നുമുണ്ട്. ഓര്‍മയില്ലേ റാണി പത്മിനി എന്ന ചിത്രത്തില്‍ മഞ്ജുവാര്യര്‍ അവതരിപ്പിച്ച കഥാപാത്രം പറയുന്ന ആത്മഗതം, " ആരെങ്കിലും നമ്മളെ അടക്കോം ഒതുക്കോം ഉള്ള കുട്ടിയെന്നുപറഞ്ഞാല്‍ സന്തോഷിക്കരുത്..അതൊരു ട്രാപ്പാണ്. ജീവിതകാലം മുഴുവന്‍ ചിറകൊതുക്കി ഇരിക്കാനുള്ള പ്രോത്സാഹനം. ചിറകൊതുക്കി ഇരുന്നാല്‍ പിന്നെങ്ങനെ പറക്കും.." മാറ്റങ്ങള്‍ അനിവാര്യമാണ്, ഉണ്ടാകുന്നുമുണ്ട്. സ്ത്രീ ഒരു വ്യക്തിയാണെന്നും അവള്‍ക്ക് അഭിപ്രായം പറയാനും നിലപാട് എടുക്കാനും പുരുഷന്മാരുടേത് പോലെ ജീവിതം ആസ്വദിക്കാനും പണിയെടുക്കാനും എടുക്കാതിരിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും അവകാശമുണ്ട് അതാരും കനിഞ്ഞു നല്‍കേണ്ട ഔദാര്യമല്ലെന്ന് ബോധമണ്ഡലത്തില്‍ ഉറയ്ക്കാന്‍ ഇനിയും വര്‍ഷങ്ങളെടുക്കും. ഇന്നത്തെ തലമുറ തന്നെയാണ് അതിനുള്ള പ്രതീക്ഷ നല്‍കുന്നതും.

പൊതുഇടം സ്ത്രീകളുടേതുകൂടിയാണ്

പൊതു ഇടങ്ങളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും രാത്രി വൈകി സ്ത്രീകളെ കണ്ടാല്‍ അസ്വസ്ഥരാകുന്നവര്‍ സ്ത്രീകള്‍ വീട്ടില്‍ ഒതുങ്ങിക്കഴിയൂ എന്നും വൈകി ഓണ്‍ലൈനില്‍ ഇരിക്കുന്ന സ്ത്രീകളോട് ലൈംഗിക ചുവയോടെ സംസാരിക്കാമെന്നുമുള്ള മുന്‍ധാരണയോടെയാണ് പലരും അവളെ സമീപിക്കുന്നത്. ഒന്നു മനസിലാക്കേണ്ടതുണ്ട്. സ്വാശ്രയ ശീലത്തിലും അഭിമാനവും ഉളള സ്ത്രീകളാണ് നമുക്ക് ചുറ്റും ഉള്ളത്. അവരുടേതായ ശരികള്‍ കെട്ടിപ്പടുക്കുന്ന തിരക്കിലുമാണവര്‍. ബന്ധങ്ങളിലായാലും കെട്ടിവരിയുന്നവയെ വേണ്ടന്നുവയ്ക്കാന്‍ അവര്‍ ശീലിച്ചുകഴിഞ്ഞു. അവരുടെ തുറന്നുപറച്ചിലുകളെ തുറന്ന മനസ്സോടെ സ്വീകരിക്കേണ്ടി വരുന്ന ഒരു കാലത്തിലേക്കുള്ള യാത്രയിലാണ്. അതിന് തയ്യാറായില്ലെങ്കില്‍ മാറ്റിനിര്‍ത്തപ്പെടുകയോ, മാറി നില്‍ക്കേണ്ടി വരികയോ ചെയ്യേണ്ടത് നിങ്ങളായിരിക്കും.

Content Highlights: Why People are Afraid of Confident Women

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us