
രാജ്യത്ത് ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും വേരൂന്നിയ ലിംഗ അസമത്വങ്ങളെ എടുത്ത് കാണിക്കുകയാണ് ഇന്ത്യടുഡേ 'ജെന്‍ഡര്‍ ആറ്റിറ്റിയൂഡ്' എന്ന വിഷയത്തില്‍ നടത്തിയ സര്‍വേ. സ്വന്തം വരുമാനം പോലും അവരുടെ സ്വാതന്ത്ര്യത്തിന് ചെലവഴിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുന്നില്ലെന്നാണ് സര്‍വേ പറയുന്നത്. രാജ്യവ്യാപകമായി 9000-ല്‍ അധികം ആളുകളില്‍ നിന്ന് പ്രതികരണങ്ങള്‍ ശേഖരിച്ചാണ് സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
സര്‍വേ റിപ്പോര്‍ട്ട് അനുസരിച്ച് ലിംഗ സമത്വത്തില്‍ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം കേരളമാണ്. ഉത്തര്‍പ്രദേശാണ് അവസാന സ്ഥാനത്തുള്ളത്. സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അതായത് 69 ശതമാനം പേര്‍ പറയുന്നത്, സ്ത്രീകള്‍ക്ക് അവരുടെ വരുമാനത്തില്‍ പൂര്‍ണ സ്വാതന്ത്ര്യം വേണമെന്നാണ്. 31 ശതമാനം ആളുകളാണ് സ്ത്രീകളുടെ സാമ്പത്തിക തീരുമാനങ്ങള്‍ക്ക് കുടുംബത്തിന്റെ അഭിപ്രായം കൂടി വേണമെന്ന് പറയുന്നത്. സ്ത്രീകള്‍ക്ക് സ്വന്തം വരുമാനത്തില്‍ പൂര്‍ണനിയന്ത്രണം ഉണ്ടായിരിക്കണമെന്നാണ് കേരളത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയവരില്‍ 91 ശതമാനം പേരും പറയുന്നത്.
രാജ്യത്താകെ ശേഖരിച്ച അഭിപ്രായങ്ങളില്‍, കുടുംബപരമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പുരുഷന്റേതായിരിക്കണം അന്തിമവാക്കെന്നാണ് 69 ശതമാനം പേരും പറയുന്നത്. 30 ശതമാനം പേരാണ് സ്ത്രീക്കും പുരുഷനും ഒരു പോലെയാണ് അഭിപ്രായസ്വാതന്ത്ര്യമെന്ന് പ്രതികരിച്ചത്. ഉത്തര്‍പ്രദേശില്‍ 96 ശതമാനം പേരും കുടുംബകാര്യങ്ങളില്‍ പുരുഷമേധാവിത്വത്തെ പിന്തുണക്കുകയായിരുന്നു. എന്നാല്‍ കേരളത്തില്‍ 75 ശതമാനം പേരും പുരുഷമേധാവിത്വത്തെ എതിര്‍ക്കുന്നവരായിരുന്നു.
വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍, പ്രതികരിച്ച 93 ശതമാനം പേരും ആണ്‍കുട്ടികള്‍ക്കൊപ്പം തന്നെ പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കണമെന്ന് അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍, 6 ശതമാനം പേരാണ് ഇതിനോട് വിയോജിച്ചത്. ഗുജറാത്തില്‍ 22 ശതമാനം പേരാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയത്.
ജോലി ചെയ്യുന്ന കാര്യത്തില്‍, രാജ്യത്താകെ 84 ശതമാനം പേരാണ് സ്ത്രീകള്‍ ജോലി ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കണമെന്ന് പ്രതികരിച്ചത്. 15 ശതമാനം പേര്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നതിനോട് താല്‍പര്യമില്ലാത്തവരായിരുന്നു. തീരുമാനങ്ങളെ എതിര്‍ക്കുന്ന ഭാര്യയെ ഭര്‍ത്താവ് അടിക്കുന്നത് ന്യായമാണോ എന്ന ചോദ്യത്തിന്, 84 ശതമാനം പേരും ഇതിനോടുള്ള എതിര്‍പ്പ് വ്യക്തമാക്കി. അതേസമയം 16 ശതമാനം പേര്‍ ഇതിനെ പിന്തുണക്കുകയായിരുന്നു. ആന്ധ്രാപ്രദേശില്‍ 31 ശതമാനം പേരാണ് ഇതിനെ പിന്തുണച്ചത്.
സ്ത്രീകള്‍ക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാന്‍ അവകാശമുണ്ടെന്ന് കേരളത്തിലെ 93 ശതമാനം പേരും പറഞ്ഞപ്പോള്‍, ഉത്തര്‍പ്രദേശില്‍ 91 ശതമാനം പേരും പറയുന്നത് സ്ത്രീകള്‍ അവരുടെ കുടുംബത്തിലെ പുരുഷന്മാര്‍ പറയുന്ന സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്നായിരുന്നു. രാജ്യത്താകെ പ്രതികരിച്ചവരില്‍ 51 ശതമാനം പേരാണ് സ്ത്രീകള്‍ അവരുടെ കുടുംബത്തിലെ പുരുഷന്മാര്‍ വോട്ട് ചെയ്യുന്ന അതേ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണണെന്ന് അഭിപ്രായം രേഖപ്പെടുത്തിയത്.
പൊതുഇടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ഉപദ്രവങ്ങള്‍ നിങ്ങളുടെ പ്രദേശത്ത് സ്ഥിരമായി സംഭവിക്കുന്ന പ്രശ്‌നമാണോ എന്ന ചോദ്യത്തിന്, 42 ശതമാനം പോണ് അങ്ങനെയാണെന്ന് അഭിപ്രായം പറഞ്ഞത്. 56 ശതമാനം പേര്‍ ഇതില്‍ വിയോജിപ്പും രേഖപ്പെടുത്തി.
ലിംഗസമത്വത്തിന്റെ കാര്യത്തില്‍ ഉത്തരാഖണ്ഡാണ് കേരളത്തിന് തൊട്ടുപിന്നിലുള്ള സംസ്ഥാനം. മൂന്നാം സ്ഥാനത്ത് തമിഴ്‌നാടും നാലാം സ്ഥാനത്ത് ഹിമാചലുമുണ്ട്. മഹാരാഷ്ട്ര, തെലങ്കാന, ഛണ്ഡീഗഡ്, പശ്ചിമ ബംഗാള്‍, ഒഡിഷ, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഉത്തര്‍പ്രദേശാണ് ഏറ്റവും പിന്നിലുള്ള സംസ്ഥാനം. ഉത്തര്‍പ്രദേശിന് തൊട്ടുമുന്നില്‍ ഗുജറാത്തും അസാമുമാണ് ഉള്ളത്.
Content Highlights: Are women free to spend the money they earn, survey report