ദത്ത് നല്കിയ കുട്ടികളുടെ ഡിഎന്എ പരിശോധന ഹൈക്കോടതി തടഞ്ഞു; ആറ് കീഴ്ക്കോടതി ഉത്തരവുകള്ക്ക് സ്റ്റേ

ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെ മാതാപിതാക്കള്ക്ക് തിരികെ ലഭിക്കണമെങ്കില് അറുപത് ദിവസത്തിനകം ബന്ധപ്പെട്ട ഏജന്സിയെ സമീപിക്കണം. ഇല്ലെങ്കില് കുട്ടിയെ കേന്ദ്ര ദത്ത് നിയമം അനുസരിച്ച് നല്കും. ദത്ത് നേടിയ മാതാപിതാക്കള്ക്കാണ് പിന്നീട് കുട്ടിയുടെ ഉത്തരവാദിത്തം.

ശ്യാം ദേവരാജ്
1 min read|05 Jul 2023, 11:10 pm
dot image

കൊച്ചി: ദത്ത് നടപടിക്രമങ്ങള് പൂര്ത്തിയാക്കി മാതാപിതാക്കള്ക്ക് നല്കിയ ശേഷമുള്ള കുട്ടികളുടെ ഡിഎന്എ പരിശോധന നടത്തുന്നത് ഹൈക്കോടതി തടഞ്ഞു. ഡിഎന്എ പരിശോധനയ്ക്ക് അനുമതി നല്കിയ ആറ് കീഴ്ക്കോടതി വിധികള് നടപ്പാക്കുന്നതാണ് സിംഗിള് ബെഞ്ച് തടഞ്ഞത്. അമികസ് ക്യൂറി റിപ്പോര്ട്ട് പരിഗണിച്ച് ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹര്ജിയില് ഹൈക്കോടതി സര്ക്കാരിന്റെ വിശദീകരണം തേടി.

ബലാത്സംഗക്കേസുകളിലെ അതിജീവിതമാര് നവജാത ശിശുക്കളെ അമ്മത്തൊട്ടില് ഉള്പ്പടെയുള്ള ഇടങ്ങളില് ഉപേക്ഷിക്കാറുണ്ട്. കുട്ടികളെ ലഭിച്ചാല് പത്രങ്ങളിലൂടെ ഇക്കാര്യം അറിയിക്കും. ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെ മാതാപിതാക്കള്ക്ക് തിരികെ ലഭിക്കണമെങ്കില് അറുപത് ദിവസത്തിനകം ബന്ധപ്പെട്ട ഏജന്സിയെ സമീപിക്കണം. ഇല്ലെങ്കില് കുട്ടിയെ കേന്ദ്ര ദത്ത് നിയമം അനുസരിച്ച് നല്കും. ദത്ത് നേടിയ മാതാപിതാക്കള്ക്കാണ് പിന്നീട് കുട്ടിയുടെ ഉത്തരവാദിത്തം.

ദത്ത് നേടി നടപടിക്രമങ്ങള് പൂര്ത്തിയാക്കിയ ശേഷം കുട്ടിയുടെ ഡിഎന്എ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ആദ്യ മാതാപിതാക്കള് കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടും. ഇങ്ങനെ ഡിഎന്എ പരിശോധന നടത്തുന്നത് കുട്ടികളുടെ സ്വകാര്യതയ്ക്ക് വിരുദ്ധമാണ് എന്നാണ് അമികസ് ക്യൂറി അഡ്വ. എ പാര്വതി മേനോന്റെ റിപ്പോര്ട്ട്. ഇത് ദത്ത് നേടിയ മാതാപിതാക്കള്ക്കും മനോവിഷമം സൃഷ്ടിക്കും. ഡിഎന്എ പരിശോധനയ്ക്ക് അനുമതി നല്കുന്ന കീഴ്ക്കോടതി ഉത്തരവുകള് ഭരണഘടന ഉറപ്പുനല്കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്നും അമികസ് ക്യൂറി റിപ്പോര്ട്ടിലുണ്ട്.

സമീപകാലത്ത് അഞ്ച് കീഴ്ക്കോടതി വിധികളാണ് ഇതിന് ആധാരമായി അമികസ് ക്യൂറി ചൂണ്ടിക്കാട്ടുന്നത്. മഞ്ചേരി അതിവേഗ സെഷന്സ് കോടതി, കട്ടപ്പന പോക്സോ പ്രത്യേക കോടതി, രാമങ്കരി ജുഡീഷ്യല് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി, കൊല്ലം അഡീഷണല് സെഷന്സ് കോടതി ഒന്ന്, ദേവികുളം പോക്സോ പ്രത്യേക കോടതി എന്നീ കോടതികളുടെ വിധികളാണ് പരാമര്ശിക്കുന്നത്. അതിജീവിതയ്ക്ക് നഷ്ടപരിഹാരം നല്കുന്നതിനായുള്ള അപേക്ഷയില് ഡിഎന്എ പരിശോധനയ്ക്ക് ഉത്തരവിട്ട പാലക്കാട് സെഷന്സ് കോടതിയുടെ വിധിയും അമികസ് ക്യൂറി റിപ്പോര്ട്ടിലുണ്ട്. ഈ വിധികളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

കേരള ലീഗല് സര്വീസ് അതോറിറ്റിയുടെ വിക്റ്റിംസ് സെന്റര് പ്രൊജക്ട് കോര്ഡിനേറ്ററും അഭിഭാഷകയുമായ എ പാര്വതി മേനോന് നല്കിയ റിപ്പോര്ട്ട് പരിഗണിച്ചാണ് നടപടി. അഡ്വക്കറ്റ് ജനറല് കെ ഗോപാലക്കുറുപ്പ് റിപ്പോര്ട്ട് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് നല്കി. ഇതേത്തുടര്ന്നാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അലക്സാണ്ടര് തോമസ് സ്വമേധയാ ഹര്ജി ഫയലില് സ്വീകരിച്ചത്. അഡ്വ. എ പാര്വതി മേനോനെ ഹൈക്കോടതി അമികസ് ക്യൂറിയായും നിയമിച്ചു.

സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, സംസ്ഥാന അഡോപ്ഷന് റിസോഴ്സസ് ഏജന്സി മെമ്പര് സെക്രട്ടറി, കേരള ലീഗല് സര്വീസ് അതോറിറ്റി എന്നിവരാണ് ഹര്ജിയിലെ എതിര്കക്ഷികള്. സംസ്ഥാന സര്ക്കാര് ഉള്പ്പടെയുള്ളവര് ജൂലൈ 21നകം നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി നിര്ദ്ദേശിച്ചു.

dot image
To advertise here,contact us
dot image