എഐ ഇനി കോടതിയിലും, മെഷീന് സ്ക്രൂട്ടിനി, മലയാളത്തില് വിധി; പരിഷ്കാരങ്ങളുമായി ഹൈക്കോടതി

വിധിന്യായങ്ങള് ഇംഗ്ലീഷില് നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി വെബ്സെെറ്റില് പ്രസിദ്ധീകരിക്കും

ശ്യാം ദേവരാജ്
1 min read|08 Jul 2023, 03:02 pm
dot image

കൊച്ചി: ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് ഉള്പ്പടെയുള്ളവയുടെ സഹായത്തോടെ സാങ്കേതിക പരിഷ്കാരങ്ങള്ക്ക് തയ്യാറെടുത്ത് കേരള ഹൈക്കോടതി. വിധിന്യായങ്ങള് മലയാളത്തില് ലഭ്യമാക്കാന് ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് സംവിധാനം ഉപയോഗിക്കും. മെഷീന് സ്ക്രൂട്ടിനി വഴിയാവും ഓഗസ്റ്റ് മുതല് ജാമ്യഹര്ജികളുടെ പ്രാഥമിക പരിശോധന. രാജ്യത്ത് ആദ്യമായാണ് ഒരു ഹൈക്കോടതി മെഷീന് സ്ക്രൂട്ടിനി നടപ്പാക്കുന്നത്.

കേരള ഹൈക്കോടതിയില് നിന്നുള്ള വിധിന്യായങ്ങള് പരിഭാഷപ്പെടുത്തുന്നതാണ് ഒരു സാങ്കേതിക പരിഷ്കാരം. വിധിന്യായങ്ങള് ഇംഗ്ലീഷില് നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി വെബ്സെെറ്റില് പ്രസിദ്ധീകരിക്കും. 317-ലധികം വിധിന്യായങ്ങളാണ് ഈ രീതിയില് കേരള ഹൈക്കോടതി പ്രസിദ്ധീകരിച്ചത്. ആദ്യഘട്ടത്തില് സാക്ഷ്യപ്പെടുത്തിയ വിധിന്യായങ്ങള് ലഭ്യമാക്കാനാണ് നിര്ദ്ദേശം.

സമാന രീതിയില് കീഴ്ക്കോടതികളിലെ വിധിന്യായങ്ങളും പരിഭാഷ രൂപത്തില് ലഭ്യമാക്കും. 5186-ൽ അധികം വിധികളാണ് ഇങ്ങനെ ലഭ്യമാകുന്നത്. ജില്ലാ കോടതികള്, മജിസ്ട്രേറ്റ് കോടതികള്, സിവില് കോടതികള്, പ്രത്യേക കോടതികള് എന്നിവയുടെ വിധിന്യായങ്ങള് ഇതിലുള്പ്പെടും. ഏറ്റവും കുറഞ്ഞത് ഓരോ കോടതിയിലെയും അഞ്ച് വീതം വിധിന്യായങ്ങള് ഇങ്ങനെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

'അനുവാദിനി' എന്ന എഐ ടൂള് ആണ് പരിഭാഷയ്ക്കായി ഉപയോഗിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സാങ്കേതിക സംവിധാനമായ എഐസിടിഇ ആണ് 'അനുവാദിനി' വികസിപ്പിച്ചത്. ഇക്കൊല്ലം ഫെബ്രുവരി മുതല് പരീക്ഷണാടിസ്ഥാനത്തില് വിധിന്യായങ്ങളുടെ പരിഭാഷ ആരംഭിച്ചു. ഇതാണ് ഔദ്യോഗിക സംവിധാനമായി മാറുന്നത്.

പൊതുസമൂഹത്തിനായുള്ള നിയമ വിദ്യാഭ്യാസം, ബോധവത്കരണം തുടങ്ങിയവയ്ക്ക് എഐ പരിഭാഷപ്പെടുത്തിയ വിധിന്യായങ്ങള് ഉപയോഗിക്കും. സര്ക്കാര് വകുപ്പുകള്, ഹര്ജിക്കാര് ഉള്പ്പടെയുള്ളവര്ക്കും ഇതനുസരിച്ചുള്ള വിധിന്യായം മലയാളത്തില് ലഭ്യമാക്കും. വിധിന്യായങ്ങള് ശരിയായ അര്ത്ഥത്തില് ജനങ്ങളിലേക്ക് എത്തിക്കാനും പൊതുസമൂഹത്തില് നിയമാവബോധം സൃഷ്ടിക്കാനും അനുവാദിനി എഐ ടൂള് ഉപയോഗിക്കും.

ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് അസിസ്റ്റഡ് ലീഗല് ട്രാന്സ്ലേഷന് അഡ്വൈസറി സമിതിയുടെ ശുപാര്ശയും മാര്ഗ്ഗനിര്ദ്ദേശങ്ങളും അനുസരിച്ചാണ് വിധിന്യായത്തിന്റെ പരിഭാഷ ലഭ്യമാക്കാനുള്ള നടപടി ഹൈക്കോടതി ഐടി ഡയറക്ടറേറ്റ് സ്വീകരിച്ചത്. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ സമിതിയാണ് ഇതിന് നേതൃത്വം നല്കുന്നത്. ജസ്റ്റിസുമാരായ രാജാ വിജയരാഘവന്, ഡോ. കൗസര് എടപ്പഗത്ത് എന്നിവരും സമിതിയിലുണ്ട്.

ജാമ്യാപേക്ഷകള് സമര്പ്പിക്കുന്ന രീതിയിലെ മാറ്റമാണ് രണ്ടാമത്തേത്. നിലവില് സ്ക്രൂട്ടിനി ഒഫീസര്മാര് പരിശോധിച്ചാണ് ജാമ്യാപേക്ഷകള് കോടതിയുടെ പരിഗണനാ പട്ടികയില് വരുന്നത്. ഓഗസ്റ്റ് ഒന്നുമുതല് ഇതില് മാറ്റം വരും. സമ്പൂര്ണ്ണമായി ഓട്ടോ സ്ക്രൂട്ടിനി സംവിധാനത്തിലേക്ക് മാറും. വരുന്ന മൂന്നാഴ്ചക്കാലം ഇത് പരീക്ഷണാടിസ്ഥാനത്തില് നടപ്പാക്കും. പരിവര്ത്തന ഘട്ടം ജൂലൈ 10-ന് ആരംഭിക്കും.

ജൂലൈ 30-വരെ ജാമ്യാപേക്ഷ സമര്പ്പിക്കുമ്പോള് അഭിഭാഷകര്ക്ക് ലഭ്യമായ രണ്ട് മൊഡ്യൂളില് ഒന്ന് തെരഞ്ഞെടുക്കാം. ഒന്നുകില് ഓട്ടോ സ്ക്രൂട്ടിനി അല്ലെങ്കില് ഒഫീസര്മാരുടെ പരിശോധന. രാജ്യത്ത് ആദ്യമായാണ് ഒരു ഹൈക്കോടതിയില് ജാമ്യാപേക്ഷകളുടെ പരിശോധനയ്ക്ക് മെഷീന് സ്ക്രൂട്ടിനി മൊഡ്യൂള് ഉപയോഗിക്കുന്നത്. ഹൈക്കോടതി ഐടി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലാണ് സ്ക്രൂട്ടിനി മൊഡ്യൂള് തയ്യാറാക്കിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us