മെമ്മറികാർഡ് പരിശോധന: അന്വേഷണം ദിലീപിനെതിരാകുന്നതെങ്ങനെ? നടന് പങ്കുണ്ടെന്ന് പ്രോസിക്യൂഷനും സംശയം

കോടതിയുടെ കസ്റ്റഡിയിലിരിക്കെ അതിജീവിതയുടെ സ്വകാര്യ ദൃശ്യങ്ങള് അടങ്ങിയ മെമ്മറി കാര്ഡ് പരിശോധിച്ചത് മൂന്ന് തവണ

ശ്യാം ദേവരാജ്
1 min read|25 Jul 2023, 08:14 pm
dot image

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാര്ഡ് പരിശോധിച്ചതില് അന്വേഷണം നടത്തുന്നത് എങ്ങനെ എട്ടാം പ്രതി ദിലീപിന് എതിരാകും? മറ്റ് പ്രതികള്ക്ക് ഇല്ലാത്ത എന്ത് താല്പര്യത്തിലാണ് അതിജീവിതയുടെ ഹര്ജിയെ ദിലീപ് എതിര്ക്കുന്നത്? ഈ രണ്ട് ചോദ്യങ്ങളാണ് ഇപ്പോൾ കൂടുതല് പ്രസക്തമാകുന്നത്. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്ഡ് പരിശോധിച്ചതില് ദിലീപിന് പങ്കുണ്ടെന്ന് പ്രോസിക്യൂഷനും സംശയിക്കുന്നു.

കോടതിയുടെ കസ്റ്റഡിയിലിരിക്കെ അതിജീവിതയുടെ സ്വകാര്യ ദൃശ്യങ്ങള് അടങ്ങിയ മെമ്മറി കാര്ഡ് പരിശോധിച്ചത് മൂന്ന് തവണ. ആദ്യം അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ. രണ്ടാമത് എറണാകുളം സെഷന്സ് കോടതിയില്. മൂന്നാമത് വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ. മൂന്ന് തവണയും ദൃശ്യങ്ങള് പരിശോധിച്ചത് രാത്രിയില്. ഇതിനായി മൂന്ന് കോടതികളും ഒരു നടപടിക്രമവും സ്വീകരിച്ചിട്ടില്ല. മെമ്മറി കാര്ഡിന്റെ ഹാഷ് വാല്യൂ മാറി എന്നാണ് ഫൊറന്സിക് ലാബ് റിപ്പോര്ട്ട്. അതിജീവിതയുടെ സ്വകാര്യത ലംഘിക്കപ്പെട്ടുവെന്നത് പരിശോധനാ ഫലത്തിലൂടെ സ്ഥിരീകരിക്കപ്പെടുന്നു.

മെമ്മറി കാര്ഡില് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത് അതിജീവിത. പ്രൊസിക്യൂഷന് അതിജീവിതയുടെ ആവശ്യത്തെ പിന്തുണയ്ക്കുന്നു. അതിജീവിതയും സര്ക്കാരും മാത്രം കക്ഷികളായ ഹര്ജിയില് ദിലീപിന്റെ എതിര്പ്പിന് പ്രസക്തിയില്ല. എട്ടാം പ്രതിയുടെ എതിര്പ്പിന്റെ അടിസ്ഥാനമെന്ത്? അതിജീവിതയുടെ സ്വകാര്യത ലംഘിക്കപ്പെട്ടുവെങ്കില് ഉത്തരവാദി ആര്? ഹര്ജിയില് അന്വേഷണം നടത്തിയാല് എങ്ങനെ എട്ടാം പ്രതിക്ക് എതിരാകും? പ്രസക്തിയില്ലാത്ത വാദങ്ങളിലൂടെ ദിലീപ് സ്ഥാപിക്കാന് ശ്രമിക്കുന്നതെന്ത്?

ഈ ഘട്ടത്തിലാണ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്ഡ് പരിശോധിക്കപ്പെട്ടതില് ദീലീപിന് പങ്കുണ്ടെന്ന് പ്രൊസിക്യൂഷന് സംശയിക്കുന്നത്. അന്വേഷണം വേണ്ടെന്ന് പറയാന് പ്രതിയായ ദിലീപിന് അര്ഹതയില്ലെന്നാണ് പ്രൊസിക്യൂഷന്റെ നിലപാട്. വിചാരണ വൈകുമെന്ന ദിലീപിന്റെ വാദത്തിന് പ്രസക്തിയുമില്ല.

കൊച്ചിയില് നടിയെ ആക്രമിച്ച കേസിന്റെ വിചാരണയെ ബാധിക്കുന്നതല്ല മെമ്മറി കാര്ഡ് അന്വേഷണം. എന്നിട്ടും ദിലീപ് അന്വേഷണത്തിന് എതിര് നില്ക്കുന്നതെന്തിന്. എട്ടാം പ്രതിക്ക് എന്താണ് മറച്ചുപിടിക്കാനുള്ളത്? ഈ ചോദ്യങ്ങള്ക്ക് കൂടി ഉത്തരം കിട്ടണമെങ്കില് അതിജീവിതയുടെ ആവശ്യത്തില് അന്വേഷണം അനിവാര്യം.

dot image
To advertise here,contact us
dot image