ന്യൂഡല്ഹി: സ്ത്രീകളുമായി ബന്ധപ്പെട്ട വാക്കുകള് ഉപയോഗിക്കുന്നതിന് മാര്ഗനിര്ദേശവുമായി സുപ്രിംകോടതി. വിധിന്യായങ്ങള് തയ്യാറാക്കുമ്പോള് ജഡ്ജിമാരും ഹര്ജികള് തയ്യാറാക്കുമ്പോള് അഭിഭാഷകരും ശൈലിപുസ്തകം പാലിക്കണം. സ്ത്രീവിരുദ്ധ പരാമര്ശങ്ങള് സമ്പൂര്ണ്ണമായി ഒഴിവാക്കണമെന്നും സമൂഹത്തിന് അവബോധം നല്കുന്നതിനാണ് ശൈലീപുസ്തകം പുറത്തിറക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.
സ്ത്രീകളെന്നാല് അമിത വൈകാരികത പ്രകടിപ്പിക്കുന്നവരും യുക്തിവിരുദ്ധരും തീരുമാനമെടുക്കാന് കഴിവില്ലാത്തവരും എന്ന സമീപനത്തെ സുപ്രിംകോടതി തിരുത്തുന്നു. ലിംഗസ്വത്വം ഒരാളുടെ ചിന്തയുടെയും തീരുമാനമെടുക്കാനുള്ള കഴിവിന്റെയും മാനദണ്ഡമല്ലെന്ന് ശൈലീപുസ്തകത്തിലൂടെ സുപ്രിംകോടതി നിയമലോകത്തിന് നല്കുന്ന തിരുത്ത്.
എല്ലാ സ്ത്രീകളും പ്രസവിക്കാന് ആഗ്രഹിക്കുന്നവരാണെന്നതിനെയും സുപ്രിംകോടതി തിരുത്തി. പ്രസവിക്കണമെന്ന് ആഗ്രഹമില്ലാത്ത സ്ത്രീകളുമുണ്ട്. അമ്മയാകണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തിപരമായ തീരുമാനമാണ്. സ്വന്തമായി തീരുമാനമെടുക്കാന് 24 വയസുകാരി പ്രാപ്തയല്ലെന്നായിരുന്നു 2017ലെ ഷെഫിന് ജഹാന് കേസില് കേരള ഹൈക്കോടതി വിധി. പങ്കാളി അനുയോജ്യരാണോ എന്നതാണ് തീരുമാനമെടുക്കാനുള്ള അടിസ്ഥാനമെന്നാണ് സുപ്രിംകോടതിയുടെ തിരുത്ത്.
സ്ത്രീകളുടെ വസ്ത്രധാരണമാണ് ലൈംഗിക അതിക്രമത്തിന് കാരണമാകുന്നതെന്ന ചിന്ത തെറ്റാണ്. വ്യക്തിതാല്പര്യം അനുസരിച്ചാണ് സ്ത്രീയുടെ വസ്ത്രധാരണം. അത് മറ്റൊരാള്ക്ക് കടന്നുകയറാനുള്ള ക്ഷണമല്ല. സ്ത്രീയുടെ വസ്ത്രധാരണം ലൈംഗിക അതിക്രമത്തിന്റെ കാരണമായി ഒരു കോടതിയും പരിഗണിക്കരുതെന്നും മാര്ഗനിര്ദേശത്തിലുണ്ട്.
ലൈംഗിക അതിക്രമത്തില് പരാതി പറയാന് വൈകുന്നത് പരാതി അസത്യമായതുകൊണ്ടല്ല. അതിജീവിക്കപ്പെട്ടവര് മനസാന്നിധ്യം തിരികെ നേടാന് സമയമെടുക്കും. പരാതി നല്കാന് അവര്ക്ക് അതുവരെ സമയം നല്കണം. ഇന്ത്യന് വനിതയെന്നും വിദേശ വനിതയെന്നുമില്ല. വനിത എന്ന പ്രയോഗം മാത്രം മതിയാകും. നല്ല ഭാര്യയും മോശം ഭാര്യയുമില്ല, ഭാര്യ മാത്രം. സ്ത്രീത്വത്തെ അപമാനിക്കുന്ന പദങ്ങള് പാടില്ല. പകരം വാക്ക് സ്ത്രീ എന്ന് മാത്രമെന്നുമാണ് സുപ്രിംകോടതിയുടെ നിര്ദേശം.
ഉന്നതകുലജാതരായ പുരുഷന്മാര് താഴ്ന്ന ജാതിക്കാരായ സ്ത്രീകളെ ലൈംഗിക ആവശ്യത്തിന് സമീപിക്കില്ലെന്ന മുന്വിധിയെയും സുപ്രിംകോടതി തിരുത്തുന്നു. ജാതി മേധാവിത്വം നിലനിര്ത്താനും സാമൂഹിക മേല്ക്കോയ്മ നിലനിര്ത്താനും ഉയര്ന്ന ജാതിക്കാരായ പുരുഷന്മാര് ലൈംഗിക അതിക്രമത്തെ ഉപയോഗിച്ചുവെന്നതാണ് ചരിത്രമെന്നും സുപ്രിംകോടതി നിയമലോകത്തെ ഓര്മ്മിപ്പിക്കുന്നു.
രാജ്യത്തെ കോടതികളില് ജഡ്ജിമാര്ക്കും അഭിഭാഷകര്ക്കും ഉപയോഗിക്കാനാണ് ശൈലീപുസ്തകം. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന പരാമര്ശങ്ങളെ സുപ്രിംകോടതി പുറപ്പെടുവിച്ച ശൈലീപുസ്തകത്തിലൂടെ തിരുത്തുന്നു. ജഡ്ജിമാരും അഭിഭാഷകരും ഉള്പ്പെടുന്ന നിയമലോകം പുതിയ മാര്ഗനിര്ദേശം പാലിക്കണം. തീരുമാനമെടുക്കുമ്പോഴും വിധിയെഴുതുമ്പോഴും ഇക്കാര്യം മനസില് സൂക്ഷിക്കണമെന്നും സുപ്രിംകോടതി ഓര്മ്മിപ്പിച്ചു.
അനീതിയും മോശം ചീത്രീകരണവും ഒഴിവാക്കുന്നതിന് നീതിന്യായ സംവിധാനത്തിന് ഭരണഘടനാ ബാധ്യതയുണ്ട്. സ്ത്രീത്വത്തെ മോശമായി ചിത്രീകരിക്കുന്നതാണ് ചരിത്രം. അത് തിരുത്തണം. സമൂഹത്തില് ആഴത്തില് വേരോടിയ സ്ത്രീവിരുദ്ധ സമീപനങ്ങളെ ഇന്ത്യന് ജുഡീഷ്യറി തിരിച്ചറിയണം. സ്ത്രീവിരുദ്ധ സമീപനങ്ങളെ അവഗണിക്കാന് ജാഗ്രത പാലിക്കണമെന്നും ശൈലീപുസ്തകത്തില് പറയുന്നു.
ലിംഗ സമത്വം ഉറപ്പാക്കുന്നതിനാവശ്യമായ അന്തരീക്ഷത്തെ പരിപോഷിപ്പിക്കണം. കോടതികളില് ഉപയോഗിക്കുന്ന വാക്കുകള് സാമൂഹത്തെ സ്വാധീനിക്കും. വിശാലമായ ഭാഷാപ്രയോഗത്തിലൂടെ മോശം മാതൃകകളെ തകര്ക്കാനാകും. സ്ത്രീസമൂഹത്തെ സംബന്ധിച്ചാണ് ശൈലീപുസ്തകത്തില് പ്രാഥമിക പരിഗണനയെന്നും സുപ്രിംകോടതി വ്യക്തമാക്കുന്നു.
ലിംഗനീതി, ലിംഗസമത്വം, വ്യക്തിയുടെ അന്തസ് തുടങ്ങിയവയില് അനീതിയുണ്ടാകാതിരിക്കാന് ന്യായാധിപര് ജാഗ്രത പാലിക്കണം. വ്യക്തികളുടെ അന്തസ് സംരക്ഷിച്ച് നിയമ ലോകത്തെ മുന്നോട്ട് നയിക്കാനാണ് മാര്ഗനിര്ദേശങ്ങളെന്നും ശൈലീപുസ്തകത്തില് സുപ്രിംകോടതി വ്യക്തമാക്കുന്നു.