കൊച്ചി : ബാലഭാസ്കറിന്റെ മരണത്തില് പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള് ഇങ്ങനെയാണ്. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള് എണ്ണിപ്പറഞ്ഞാണ് ഹൈക്കോടതി വിധി. സംശയകരമായ 20 കാരണങ്ങളുണ്ടെന്ന് സിംഗിള് ബെഞ്ച്. പ്രകാശ് തമ്പിയുടെ എല്ലാ ഇടപെടലുകളിലും ദുരൂഹതയുണ്ട്. വിശ്വാസ്യതയില്ലാത്ത മൊഴികളാണ് സിബിഐ പരിഗണിച്ചത്. സിബിഐ മനസ്സിരുത്തി കേസ് പുനരന്വേഷിക്കണമെന്നും വിധിയില് പറയുന്നു.
അക്ഷയ് വര്മ്മയെ കാണാന് വേണ്ടിയാണ് തൃശൂരിലെ യാത്ര മതിയാക്കി ബാലഭാസ്കര് തിരുവനന്തപുരത്തേക്ക് മടങ്ങിയത്. ബാലഭാസ്കറിനെ കാണാമെന്ന് പറഞ്ഞിട്ടില്ലെന്നാണ് അക്ഷയ് വര്മ്മയുടെ മൊഴി. ഇതില് വിശ്വാസ്യതയില്ല. പ്രകാശ് തമ്പിയുടെ ഇടപെടലുകളില് ദുരൂഹതയുണ്ട്. വിശ്വാസ്യതയില്ലാത്തവരുടെ മൊഴികളാണ് സിബിഐ പരിഗണിച്ചത്. വിശ്വാസ്യതയുള്ള കലാഭവന് സോബിയുടെ മൊഴി പരിഗണിച്ചില്ല.
രൂക്ഷമായ ഭാഷയിലാണ് സിബിഐയെ വിധിന്യായത്തില് ഹൈക്കോടതി വിമര്ശിക്കുന്നത്. സിബിഐയുടെ പിഴവുകളും വീഴ്ചകളും ഹൈക്കോടതി എണ്ണിപ്പറയുന്നു. ബാലഭാസ്കറിന്റെ മരണം സംബന്ധിച്ച കേസ് സിബിഐ മനസ്സിരുത്തി കേസ് അന്വേഷിക്കണം. സിബിഐ കേസില് ആഴത്തില് അന്വേഷണം നടത്തണം. ഉത്തരമില്ലാത്ത ചോദ്യങ്ങള് നിരവധിയുണ്ട്.
തിരുവനന്തപുരം സിജെഎം കോടതിയില് നല്കിയ അന്തിമ അന്വേഷണ റിപ്പോര്ട്ടില് പിഴവുകളുണ്ട്. ഉന്നയിക്കപ്പെട്ട സംശയങ്ങള്ക്ക് സിബിഐ കൃത്യമായ വിശദീകരണം നല്കിയില്ല. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി അസാധാരണമായ കാര്യങ്ങാണ് സംഭവിച്ചത്. നേരിയ സംശയവും അന്വേഷണത്തില് തീര്ക്കണം. അസാധാരണമായ കാര്യങ്ങളാണ് സംഭവിച്ചത്. കേസിലെ ഗൂഡാലോചനയും ബന്ധങ്ങളും അന്വേഷിക്കണം. സാക്ഷിമൊഴികള് സിബിഐ വിശദമായി പരിഗണിച്ചില്ലെന്നുമാണ് വിമര്ശനം.
ബാലഭാസ്കര് യാത്ര റദ്ദാക്കി തൃശൂരില് നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങിയതില് ദുരൂഹതയുണ്ട്. അപകടത്തിന് തൊട്ടുപിന്നാലെ പുലര്ച്ചെ 4.15ന് അര്ജുനെ ലത വിളിച്ചു. ലക്ഷ്മി പലവട്ടം ആവശ്യപ്പെട്ടിട്ടും പ്രകാശ് തമ്പി മൊബൈല്ഫോണ് നല്കിയില്ല. അപകടത്തിന് മണിക്കൂറുകള് മുന്പ് പ്രകാശ് തമ്പി സ്ഥലത്തെത്തി. ഇക്കാര്യം ഡിആര്ഐ കണ്ടെത്തി.
അനന്തപുരിയിലേക്ക് ബാലഭാസ്കറെ മാറ്റുന്നത് ഡോ. അനൂപിനെ പ്രകാശ് തമ്പി അറിയിച്ചില്ല. മെഡിക്കല് കോളജ് ആശുപത്രിക്ക് സമീപം രണ്ട് മികച്ച സ്വകാര്യ ആശുപത്രികളുണ്ട്. ഇവിടെ എത്തിക്കാതെ അനന്തപുരിയിലേക്ക് മാറ്റിയതില് ദുരൂഹതയുണ്ട്. പ്രകാശ് തമ്പിയാണ് ബാലഭാസ്കറിനെ ആശുപത്രിയില് അവസാനമായി കണ്ടത്.
ബാലഭാസ്കറിന്റെ മരണം അറിയിച്ചപ്പോള് പ്രകാശ് തമ്പി നാടകീയവും സംശയകരവുമായി പ്രതികരിച്ചു എന്നാണ് ഡോ. അനൂപിന്റെ മൊഴി. അപകട ദിവസം ബാലഭാസ്കര് ജ്യൂസ് കുടിച്ച കട തേടി പ്രകാശ് തമ്പി പോയി. സിസിടിവി ക്യാമറ തപ്പിയാണ് പോയത്. ഒപ്പം ഒരു ടെക്നീഷ്യനും ഉണ്ടായിരുന്നു. അപകടദിവസം രാവിലെ ആറര മണിക്ക് ഒരു സ്ത്രീയും പുരുഷനും മംഗലപുരം പൊലീസ് സ്റ്റേഷനിലെത്തി ഫോണ് വാങ്ങിയെന്നാണ് പൊലീസുകാരന്റെ മൊഴി. ഇതില് വൈരുദ്ധ്യമുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ഡ്രൈവര് അര്ജുന് ക്രിമിനല് പശ്ചാത്തലമുണ്ട്. രണ്ട് എടിഎം മോഷണക്കേസുകളില് പ്രതിയാണ് അര്ജുന്. 94 കിലോമീറ്റര് വേഗതയിലാണ് അര്ജുന് വാഹനമോടിച്ചത്. ഈ സമയത്ത് സീറ്റ് ബെല്റ്റ് ധരിച്ചില്ല. സീറ്റ് ബെല്റ്റ് ധരിക്കാത്ത അര്ജുന് കാര്യമായ പരുക്കേറ്റില്ല. സീറ്റ് ബെല്റ്റ് ധരിച്ച ലക്ഷ്മിക്ക് ഗുരുതര പരുക്കേറ്റു.
പ്രകാശ് തമ്പിക്ക് തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയുമായി പ്രത്യേക ബന്ധമുണ്ട്. അവിടെവച്ച് ബാലഭാസ്കറിന്റെ വിരലടയാളം പ്രകാശ് തമ്പി എടുത്തു. ബാലഭാസ്കര് കൊല്ലപ്പെടുന്നതിന് തലേദിവസം ആകാശ് ഷാജിയും പ്രകാശ് തമ്പിയുമായുള്ള രണ്ട് മണിക്കൂര് സംഭാഷണം സിബിഐ പരിശോധിച്ചില്ല. മൂന്ന് മാസത്തിനുള്ളില് അന്വേഷണം പൂര്ത്തിയാക്കണമെന്നുമാണ് ജസ്റ്റിസ് ബെച്ചു കുര്യന് തോമസിന്റെ ഉത്തരവ്.