സ്വവര്ഗ്ഗ വിവാഹത്തിന്റെ നിയമ സാധുതയില് രാജ്യത്തെ പരമോന്നത കോടതി ചൊവ്വാഴ്ച വിധി പറയും. ചരിത്ര വിധി കാത്തിരിക്കുകയാണ് ഇന്ത്യയും ലോകവും. ഇന്ത്യാ മഹാരാജ്യത്തെ ദശലക്ഷം സ്വവര്ഗ്ഗാനുരാഗികളുടെ മാത്രമല്ല, ലോകത്തിന്റെ കണ്ണ് രാജ്യത്തെ പരമോന്നത നീതിപീഠം എന്ത് പറയുമെന്ന് കാത്തിരിക്കുകയാണ്. സ്വവര്ഗ്ഗ വിവാഹത്തിന് നിയമ സാധുത നല്കിയാല് അതൊരു പുതിയ ചരിത്രമാകും. ലോകത്ത് ഇതേവരെ സ്വവര്ഗ്ഗ വിവാഹത്തിന് നിയമ സാധുത നല്കിയത് 35 രാജ്യങ്ങള്. ആ പട്ടികയിലേക്ക് ഇന്ത്യയുടെ പേര് കൂടി എഴുതിച്ചേര്ക്കുമോയെന്നാണ് സ്വവര്ഗ്ഗാനുരാഗികളും അവരെ പിന്തുണയ്ക്കുന്ന വലിയൊരു സമൂഹവും കാത്തിരിക്കുന്നത്.
പുരോഗമന സ്വഭാവമുള്ള ഭരണഘടന പറയുന്നത്
രാജ്യത്തിന്റേത് പുരോഗമന ഭരണഘടനയാണെന്ന് ആവര്ത്തിച്ചുറപ്പിക്കുന്നത് നീതിന്യായ സംവിധാനമാണ്. ഭരണഘടന ഉറപ്പുനല്കുന്ന മൗലികാവകാശങ്ങളുടെ വ്യാഖ്യാനം പുതിയ തലങ്ങളിലേക്ക് വ്യാപിപ്പിച്ചാണ് ഭരണഘടനയുടെ പുരോഗമന സ്വഭാവം നിരന്തരം വ്യക്തമാക്കുന്നത്. തുല്യത, അഭിപ്രായ സ്വാതന്ത്ര്യം, ജീവിക്കാനുള്ള അവകാശം തുടങ്ങി മൗലികാവകാശങ്ങളില് നാളിതുവരെ അതിന്റെ വിശാല പുരോഗമന സ്വഭാവം പരമോന്നത കോടതി വ്യാഖ്യാനിച്ചിട്ടുണ്ട്. അതിന് അനുപൂരകമായ വിധിയാണ് സ്വവര്ഗ്ഗ പങ്കാളികളുള്പ്പെടുന്ന സമൂഹം പ്രതീക്ഷിക്കുന്നത്.
കോടതി നടപടികളിലേക്ക്
രാവിലെ 10.30ന് സുപ്രീംകോടതി പ്രതിദിന കോടതി നടപടികള് ആരംഭിക്കും. ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് സ്വവര്ഗ്ഗ വിവാഹത്തിന്റെ ഭരണഘടനാ സാധുതയില് വിധി പറയുന്നത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗള്, എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് പിഎസ് നരസിംഹ എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ മറ്റ് അംഗങ്ങള്. സ്വവര്ഗ്ഗ വിവാഹത്തിന് നിയമ സാധുത ആവശ്യപ്പെട്ട് സുപ്രിംകോടതിയുടെ പരിഗണനയ്ക്ക് വന്നത് 21 ഹര്ജികള്.
സുപ്രിയോ വേഴ്സസ് യൂണിയന് ഓഫ് ഇന്ത്യ എന്നാണ് ഹര്ജിയുടെ തലക്കെട്ട്. ഏപ്രില് 18 മുതല് മൂന്നാഴ്ചക്കാലത്ത് ഭരണഘടനാ ബെഞ്ച് വിശാലമായി വാദം കേട്ടു. പത്ത് ദിവസമെടുത്ത് ഇരുപക്ഷത്തെയും അഭിഭാഷകര് വാദം പൂര്ത്തിയാക്കി. 1954ലെ സ്പെഷല് മാരേജ് ആക്ട്, 1961ലെ 1969ലെ ഫോറിന് മാരേജ് ആക്ട് എന്നിവയുടെ ഭരണഘടനാ സാധുത സുപ്രിംകോടതിയില് ചോദ്യം ചെയ്യപ്പെട്ടു. അഞ്ചംഗ ബെഞ്ചില് അംഗമായ എസ് രവീന്ദ്ര ഭട്ട് വെള്ളിയാഴ്ച വിരമിക്കാനിരിക്കെയാണ് സുപ്രിംകോടതി വിധി പറയുന്നത്.
ഹര്ജിക്കാരുടെ ആവശ്യമെന്ത്
ഭരണഘടന ഉറപ്പുനല്കുന്ന അനുച്ഛേദം 14ലെ തുല്യതയാണ് ആദ്യ പരിഗണനാ വിഷയം. സ്ത്രീകളും പുരുഷന്മാരും മാത്രമല്ല, ഇതര വിഭാഗങ്ങളില്പ്പെട്ട മനുഷ്യര്ക്കും വിവാഹ താല്പര്യങ്ങളുണ്ട്. സ്ത്രീയ്ക്കും പുരുഷനും എന്ന പോലെ സ്വവര്ഗ്ഗ പങ്കാളികളുയെും വിവാഹം നിയമപരമായി സാധൂകരിക്കപ്പെടണം. ഇത് മൗലികാവകാശമായ തുല്യതയിലൂടെ ഉറപ്പുവരുത്തണമെന്നാണ് ഒരാവശ്യം. സ്വവര്ഗ്ഗ പങ്കാളികള് മാത്രമല്ല, ട്രാന്സ് ജെന്ഡര് വ്യക്തികള്, എല്ജിബിടിക്യൂ+ ആക്ടിവിസ്റ്റുകള് തുടങ്ങിയവരും സമാന ആവശ്യം ഉയര്ത്തുന്നു.
രണ്ട് നിയമങ്ങളുടെ ഭരണഘടനാ സാധുതയാണ് ഹര്ജിക്കാര് സുപ്രിംകോടതിയില് ചോദ്യം ചെയ്തത്. 1954ലെ സ്പെഷല് മാരേജ് ആക്ടും 1969ലെ ഫോറിന് മാരേജ് ആക്ടും. രണ്ട് നിയമവും സ്വവര്ഗ്ഗ വിവാഹങ്ങള് അംഗീകരിക്കുന്നില്ല. സ്ത്രീ - പുരുഷ വിവാഹം മാത്രമാണ് രണ്ട് നിയമവും അംഗീകരിക്കുന്നത്. ഈ സാഹചര്യത്തില് ഇതര വിവാഹ താല്പര്യമുള്ള വ്യക്തികള്ക്കായി ഈ നിയമങ്ങള് പൊളിച്ചെഴുതണമെന്നാണ് ഹര്ജിക്കാര് ആവശ്യപ്പെട്ടത്.
കേന്ദ്ര സര്ക്കാരിന്റെ വാദങ്ങള്
സ്വവര്ഗ്ഗ വിവാഹത്തിന് നിയമ സാധുത നല്കണമെന്ന് ആവശ്യപ്പെടുന്ന ഹര്ജികളെ എതിര്ത്താണ് കേന്ദ്ര സര്ക്കാര് നിലപാട് സ്വീകരിച്ചത്. സ്പെഷ്യല് മാര്യേജ് നിയമം ഉള്പ്പടെയുള്ള നിയമങ്ങളില് മാറ്റം വരുത്തണോ എന്ന് തീരുമാനമെടുക്കേണ്ടത് നിയമ നിര്മ്മാണ സഭ അഥവാ പാര്ലമെന്റ് ആണെന്നും കോടതിയല്ലെന്നുമായിരുന്നു ഒരു മറുപടി വാദം. സ്വവര്ഗ്ഗ വിവാഹം ഇന്ത്യന് സംസ്കാരത്തിന് എതിരാണെന്ന വാദവും കേന്ദ്ര സര്ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര് ജനറല് തുഷാര് മേത്ത മുന്നോട്ടുവെച്ചു. മതനേതൃത്വങ്ങളുടെ നിലപാട് കൂടി തേടിയ ശേഷമേ വിധി പറയാവൂ എന്നും കേന്ദ്ര സര്ക്കാര് സുപ്രിംകോടതിയില് ആവശ്യപ്പെട്ടു.
സ്വവര്ഗ്ഗ വിവാഹിതരെ ഉള്പ്പെടുത്തുന്നതല്ല 1954ലെ നിയമമെന്നാണ് കേന്ദ്രം അറിയിച്ച നിലപാട്. സ്പെഷല് മാരേജ് നിയമത്തിലെ നിര്വ്വചനം മാറ്റിയാല് ഇതര നിയമങ്ങളിലെ നിര്വ്വചനത്തെയും ബാധിക്കും. ദത്ത് നിയമം, ജീവനാംശം, വാടക ഗര്ഭം, വിവാഹ മോചനം, പിന്തുടര്ച്ചാവകാശം തുടങ്ങിയ നിയമങ്ങളിലെ നിര്വ്വചനം മാറ്റപ്പെടുമെന്നും കേന്ദ്ര സര്ക്കാര് നിലപാട് എടുത്തു. ഹര്ജികള് നിലനില്ക്കുന്നതല്ലെന്നും ഹര്ജികള് തള്ളണമെന്നും കേന്ദ്ര സര്ക്കാര് ആവശ്യപ്പെട്ടു.
ദേശീയ ബാലാവകാശ കമ്മീഷനാണ് സ്വവര്ഗ്ഗ വിവാഹിത്തിന്റെ നിയമ സാധുതയെ എതിര്ത്ത മറ്റൊരു നിയമ സംവിധാനം. സ്വവര്ഗ്ഗ വിവാഹത്തിന് നിയമ സാധുത നല്കിയാല് ദത്ത് നിയമത്തെ ബാധിക്കും. പങ്കാളികള് എന്ന നിര്വ്വചനത്തില് ഉള്പ്പെടുത്തി സ്വവര്ഗ്ഗ വിവാഹതര്ക്കും കുട്ടികളെ ദത്ത് നല്കേണ്ടിവരുമെന്നും ദേശീയ ബാലാവകാശ കമ്മിഷന് ആശങ്ക അറിയിച്ചു. ഇതിന് വിരുദ്ധ നിലപാടാണ് ഡല്ഹി ബാലാവകാശ കമ്മീഷന് സ്വീകരിച്ചത്. സ്വവര്ഗ്ഗ പങ്കാളികള്ക്കും ദത്ത് അവകാശം നല്കണമെന്ന് ഡല്ഹി ബാലാവകാശ കമ്മീഷന് സുപ്രിംകോടതിയില് ആവശ്യപ്പെട്ടു.
ഭരണഘടനാ ബെഞ്ച് പരിശോധിച്ചത്
സ്പെഷല് മാരേജ് നിയമം അനുസരിച്ചുള്ള നിയമ സാധുത മാത്രമാണ് പരിശോധിക്കുന്നതെന്ന് സുപ്രിംകോടതി വാദത്തിനിടെ വ്യക്തത വരുത്തിയിട്ടുണ്ട്. ഹിന്ദു വിവാഹ നിയമം, ഇന്ത്യന് ക്രിസ്ത്യന് വിവാഹ നിയമം, മുസ്ലിം വ്യക്തി നിയമം തുടങ്ങിയ വ്യക്തി നിയമങ്ങളിന്മേല് പരിശോധന നടത്തുന്നില്ല. മതപരമായ അവകാശങ്ങളെയും ബാധിക്കില്ലെന്നാണ് സുപ്രിംകോടതി ആദ്യമേ നിലപാട് വ്യക്തമാക്കിയത്. യുവതയുടെ താല്പര്യത്തിന് അനുസരിച്ച് ഭരണഘടനാ ബെഞ്ചിന് തീരുമാനമെടുക്കാനാവില്ലെന്നും സുപ്രിംകോടതി പറഞ്ഞുവെച്ചു. ഉയര്ത്തിപ്പിടിക്കുന്നത് ഏതെങ്കിലുമൊരു പക്ഷത്തിന്റേതല്ല, ഭരണഘടനയുടെ താല്പര്യമാണെന്ന് സുപ്രിംകോടതി ഇതിലൂടെ വ്യക്തമാക്കുന്നു.
സ്വവര്ഗ്ഗ പങ്കാളികളെ സാമൂഹിക സുരക്ഷാ പദ്ധതികളില് ഉള്പ്പെടുത്തുന്നതാണ് മറ്റൊരു പരിഗണനാ വിഷയമായത്. ഇവരുടെ ഇതര നിയമപരമായ അവകാശങ്ങളും സുപ്രിംകോടതിയില് സംവാദത്തിന്റെ അവസരമൊരുക്കി. സ്വവര്ഗ്ഗ പങ്കാളികള്ക്ക് ഒരുമിച്ചുള്ള ബാങ്ക് അക്കൗണ്ട്, ഇന്ഷുറന്സ് പോളിസിയിലെ നോമിനേഷന്, പ്രൊവിഡന്റ് ഫണ്ടിലെ നോമിനേഷന്, പെന്ഷന് നോമിനേഷന് തുടങ്ങിയവയ്ക്കുള്ള സാധ്യത സുപ്രിംകോടതി തേടി. പലഘട്ടങ്ങളില് ഹര്ജിക്കാര്ക്ക് അനുകൂല ചോദ്യങ്ങളാണ് ഭരണഘടനാ ബെഞ്ചില് നിന്നുയര്ന്നത്.
നിലവിലെ സ്പെഷല് മാരേജ് നിയമത്തെ ബാധിക്കാതെ പുതിയ നിയമത്തിന്റെ സാധ്യതയും പരിശോധിക്കപ്പെട്ടു. സ്പെഷല് മാരേജ് ആക്ടില് ഭാര്യയും ഭര്ത്താവും എന്ന പദമാണ് ഉപയോഗിക്കുന്നത്. ഇതിന് പകരം ജെന്ഡര് ന്യൂട്രലായ പങ്കാളിയും വ്യക്തിയും എന്ന വാക്കുകള് ഉപയോഗിക്കാമെന്ന് നിര്ദ്ദേശമുയര്ന്നു.
സ്വവര്ഗ്ഗ വിവാഹത്തിന് നിയമസാധുതയെങ്കില്...
സ്വവര്ഗ്ഗ അനുരാഗികളുടെ വിവാഹം നിയമ വിധേയമാക്കാത്തത് ഭരണഘടന ഉറപ്പുനല്കുന്ന അവകാശങ്ങള്ക്ക് എതിരാണ്. അവരെ രണ്ടാം തരം പൗരന്മാരായി കാണുന്നതാണ് സ്വവര്ഗ്ഗ വിവാഹത്തെ അംഗീകരിക്കാത്ത നിയമ സംവിധാനമെന്നും ഹര്ജിക്കാര് കരുതുന്നു. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന സുപ്രിംകോടതി വിധിയിലൂടെ ഹര്ജിക്കാരുടെ ആവശ്യങ്ങളെ അംഗീകരിച്ചാല് അതൊരു ചരിത്രമാകും. വിവാഹം ഉള്പ്പടെയുള്ള വ്യവസ്ഥിതിയിലെ സാമൂഹിക മാറ്റത്തിന് വിധി കാരണമാകും. ദത്ത് നിയമം, ജീവനാംശം, വാടക ഗര്ഭം, വിവാഹ മോചനം, പിന്തുടര്ച്ചാവകാശം തുടങ്ങിയ നിയമങ്ങളിലും കാലാനുസൃതമായ മാറ്റം വരും.
മത രഹിത, ജാതി രഹിത സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് നിലവിലെ സ്പെഷല് മാരേജ് ആക്ട്. ഇതില് എല്ജിബിടിക്യൂ+ അവകാശങ്ങള് കൂടി ഉള്പ്പെടുത്തപ്പെട്ടാല് മിശ്രവിവാഹ നിയമത്തിന്റെ അലകും പിടിയും അടിമുടി മാറും. അത് തിരിച്ചറിഞ്ഞതുകൊണ്ടാണ് മൗലികമായ പ്രാധാന്യമുള്ള വിഷയമാണിതെന്ന് ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കിയത്.
വിവാഹമെന്നാല് സ്ത്രീയും പുരുഷനും മാത്രമാണെന്നാണ് പൊതുസമൂഹത്തിന്റെ ബോധം. ആഴത്തില് അടിയുറച്ച ബോധത്തിന്റെ ആണിക്കല്ല് ഇളക്കിയാല് അത് മാറുന്ന ലോകത്തിനുള്ള ചൂണ്ടുപലക കൂടിയാകും. മാറുന്ന വിവാഹ ആശയങ്ങളെ കൂടി സംബോധന ചെയ്യുന്നതാവും വിധിയെന്ന് വലിയൊരു വിഭാഗം ജനത സ്വപ്നം കാണുന്നത് അതുകൊണ്ടുതന്നെയാണ്. സ്വവര്ഗ്ഗ വിവാഹത്തെ അംഗീകരിക്കുന്ന രാജ്യമാകുമോ ഇന്ത്യ എന്നതില് വ്യക്തത വരാന് മണിക്കൂറുകളുടെ മാത്രം ദൈര്ഘ്യം.
ഒരോ വ്യക്തിയുടെയും തെരഞ്ഞെടുപ്പാണ് വിവാഹം. അതില് ലിംഗത്തിന്റെ പേരിലുള്ള വിവേചനം പാടില്ലെന്ന് പുതിയ കാലം രേഖപ്പെടുത്തുന്നുണ്ട്. സ്പെഷല് മാരേജ് ആക്ടില് കാലോചിത പരിഷ്കാരങ്ങള്ക്കായി എന്ത് ചെയ്യാനാകുമെന്നാണ് സുപ്രിംകോടതി കേന്ദ്ര സര്ക്കാരിനോട് ഒരുവേള ആരാഞ്ഞത്. പുരോഗമനപരമായ മാറ്റങ്ങളുടെ സാധ്യതയാണ് കോടതി തേടിയത്. വൈവിധ്യത്തെ സമ്പത്തായി പരിഗണിക്കുന്ന ഭരണഘടനയുള്ള രാജ്യത്ത് ഉറപ്പായും എല്ലാ വിഭാഗം ജനങ്ങളും പരിഗണിക്കപ്പെടണം. 2018ല് സ്വവര്ഗ്ഗ രതി കുറ്റമല്ലാതാക്കിയ വിധിയുടെ തുടര്ച്ചയായി സുപ്രിയോ കേസും രേഖപ്പെടുത്തപ്പെടണം. സംവാദങ്ങള് ആരംഭിക്കാത്ത നിയമ നിര്മ്മാണ സഭയ്ക്കപ്പുറം സജീവമാണ് നീതിപീഠമെന്നും ചര്ച്ച ചെയ്യപ്പെടണം.