രാജ്യത്തെ പരമോന്നത കോടതി 2023ൽ പുറപ്പെടുവിച്ച ശ്രദ്ധേയ വിധിന്യായങ്ങൾ

മനുഷ്യൻ്റെ അന്തസും അഭിമാനവും ഉയര്ത്തിപ്പിടിക്കുന്ന സാമൂഹിക പരിഷ്കാര നിര്ദ്ദേശങ്ങളും സുപ്രീം കോടതിയില് നിന്നുണ്ടായി. മാധ്യമ സ്വാതന്ത്ര്യം അരക്കിട്ടുറപ്പിക്കുന്ന വിധിയും സുപ്രീം കോടതിയില് നിന്ന് പുറത്തുവന്നു

ശ്യാം ദേവരാജ്
10 min read|04 Jan 2024, 04:51 pm
dot image

സുപ്രധാന വിധിന്യായങ്ങളും വിമര്ശനങ്ങളും ഇടപെടലുകളും 2023ല് രാജ്യത്തെ പരമോന്നത നീതിന്യായ സംവിധാനത്തില് നിന്ന് പുറത്തുവന്നു. രാഷ്ട്രീയ, ഭരണഘടനാ വിഷയങ്ങളും സങ്കീര്ണ്ണ നിയമ പ്രശ്നങ്ങളും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നു. മനുഷ്യൻ്റെ അന്തസും അഭിമാനവും ഉയര്ത്തിപ്പിടിക്കുന്ന സാമൂഹിക പരിഷ്കാര നിര്ദ്ദേശങ്ങളും സുപ്രീം കോടതിയില് നിന്നുണ്ടായി. മാധ്യമ സ്വാതന്ത്ര്യം അരക്കിട്ടുറപ്പിക്കുന്ന വിധിയും സുപ്രീം കോടതിയില് നിന്ന് പുറത്തുവന്നു. സ്ത്രീപക്ഷ നിലപാടുകള് സ്വീകരിക്കാന് നീതിന്യായ വ്യവസ്ഥയെ പ്രേരിപ്പിക്കുന്നതും പൊളിറ്റിക്കല് കറക്ട്നെസിന് വിധേയമാക്കുന്നതുമായിരുന്നു സുപ്രീം കോടതി പുറപ്പെടുവിച്ച ശൈലീ പുസ്തകം.

1. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി അഥവാ അനുച്ഛേദം 370 റദ്ദാക്കിയ കേന്ദ്ര സര്ക്കാര് നടപടിക്ക് അംഗീകാരം

സുപ്രീം കോടതിയില് നിന്ന് പുറത്തുവന്ന അതിപ്രധാന വിധിയാണ് ഭരണഘടയുടെ അനുച്ഛേദം 370ലേത്. കശ്മീര് താഴ്വരയില് രാഷ്ട്രപതി ഭരണം ഏര്പ്പെടുത്തി. പിന്നാലെ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കിയ ഭരണഘടനയുടെ അനുച്ഛേദം 370 2019 ഓഗസ്റ്റില് റദ്ദാക്കപ്പെട്ടു. ജമ്മു കശ്മീരില് ഇന്ത്യന് ഭരണഘടന ബാധകമാക്കി രാഷ്ട്രപതി ഉത്തരവിറക്കി. ജമ്മു കശ്മീരിനെയും ലഡാക്കിനെയും പ്രത്യേക കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റി. ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച ജമ്മു കശ്മീര് പുനസംഘടനാ ബില് ലോക്സഭയും രാജ്യസഭയും പാസാക്കി. ഇത് ചോദ്യം ചെയ്തുള്ള ഒരുകൂട്ടം ഹര്ജികളില് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിശദമായ വാദം കേട്ടു. കേന്ദ്ര സര്ക്കാരിന്റെ നടപടി ശരിവെച്ചായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞത്.

ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ് ജമ്മു കശ്മീര്. ജമ്മു കശ്മീരിന് ആഭ്യന്തര പരമാധികാരമില്ല. താല്ക്കാലിക സംവിധാനമായിരുന്നു ജമ്മു കശ്മീര് ഭരണഘടനാ സഭ. അനുച്ഛേദം 370 അനുസരിച്ചുള്ള പ്രത്യേക പദവിയും താല്ക്കാലികമാണ്. നിയമസഭ പിരിച്ചുവിട്ട ശേഷം രാഷ്ട്രപതിക്ക് നിയമം നിര്മ്മിക്കാന് അധികാരമുണ്ട്. രാജ്യത്തെ എല്ലാ നിയമവും ജമ്മു കശ്മീരിനും ബാധകമാണ്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന അനുച്ഛേദം 370 അസമത്വ ഫെഡറലിസത്തിന്റെ ഭാഗമാണ്. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചാല് സംസ്ഥാനങ്ങള്ക്ക് പ്രത്യേക അധികാരമില്ല. ജമ്മു കശ്മീരിലെ അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തില് തെറ്റില്ല. ഭരണഘടന ജമ്മു കശ്മീരിലേക്ക് വ്യാപിപ്പിച്ച നടപടി നിലനില്ക്കും. ജമ്മു കശ്മീര് ഭരണഘടന നിലനില്ക്കുന്നതല്ല. 2024 സെപ്തംബര് 30നകം ജമ്മു കശ്മീരില് തെരഞ്ഞെടുപ്പ് നടത്തണം എന്നുമായിരുന്നു ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ വിധിന്യായം.

2. അപകീര്ത്തി കേസിലെ ശിക്ഷാ വിധിയില് സുപ്രിംകോടതി രാഹുല് ഗാന്ധിക്കൊപ്പം

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ അപകീര്ത്തി പരാമര്ശത്തില് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടി സ്റ്റേ ചെയ്ത സുപ്രീം കോടതി ഉത്തരവ് രാഷ്ട്രീയ ഇന്ത്യയിലെ മറ്റൊരു പ്രധാന ഇടപെടലായി. 2019 ഏപ്രില് 19ന് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിലായിരുന്നു രാഹുല് ഗാന്ധിയുടെ മോദി വിരുദ്ധ പരാമര്ശം. എല്ലാ കള്ളന്മാര്ക്കും എന്തുകൊണ്ടാണ് മോഡിയെന്ന പേര് എന്നായിരുന്നു രാഹുലിന്റെ ചോദ്യം. നീരവ് മോഡി, ലളിത് മോഡി, നരേന്ദ്ര മോഡി എന്നീ പേരുകള് പരാമര്ശിച്ച് നടത്തിയ പ്രസംഗത്തിനെതിരെ ബിജെപി നേതാവ് പൂര്ണേഷ് മോദി കോടതിയെ സമീപിച്ചു. മോദി സമുദായത്തിന് അപമാനമാണെന്ന് കാട്ടിയായിരുന്നു സ്വകാര്യ അന്യായം. കേസില് സൂറത്ത് മെട്രോപൊളിറ്റന് മജിസ്ട്രേറ്റ് കോടതി രാഹുല് ഗാന്ധിയെ ശിക്ഷിച്ചു. പരമാവധി ശിക്ഷയായ 2 വര്ഷം ശിക്ഷ ലഭിച്ചതോടെ രാഹുലിനെ ലോക്സഭാ സെക്രട്ടറിയേറ്റ് അയോഗ്യനാക്കി. സൂറത്ത് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് സൂറത്ത് സെഷന്സ് കോടതിയും ശരിവെച്ചു. ഇതിനെതിരെ രാഹുല് ഗാന്ധി നല്കിയ അപ്പീല് ഗുജറാത്ത് ഹൈക്കോടതിയും തള്ളി. തുടര്ന്ന് രാഹുല് ഗാന്ധി അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചു. രാഹുലിന് അനുകൂലമായിരുന്നു സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.

പരമാവധി ശിക്ഷയായ രണ്ട് വര്ഷത്തെ തടവ് ശിക്ഷ നല്കുമ്പോള് 1951ലെ ജനപ്രാതിനിധ്യ നിയമം കൂടി ബാധകമാകുന്നുണ്ട്. ശിക്ഷ ഒരു ദിവസം കുറഞ്ഞുവെങ്കില് ജനപ്രാതിനിധ്യ നിയമം ബാധകമാവില്ല. രാഹുല് ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാവുകയുമില്ല. രാഹുല് ഗാന്ധിയെന്ന വ്യക്തിയുടെ അവകാശ നിഷേധത്തിന്റെ മാത്രം പ്രശ്നമല്ല. വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടര്മാരുടെ അവകാശത്തെയും സൂറത്ത് സിജെഎം കോടതി വിധി ബാധിച്ചു. വയനാട് ലോക്സഭാ മണ്ഡലത്തിന് പ്രതിനിധിയില്ല എന്നത് പ്രസക്തമാണ്. വിചാരണ കോടതിയും സെഷന്സ് കോടതിയും പുറപ്പെടുവിച്ച വിധിന്യായങ്ങളുടെ വ്യാപ്തി വലുതാണ്

ഹൈക്കോടതി വിധി സ്റ്റേ ചെയ്ത സുപ്രീം കോടതി രൂക്ഷ വിമര്ശനമാണ് കീഴ്ക്കോടതികള്ക്ക് എതിരെ ഉയര്ത്തിയത്. ക്രിമിനല് കേസില് പരമാവധി ശിക്ഷ നല്കുമ്പോള് യുക്തമായ ന്യായീകരണം വിചാരണ കോടതി നല്കണമെന്നായിരുന്നു ജസ്റ്റിസ് ബിആര് ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ പ്രധാന വിമര്ശനം. രാഹുലിന് പരമാവധി ശിക്ഷ നല്കിയ വിധിക്ക് കാരണം പറയാന് വിചാരണ കോടതിക്ക് കഴിഞ്ഞില്ല. സൂറത്ത് സെഷന്സ് കോടതിയും ഹൈക്കോടതിയും യുക്തമായ ന്യായീകരണം നല്കിയില്ല. ഗുജറാത്തില് നിന്ന് പുറത്തുവരുന്ന സമീപകാല വിധിന്യായങ്ങള് വായിക്കാന് ആകര്ഷകമാണ്. ഉന്നതനായ പൊതുപ്രവര്ത്തകന് വേണ്ടി ഹൈക്കോടതി നീക്കിവച്ചത് വിധിന്യായത്തില് 125 പേജുകള്. ഇത് ഇന്ത്യന് ശിക്ഷാനിയമം അനുസരിച്ചുള്ള പരമാവധി ശിക്ഷയുടെ മാത്രം പ്രശ്നമല്ല. പരമാവധി ശിക്ഷയായ രണ്ട് വര്ഷത്തെ തടവ് ശിക്ഷ നല്കുമ്പോള് 1951ലെ ജനപ്രാതിനിധ്യ നിയമം കൂടി ബാധകമാകുന്നുണ്ട്. ശിക്ഷ ഒരു ദിവസം കുറഞ്ഞുവെങ്കില് ജനപ്രാതിനിധ്യ നിയമം ബാധകമാവില്ല. രാഹുല് ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാവുകയുമില്ല. രാഹുല് ഗാന്ധിയെന്ന വ്യക്തിയുടെ അവകാശ നിഷേധത്തിന്റെ മാത്രം പ്രശ്നമല്ല. വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടര്മാരുടെ അവകാശത്തെയും സൂറത്ത് സിജെഎം കോടതി വിധി ബാധിച്ചു. വയനാട് ലോക്സഭാ മണ്ഡലത്തിന് പ്രതിനിധിയില്ല എന്നത് പ്രസക്തമാണ്. വിചാരണ കോടതിയും സെഷന്സ് കോടതിയും പുറപ്പെടുവിച്ച വിധിന്യായങ്ങളുടെ വ്യാപ്തി വലുതാണ്. എന്തുകൊണ്ട് പരമാവധി ശിക്ഷ നല്കിയെന്ന കാര്യം സൂറത്ത് മജിസ്ട്രേറ്റ് കോടതി വിശദീകരിക്കണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവില് വ്യക്തമാക്കി.

3. തോട്ടിപ്പണി നിരോധിച്ച സുപ്രീം കോടതി വിധി

2023ല് സുപ്രീം കോടതിയില് നിന്ന് പുറത്തുവന്ന സാമൂഹിക പരിഷ്കരണാര്ത്ഥമുള്ള വിധിയാണ് തോട്ടിപ്പണി നിരോധിച്ച വിധി. തോട്ടിപ്പണി സമ്പൂര്ണ്ണമായി ഒഴിവാക്കണമെന്നാണ് സുപ്രീം കോടതിയുടെ നിര്ദ്ദേശം. പാര്ശ്വവത്കരിക്കപ്പെട്ട ജനതയെ ഇത്തരം തൊഴിലുകളില് നിന്ന് മുക്തരാക്കണമെന്നും തോട്ടിപ്പണിക്കിടെ മരിക്കുന്നവരുടെ കുടുംബങ്ങള്ക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്കണമെന്നും സുപ്രീം കോടതി ഉത്തരവിലൂടെ നിര്ദ്ദേശം നല്കി. കേന്ദ്ര സംസ്ഥാന സര്ക്കാരുകള് മാര്ഗ്ഗ നിര്ദ്ദേശങ്ങള് കര്ശനമായി നടപ്പാക്കണമെന്നാണ് ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാര് എന്നിവര് ഉള്പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ വിധി.

നിരോധന നിയമം നിലവിലുണ്ടായിട്ടും തോട്ടിപ്പണി തുടരുന്നതില് കടുത്ത വിയോജിപ്പ് സുപ്രീം കോടതി വിധിന്യായത്തിൽ പ്രകടിപ്പിച്ചു. തോട്ടിപ്പണി അയിത്തത്തിന്റെയും അടിമപ്പണിയുടെയും ഭാഗവും തുല്യതയ്ക്ക് വിരുദ്ധവുമാണ്. പാര്ശ്വവത്കരിക്കപ്പെട്ട ജനതയെ ഇത്തരം തൊഴിലുകളില് നിന്ന് മുക്തരാക്കണം. ഇത് സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും പ്രശ്നമാണ്. ആധുനിക കാലത്തും ഈ തൊഴില് തുടരാനാവില്ല. കാനകളില് വീണ് മരിച്ചവരുടെ കുടുംബങ്ങളുടെ പുനരധിവാസം, കുട്ടികളുടെ പഠനം, തൊഴില് നൈപുണ്യ അവസരം തുടങ്ങിയവ ഉറപ്പാക്കണം. മനുഷ്യന്റെ അന്തസും സ്വാതന്ത്ര്യവും ഉയര്ത്തിപ്പിടിക്കാനുള്ള പ്രഖ്യാപനമാണ് വിധിന്യായമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

2013ലെ തോട്ടിപ്പണി നിരോധനവും പുനരധിവാസ നിയമവും കര്ശനമായി നടപ്പാക്കണം. ഇത് പൂര്ണ്ണ അര്ത്ഥത്തില് നടപ്പാക്കാന് കേന്ദ്ര സംസ്ഥാന സര്ക്കാരുകള്ക്ക് ബാധ്യതയുണ്ട്. തോട്ടിപ്പണിയും അപകടങ്ങളും ഒഴിവാക്കാന് സര്ക്കാര് ഏജന്സികളെ ഏകോപിപ്പിക്കണമെന്നും ഡിവിഷന് ബെഞ്ച് വിധിന്യായത്തില് നിര്ദ്ദേശിച്ചു. കാനകളില് വീണ് മരിക്കുന്നവരുടെ കുടുംബങ്ങള്ക്ക് 30 ലക്ഷം രൂപ ധനസഹായം നല്കണം. അംഗവൈകല്യം സംഭവിക്കുന്നവര്ക്ക് 20 ലക്ഷം രൂപയും നല്കണം. നഷ്ടപരിഹാരം 10 ലക്ഷം രൂപയില് കുറയരുതെന്ന കര്ശന നിര്ദ്ദേശവും പൊതുതാല്പര്യ ഹര്ജിയില് പുറപ്പെടുവിച്ച വിധിയിലൂടെ സുപ്രീം കോടതി നല്കി.

4. സ്വവര്ഗ്ഗ വിവാഹത്തിന് ഭരണഘടനാ സാധുത നല്കാതെ സുപ്രീം കോടതി

ലോകമെമ്പാടുമുള്ള ക്വീര് സമൂഹം പ്രതീക്ഷയോടെയാണ് സ്വവര്ഗ്ഗ വിവാഹത്തിന് ഭരണഘടനാ സാധുത തേടിയ വിധിയെ കാത്തിരുന്നത്. എന്നാല് രാജ്യത്തെ ക്വീര് സമൂഹത്തിനും അവര്ക്കൊപ്പം നില്ക്കുന്നവര്ക്കും നിരാശ നല്കുന്നതായിരുന്നു സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി. സ്വവര്ഗ്ഗ വിവാഹത്തിന് രാജ്യത്ത് നിയമസാധുതയില്ലെന്ന് സുപ്രീം കോടതി വിധിച്ചു. വിവാഹം മൗലികാവകാശങ്ങളുടെ ഭാഗമല്ല. അധികാര പരിമിതിയുള്ളതിനാല് പ്രത്യേക വിവാഹ നിയമത്തിന്റെ നിയമ സാധുതയില് ഇടപെടുന്നില്ലെന്നും ഭരണഘടനാ ബെഞ്ച്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളില് കേന്ദ്ര സര്ക്കാര് നിയോഗിക്കുന്ന ഉന്നതാധികാര സമിതി തീരുമാനമെടുക്കണമെന്ന് ചീഫ് ജസ്റ്റിസിന്റെ വിധി. നാല് വ്യത്യസ്ത വിധിന്യായങ്ങളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചില് നിന്ന് പുറത്തുവന്നത്.

സ്വവര്ഗ്ഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന കാര്യത്തിലും ട്രാന്സ് വ്യക്തികളുടെ വിവാഹത്തിന് നിയമ സാധുതയുണ്ടെന്നതിലും അഞ്ചംഗ ബെഞ്ചിന് ഏകാഭിപ്രായം. മറ്റ് പരിഗണനാ വിഷയങ്ങളില് പരസ്പരം യോജിച്ചും വിയോജിച്ചും അഞ്ചംഗ ബെഞ്ചിന്റെ വിധി. അധികാര പരിമിതിയുള്ളതിനാല് 1954ലെ പ്രത്യേക വിവാഹ നിയമത്തിന്റെ നിയമ സാധുതയില് ഇടപെടുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. നിയമത്തിന്റെ മാറ്റത്തില് തീരുമാനമെടുക്കാന് പാര്ലമെന്റിനാണ് അധികാരം. ക്വീര് വ്യക്തികളുടെ അവകാശങ്ങളില് തീരുമാനമെടുക്കാന് ഉന്നതാധികാര സമിതിയെ നിയോഗിക്കണം. ഇക്കാര്യത്തില് കേന്ദ്ര സര്ക്കാര് തിരുമാനമെടുക്കണമെന്നും ചീഫ് ജസ്റ്റിസിന്റെ വിധി. നിയമവും ആചാരവും അനുവദിക്കുന്നതിനപ്പുറം വിവാഹത്തിന് അവകാശമില്ലെന്ന് ഭൂരിപക്ഷ വിധി. സാമൂഹികമായ പങ്കാളിത്തത്തിന് നിയമപരമായ അംഗീകാരമില്ല. അതിനര്ത്ഥം രണ്ട് വ്യക്തികള്ക്ക് ഒന്നിച്ചുചേരാനാവില്ല എന്നല്ല. അതിന് നിയമ പ്രാബല്യമില്ലെന്ന് മാത്രം. സ്വവര്ഗ്ഗ വ്യക്തിത്വങ്ങളെ നിര്ബന്ധിത ചികിത്സയ്ക്ക് വിധേയരാക്കരുത്. ഇത് ഭരണകൂടം ഉറപ്പുവരുത്തണമെന്നും ഭരണഘടനാ ബെഞ്ച്. വ്യക്തി നിയമങ്ങളെ ബാധിക്കുമെന്നതിനാല് പ്രത്യേക വിവാഹ നിയമത്തില് ഇടപെടാന് ഭരണഘടനാ ബെഞ്ച് വിസമ്മതിച്ചു. ഒരുമിക്കാനും കുട്ടികളെ ദത്തെടുക്കാനും അവകാശമുണ്ടെന്ന ന്യൂനപക്ഷ വിധിയെ ഭൂരിപക്ഷം ജഡ്ജിമാര് തള്ളി. ഒരുമിക്കാനുള്ള അവകാശം നിയമപരമല്ല. ക്വീയര് പങ്കാളികള്ക്ക് കുട്ടികളെ ദത്തെടുക്കാനുള്ള അവകാശമില്ല. കേന്ദ്ര ദത്തവകാശ നിയമം ഭരണഘടനാ വിരുദ്ധമല്ലെന്നുമായിരുന്നു ഭൂരിപക്ഷ വിധി.

സ്വവര്ഗ്ഗ വിവാഹത്തിന് അനുമതി നിഷേധിച്ച ഹര്ജിയില് ഭൂരിപക്ഷ വിധിക്ക് നേതൃത്വം നല്കിയ ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ടിന്റെ വിധിക്ക് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റ വിയോജനക്കുറിപ്പ്. ക്വീര് സമൂഹത്തോട് വിവേചനമുണ്ടെന്ന് ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് അംഗീകരിക്കുന്നു. എന്നാല് വിവേചനം അവസാനിപ്പിക്കാന് നിര്ദ്ദേശങ്ങളില്ല. ഈ സമീപനത്തോട് യോജിക്കാനാകില്ലെന്ന് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. അവകാശ ലംഘനമുണ്ടെങ്കില് അതിന് പരിഹാരവുമുണ്ടാകണം. ഭരണഘടനാ പശ്ചാത്തലത്തില് പരിഹാരം നിര്ദ്ദേശിക്കാതിരിക്കാന് കഴിയില്ല. പരിഹാരമില്ലെങ്കില് വിധിന്യായത്തിന് പ്രസക്തിയുണ്ടാവില്ല. ജസ്റ്റിസ് ഭട്ടിന്റെ വിധി ഭരണഘടനയുടെ അനുച്ഛേദം 15 നിര്വ്വചിക്കുന്ന തുല്യതയുടെ വ്യാഖ്യാനത്തില് നിന്ന് വ്യതിചലിച്ചു. ജീവിക്കാനുള്ള അവകാശത്തെക്കുറിച്ച് മാത്രമാണ് വിധിയില് വിശദീകരണം. മൗലികാവകാശങ്ങളുടെ മറ്റ് ഭാഗങ്ങളെ വിധിന്യായത്തില് ബന്ധപ്പെടുത്തിയില്ല. ദത്തവകാശ നിയമത്തെ വ്യാഖ്യാനിക്കുന്നതില് ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് പരാജയപ്പെട്ടുവെന്നുമാണ് ചീഫ് ജസ്റ്റിസിന്റെ വിധിയിലെ വിയോജനക്കുറിപ്പ്.

5. വില്ലന്മാരായ ഗവര്ണ്ണര്മാര്ക്കെതിരെ നിരന്തരം സുപ്രീം കോടതി

ബില്ലുകള് ഒപ്പിടാത്ത ഗവര്ണ്ണര്മാരുടെ നടപടികള് ചോദ്യം ചെയ്തുള്ള ഹര്ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള മറ്റൊരു രാഷ്ട്രീയ വിഷയം. കേരളം, പഞ്ചാബ്, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാള് സര്ക്കാരുകള് നല്കിയ ഹര്ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. കേരള ഗവര്ണ്ണര് ആരിഫ് മുഹമ്മദ് ഖാന്, പഞ്ചാബ് ഗവര്ണ്ണര് ബന്വാരിലാല് പുരോഹിത്, തമിഴ്നാട് ഗവര്ണ്ണര് ടിആര് രവി എന്നിവര്ക്കെതിരെ രൂക്ഷ വിമര്ശനമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉയര്ത്തിയത്. പഞ്ചാബ് ഗവര്ണ്ണര്ക്ക് എതിരെ വിധിയും പുറപ്പെടുവിച്ചു.

നിയമസഭ പാസാക്കിയ ബില് തടഞ്ഞുവയ്ക്കാന് ഗവര്ണര്മാര്ക്ക് അധികാരമില്ലെന്നായിരുന്നു പഞ്ചാബ് സര്ക്കാര് നല്കിയ ഹര്ജിയില് സുപ്രീം കോടതിയുടെ വിധി. ബില്ലുകളില് എത്രയും വേഗം ഗവര്ണര് തീരുമാനം എടുക്കണം. തീരുമാനം എടുത്തില്ലെങ്കില് ബില് ഗവര്ണര് തിരിച്ചയക്കണം. അങ്ങനെയാണ് ഭരണഘടന നിര്വ്വചിക്കുന്നത്. ഭരണഘടനാ വിധേയമായി മാത്രമേ തീരുമാനം എടുക്കാന് കഴിയൂ. സംസ്ഥാനത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട തലവനല്ല ഗവര്ണര്. ചില ഭരണഘടനാ അധികാരങ്ങള് ഗവര്ണര്ക്ക് ഉണ്ടെന്ന് മാത്രം. സഭയുടെ നിയമ നിര്മ്മാണ അധികാരത്തെ തടയാന് ഗവര്ണര്ക്ക് കഴിയില്ല. ജനാധിപത്യത്തില് ജനപ്രതിനിധികള്ക്ക് ആണ് യഥാര്ത്ഥ അധികാരമെന്നും സുപ്രീം കോടതി. ഗവര്ണര്ക്ക് എതിരായ പഞ്ചാബ് സര്ക്കാരിന്റെ ഹര്ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ വിധി.

പഞ്ചാബ് സര്ക്കാരിന്റെ ഹര്ജിയില് വാദത്തിനിടെ പഞ്ചാബ് ഗവര്ണ്ണര് ബന്വാരിലാല് പുരോഹിതിന്റെ നടപടികളില് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഒരുവേള കടുത്ത അതൃപ്തി അറിയിച്ചു. ബില്ലുകള് പിടിച്ചുവയ്ക്കുന്ന ഗവര്ണ്ണര്മാര് ആത്മപരിശോധന നടത്തണം. ഗവര്ണ്ണര്മാര് ജനങ്ങള് തെരഞ്ഞെടുത്ത അധികാരികളല്ല. സുപ്രീം കോടതിയിലേക്ക് വിഷയം എത്തുന്നതിന് മുന്പ് ഗവര്ണ്ണര്മാര് തീരുമാനമെടുക്കണം. സുപ്രീം കോടതിയില് ഹര്ജി എത്തുമ്പോള് മാത്രം ബില്ലുകളില് ഒപ്പിടുന്ന പ്രവണത ശരിയല്ലെന്നുമായിരുന്നു സുപ്രീം കോടതിയുടെ വിമര്ശനം.

ബില്ലുകള് പിടിച്ചുവെച്ച നടപടിയില് കേരള ഗവര്ണ്ണര് ആരിഫ് മുഹമ്മദ് ഖാനെതിരെയും സുപ്രീം കോടതി രൂക്ഷ വിമര്ശനമുയര്ത്തി. പഞ്ചാബ് കേസിലെ വിധി കേരള ഗവര്ണ്ണര്ക്കും ബാധകമാണെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ഓര്മ്മപ്പെടുത്തല്. ബില്ലുകള് വൈകിയ നടപടിക്ക് ഗവര്ണ്ണര് വിശദീകരണം നല്കിയില്ല. ബില്ലുകള് പിടിച്ചുവയ്ക്കാനല്ല ഗവര്ണ്ണര് അധികാരം പ്രയോഗിക്കേണ്ടത്. ഗവര്ണ്ണര് രണ്ട് വര്ഷം എന്ത് ചെയ്യുകയായിരുന്നു. ഗവര്ണ്ണര് ഭരണഘടനാ ഉത്തരവാദിത്തം നിര്വ്വഹിക്കണം. ബില്ലുകള് വൈകിയ നടപടിക്ക് ഗവര്ണ്ണര് വിശദീകരണം നല്കിയില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

തമിഴ്നാട് ഗവര്ണ്ണര് ആര് എന് രവിക്ക് എതിരായ സുപ്രീം കോടതിയുടെ വിമര്ശനങ്ങള് ഇങ്ങനെ തുടങ്ങുന്നു. നിയമസഭ രണ്ടാമതും പാസാക്കിയ ബില്ലുകള് ഗവര്ണ്ണര്ക്ക് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാനാവില്ല. ബില്ലുകളില് അനുമതി നല്കാം, തടഞ്ഞുവയ്ക്കാം, അല്ലെങ്കില് രാഷ്ട്രപതിക്ക് അയക്കാം. ഗവര്ണ്ണര്ക്ക് മുന്നില് ഈ മൂന്ന് വഴികളുണ്ട്. ബില്ലുകളില് തീരുമാനം വൈകിപ്പിച്ച ശേഷം രാഷ്ട്രപതിക്ക് അയക്കാനാവില്ല. നാലാമതൊരു സാധ്യത ഗവര്ണ്ണര്ക്ക് മുന്നിലില്ല. ഗവര്ണ്ണറുടെ നടപടികളില് വൈരുദ്ധ്യമുണ്ട്. 2020 ജനുവരി ഒന്പത് മുതലുള്ള ബില്ലുകള് ഗവര്ണ്ണര് പിടിച്ചുവെച്ചു. ബില്ലുകള് തുടക്കത്തില് തന്നെ ഗവര്ണ്ണര് രാഷ്ട്രപതിക്ക് കൈമാറാതിരുന്നതെന്ത്. എന്ത് മറുപടിയാണ് ഗവര്ണ്ണര്ക്ക് പറയാനുള്ളത്. ഭരണഘടനാ സ്ഥാനത്തിരിക്കുന്നയാളാണ് ഗവര്ണ്ണര്. അങ്ങനെയൊരാള്ക്കെതിരെ വിധിന്യായം പുറപ്പെടുവിക്കണോയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ബില്ലുകള് തടഞ്ഞുവയ്ക്കാനുള്ള സ്വതന്ത്ര അധികാരമുണ്ടെന്നാണോ ഗവര്ണ്ണര് കരുതുന്നത്. മുഖ്യമന്ത്രിയും ഗവര്ണ്ണറും തമ്മില് പ്രശ്നങ്ങളുണ്ടാകും. അത് ചര്ച്ച ചെയ്ത് പരിഹരിക്കണം. ഗവര്ണ്ണര് മുഖ്യമന്ത്രിയെ ക്ഷണിച്ചാല് അതാണ് ഏറ്റവും ഉചിതം. ബില്ലുകള് രാഷ്ട്രപതിക്ക് വിട്ട വിഷയം പഞ്ചാബ് കേസിലില്ല. തെരഞ്ഞെടുക്കപ്പെട്ടയാളാണ് രാഷ്ട്രപതി. രാഷ്ട്രപതിക്ക് വിശാല അധികാരങ്ങളുണ്ട്. തെരഞ്ഞെടുക്കപ്പെട്ടയാളല്ല ഗവര്ണ്ണര്. കേന്ദ്ര സര്ക്കാരിന്റെ നോമിനി മാത്രമാണ് ഗവര്ണ്ണറെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ വിമര്ശനം.

6. മാധ്യമ സ്വാതന്ത്ര്യം ഉയര്ത്തിപ്പിടിച്ച്, കേന്ദ്ര സര്ക്കാരിന് തിരിച്ചടിയായി മീഡിയ വണ് കേസിലെ വിധി

സുപ്രീം കോടതിയില് നിന്ന് പുറത്തുവന്ന ഏറ്റവും സുപ്രധാന വിധിയാണ് മീഡിയ വണ് കേസിലേത്. മീഡിയ വണ് നിരോധനത്തില് കേന്ദ്ര സര്ക്കാര് നടപടി ചോദ്യം ചെയ്ത് നല്കിയ ഹര്ജിയിലാണ് ഭരണഘടനാ ബെഞ്ച് തീരുമാനമെടുത്ത്. മീഡിയ വണിനെതിരെ കേന്ദ്ര സര്ക്കാര് സ്വീകരിച്ച നടപടികളും തീരുമാനങ്ങളും തെളിച്ചമില്ലാത്തതാണ്. സ്വാഭാവിത നിതീ നിഷേധമുണ്ടായി. അന്വേഷണ ഏജന്സികളുടെ രഹസ്വ സ്വഭാവമുള്ള റിപ്പോര്ട്ട് പരസ്യപ്പെടുത്താനാവില്ലെന്ന കേന്ദ്ര നിലപാട് സുപ്രീം കോടതി തള്ളി. ലൈസന്സിന് എന്ഒസി നിഷേധിച്ചത് ശരിവെച്ച ഹൈക്കോടതി വിധി റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തീരുമാനമെടുത്തത്. ലളിതമായ ഭാഷാപ്രയോഗങ്ങളിലൂടെ സമഗ്രവും ശക്തവുമായി കോടതി വിധിയെഴുതി. നിയമം മാത്രമല്ല, നടപടിക്രമങ്ങളും ജുഡീഷ്യല് റിവ്യൂവിന് വിധേയമാക്കാം. ഭരണകൂടത്തിന്റെ ഏകപക്ഷീയ നടപടികളില് നിന്ന് സംരക്ഷണവും തുല്യതയും ഉറപ്പുനല്കുന്നതാണ് ഭരണഘടനയുടെ അനുച്ഛേദം 14 എന്നും മീഡിയ വണ് കേസില് സുപ്രീം കോടതി വ്യക്തമാക്കി.

കലാപാനന്തര മണിപ്പൂരിനെ സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരാന് നിരന്തര പരിശ്രമമാണ് സുപ്രീം കോടതി നടത്തിയത്. കലാപകാലത്തെ മുറിവുണക്കാനും സമാധാനം പുന:സ്ഥാപിക്കാനും അന്വേഷണത്തിനും കുറ്റക്കാര്ക്കെതിരെ നടപടി സ്വീകരിക്കാനുമെല്ലാം നിരന്തരം നടപടികള് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സ്വീകരിച്ചു. ഇതിലേറ്റവും പ്രധാനം മണിപ്പൂരില് സമഗ്ര മേല്നോട്ട ചുമതലയ്ക്കായി മൂന്നംഗ ജുഡീഷ്യല് സമിതിയെ നിയോഗിച്ച സുപ്രീം കോടതിയുടെ നടപടിയാണ്

7. മണിപ്പൂര് സമാധാനത്തിന് നിരന്തര ഇടപെടലുമായി സുപ്രീം കോടതി

കലാപാനന്തര മണിപ്പൂരിനെ സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരാന് നിരന്തര പരിശ്രമമാണ് സുപ്രീം കോടതി നടത്തിയത്. കലാപകാലത്തെ മുറിവുണക്കാനും സമാധാനം പുന:സ്ഥാപിക്കാനും അന്വേഷണത്തിനും കുറ്റക്കാര്ക്കെതിരെ നടപടി സ്വീകരിക്കാനുമെല്ലാം നിരന്തരം നടപടികള് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സ്വീകരിച്ചു. ഇതിലേറ്റവും പ്രധാനം മണിപ്പൂരില് സമഗ്ര മേല്നോട്ട ചുമതലയ്ക്കായി മൂന്നംഗ ജുഡീഷ്യല് സമിതിയെ നിയോഗിച്ച സുപ്രീം കോടതിയുടെ നടപടിയാണ്.

ജസ്റ്റിസ് ഗീത മിത്തല് അധ്യക്ഷയായ വനിതാ ജുഡീഷ്യല് സമിതിക്കാണ് മേല്നോട്ട ചുമതല നല്കിയത്. വിരമിച്ച ജസ്റ്റിസുമാരായ ശാലിനി പി ജോഷിയും ജസ്റ്റിസ് ആശ മേനോനുമാണ് സമിതിയിലെ മറ്റ് അംഗങ്ങള്. ജമ്മു കശ്മീര് ഹൈക്കോടതി മുന് ചീഫ് ജസ്റ്റിസ് ആണ് ജസ്റ്റിസ് ഗീത മിത്തല്. ബോംബെ ഹൈക്കോടതി മുന് ജഡ്ജിയാണ് ജസ്റ്റിസ് ശാലിനി പി ജോഷി. സമിതിയിലെ മൂന്നാമത്തെ വനിതാ അംഗം ജസ്റ്റിസ് ആശ മേനോന് ഡല്ഹി ഹൈക്കോടതി ജഡ്ജിയായി വിരമിച്ചു. അന്വേഷണ മേല്നോട്ടം, പുനരധിവാസം, നഷ്ടപരിഹാരം, സമാധാന പുനസ്ഥാപനം തുടങ്ങിയവയാണ് ജുഡീഷ്യല് സമിതി പരിഗണനാ വിഷയങ്ങള്. മേല്നോട്ട പുരോഗതി റിപ്പോര്ട്ട് സമിതി സുപ്രിംകോടതിക്ക് നല്കണം. ജുഡീഷ്യല് സമിതിക്ക് കീഴില് പ്രത്യേക അന്വേഷണ സംഘത്തിന്റെ മേധാവി. മുന് ദേശീയ ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവും മഹാരാഷ്ട്ര ഡിജിപിയുമായിരുന്ന ദത്താത്രേയ പഡ്സാല്ഗികര് ആണ് കലാപാന്വേഷണ സംഘത്തിന്റെ മേധാവി. ഇദ്ദേഹത്തിന് കീഴില് ഏഴ് ഡിഐജിമാരെയാണ് സുപ്രീം കോടതി നിയോഗിച്ചത്. ഓരോ ഡിഐജിക്കും ആറ് പ്രത്യേക അന്വേഷണ സംഘങ്ങളുടെ മേല്നോട്ട ചുമതലയുണ്ട്. ആകെ 42 പ്രത്യേക അന്വേഷണ സംഘങ്ങളാണ് കലാപം അന്വേഷിക്കുന്നത്. സിബിഐ ഉള്പ്പടെയുള്ള അന്വേഷണ ഏജന്സികളില് നിന്നാണ് ഇവരെ നിയോഗിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിലെ എല്ലാവരും മണിപ്പൂരിന് പുറത്ത് നിന്നുള്ളവരാണ്. കൊലപാതകം, ബലാത്സംഗം, കലാപം തുടങ്ങി രജിസ്റ്റര് ചെയ്യപ്പെട്ട എല്ലാ കേസുകളും പുതിയ കേസുകളും ഈ അന്വേഷണ സംഘമാണ് കൈകാര്യം ചെയ്യുന്നത്.

സ്ത്രീപക്ഷ നിലപാടുകള് സ്വീകരിക്കാന് നീതിന്യായ വ്യവസ്ഥയെ പ്രേരിപ്പിക്കുന്നതും പൊളിറ്റിക്കല് കറക്ട്നെസിന് വിധേയമാക്കുന്നതുമായിരുന്നു സുപ്രീം കോടതി പുറപ്പെടുവിച്ച ശൈലീ പുസ്തകം

8. സ്ത്രീകളുമായി ബന്ധപ്പെട്ട വാക്കുകളില് സുപ്രീം കോടതിയുടെ ശൈലീപുസ്തകം

സ്ത്രീകളുമായി ബന്ധപ്പെട്ട വാക്കുകള് ഉപയോഗിക്കുന്നതിന് മാര്ഗ്ഗനിര്ദ്ദേശം നല്കിയതാണ് വിധിന്യായങ്ങള്ക്ക് അപ്പുറം സുപ്രീം കോടതിയുടെ മറ്റൊരു ശ്രദ്ധേയ ഇടപെടല്. വിധിന്യായങ്ങള് തയ്യാറാക്കുമ്പോള് ജഡ്ജിമാരും ഹര്ജികള് തയ്യാറാക്കുമ്പോള് അഭിഭാഷകരും ശൈലിപുസ്തകം പാലിക്കണം. സ്ത്രീവിരുദ്ധ പരാമര്ശങ്ങള് സമ്പൂര്ണ്ണമായി ഒഴിവാക്കപ്പെടണമെന്നും സമൂഹത്തിന് അവബോധം നല്കുന്നതിനാണ് ശൈലീപുസ്തകം പുറത്തിറക്കുന്നതെന്നുമാണ് ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കിയത്.

സ്ത്രീകളെന്നാല് അമിത വൈകാരികത പ്രകടിപ്പിക്കുന്നവരും യുക്തിവിരുദ്ധരും തീരുമാനമെടുക്കാന് കഴിവില്ലാത്തവരും എന്ന സമീപനത്തെ സുപ്രീം കോടതി തിരുത്തുന്നു. ലിംഗസ്വത്വം ഒരാളുടെ ചിന്തയുടെയും തീരുമാനമെടുക്കാനുള്ള കഴിവിന്റെയും മാനദണ്ഡമല്ലെന്ന് ശൈലീപുസ്തകത്തിലൂടെ സുപ്രീം കോടതി നിയമലോകത്തിന് നല്കുന്ന തിരുത്ത്. എല്ലാ സ്ത്രീകളും പ്രസവിക്കാന് ആഗ്രഹിക്കുന്നവരാണെന്നതിനെയും സുപ്രീം കോടതി തിരുത്തി. പ്രസവിക്കണമെന്ന് ആഗ്രഹമില്ലാത്ത സ്ത്രീകളുമുണ്ട്. അമ്മയാകണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തിപരമായ തീരുമാനമാണ്. സ്വന്തമായി തീരുമാനമെടുക്കാന് 24 വയസുകാരി പ്രാപ്തയല്ലെന്നായിരുന്നു 2017ലെ ഷെഫിന് ജഹാന് കേസില് കേരള ഹൈക്കോടതി വിധി. പങ്കാളി അനുയോജ്യരാണോ എന്നതാണ് തീരുമാനമെടുക്കാനുള്ള അടിസ്ഥാനമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കുന്നത്.

സ്ത്രീകളുടെ വസ്ത്രധാരണമാണ് ലൈംഗിക അതിക്രമത്തിന് കാരണമാകുന്നതെന്ന ചിന്ത തെറ്റാണ്. വ്യക്തിതാല്പര്യം അനുസരിച്ചാണ് സ്ത്രീയുടെ വസ്ത്രധാരണം. അത് മറ്റൊരാള്ക്ക് കടന്നുകയറാനുള്ള ക്ഷണമല്ല. സ്ത്രീയുടെ വസ്ത്രധാരണം ലൈംഗിക അതിക്രമത്തിന്റെ കാരണമായി ഒരു കോടതിയും പരിഗണിക്കരുതെന്നും മാര്ഗ്ഗനിര്ദ്ദേശത്തിലുണ്ട്. ലൈംഗിക അതിക്രമത്തില് പരാതി പറയാന് വൈകുന്നത് പരാതി അസത്യമായതുകൊണ്ടല്ല. അതിജീവിക്കപ്പെട്ടവര് മനസ്സാന്നിധ്യം തിരികെ നേടാന് സമയമെടുക്കും. പരാതി നല്കാന് അവര്ക്ക് അതുവരെ സമയം നല്കണം. ഇന്ത്യന് വനിതയെന്നും വിദേശ വനിതയെന്നുമില്ല. വനിത എന്ന പ്രയോഗം മാത്രം മതിയാകും. നല്ല ഭാര്യയും മോശം ഭാര്യയുമില്ല, ഭാര്യ മാത്രം. സ്ത്രീത്വത്തെ അപമാനിക്കുന്ന പദങ്ങള് പാടില്ല. പകരം വാക്ക് സ്ത്രീ എന്ന് മാത്രമെന്നുമാണ് സുപ്രീം കോടതിയുടെ നിര്ദ്ദേശം.

ഉന്നതകുലജാതരായ പുരുഷന്മാര് താഴ്ന്ന ജാതിക്കാരായ സ്ത്രീകളെ ലൈംഗിക ആവശ്യത്തിന് സമീപിക്കില്ലെന്ന മുന്വിധിയെയും സുപ്രീം കോടതി തിരുത്തുന്നു. ജാതി മേധാവിത്വം നിലനിര്ത്താനും സാമൂഹിക മേല്ക്കോയ്മ നിലനിര്ത്താനും ഉയര്ന്ന ജാതിക്കാരായ പുരുഷന്മാര് ലൈംഗിക അതിക്രമത്തെ ഉപയോഗിച്ചുവെന്നതാണ് ചരിത്രമെന്നും സുപ്രീം കോടതി നിയമലോകത്തെ ഓര്മ്മിപ്പിക്കുന്നു. രാജ്യത്തെ കോടതികളില് ജഡ്ജിമാര്ക്കും അഭിഭാഷകര്ക്കും ഉപയോഗിക്കാനാണ് ശൈലീപുസ്തകം. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന പരാമര്ശങ്ങളെ സുപ്രീം കോടതി പുറപ്പെടുവിച്ച ശൈലീപുസ്തകത്തിലൂടെ തിരുത്തുന്നു. ജഡ്ജിമാരും അഭിഭാഷകരും ഉള്പ്പെടുന്ന നിയമലോകം പുതിയ മാര്ഗ്ഗനിര്ദ്ദേശം പാലിക്കണം. തീരുമാനമെടുക്കുമ്പോഴും വിധിയെഴുതുമ്പോഴും ഇക്കാര്യം മനസില് സൂക്ഷിക്കണമെന്നും സുപ്രീം കോടതി ഓര്മ്മിപ്പിച്ചു.

അനീതിയും മോശം ചീത്രീകരണവും ഒഴിവാക്കുന്നതിന് നീതിന്യായ സംവിധാനത്തിന് ഭരണഘടനാ ബാധ്യതയുണ്ട്. സ്ത്രീത്വത്തെ മോശമായി ചിത്രീകരിക്കുന്നതാണ് ചരിത്രം. അത് തിരുത്തണം. സമൂഹത്തില് ആഴത്തില് വേരോടിയ സ്ത്രീവിരുദ്ധ സമീപനങ്ങളെ ഇന്ത്യന് ജുഡീഷ്യറി തിരിച്ചറിയണം. സ്ത്രീവിരുദ്ധ സമീപനങ്ങളെ അവഗണിക്കാന് ജാഗ്രത പാലിക്കണമെന്നും ശൈലീപുസ്തകത്തില് പറയുന്നു. ലിംഗ സമത്വം ഉറപ്പാക്കുന്നതിനാവശ്യമായ അന്തരീക്ഷത്തെ പരിപോഷിപ്പിക്കണം. കോടതികളില് ഉപയോഗിക്കുന്ന വാക്കുകള് സാമൂഹത്തെ സ്വാധീനിക്കും. വിശാലമായ ഭാഷാപ്രയോഗത്തിലൂടെ മോശം മാതൃകകളെ തകര്ക്കാനാകും. സ്ത്രീസമൂഹത്തെ സംബന്ധിച്ചാണ് ശൈലീപുസ്തകത്തില് പ്രാഥമിക പരിഗണനയെന്നും സുപ്രിംകോടതി വ്യക്തമാക്കുന്നു. ലിംഗനീതി, ലിംഗസമത്വം, വ്യക്തിയുടെ അന്തസ് തുടങ്ങിയവയില് അനീതിയുണ്ടാകാതിരിക്കാന് ന്യായാധിപര് ജാഗ്രത പാലിക്കണം. വ്യക്തികളുടെ അന്തസ് സംരക്ഷിച്ച് നിയമ ലോകത്തെ മുന്നോട്ട് നയിക്കാനാണ് മാര്ഗ്ഗ നിര്ദ്ദേശങ്ങളെന്നും ശൈലീപുസ്തകത്തില് സുപ്രീം കോടതി വ്യക്തമാക്കുന്നു.

1,000ത്തിന്റെയും 500ന്റെയും നോട്ട് നിരോധിക്കാന് കേന്ദ്രസര്ക്കാര് മുന്നോട്ടുവെച്ച മൂന്നു കാരണങ്ങളും ശരിയായതിനാല് നടപടിയുടെ ഫലപ്രാപ്തി അളക്കേണ്ടതില്ല. നടപടിക്രമങ്ങള് പാലിച്ചില്ല എന്നത് തീരുമാനം റദ്ദാക്കാന് ഉള്ള കാരണമല്ല എന്ന് കോടതി വ്യക്തമാക്കി. മൂന്ന് ലക്ഷ്യങ്ങള് ഉയര്ത്തിക്കാട്ടിയാണ് കേന്ദ്ര സര്ക്കാര് നോട്ട് നിരോധിച്ചത് എന്നും ഈ ലക്ഷ്യങ്ങള് ശരിയായതിനാല് നടപടിയുടെ ലക്ഷ്യപ്രാപ്തി നോക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. എത്രത്തോളം ഫലപ്രാപ്തി ഉണ്ടാകുമെന്ന് മുന്കൂട്ടി കണ്ട് നോട്ട് നിരോധിക്കാന് കഴിയില്ലെന്നും ജസ്റ്റിസ് ബി.ആര് ഗവായ് വിധിയില് വ്യക്തമാക്കി

9. കേന്ദ്ര സര്ക്കാരിന്റെ നോട്ട് നിരോധന നടപടിക്ക് അംഗീകാരം നല്കി സുപ്രീം കോടതി

2016 നവംബര് എട്ടിനാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള് നിരോധിച്ച് കേന്ദ്രസര്ക്കാര് തീരുമാനമെടുത്തത്. കേന്ദ്ര സര്ക്കാരിന്റെ തീരുമാനത്തിന് അംഗീകാരം നല്കുന്നതാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി. നാല് ജസ്റ്റിസുമാര് നോട്ട് നിരോധിക്കാന് കേന്ദ്രത്തിന് അധികാരമുണ്ടെന്ന് വിധിച്ചു. ഒരു ജഡ്ജി തീരുമാനത്തിനെതിരെ വിധിയെഴുതി.

1,000ത്തിന്റെയും 500ന്റെയും നോട്ട് നിരോധിക്കാന് കേന്ദ്രസര്ക്കാര് മുന്നോട്ടുവെച്ച മൂന്നു കാരണങ്ങളും ശരിയായതിനാല് നടപടിയുടെ ഫലപ്രാപ്തി അളക്കേണ്ടതില്ല. നടപടിക്രമങ്ങള് പാലിച്ചില്ല എന്നത് തീരുമാനം റദ്ദാക്കാന് ഉള്ള കാരണമല്ല എന്ന് കോടതി വ്യക്തമാക്കി. മൂന്ന് ലക്ഷ്യങ്ങള് ഉയര്ത്തിക്കാട്ടിയാണ് കേന്ദ്ര സര്ക്കാര് നോട്ട് നിരോധിച്ചത് എന്നും ഈ ലക്ഷ്യങ്ങള് ശരിയായതിനാല് നടപടിയുടെ ലക്ഷ്യപ്രാപ്തി നോക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. എത്രത്തോളം ഫലപ്രാപ്തി ഉണ്ടാകുമെന്ന് മുന്കൂട്ടി കണ്ട് നോട്ട് നിരോധിക്കാന് കഴിയില്ലെന്നും ജസ്റ്റിസ് ബി.ആര് ഗവായ് വിധിയില് വ്യക്തമാക്കി. അസാധുവായ നോട്ട് മാറ്റിയെടുക്കാന് 52 ദിവസം നല്കിയ കേന്ദ്ര സര്ക്കാര് തീരുമാനവും കോടതി ശരിവെച്ചു. കേന്ദ്ര സര്ക്കാരിന്റെ സാമ്പത്തിക നയങ്ങളില് ഇടപെടുന്നതിന് കോടതിക്ക് പരിമിതി ഉണ്ടെന്നും ഹരജികള് തള്ളിക്കൊണ്ടുള്ള ഭരണഘടന ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയില് വ്യക്തമാക്കി.

ആര്ബിഐ നിയമ പ്രകാരം ഒരു വിഭാഗം നോട്ട് പൂര്ണമായും നിരോധിക്കാന് കേന്ദ്ര സര്ക്കാരിന് അധികാരമില്ലെന്നായിരുന്നു ഹര്ജിക്കാരുടെ നിലപാട്. നോട്ട് നിരോധിക്കാന് റിസര്വ് ബാങ്ക് നിര്ദേശിച്ചിട്ടില്ല. നടപടി ക്രമങ്ങള് പാലിക്കാതെ എടുത്ത തീരുമാനം റദ്ദാക്കണം എന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം. ജസ്റ്റിസ് എ. അബ്ദുല് നസീര് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആണ് നോട്ട് നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്പ്പിച്ച ഹര്ജികളില് ചരിത്ര വിധി പറഞ്ഞത്. കേന്ദ്ര സര്ക്കാര് നടപടി ശരിവെച്ച് ജസ്റ്റിസുമാരായ എ അബ്ദുല് നസീര്, എ എസ് ബൊപ്പണ്ണ, വി രാമസുബ്രമണ്യന് എന്നിവര് തയ്യാറാക്കിയ വിധി ജസ്റ്റിസ് ബി ആര് ഗവായി വായിച്ചു.

10. തെരഞ്ഞെടുപ്പ് കമ്മിഷനെ സ്വതന്ത്രമാക്കാന് സുപ്രീം കോടതി; വരുതിയിലാക്കാന് കേന്ദ്ര സര്ക്കാര്

ഭരണഘടനാ പദവിയുള്ള സ്വതന്ത്ര സ്ഥാപനമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്, തെരഞ്ഞെടുപ്പ് കമ്മീഷണര്മാര് തുടങ്ങിയവരുടെ നിയമനത്തിന് കൊളിജീയം രൂപീകരിക്കണമെന്നാണ് സുപ്രീം കോടതിയുടെ നിര്ദ്ദേശം. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവര് ഉള്പ്പെട്ടതാണ് സുപ്രിംകോടതി വിധി അനുസരിച്ചുള്ള കൊളീജിയം. ലോക്സഭയില് പ്രതിപക്ഷ നേതാവ് ഇല്ലാത്ത സാഹചര്യം വന്നാല് ഏറ്റവും കൂടുതല് അംഗങ്ങളുള്ള പ്രതിപക്ഷ പാര്ട്ടിയുടെ നേതാവ് കൊളീജിയത്തില് പ്രതിനിധിയാകും. ഈ സമിതി ചര്ച്ച ചെയ്ത് തീരുമാനിക്കുന്നവരെ രാഷ്ട്രപതി നിയമിക്കണം. തെരഞ്ഞെടുപ്പ് കമ്മിഷന് അംഗങ്ങളുടെ നിയമനത്തിന് സ്വതന്ത്ര സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്ജികളിലാണ് ജസ്റ്റിസ് കെഎം ജോസഫ് അധ്യക്ഷനായ അഞ്ചംഗ സുപ്രീം കോടതി ബെഞ്ചിന്റെ സുപ്രധാന വിധി. തെരഞ്ഞെടുപ്പ് കമ്മിഷന് സ്വതന്ത്രമാകണമെന്ന് അവകാശപ്പെട്ടാല് മാത്രം പോരാ, യഥാര്ത്ഥത്തില് സ്വതന്ത്രമായിരിക്കണം എന്നായിരുന്നു ഭരണഘടനാ ബെഞ്ചിന്റെ നിരീക്ഷണം.

കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെയും കമ്മിഷന് അംഗങ്ങളെയും തെരഞ്ഞെടുക്കുന്ന പ്രക്രിയയില്നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്നതാണ് നിയമം. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പകരം പ്രധാനമന്ത്രി നിര്ദേശിക്കുന്ന കേന്ദ്രമന്ത്രിയെ ഉള്പ്പെടുത്താനാണ് നിയമത്തിലെ വ്യവസ്ഥ. സ്വതന്ത്രവും പക്ഷപാതരഹിതവും സത്യസന്ധവുമായി പ്രവര്ത്തിക്കേണ്ട ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷനെ സര്ക്കാര് സ്ഥാപനമാക്കി മാറ്റിയെടുക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം

എന്നാല് നിയമ നിര്മ്മാണത്തിലൂടെ സുപ്രീം കോടതി വിധിയെ കേന്ദ്ര സര്ക്കാര് മറികടന്നു. കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെയും കമ്മിഷന് അംഗങ്ങളെയും തെരഞ്ഞെടുക്കുന്ന പ്രക്രിയയില്നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്നതാണ് നിയമം. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പകരം പ്രധാനമന്ത്രി നിര്ദേശിക്കുന്ന കേന്ദ്രമന്ത്രിയെ ഉള്പ്പെടുത്താനാണ് നിയമത്തിലെ വ്യവസ്ഥ. സ്വതന്ത്രവും പക്ഷപാതരഹിതവും സത്യസന്ധവുമായി പ്രവര്ത്തിക്കേണ്ട ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷനെ സര്ക്കാര് സ്ഥാപനമാക്കി മാറ്റിയെടുക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.

നിയമത്തിലെ വ്യവസ്ഥ പ്രകാരം കേന്ദ്രസര്ക്കാരിലെ സെക്രട്ടറിതലത്തിലുള്ള ഉദ്യോഗസ്ഥര് തെരഞ്ഞെടുപ്പ് കമ്മിഷണര്മാരാകും. ഇവരെ കണ്ടെത്താനായി കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില് മൂന്നംഗ സെര്ച്ച് കമ്മിറ്റിയുണ്ടാക്കണം. ഈ കമ്മിറ്റി അഞ്ചുപേരുകള് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിക്ക് കൈമാറും. സെര്ച്ച് കമ്മിറ്റി കൈമാറിയ പേരുകളില് നിന്നോ പുറമെ മറ്റൊരാളെ കണ്ടെത്തി നിയമിക്കാനോ സമിതിക്ക് അധികാരവുമുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us