ഭുവനേശ്വർ: വായിക്കാനാകുന്ന തരത്തിൽ വേണം ഡോക്ടർമാർ മരുന്ന് കുറിപ്പടികളെഴുതാനെന്ന് ഉത്തരവിറക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ട് ഒഡിഷ ഹൈക്കോടതി. എല്ലാ കുറിപ്പടികളും മെഡിക്കൽ ലീഗൽ റിപ്പോർട്ടുകളും വായിക്കാവുന്ന രീതിയിൽ വായിക്കാവുന്ന രീതിയിലാകണം ഡോക്ടർമാർ എഴുതാനെന്നാണ് നിർദ്ദേശം. കഴിയുമെങ്കിൽ ടൈപ്പ് ചെയ്ത് നൽകാനും കോടതി നിർദ്ദേശിച്ചു. ഇത് ഇത്തരം വ്യക്തതയില്ലാത്ത റിപ്പോർട്ടുകളും രേഖകളും വായിച്ച് കോടതികൾ ബുദ്ധിമുട്ടുന്നില്ലെന്ന് ഉറപ്പ് വരുത്തുമെന്ന് ഉത്തരവ് പറയുന്നു.
കഴിഞ്ഞ ദിവസം ഒരു കേസ് പരിഗണിക്കവെ, പോസ്റ്റ് മോർട്ടം റിപ്പോർട്ട് വായിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുകയും വിധി പറയാൻ പ്രയാസപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ജസ്റ്റിസ് എസ് കെ പാനിഗ്രഹിയുടെ ഉത്തരവ്. പാമ്പുകടിയേറ്റ് മകൻ മരിച്ച സാഹചര്യത്തിൽ ആശ്രിത ധനസഹായം ആവശ്യപ്പെട്ട് പിതാവ് കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലാണ് കോടതി പോസ്റ്റ് മോർട്ടം റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഡോക്ടർ നൽകിയ പോസ്റ്റ് മോർട്ടം റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ഡോക്ടറുടെ കൈയക്ഷരം വ്യക്തമല്ലാത്തതിനാൽ കോടതിക്ക് ഈ റിപ്പോർട്ട് വായിച്ച് മനസ്സിലാക്കാൻ സാധിച്ചില്ല. ഇതോടെ കുറിപ്പടികളും മെഡികോ ലീഗൽ റിപ്പോർട്ടുകളും വായിക്കത്തക്ക വിധം എഴുതണമെന്ന് കോടതി ഡോക്ടർമാരോട് ഉത്തരവിടുകയായിരുന്നു.
പിന്നാലെ ഡോക്ടർ ഓൺലൈനിൽ ഹാജരാകുകയും തന്റെ റിപ്പോർട്ട് കോടതിയെ വായിച്ച് കേൾപ്പിച്ച് കേസിലെ തന്റെ കണ്ടെത്തലുകൾ അറിയിക്കുകയും ചെയ്തു. അപ്പോൾ മാത്രമാണ് മരണം പാമ്പുകടിയേറ്റാണെന്ന് കോടതി മനസ്സിലാക്കാനായത്. തുടർന്ന് കോടതി കേസിൽ തീർപ്പാക്കി. ഡോക്ടർമാരുടെ ഇത്തരം ഉദാസീനത, മെഡികോ ലീഗൽ കേസുകളുടെ വിധിയെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു.
ഇത്തരം വളഞ്ഞുപുളഞ്ഞുള്ള എഴുത്ത് സാധാരണക്കാർക്കോ നീതിപീഠത്തിനോ വായിക്കാനാകില്ല. ഇത്തരം കൈയക്ഷരം ഡോക്ടർമാർക്കിടയിൽ ഫാഷനായി മാറിക്കൊണ്ടിരിക്കുകയാണെന്നടക്കം നിരീക്ഷിച്ച കോടതി മരുന്ന് കുറിപ്പടികളും പോസ്റ്റ് മോർട്ടം റിപ്പോർട്ട് അടക്കമുള്ള മെഡിക്കൽ ലീഗൽ റിപ്പോർട്ടുകളും വലിയ അക്ഷരത്തിലോ വായിക്കത്തക്ക വിധത്തിലോ എഴുതണമെന്ന് ഡോക്ടർമാർക്ക് നിർദ്ദേശം നൽകാൻ ഒഡീഷയിലെ ചീഫ് സെക്രട്ടറിക്ക് കോടതി നിർദ്ദേശം നൽകി.