കൊച്ചി: കേരള ഹൈക്കോടതി ജഡ്ജിമാരായി ആറ് അഭിഭാഷകരുടെ പേരുകള് ശുപാര്ശ ചെയ്ത് സുപ്രീം കോടതി കൊളീജിയം. അഡ്വ. അബ്ദുള് ഹക്കീം എം എ, അഡ്വ. വി എം ശ്യാംകുമാര്, അഡ്വ. ഹരിശങ്കര് വി മേനോന്, അഡ്വ. ഈശ്വരന് സുബ്രഹ്മണി, അഡ്വ. എസ് മനു എന്നിവരെയാണ് കേരള ഹൈക്കോടതി ജഡ്ജിമാരായി ശുപാര്ശ ചെയ്തത്. നീതിന്യായ വകുപ്പിന്റെ റിപ്പോര്ട്ട് തള്ളിയാണ് നടപടി.
അഡ്വ. പിഎം മനോജ് സിപിഐഎം അനുഭാവി ആണെന്നായിരുന്നു റിപ്പോര്ട്ട്. എന്നാല് രാഷ്ട്രീയ പശ്ചാത്തലമല്ല, യോഗ്യതയാണ് പരിഗണിക്കുകയെന്ന് പിഎം മനോജിന്റെ ശുപാര്ശയില് കൊളീജിയം പരാമര്ശിച്ചു. 2010ലും 2016 മുതല് 2021 വരെയും എല്ഡിഎഫ് സര്ക്കാരില് പ്ലീഡറായിരുന്നു പി എം മനോജ്. എന്നാല് മുന്കാല രാഷ്ട്രീയ പശ്ചാത്തലം ഒരാളെ ജഡ്ജി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കില്ലെന്ന് കൊളീജിയം പറഞ്ഞു. നേരത്തെ ഒരു രാഷ്ട്രീയപാര്ട്ടി ഭാരവാഹിയായിരുന്ന അഭിഭാഷകയെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചിട്ടുണ്ടെന്ന ഉദാഹരണസഹിതമാണ് കൊളീജിയം റിപ്പോര്ട്ട് തള്ളിയത്. പട്ടികജാതിക്കാരനായ അഡ്വ. മനോജ് 35 വിധി ന്യായങ്ങള് നടത്തിയിട്ടുണ്ടെന്നും കൊളീജിയം നിരീക്ഷിച്ചു.
മനു എസ് ശരാശരി നിലവാരം പുലര്ത്തുന്നയാളാണെന്ന സംസ്ഥാന സര്ക്കാരിന്റെ റിപ്പോര്ട്ടും കൊളീജിയം പരിഗണിച്ചില്ല. സര്ക്കാരിന്റെ റിപ്പോർട്ട് ശരിയല്ലെന്നും അദ്ദേഹത്തിന്റെ ക്രെഡിറ്റില് 50 ജഡ്ജ്മെന്റുകള് ഉണ്ടെന്നും 70.90 ലക്ഷം ശമ്പളം (പ്രൊഫഷണല് ഇന്കം) വരുമാനമുണ്ടെന്നും കൊളീജിയം വ്യക്തമാക്കി. തുടർന്ന് എസ് മനുവിനെയും കൊളീജിയം ശുപാര്ശ ചെയ്യുകയായിരുന്നു.
കേരള ഹൈക്കോടതി ബെഞ്ചില് ന്യൂനപക്ഷ പ്രാതിനിധ്യം വര്ധിപ്പിക്കുമെന്ന് അഡ്വ. അബ്ദുള് ഹക്കീമിനെ ശുപാര്ശ ചെയ്ത് കൊളീജിയം അഭിപ്രായപ്പെട്ടു. ശ്യാംകുമാര് അഡ്മിറല്റ്റി നിയമത്തിലാണ് വൈദഗ്ധ്യം നേടിയതെന്ന് ഒരു ജഡ്ജി ചൂണ്ടിക്കാട്ടി. എന്നാല് നിയമത്തിന്റെ വിവിധ മേഖലകളിലുള്ള പ്രാക്ടീസും അഡ്മിറല്റ്റി അധികാരപരിധിയിലുള്ള വൈദഗ്ധ്യവും ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള യോഗ്യത ഉയര്ത്തുന്നുവെന്നായിരുന്നു കൊളീജിയം നിര്ദേശം.