കുട്ടിക്കച്ചവടം മുതൽ ആള്ക്കൂട്ട ആക്രമണം വരെ; പുതിയ നിയമങ്ങളിൽ കൂട്ടിച്ചേർക്കപ്പെട്ട കുറ്റകൃത്യങ്ങൾ

സംഘടിത കുറ്റകൃത്യങ്ങൾക്കും തീവ്രവാദത്തിനും നിര്വ്വചനം നല്കുന്ന നിയമമാണ് ഭാരതീയ ന്യായ് സംഹിത

ശ്യാം ദേവരാജ്
2 min read|01 Jul 2024, 07:31 pm
dot image

പുതിയ മൂന്ന് ക്രിമിനല് നിയമങ്ങളാണ് ഇന്ന് മുതല് രാജ്യത്ത് നിലവില് വന്നത്. ഇന്ത്യന് പീനല് കോഡിന് പകരം കുറ്റവും ശിക്ഷയും നിര്വ്വചിക്കുന്ന ഭാരതീയ ന്യായ് സംഹിതയാണ് ആദ്യത്തേത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയാണ് പുതിയ ക്രിമിനല് നടപടിക്രമം. ഭാരതീയ സാക്ഷ്യ അധിനിയമാണ് ഇന്ത്യന് തെളിവ് നിയമത്തിന് പകരം നിലവില് വന്ന നിയമം. ഇന്ത്യന് പീനല് കോഡ്, ക്രിമിനല് നടപടിക്രമം, ഇന്ത്യന് തെളിവ് നിയമം തുടങ്ങിയ മൂന്ന് ക്രമിനല് നിയമങ്ങള് ഇതോടെ അപ്രസക്തമായി. 511 വകുപ്പുകള് ഉണ്ടായിരുന്നു ഇന്ത്യന് പീനല് കോഡില്. പകരം വന്ന ഭാരതീയ ന്യായ് സംഹിതയില് ആകെ 358 വകുപ്പുകളുണ്ട്. സംഘടിത കുറ്റകൃത്യങ്ങൾക്കും തീവ്രവാദത്തിനും നിര്വ്വചനം നല്കുന്ന നിയമമാണ് ഭാരതീയ ന്യായ് സംഹിത.

സ്ത്രീകള്ക്കും കുട്ടികള്ക്കുമെതിരായ അതിക്രമം പ്രത്യേക ഭാഗമായി ബിഎന്എസില് ഉള്പ്പെടുത്തി. ബിഎന്എസ് അനുസരിച്ച് അതീവ ഗുരുതര കുറ്റകൃത്യത്തിന് വേണ്ടി കുട്ടികളെ കച്ചവടം നടത്തുന്നതും പുതുതായി കൂട്ടിച്ചേര്ക്കപ്പെട്ട കുറ്റമാണ്. കുട്ടികളെ കൂട്ടബലാത്സംഗം ചെയ്താല് ക്രിമിനല് നിയമം അനുസരിച്ച് വധശിക്ഷ വരെ ലഭിക്കാം. വിവാഹ വാഗ്ദാനം നല്കി ലൈംഗിക അതിക്രമത്തിന് വിധേയമാക്കുന്നതും ഭാരതീയ ന്യായ സംഹിത അനുസരിച്ച് ക്രിമിനല് കുറ്റമാകും. ബിഎന്എസ് അനുസരിച്ച് ജെന്ഡര് എന്ന നിര്വചനത്തില് സ്ത്രീയും പുരുഷനും മാത്രമല്ല, ട്രാന്സ് ജെന്ഡര് വ്യക്തികള് കൂടി ഉള്പ്പെടും.

ആള്ക്കൂട്ട ആക്രമണമാണ് ബിഎന്എസില് ഉള്പ്പെടുത്തിയ പുതിയ കുറ്റകൃത്യം. വ്യാജ വിവരങ്ങള് പങ്കുവെയ്ക്കുന്നതും ബിഎന്എസ് അനുസരിച്ച് കുറ്റകരമാണ്. വിവാദമാകാവുന്നതും ചര്ച്ച ചെയ്യാനിരിക്കുന്നതും 152ആം വകുപ്പ് അനുസരിച്ച് രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ബാധിക്കുന്ന പ്രവര്ത്തിയെന്ന കുറ്റമാണ്. 152ാം വകുപ്പ് അനുസരിച്ച് ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാം. സാമൂഹിക സേവനമാണ് ബിഎന്എസ് അനുസരിച്ച് കൂട്ടിച്ചേര്ക്കപ്പെട്ട പുതിയ ശിക്ഷ.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത അഥവാ ബിഎന്എസ്എസ് ആണ് ക്രിമിനല് കേസുകളിലെ നടപടിക്രമം സംബന്ധിച്ച പുതിയ നിയമം. കുറ്റകൃത്യം രജിസ്റ്റര് ചെയ്യുന്നതും അന്വേഷണവും മുതല് വിചാരണ പൂര്ത്തിയാക്കി ശിക്ഷ നടപ്പാക്കുന്നതുവരെയുള്ള നടപടിക്രമങ്ങള് ബിഎന്എസ്എസില് നിര്വ്വചിച്ചിട്ടുണ്ട്. സ്ത്രീകള്ക്കും കുട്ടികള്ക്കും അനുകൂലമായ നടപടികള് ഉറപ്പുനല്കുന്നതാണ് ബിഎന്എസ്എസ്. അന്വേഷണത്തിന്റെ തെളിവ് ശേഖരണത്തിലും വ്യക്തമായ നിര്വ്വചനം ബിഎന്എസ്എസിലുണ്ട്.

സീറോ എഫ്ഐആര് ആണ് പ്രധാന മാറ്റം. കുറ്റകൃത്യം സംഭവിച്ച പൊലീസ് സ്റ്റേഷനില് മാത്രമല്ല, ഏത് പൊലീസ് സ്റ്റേഷനിലും അധികാര പരിധിയില്ലാതെ രജിസ്റ്റര് ചെയ്യാം. ഇത്തരം എഫ്ഐആര് സീറോ എഫ്ഐആര് എന്നറിയപ്പെടും. കാലതാമസം ഒഴിവാക്കാനും ഉടനടി നടപടി സ്വീകരിക്കാനും സീറോ എഫ്ഐആര് വഴി കഴിയും. പരാതി നല്കാനായി പൊലീസ് സ്റ്റേഷനിലേക്ക് എത്തേണ്ടതില്ല, ഓണ്ലൈനായും നല്കാം.

അന്വേഷണത്തിലും വിശദമായ മാര്ഗ്ഗനിര്ദ്ദേശങ്ങള് ബിഎന്എസ്എസ് നല്കുന്നു. അതിക്രൂര കുറ്റകൃത്യങ്ങളുടെ ക്രൈം സീനുകള് ദൃശ്യവത്കരിക്കണം. റെയ്ഡുകളും പിടിച്ചെടുക്കുന്നവയും ദൃശ്യവത്കരിക്കണം. ക്രൈം സീനുകളില് ഫൊറന്സിക് വിദഗ്ധര് നിര്ബന്ധമായും സന്ദര്ശിച്ച് തെളിവ് ശേഖരിക്കണം.

ഇരകളാക്കപ്പെടുന്നവര്ക്ക് കൂടുതല് സംരക്ഷണമാണ് പുതിയ ക്രിമിനല് നിയമങ്ങളുടെ ലക്ഷ്യം. അന്വേഷണത്തിന് കരുത്ത് പകരാനും അതിജീവിതര്ക്ക് സംരക്ഷണം നല്കാനും പുതിയ ക്രിമിനല് നിയമങ്ങള് വഴി കഴിയും. കേസിന്റെ എല്ലാ നിയമ നടപടിക്രമങ്ങളും അന്വേഷണ ഏജന്സി അതിജീവിതരെ അറിയിക്കും. ഇരകളാക്കപ്പെടുന്ന സ്ത്രീകള്ക്കും കുട്ടികള്ക്കും എല്ലാ ആശുപത്രികളിലും സൗജന്യ അടിയന്തര പരിചരണം ഉറപ്പാക്കും.

ബലാത്സംഗ കേസുകളിലെ അതിജീവിതരുടെ മൊഴി വനിതാ പൊലീസ് ഒഫീസറും മജിസ്ട്രേറ്റും രേഖപ്പെടുത്തണം. രക്ഷാകര്ത്താവിന്റെയോ ബന്ധുക്കളുടെയോ സാന്നിധ്യത്തിലാവണം മൊഴി രേഖപ്പെടുത്തേണ്ടത്. അതിജീവിതര്ക്ക് സൗഹൃദസാഹചര്യത്തിലാവും നടപടിക്രമങ്ങള്. ലൈംഗിക അതിക്രമങ്ങളിലെ അതിജിവിതരുടെ മൊഴി ദൃശ്യ - ശ്രാവ്യ മാധ്യമങ്ങള് വഴിയും റെക്കോഡ് ചെയ്യപ്പെടും. ബലാത്സംഗ കേസുകളിലെ മെഡിക്കല് റിപ്പോര്ട്ടുകള് ഏഴ് ദിവസത്തിനകം പൂര്ത്തിയാക്കണമെന്നാണ് ബിഎന്എസ്എസ് നിര്വ്വചിക്കുന്ന നടപടിക്രമം.

അറസ്റ്റ് ചെയ്തവരുടെ വിവരങ്ങള് പൊലീസ് സ്റ്റേഷനുകളിലും ജില്ലാ പൊലീസ് ആസ്ഥാനത്തും പ്രദര്ശിപ്പിക്കണം. അറസ്റ്റ് ചെയ്യപ്പെട്ടവരെക്കുറിച്ച് ബന്ധുക്കള്ക്കും സുഹൃത്തുക്കള്ക്കും എളുപ്പം വിവരം നേടുന്നതിനാണിത്. പ്രതികള്ക്കുള്ള സമന്സ് ഇനി എസ്എംഎസ് വഴിയും ലഭിക്കും. വിചാരണ പൂര്ത്തിയായാല് 45 ദിവസത്തനകം വിധിന്യായം പുറപ്പെടുവിക്കണം. പ്രതികള്ക്കെതിരെ ചുമത്തുന്ന വകുപ്പുകള് 60 ദിവസത്തിനകം തീരുമാനിക്കണമെന്നും ബിഎന്എസ്എസില് പറയുന്നു.

എഫ്ഐആര്, പൊലീസ് റിപ്പോര്ട്ട്, അന്തിമ റിപ്പോര്ട്ട്, സാക്ഷിമൊഴികള്, കുറ്റസമ്മത മൊഴികള് തുടങ്ങിയ രേഖകളുടെ പകര്പ്പ് പ്രതികള്ക്കും പരാതിക്കാര്ക്കും 14 ദിവസത്തിനകം നല്കണം. കേസുകളിലെ നടപടിക്രമങ്ങള് അന്തിമമായി നീട്ടിക്കൊണ്ടുപോകാനാവില്ല. കേസ് നീട്ടിവയ്ക്കാവുന്നത് പരമാവധി രണ്ട് തവണ മാത്രമെന്ന് ബിഎന്എസ്എസ് നിര്വ്വചിക്കുന്നു.

ഇന്ത്യന് തെളിവ് നിയമത്തിന് പകരം നിലവില് വന്ന നിയമമാണ് ഭാരതീയ സാക്ഷ്യ അധിനിയം. ഡിജിറ്റല് രേഖകളും ഡോക്യുമെന്റ് എന്ന നിര്വ്വചനത്തിലുള്പ്പെടും. ഇലക്ട്രോണിക് രൂപത്തില് ലഭിച്ച സാക്ഷിമൊഴികളും തെളിവായി പരിഗണിക്കും. തെളിവുകള് സൂക്ഷിക്കുന്നതില് ഭാരതീയ സാക്ഷ്യ അധിനിയം കൂടുതല് മാര്ഗ്ഗനിര്ദ്ദേശങ്ങള് നല്കുന്നു.

നേരത്തെ ഇന്ത്യന് തെളിവ് നിയമം അനുസരിച്ച് ഭാര്യയ്ക്കോ ഭര്ത്താവിനോ പങ്കാളിക്കെതിരെ മൊഴി നല്കാനാകുമായിരുന്നില്ല. എന്നാല് ഭാരതീയ സാക്ഷ്യ അധിനിയം അനുസരിച്ച് ഭാര്യയ്ക്കോ ഭര്ത്താവിനോ എതിരെ പങ്കാളി നല്കുന്ന മൊഴിക്ക് തെളിവുമൂല്യമുണ്ട്. ഈ പുതിയ മൂന്ന് നിയമങ്ങളും 2024 ജൂലൈ ഒന്ന് മുതല് രാജ്യത്ത് പ്രാബല്യത്തിലുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us