കൊച്ചി: കോമണ്വെല്ത്ത് ലീഗല് എഡ്യൂക്കേഷന് അസോസിയേഷന് സംഘടിപ്പിക്കുന്ന രാജ്യാന്തര സമ്മേളനത്തിന് നാളെ തുടക്കമാകും. നിയമവും സാങ്കേതിക വിദ്യയും; സുസ്ഥിര ഗതാഗത, ടൂറിസം, സാങ്കേതിക നൂതനത്വം എന്ന വിഷയത്തിലാണ് രാജ്യാന്തര സെമിനാര്. പ്രകൃതി സൗന്ദര്യത്തിന് പ്രശസ്തമായ കുമരകത്ത് ഓഗസ്റ്റ് 16 മുതല് 18 വരെയാണ് സിഎല്ഇഎ സമ്മേളനം. സമ്മേളനത്തില് വിവിധ മേഖലയിലെ വിദഗ്ധരടക്കമുള്ളവര് പങ്കെടുക്കും.
രാജ്യാന്തര സമ്മേളനം സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡ് ഉദ്ഘാടനം ചെയ്യും. സീഷെല്സ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് റോണി ഗോവിന്ദെന് ചടങ്ങില് മുഖ്യാതിഥിയാകും. സമാപന സമ്മേളനം സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ബിആര് ഗവായ് ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസമായി ചേരുന്ന സമ്മേളനത്തില് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഉള്പ്പടെ 11 ജഡ്ജിമാര് പങ്കെടുക്കും. 26 ഹൈക്കോടതി ജഡ്ജിമാര്, അറ്റോര്ണി ജനറല്മാര്, അഭിഭാഷകര്, നിയമ ഉദ്യോഗസ്ഥര്, അക്കാദമിക് വിദഗ്ധര്, നയരംഗത്തെ വിദഗ്ധര് തുടങ്ങിയവരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ള സാങ്കേതിക വിദ്യാരംഗത്തെ വിദഗ്ധരും സമ്മേളനത്തില് പങ്കെടുക്കും.
മികച്ച നടപടിക്രമങ്ങളെ പരിചയപ്പെടുത്തുകയെന്നതാണ് സമ്മേളനത്തിന്റെ ഒരു ലക്ഷ്യം. രാജ്യാന്തര സഹകരണം ശക്തിപ്പെടുത്തുക, നൂതന നിയമ വ്യാഖ്യാനങ്ങളുടെ വികസനം തുടങ്ങിയവയും സമ്മേളനം ലക്ഷ്യമിടുന്നു. സമ്മേളനത്തിന്റെ ഭാഗമായി രൂപപ്പെടുത്തുന്ന ആശയങ്ങള് സുസ്ഥിര ഗതാഗതത്തിനും വിനോദ സഞ്ചാരത്തിനുമായി ഉപയോഗപ്പെടുത്തുകയെന്നതും ലക്ഷ്യമാണ്. ഭാവിയില് നിയമ വിദ്യാഭ്യാസത്തെ പരിപോഷിപ്പിക്കുന്ന ആശയങ്ങളെ രൂപപ്പെടുത്തുന്നതും സമ്മേളനത്തിന്റെ ലക്ഷ്യമാണ്.
നാല് ടെക്നിക്കല് സെഷനും ഒരു പ്ലീനറി സെഷനും ഉള്പ്പെടുന്നതാണ് രാജ്യാന്തര സമ്മേളനം. എല്ലാ സെഷനിലും സുപ്രിംകോടതി ജഡ്ജിമാര് അധ്യക്ഷരാകും. ബ്രിട്ടന്, ശ്രീലങ്ക, സിംഗപ്പൂര്, മലേഷ്യ, സീഷെല്സ്, നേപ്പാള്, ഫിജി തുടങ്ങിയ കോമണ്വെല്ത്ത് രാജ്യങ്ങളില് നിന്നുള്ള ജഡ്ജിമാരും ദേശീയ നിയമ സര്വകലാശാലകളുടെ വൈസ് ചാന്സലര്മാരും സമ്മേളനത്തിനെത്തും. ബ്രസല്സ്, ബെല്ജിയം, ജര്മ്മനി തുടങ്ങിയ രാജ്യങ്ങളില് നിന്നും വിവിധ വിഷയങ്ങളിലെ വിദഗ്ധര് കുമരകത്തെ സമ്മേളനത്തില് പങ്കെടുക്കും.
ഇന്ത്യയ്ക്കാണ് ഇത്തവണ സിഎല്ഇഎയുടെ അധ്യക്ഷസ്ഥാനം. ഈ സാഹചര്യത്തിലാണ് രാജ്യാന്തര സമ്മേളനത്തിന് ഇന്ത്യ വേദിയാകുന്നത്. ദില്ലിയിലെ ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ലോയിലെ സീനിയര് പ്രൊഫസറും മലയാളിയുമായ ഡോ. എസ് ശിവകുമാര് ആണ് സിഎല്ഇഎ അധ്യക്ഷന്. കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സിഎസ് ഡയസ് തുടങ്ങിയവരാണ് രാജ്യാന്തര സമ്മേളനത്തിന്റെ പ്രധാന സംഘാടന ചുമതലക്കാര്.