1990കളിൽ രാജസ്ഥാനെ പിടിച്ചുകുലുക്കിയ ലൈംഗികാതിക്രമ കേസ്, അതായിരുന്നു അജ്മീർ ലൈംഗിക വിവാദം. നൂറോളം വരുന്ന സ്കൂൾ വിദ്യാർത്ഥികളടക്കമുള്ളവരാണ് അതിക്രമത്തിനിരയായത്. സംഭവത്തിലെ ആറ് പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ച് രാജസ്ഥാനിലെ പോക്സോ കോടതി ചൊവ്വാഴ്ച ഉത്തരവിട്ടു. ഹീനമായ കുറ്റകൃത്യത്തിൽ പ്രതികളെല്ലാം അഞ്ച് ലക്ഷം രൂപ വീതം പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു. കേസിൽ പ്രതികളായ ഒമ്പത് പേർക്ക് മുമ്പ് കോടതി ജീവപര്യന്തം വിധിച്ചിരുന്നു. നാല് പേരെ വെറുതെവിടുകയും ചെയ്തു.
വീഡിയോ റെക്കോർഡിങ്ങുകളും ഫോട്ടോകളും ഉപയോഗിച്ച് നിരവധി യുവതികളെയും പെൺകുട്ടികളെയുമാണ് പ്രതികൾ കൂട്ടബലാത്സംഗത്തിന് ഇരകളാക്കിയത്. രാഷ്ട്രീയഇടപെടലും മതപരമായ സ്വാധീനവും അന്വേഷണത്തിലെ മെല്ലെപ്പോക്കുമെല്ലാം കേസിന്റെ ഗൗരവം വർധിപ്പിക്കുന്നതായിരുന്നു. 1992ലാണ് സംഭവം നടന്നത്. ആ വർഷം ഏപ്രിലിൽ പ്രാദേശിക ദിനപത്രമായ ദൈനിക് ജ്യോതിയുടെ ലേഖകൻ സന്തോഷ് ഗുപ്തയാണ് വിവരം വെളിച്ചത്തുകൊണ്ടുവന്നത്.
രാഷ്ട്രീയരംഗത്തും സാമൂഹികമേഖലകളിലും ഉന്നതസ്വാധീനമുള്ളവരാണ് പ്രതികളായത്. സ്കൂൾ കുട്ടികളെയും യുവതികളെയും സംഘം ലൈംഗികചൂഷണത്തിനിരയാക്കി. പിന്നാലെ, അതിക്രമം നേരിട്ടവരുടെ നഗ്നഫോട്ടോകൾ പ്രദേശത്ത് പ്രചരിച്ചു. വിഷയം പുറത്തുവന്നതോടെ മതസാമുദായിക സംഘർഷത്തിനുള്ള സാധ്യത പോലും ഉണ്ടായി. പരസ്യപ്രതിഷേധങ്ങൾക്കും സംഘർഷസാധ്യതകൾക്കുമിടയിലും അതിക്രമത്തിന് വിധേയരായവരുടെ വിവരങ്ങൾ രഹസ്യമായിത്തന്നെ നിലനിന്നു. അവരിൽ പലരും ഇടത്തരം കുടുംബങ്ങളിൽ നിന്നോ സർക്കാർ ഉദ്യോഗസ്ഥരുടെ കുടുംബങ്ങളിൽ നിന്നോ ഉള്ളവരായിരുന്നു. എന്നാൽ, പലരും ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങളിൽ നിന്നുള്ളവരാണെന്ന തരത്തിൽ മാധ്യമങ്ങളുടെ ഭാഗത്തുനിന്നടക്കം പ്രചാരണമുണ്ടായി. മാനസിക ആഘാതം താങ്ങാനാവാതെ പലരും കുടുംബസമേതം അജ്മീറിൽ നിന്ന് പലായനം ചെയ്തു.
പൊലീസ് രേഖകളിൽ അതിജീവിതരുടെ അപൂർണമായ പേരും കാലഹരണപ്പെട്ട മേൽവിലാസങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്. ഇത് കേസ് അന്വേഷണത്തെ പലപ്പോഴും പ്രതികൂലമായി ബാധിച്ചു. 30 വർഷത്തോളം ഇവരിൽ പലരും കോടതികൾ കയറിയിറങ്ങി. പൊലീസ് അകമ്പടിയോടെയും അല്ലാതെയുമുള്ള ഈ കോടതിസന്ദർശനങ്ങളും അവരെ മാനസികമായി തളർത്തുന്നതായിരുന്നു. നേരിട്ട അതിക്രമങ്ങളേൽപ്പിച്ച പോറലുകൾക്കു പുറമേയായിരുന്നു കാലങ്ങളോളം തുടരേണ്ടിവന്ന ഈ സന്ദർശനങ്ങളേൽപ്പിച്ച ആഘാതവും അവർ നേരിടേണ്ടിവന്നത്. ഞാനിപ്പോഴൊരു മുത്തശ്ശിയാണ്. ഇനിയെങ്കിലും എന്നെ വെറുതെ വിടൂ. ഞങ്ങൾക്കും കുടുംബമുണ്ട്. ഇനിയും ഞങ്ങളെന്ത് പറയാനാണ്? 2021ൽ കോടതിമുറിയിൽ ഒരു അതീജിവിതയുടെ പ്രതികരണമിങ്ങനെയായിരുന്നു. കേസ് നീണ്ടുപോകുന്നതിൽ പൊലീസും അസ്വസ്ഥരായിരുന്നു. എത്ര തവണയാണ് ഈ പാവങ്ങളെ ഇങ്ങനെ വിളിച്ചുവരുത്തുക. ഫോൺവിളിക്കുമ്പോഴേക്കും അവർ ഞങ്ങളെ ചീത്തപറയുകയാണ്. വാതിൽക്കൽ ഓരോ തവണ പൊലീസുകാരനെ കാണുമ്പോഴും അവർ ഭയചകിതരാകുന്നു. അതിജീവിതരെക്കുറിച്ച് പൊലീസ് പറഞ്ഞതാണ്.
ഇക്കാലത്തിനിടയ്ക്ക് മാനസികാഘാതം താങ്ങാനാവാതെ ജീവനൊടുക്കിയ അതിജീവിതരുമുണ്ട്. ആത്മഹത്യാശ്രമം നടത്തിയ ചിലരാവട്ടെ അതിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് സംഭവത്തിൽ പങ്കുണ്ടെന്നുള്ള ആരോപണങ്ങളൊക്കെ ഉയർന്നിരുന്നു. പ്രതികളിലുള്പ്പെട്ട ഫറൂഖും നഫീസും അജ്മീര് ഷരീഫ് ദര്ഗ നടത്തിപ്പുമായി ബന്ധമുള്ള ഖാദിം കുടുംബത്തിലെ അംഗങ്ങളായിരുന്നു. ഇവര്ക്ക് കോണ്ഗ്രസിലെ ഉന്നതരുമായും അടുത്ത ബന്ധമുണ്ടായിരുന്നു. പല ഘട്ടങ്ങളിലും തേഞ്ഞുമാഞ്ഞുപോവേണ്ടിയിരുന്ന കേസിൽ പൊതുജനപ്രതിഷേധങ്ങളെ തുടർന്നാണ് കാലങ്ങളെടുത്താണെങ്കിലും അന്വേഷണം പൂർത്തിയായതും പ്രതികൾ ശിക്ഷിക്കപ്പെട്ടതും. 2023ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രം അജ്മീർ 92 കുപ്രസിദ്ധമായ ഈ ബലാത്സംഗ കേസിനെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു.