കഴിഞ്ഞ 20 വർഷത്തിനിടെ മുംബൈയിലെ സബർബൻ ട്രെയിനുകളിൽ 51,000 പേർ മരിച്ചതായി വെസ്റ്റേൺ റയിൽവെയുടെയും സെൻട്രൽ റെയിൽവെയുടെയും സത്യവാങ്ങ്മൂലം. ബോംബെ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്ങ്മൂലത്തിലാണ് ഈ വിവരം സൂചിപ്പിച്ചിരിക്കുന്നത്. സബർബൻ ട്രെയിനുകളിലെ കൂടിയ അപകട മരണനിരക്ക് ചൂണ്ടിക്കാണിച്ച് യാതിൻ യാദവ് എന്ന വ്യക്തി നൽകിയ ഹർജിയിലാണ് വെസ്റ്റേൺ റയിൽവെയുടെയും സെൻട്രൽ റെയിൽവെയുടെയും സത്യവാങ്ങ്മൂലം. മരിച്ച 51,000 പേരിൽ 22481 പേർ വെസ്റ്റേൺ റയിൽവെയുടെ കീഴിലുള്ള സബർബൻ പരിധിയിലും 29,321 പേർ മരിച്ചത് സെൻട്രൽ റെയിൽവെയുടെ കീഴിലുള്ള സബർബൻ പരിധിയിലുമാണ്. ദിനംപ്രതി ഏകദേശം അഞ്ച് പേർ വീതം ഈ നിലയിൽ മരിക്കുന്നുവെന്നാണ് ഈ വിവരങ്ങൾ സൂചിപ്പിക്കുന്നതെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാണിച്ചു.
അപകടങ്ങളുടെ കാര്യത്തിൽ ജാഗ്രതയുണ്ടെന്നും എന്നാൽ ജനങ്ങളുടെ ഭാഗത്ത് നിന്ന് സഹകരണമുണ്ടായില്ലെങ്കിൽ തങ്ങളുടെ ശ്രമങ്ങൾ ഫലവത്താകിലെന്നുമാണ് വെസ്റ്റേൺ റെയിൽവെ സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കുന്നത്. തങ്ങളുടെ സേവനത്തിൻ്റെ കപ്പാസിറ്റി 100 ശതമാനത്തിൽ അധികമാണെന്നും നിലവിലെ സാഹചര്യത്തിൽ അധിക സേവനങ്ങളൊന്നും നൽകാൻ കഴിയില്ലെന്നും പശ്ചിമറെയിൽവെ വ്യക്തമാക്കിയിട്ടുണ്ട്. മൺസൂൺ കാലത്ത് വെള്ളക്കെട്ടിന് സാധ്യതയുള്ള 86 സ്ഥലങ്ങളുണ്ടെന്നും ഇത് ട്രെയിൻ വൈകുന്നതിന് കാരണമാകുന്നുണ്ടെന്നും സത്യവാങ്ങ്മൂലത്തിൽ പറയുന്നുണ്ട്.
മരണസംഖ്യയിലും പരിക്കേറ്റവരുടെ എണ്ണത്തിലും കുറവുണ്ടായതായും പശ്ചിമ റെയിൽവേ അറിയിച്ചിട്ടുണ്ട്. 2016ൽ 1,084 പേർ മരിക്കുകയും 1,517 പേർക്ക് പരിക്കേൽക്കുകയും ചെയ്തപ്പോൾ 2023ൽ 936 പേർ മരിക്കുകയും 984 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് സത്യവാങ്ങ്മൂലം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. മിക്കവാറും എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ആംബുലൻസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പാർക്കിംഗ് പ്രശ്നങ്ങൾ കാരണം ജോഗേശ്വരി, രാം മന്ദിർ എന്നീ രണ്ട് സ്റ്റേഷനുകൾ ഒഴികെയുള്ള എല്ലാ സ്റ്റേഷനുകളിലും വിളിച്ചാൽ ആംബുലൻസ് ലഭ്യമാണെന്നും സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 2005 മുതൽ 2024 ജൂലൈ വരെ 22,481 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 26,572 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് പശ്ചിമറെയിൽവെ സത്യവാങ്ങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്.
റെയിൽവെ ട്രാക്കുകളിൽ വ്യാപകമായ കടന്നുകയറ്റം ഉണ്ടാകുന്നതിനെക്കുറിച്ച് സെൻട്രൽ റെയിൽവെ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. റെയിൽവെ ലൈനോട് ചേർന്ന് ചേരികളുള്ളത് വലിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്നും ഇവർ പറഞ്ഞിട്ടുണ്ട്. റെയിൽവെ ട്രാക്കുകളിലേയ്ക്ക് ധാരാളം മാലിന്യം വലിച്ചെറിയുന്നതും ഇത് പലതവണ തീപിടിക്കുന്നതും ഗതാഗത തടസ്സത്തിന് കാരണമാകുന്നതായി സത്യവാങ്ങ്മൂലം സൂചിപ്പിക്കുന്നു. മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നതും ഗതാഗത തടസ്സത്തിന് കാരണമാണെന്നാണ് സെൻട്രൽ റെയിൽവെ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കഴിഞ്ഞ 15 വർഷത്തിനിടയിൽ മരണസംഖ്യ കുറയ്ക്കാനും യാത്രക്കാരുടെ ശേഷി വർധിപ്പിക്കാനും കഴിഞ്ഞതായി സെൻട്രൽ റെയിൽവെ സത്യവാങ്ങ്മൂലത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 2009ൽ 1,782 പേർ മരിക്കുകയും 1,614 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും 2023ൽ 1,221 മരണങ്ങളും 938 പേർക്ക് പരിക്കേറ്റതായും സത്യവാങ്മൂലത്തിൽ പറയുന്നു.
2009 മുതൽ 2024 ജൂൺ വരെ 29,321 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് സെൻട്രൽ റെയിൽവെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. മിക്ക അപകടങ്ങളും സംഭവിച്ചത് ട്രാക്ക് മുറിച്ചുകടക്കുമ്പോഴാണെന്നാണ് സത്യവാങ്ങ്മൂലത്തിലുള്ളത്. തിരക്കേറിയ ട്രെയിനുകളിൽ നിന്ന് താഴേക്ക് വീഴുന്നത് ചിലപ്പോൾ അപകടകാരണമാകുന്നുണ്ട്. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള തൂണുകളിൽ ഇടിച്ച് യാത്രക്കാർ താഴെ വീഴുന്നത് മൂലവും പ്ലാറ്റ്ഫോമിനും ട്രെയിൻ ഫുട്ബോർഡിനും ഇടയിലുള്ള വിടവുകൾ മൂലവും അപകടം സംഭവിക്കുന്നതായും സത്യവാങ്ങ്മൂലം പറയുന്നു. അപകട നിരക്ക് കുറയ്ക്കാൻ സെൻട്രൽ റെയിൽവേ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നുണ്ട്.
ഓഫീസുകളുടെ സമയക്രമം പുന:ക്രമീകരിക്കാൻ മഹാരാഷ്ട്ര സർക്കാരിനോട് നിർദ്ദേശിക്കാനും സത്യവാങ്മൂലം കോടതിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പാഴ്സിക് ടണലിലെ റെയിൽവേ ട്രാക്കുകളിലെ ചില കൈയേറ്റങ്ങൾ നീക്കം ചെയ്യാനും മുമ്പ്ര ക്രീക്കിലെ അനധികൃത മണൽ ഖനനം തടയാനും സത്യവാങ്ങ്മൂലത്തിൽ സെൻട്രൽ റെയിൽവെ ആവശ്യപ്പെട്ടിട്ടുണ്ട്. താനെയ്ക്കും കല്യാണിനും ഇടയിൽ ഒരു സമാന്തര പാതയെന്ന ആവശ്യവും സത്യവാങ്ങ്മൂലത്തിലുണ്ട്.