'ചൈൽഡ് പോർണോഗ്രാഫി' എന്ന വാക്ക് ഇനിമുതൽ വിധിന്യായങ്ങളിൽ ഉപയോഗിക്കരുതെന്ന് കീഴ്കോടതികളോട് സുപ്രീംകോടതി നിർദേശം. പദത്തിന്റെ അർഥം കുട്ടികൾ സമ്മതപ്രകാരം ബന്ധത്തിലേർപ്പെടുന്നുവെന്ന പ്രതീതിയുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നിർദേശം.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജെ ബി പർധിവാലയും അടങ്ങുന്ന ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. 'ചൈൽഡ് പോർണോഗ്രാഫി' എന്ന വാക്ക് കുട്ടികളോട് കാണിക്കുന്ന അതിക്രമത്തിന്റെ തീവ്രത തുറന്നുകാണിക്കുന്നതല്ലെന്നും അത് രണ്ട് വ്യക്തികൾ പരസ്പര സമ്മതത്തോടെ ലൈംഗികബന്ധത്തിലേർപ്പെടുന്ന പ്രതീതി ഇത്തരം കേസുകളിൽ സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാണിച്ചാണ് നിരീക്ഷണം. ചൈൽഡ് പോർണോഗ്രാഫി' എന്ന വാക്കിനുപകരം 'ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയ്‌റ്റേറ്റീവ് ആൻഡ് അബ്യൂസ് മെറ്റീരിയൽ' ( child sexual exploitative and abuse material ) എന്ന പദം ഉപയോഗിക്കണമെന്നും കീഴ്കോടതികൾക്ക് സുപ്രീം കോടതി നിർദേശം നൽകിയിട്ടുണ്ട്.
കുട്ടികളുടെ നഗ്നചിത്രങ്ങളും മറ്റും സൂക്ഷിക്കുന്നത് പോക്‌സോ കേസിൽത്തന്നെ പെടുമെന്ന വിധിന്യായത്തിലായിരുന്നു സുപ്രീംകോടതിയുടെ ഈ നിരീക്ഷണം. പുതിയ പദം വിഷയത്തെ കൂടുതൽ ഗൗരവമുള്ളതാകുമെന്നും, യാഥാർഥ്യത്തെ കൂടുതൽ എടുത്തുകാട്ടുമെന്നും ഇരു ജഡ്ജിമാരും പറഞ്ഞു. വിഷയത്തിന്റെ ക്രിമിനൽ സ്വഭാവം വെളിവാക്കപ്പെടാൻ ഈ പദം സഹായിക്കുമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. ശേഷമാണ് എത്രയും വേഗം 'ചൈല്‍ഡ് പോണോഗ്രഫി' എന്ന വാക്ക് ഇനി ഉപയോഗിക്കരുതെന്ന് കീഴ്കോടതികളോട് സുപ്രീം കോടതി ആവശ്യപ്പെട്ടത്.