ബിൽക്കീസ് ബാനു കേസ്; സർക്കാരിനെതിരായ പരാമർശം പുനഃപരിശോധിക്കണമെന്ന ഗുജറാത്തിൻ്റെ ആവശ്യം സുപ്രീം കോടതി തള്ളി

സംസ്ഥാന സ‍ർക്കാരിനെതിരെ ഇത്തരം 'പ്രതികൂല' പരാമർശങ്ങൾ നടത്താൻ കഴിയില്ലെന്നായിരുന്നു ഗുജറാത്തിൻ്റെ വാദം

dot image

2002ലെ ഗുജറാത്ത് കലാപത്തിൽ ബിൽക്കീസ് ​​ബാനുവിനെ ബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബാംഗങ്ങളിൽ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കിയ വിധി പുനഃപരിശോധിക്കണമെന്ന ഗുജറാത്ത് സർക്കാരിൻ്റെ ഹർജി സുപ്രീം കോടതി വ്യാഴാഴ്ച തള്ളി. ജനുവരി എട്ടിലെ വിധിയിൽ സുപ്രീം കോടതി നടത്തിയ ചില നിരീക്ഷണങ്ങളെയും സർക്കാർ കോടതിയിൽ ചോദ്യം ചെയ്തിരുന്നു. സംസ്ഥാന സ‍ർക്കാരിനെതിരെ ഇത്തരം 'പ്രതികൂല' പരാമർശങ്ങൾ നടത്താൻ കഴിയില്ലെന്നായിരുന്നു ഗുജറാത്തിൻ്റെ വാദം. അധികാരം അട്ടിമറിച്ചു വിവേചനാധികാരം ദുരുപയോഗം ചെയ്തു തുടങ്ങി സംസ്ഥാന സ‍ർക്കാരിനെ കുറ്റപ്പെടുത്തുന്ന സുപ്രീം കോടതി ഉത്തരവിലെ പരാമർശങ്ങൾക്കെതിരെയായിരുന്നു സംസ്ഥാന സ‍ർക്കാരിൻ്റെ വാദം.

ഈ വാദം ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് നിരസിച്ചു. “റിവ്യൂ പെറ്റീഷനുകൾ, ഉത്തരവുകൾ, അതിനോടൊപ്പം ചേർത്തിട്ടുള്ള പേപ്പറുകൾ എന്നിവ ശ്രദ്ധാപൂർവം പരിശോധിച്ചപ്പോൾ ഞങ്ങൾ സംതൃപ്തരാണ് ഉത്തരവിൽ ഒരു തെറ്റുമില്ലെന്നും രണ്ടുപേരും പറഞ്ഞു.

ഗുജറാത്ത് കലാപത്തിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോൾ ബിൽക്കിസ് ബാനു അഞ്ച് മാസം ഗർഭിണിയായിരുന്നു. ആക്രമണത്തിൽ കൊല്ലപ്പെട്ട ഏഴ് കുടുംബാംഗങ്ങളിൽ അവരുടെ മൂന്ന് വയസ്സുള്ള മകളും ഉൾപ്പെടുന്നു.

സംഭവത്തിൽ 11 പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തി 2008ൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ ഗുജറാത്ത് സർക്കാരിൻ്റെ റിമിഷൻ പോളിസി പ്രകാരം 2022 ഓഗസ്റ്റ് 15‌ന് ശിക്ഷാകാലാവധി തീരുന്നതിന് മുമ്പ് പ്രതികളെ വിട്ടയയ്ക്കുകയായിരുന്നു. ഇതിനെതിരെ നൽകിയ ഹ‍ർജിയിലായിരുന്നു പ്രതികളെ വിട്ടയയ്ക്കാനുള്ള തീരുമാനം സുപ്രീം കോടതി റദ്ദാക്കിയത്. ഗുജറാത്ത് സർക്കാരിന് ശിക്ഷ ഇളവ് നൽകാൻ അധികാരമില്ലെന്ന് 2024 ജനുവരി എട്ടിന്സു പ്രീം കോടതി വിധി പ്രസ്താവിച്ചിരുന്നു. വിചാരണ നടന്നത് മഹാരാഷ്ട്രയിലായതിനാൽ അവിടുത്തെ സർക്കാരിന് മാത്രമേ ശിക്ഷാഇളവ് നൽകാൻ കഴിയൂ എന്നായിരുന്നു സുപ്രീം കോടതിയുടെ വിധി. ​ഗുജറാത്ത് സ‍‍ർക്കാർ വെറുതെവിട്ട പ്രതികളോട് കീഴടങ്ങാനും ശിക്ഷാകാലാവധി പൂ‍ർത്തിയാക്കാനും കോടതി ഉത്തരവിട്ടിരുന്നു.

നിയമം ലംഘിച്ച് കുറ്റവാളികളെ തെറ്റായ രീതിയിൽ വെറുതെ വിട്ടതെന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്നതിൽ കോടതി ഒരു വഴിവിളക്കായിരിക്കണമെന്നും അല്ലാത്തപക്ഷം അത് നമ്മുടെ ജനാധിപത്യത്തെയും ജനാധിപത്യ നിയമവ്യവസ്ഥയെയും അപകടകരമായ അവസ്ഥയിലേക്ക് നയിക്കുമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us