ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢ് വിരമിക്കാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ; പരിഗണനയിലുള്ള 10 പ്രധാന കേസുകൾ

ജസ്റ്റിസ് ചന്ദ്രചൂഢിൻ്റെ സേവനകാലാവധി അവസാനിക്കുന്ന ഘട്ടത്തിൽ അദ്ദേഹത്തിൻ്റെ മുന്നിലുള്ള എത്രകേസുകളിൽ അദ്ദേഹം വിധിപറയും എന്നതിലും ആകാംക്ഷ ഉയരുന്നുണ്ട്

dot image

ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢിൻ്റെ പ്രവർത്തന കാലാവധി അവസാനിക്കാൻ വിരലില്ലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ശേഷിക്കെ പത്ത് സുപ്രധാന കേസുകളാണ് അദ്ദേഹത്തിൻ്റെ മുന്നിൽ പരിഗണനയിലുള്ളത്. രാജ്യം കാത്തിരുന്ന നിരവധി കേസുകൾക്ക് വിധി പറഞ്ഞ ഡി വൈ ചന്ദ്രചൂഢ് നവംബർ എട്ടിനാണ് പദവിയിൽ നിന്നും വിരമിക്കുന്നത്. രാജ്യത്തെ പിടിച്ചുകുലുക്കിയ നിരവധി കേസുകളുടെ വിധി പറഞ്ഞയാളാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢ്. സെക്ഷൻ 377മായി ബന്ധപ്പെട്ട ജെഡ്ജ്മെൻ്റ്, അവിവാഹിതരായ സ്ത്രീകളുടെ അബോർഷൻ അവകാശങ്ങൾ, ശബരിമല കേസ് തുടങ്ങിയ നിരവധി വിഖ്യാതമായ കേസുകളുടെ വിധികളും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ജസ്റ്റിസ് ചന്ദ്രചൂഢിൻ്റെ സേവനകാലാവധി അവസാനിക്കുന്ന ഘട്ടത്തിൽ അദ്ദേഹത്തിൻ്റെ മുന്നിലുള്ള എത്രകേസുകളിൽ അദ്ദേഹം വിധിപറയും എന്നതിലും ആകാംക്ഷ ഉയരുന്നുണ്ട്. ഇതിൽ എത്രകേസുകളിൽ വിരമിക്കുന്നതിന് മുമ്പ് ജസ്റ്റിസ് ചന്ദ്രചൂഢ് വിധിപറയുമെന്ന ആകംക്ഷയിലാണ് രാജ്യം. ഇതിൽ അടുത്തിടെ സംഭവിച്ച. രാജ്യത്തെ ഞെട്ടിച്ച ആർജി കർ ബലാത്സംഗ കൊലപാതക കേസും ഉൾപ്പെടുന്നുണ്ട്.

ആർജി കർ ബലാത്സംഗ കൊലപാതക കേസ്

രാജ്യത്തെ ഞെട്ടിച്ച് കൊണ്ട് കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം രാജ്യത്ത് വലിയ നിലയിൽ ചർച്ചയായിരുന്നു. മെഡിക്കൽ രംഗത്ത് ഡോക്ടർമാർ സുരക്ഷിതരല്ലെന്നും സർവോപരി ഈ രാജ്യത്ത് സ്ത്രീകൾ തൊഴിലിടങ്ങളിലോ സാമൂഹിക ഇടങ്ങളിലോ സുരക്ഷിതരല്ലെന്നും ചൂണ്ടി കാട്ടി നിരവധി പ്രക്ഷോഭങ്ങളാണ് രാജ്യത്തുടനീളം ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ പ്രശ്നങ്ങൾ കണ്ടെത്തി സുപ്രീം കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് ശുപാർശ നൽകാൻ ദേശീയ ടാസ്‌ക് ഫോഴ്‌സിന് സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് മെഡിക്കൽ പ്രൊഫഷണലുകളുടെ സുരക്ഷ സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്നും അന്ന് ചീഫ് ജസ്റ്റിസ് ഉറപ്പുനൽകിയിരുന്നു.

ബൈജൂസുമായി ബന്ധപ്പെട്ട കേസ്

സ്റ്റാർട്ടപ്പ് ലോകത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ബൈജൂസിന്റെ പതനം ഏറെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ ബൈജു രവീന്ദ്രനും സഹോദരനും ചേർന്ന് പണം തട്ടിയെടുത്തു എന്ന കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. 2024 ഓഗസ്റ്റിൽ സുപ്രീം കോടതി വിധി പറയുന്നത് മാറ്റിവെച്ചിരുന്നു. ഈ കേസിൽ വിരമിക്കലിന് മുമ്പായി തന്നെ വിധിവന്നേക്കാം എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഗൂഗിൾ vs സ്റ്റാർട്ടപ്പുകൾ

പ്ലേ സ്റ്റോർ പോളിസികൾ വഴി സ്റ്റാർട്ടപ്പുകൾക്ക് എതിരെ ഗൂഗിൾ മാർക്കറ്റ് ആധിപത്യം ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപണത്തെ തുടർന്ന് ഗൂഗിളിന് സിസിഐ 1338 കോടി രൂപ പിഴ ചുമത്തിയിരുന്നു. സിസിഐയുടെ പിഴശിക്ഷ പിന്നാലെ NCLAT ശരിവെയ്ക്കുകയും ചെയ്തു. ഇതിനെ തുടർന്ന് വിധിക്കെതിരെ ഗൂഗിൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ച് നോട്ടീസ് അയച്ചെങ്കിലും കേസിൽ വിശദമായി വാദം കേട്ടിട്ടില്ല.

മാരിറ്റൽ റേപ്പ്

വിവാഹത്തിന് ശേഷം പങ്കാളിയുടെ സമ്മതമില്ലാതെ ബാലകാരമായി ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയോ വിധേയമാകുകയോ ചെയ്യുന്നതിനെതിരെ നിരവധി കേസുകൾ രാജ്യത്ത് നിലവിലുണ്ട്. സമ്മതമില്ലാത്ത ഏതൊരു ശാരീരിക ബന്ധവും ബലാത്സംഗമായി കാണാമെന്നു ചൂണ്ടി കാട്ടിയുള്ള കേസുകളിൽ ഭാര്യമാരെ ബലാത്സംഗം ചെയ്യുന്ന ഭർത്താക്കന്മാർക്ക് സംരക്ഷണം നൽകുന്ന വ്യവസ്ഥകളെ ചോദ്യം ചെയ്യത് കൊണ്ടുള്ള ഒരു കൂട്ടം ഹർജികൾ പരിഗണനയിലുണ്ട്. വിരമിക്കുന്നതിന് മുമ്പായി ഈ ഹർജികളിൽ വിധി വന്നേക്കുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്.

അലിഗഡ് മുസ്ലീം സർവകലാശാലയുടെ ന്യൂനപക്ഷ പദവി

ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ് ഈ കേസ് പരിഗണിച്ചത്. ആർട്ടിക്കിൾ 30 പ്രകാരം എഎംയു ഒരു ന്യൂനപക്ഷ സ്ഥാപനമെന്ന പദവിയ്ക്ക് യോഗ്യമാണോ എന്നായിരിക്കും ബെഞ്ച് തീരുമാനിക്കുക.

സ്വവർഗ വിവാഹം ആവശ്യപ്പെട്ടുള്ള റിവ്യൂ ഹർജി

2023 ഒക്ടോബറിൽ, ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് സ്വവർഗ ദമ്പതികൾക്ക് വിവാഹം കഴിക്കാനുള്ള അവകാശം അനുവദിക്കാൻ വിസമ്മതിച്ചിരുന്നു. വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് പാർലമെൻ്റാണെന്നാണ് സുപ്രീം കോടതി പറഞ്ഞത്. ഇതിനെതിരെ ഒന്നിലധികം പുനഃപരിശോധനാ ഹർജികൾ നിലവിൽ നൽകിയിട്ടുണ്ട്. ഇവയും ചീഫ് ജസ്റ്റിസിൻ്റെ പരിഗണനയിലുണ്ട്.

ഗെയിമിംഗ് കമ്പനികൾ vs ജിഎസ്ടി

1.12 ലക്ഷം കോടി രൂപയിലധികം വരുന്ന ഗെയിമിംഗ് നോട്ടീസുകളെ ചോദ്യം ചെയ്ത് ഗെയിമിംഗ് കമ്പനികൾ സമർപ്പിച്ച 44 ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ച് സുപ്രീം കോടതി നോട്ടീസ് അയച്ചു, കേസ് കേൾക്കാൻ സമ്മതിച്ചു, പക്ഷേ കേസിൽ ഇതുവരെ അന്തിമ വാദം കേട്ടിട്ടില്ല.

ജെറ്റ് എയർവെയസ്സിൻ്റെ പാപരത്തം

പാപ്പരായ എയർലൈനിൻ്റെ വായ്പാ ദാതാക്കളായ ജലാൻ-കൽറോക്ക് കൺസോർഷ്യവും ​ജെറ്റ് എയർവെയസ്സും (ജെകെസി) തമ്മിലുള്ള തർക്കത്തെ ചുറ്റിയുളള വിധി സുപ്രീംകോടതി നേരത്തെ മാറ്റിവച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിൻ്റെ വിധിയാവും ജെറ്റ് എയർവേസിൻ്റെ ഭാവി തീരുമാനിക്കുക എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

വ്യാവസായിക മദ്യത്തിൻ്റെ നിയന്ത്രണം

വ്യാവസായിക മദ്യത്തിന് നികുതി ചുമത്താൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ടോ എന്ന് സുപ്രീം കോടതി തീരുമാനം ഉടൻ ഉണ്ടായേക്കാം. ഇത് സംസ്ഥാനങ്ങളെ സംബന്ധിച്ച് വലിയ വരുമാന പ്രത്യാഘാതങ്ങളുണ്ടാക്കാൻ സാധ്യതകളുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

സമ്പത്ത് പുനർവിതരണം

സർക്കാരിന് സ്വകാര്യ സ്വത്ത് ആവശ്യപ്പെട്ട് പൊതുനന്മയ്ക്കായി പുനർവിതരണം ചെയ്യാൻ കഴിയുമോ എന്നതിനെ പറ്റിയുള്ള കേസാണ് അവസാനത്തേത്. ഈ കേസ് പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസിൻ്റെ നേതൃത്വത്തിലുള്ള 9 അംഗ ബെഞ്ചാകും.

Content Highlights- Look at the top 10 big cases pending before Justice DY Chandrachud as his tenure nears an end.

dot image
To advertise here,contact us
dot image