1937 ല് ബ്രിട്ടീഷ് പാര്ലമെന്റ് ഇന്ത്യയിലെ മുസ്ലീങ്ങള്ക്കു വേണ്ടി അംഗീകരിച്ച നിയമമാണ് 'ദി മുസ്ലീം പേഴ്സണല് ലോ 1937' എന്ന ശരീഅത്ത് നിയമം. അക്കാലത്ത് വടക്കേ ഇന്ത്യയിലും മറ്റും നിലവിലുണ്ടായിരുന്ന ആചാര നിയമങ്ങള് (Customary Law) മുസ്ലീം സ്ത്രീകള്ക്ക് പിതൃസ്വത്തില് അനന്തരാവകാശം അനുവദിച്ചിരുന്നില്ല. പല സ്ത്രീകളും കോടതിയെ സമീപിച്ചിരുന്നെങ്കിലും, നിലവിലുണ്ടായ നിയമം സ്ത്രീകള്ക്ക് അനുകൂലമായ നിലപാട് എടുക്കുന്നതില് നിന്ന് കോടതികളെ തടഞ്ഞിരുന്നു. (രാജ്യത്തെ മറ്റു പല ഇടങ്ങളിലും വ്യത്യസ്ത നിയമങ്ങള് ഉണ്ടായിരുന്നു. നമുക്ക് മാപ്പിള മരുമക്കത്തായം നിയമം പോലെ). ഈ സാഹചര്യത്തില് മുസ്ലീം സ്ത്രീകള് അടക്കമുള്ളവര് അനന്തര സ്വത്തില് അവകാശം ലഭിക്കുന്നതിന് വേണ്ടി നിയമ നിര്മ്മാണം നടത്തുവാന് ബ്രിട്ടീഷ് ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു അങ്ങനെയാണ് ശരീഅത്ത് അപ്ളിക്കേഷന് ആക്ട് നിലവില് വരുന്നത്.
ദി മുസ്ലീം പേഴ്സണല് ലോ നിലവില് വന്നതോടെ മുസ്ലീങ്ങളുടെ വിവാഹം, തലാഖ്, ഇല (Ila), സിഹാര് (Zihar), ലിയാന് (Lian), ഖുല (Khula), മുബാറത്ത് തുടങ്ങി, വിവാഹ മോചനം, ജീവനാംശം, മഹര്, രക്ഷാകര്തൃത്വം, സമ്മാനങ്ങള്, വഖഫ്, കാര്ഷിക ഭൂമി ഒഴികെയുള്ള അനന്തര സ്വത്തുക്കളുടെ വിഭജനം എന്നീ കാര്യത്തില്, ശരീഅത്ത് ബാധകമാക്കി.
വെറും ആറു വകപ്പുകള് ഉള്ള ഈ നിയമം ശരീഅത്ത് എന്താണ് എന്ന് വ്യക്തമാക്കുന്നില്ല. 1939 ല് തന്നെ, 1937 ലെ നിയമത്തിലെ, അപാകത പരിഹരിക്കാന് മറ്റൊരു നിയമം ബ്രട്ടീഷ് ഗവണ്മെന്റ് പാസ്സാക്കുകയുണ്ടായി. Dissolution of Muslim Marriage Act മുസ്ലിം സ്ത്രീയുടെ വിവാഹ മോചന അവകാശം ഉറപ്പാക്കുന്ന നിയമം. തുടര്ന്ന് രാജ്യം സ്വതന്ത്രമാവുകയും 1950 ല് ഭരണഘടന നിലവില് വരുകയും ചെയ്തു. ഭരണഘടനയുടെ അനുഛേദം 13 പറയുന്നത്, ഭരണ ഘടന നിലവില് വരുന്നതിന് മുമ്പ് നിലവിലുണ്ടായ നിയമങ്ങളില് മൗലിക അവകാശങ്ങള്ക്ക് എതിരായ നിയമങ്ങള് ദുര്ബലമാക്കും എന്നാണ്.
എന്നാല് 1980 ല് നമ്മുടെ സുപ്രീം കോടതി Krishna Singh vs Mathura Ahir ( AlR SC 707 ) കേസില് പറയുന്നത് വ്യക്തിനിയമങ്ങള് ആര്ട്ടിക്കിള് 13 ന്റെ പരിധിയില് വരില്ല എന്നതാണ്. ഈ വിധിന്യായത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ മുസ്ലീങ്ങള്ക്ക് ശരീഅത്ത് നിയമം ബാധകമായത്. എന്നാല് മുസ്ലീങ്ങളെ സംബന്ധിച്ച് വിവാഹം, വിവാഹ മോചനം, ദത്ത്, തുടങ്ങിയ നിരവധി കാര്യങ്ങളില് സുപ്രീം കോടതിയും രാജ്യത്തെ നിരവധി ഹൈക്കോടതികളും എടുത്തിരുന്ന സമീപനം ശരീഅത്ത് ആപ്ളിക്കേഷന് ആക്ടും പാര്ലമെന്റ് അംഗീകരിച്ച നിയമവും കോണ്ഫ്ലിക്ട് ആയി വരുന്ന ഘട്ടങ്ങളില് നമ്മുടെ പാര്ലമെന്റ് പാസാക്കിയ നിയമം മറ്റു സമുദായക്കാരെ പോലെ മുസ്ലിങ്ങള്ക്കും ബാധകമാവും എന്നാണ്.
മുസ്ലീം വിവാഹത്തില്, വരനും വധുവിനും പ്രായം നിഷ്കര്ഷിക്കുന്നില്ല. ഏതു പ്രായത്തിലുള്ളവര്ക്കും വിവാഹ കരാറില് ഏര്പ്പെടാം. പുരുഷന് ബുലൂഗ് (ജൈവികമായ പ്രായ പൂര്ത്തി) ആയാല് മതി. പെണ്കുട്ടിയുടെ രക്ഷിതാവിനു ബോധ്യപ്പെട്ടാല് മഹറ് നിശ്ചയിച്ചു നിക്കാഹ് നടത്താം. എന്നാല് രാജ്യത്തെ നിലവിലുള്ള ശൈശവ വിവാഹ നിരോധന നിയമം മുസ്ലീങ്ങള്ക്കും ബാധകമാണ്. പെണ്കുട്ടിക്ക് 18വയസ്സും ആണ്കുട്ടിക്ക് 21 വയസ്സും പൂര്ത്തിയാകണം. അതിനു വിരുദ്ധമായി നിക്കാഹ് നടത്തിയാല് ക്രിമിനല് കേസില് പ്രതിയാകും. അതായത് ശരീഅത്ത് മുസ്ലിങ്ങള്ക്ക് ഈ കാര്യത്തില് സംരക്ഷണം ഒരുക്കുന്നില്ല എന്നര്ത്ഥം.
കുട്ടികള് ഇല്ലാത്ത ദമ്പതികള്ക്ക് പരിഷ്കൃത സമൂഹം കണ്ടെത്തിയ വഴിയാണ് ദത്ത് (adoption). ശരീഅത്ത് നിയമം ദത്ത് എടുക്കുന്നതിനെ പിന്തുണയ്ക്കുന്നില്ല. നിരവധി മുസ്ലിങ്ങള് ദത്ത് കുട്ടികളെ ലഭിക്കുവാന് ബന്ധപ്പെട്ട ഏജന്സികള് മുമ്പാകെ അപേക്ഷ സമര്പ്പിക്കുന്നുമുണ്ട്. രാജ്യത്ത് നിലവിലുള്ള ജുവനൈല് ജസ്റ്റിസ് ആക്ട് പ്രകാരമാണ് ദത്ത് നല്കുന്നത്. മുസ്ലീം രക്ഷിതാക്കള്ക്കും ദത്തവകാശം ഉണ്ടെന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതി ശബ്നം ഹാഷ്മി കേസില് ( AlR 2014- SSC 1281) വ്യക്തമാക്കുകയുണ്ടായി. ശരീഅത്ത് നിയമത്തിനപ്പുറം ദത്ത് അവകാശം മുസ്ലിങ്ങള്ക്ക് ഉണ്ടെന്നു പറയുന്നതോടെ 1937 ലെ നിയമം ഈ കാര്യത്തില് അപ്രസക്തമാവുകയാണ്.
വിവാഹ മോചന കാര്യത്തില്, ഇതര സമുദായങ്ങളെ പോലെ തന്നെ വ്യത്യസ്ഥ കോടതി വിധികളിലൂടെ ശരീഅത്ത് അനുസരിച്ച് തലാഖ് വഴി ഏകപക്ഷീയമായ വിവാഹം സാധ്യമല്ല എന്നും വിവാഹ മോചനത്തിന് മുമ്പ് ഇരു വിഭാഗവും യോജിപ്പിനുള്ള സാധ്യത പരിശോധിക്കേണ്ടത് ഉണ്ടെന്നും ഖുര്ആന് വിശദീകരിക്കുന്നതു പോലെ മീഡിയേഷനു ശേഷമേ തലാഖ് സാധുവാകൂവെന്നും വ്യക്തമാക്കിയിട്ടുണ്ട് (Shamim Ara).
മുസ്ലിം ഭര്ത്താക്കന്മാര്ക്ക് അനുവദിക്കുന്ന അതേ അധികാരം, വിവാഹ മോചനത്തില് ഭാര്യയ്ക്കും ഉണ്ടെന്ന് കേരള ഹൈക്കോടതി ഖുല്അ വിധിയിലൂടെ വ്യക്തമാക്കുകയുണ്ടായി. അതോടെ വിവാഹ മോചന കാര്യത്തില് ഇതര സമുദായത്തിലെ ഭാര്യയ്ക്കും ഭര്ത്താവിനും ലഭിക്കുന്നതിനെക്കാള് എളുപ്പത്തില് മുസ്ലീം സമുദായ അംഗങ്ങള്ക്കും വിവാഹ മോചന സാധ്യത അനുവദിച്ചു കിട്ടി.
ജീവനാംശകാര്യത്തിലും, മുസ്ലീങ്ങള്ക്ക് രാജ്യത്തെ ഇതര വിഭാഗങ്ങളെ പോലെ തന്നെ, സെക്കുലര് നിയമങ്ങള് ആണ് ബാധകമായിട്ടുള്ളത് Cr PC 125 പ്രകാരം ഭാര്യയുടെ നിര്വചനത്തില് വിവാഹ മോചിതയായ മുസ്ലിം
സ്ത്രീയും ഉള്പ്പെടും എന്ന് 2009 ല് ഷാ ബാനു കേസില് സുപ്രീം കോടതി വ്യക്തമാക്കുകയുണ്ടായി. അതോടെ 1986 ല് രാജ്യത്ത് നിലവില് വന്ന, മുസ്ലീം വിവാഹ മോചിത സംരക്ഷണ നിയമപ്രകാരം മാത്രമല്ല CrPC 125 പ്രകാരവും വിവാഹ മോചിതയായ മുസ്ലീം സ്ത്രീയ്ക്ക് ചെലവിനു ലഭിക്കുവാന് അവകാശം ഉണ്ടെന്നു വന്നു. ഇതോടെ, രാജ്യത്തെ മറ്റു സമുദായത്തിലെ സ്ത്രീകള്ക്ക് ലഭിക്കുന്ന നിയമപരമായ ആനുകൂല്യം മുസ്ലീം സ്ത്രീയ്ക്കും ബാധകമാണെന്ന് വ്യക്തമായി.
കുട്ടികളുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട കാര്യങ്ങളില് ശരീഅത്ത് രക്ഷിതാവായി ഡിക്ലയര് ചെയ്യുന്നത് പിതാവിനെയാണ് എന്നാല് ഇത്തരം കേസുകള് പരിഗണിക്കുമ്പോള് മുസ്ലീം കുട്ടിയുടെ കാര്യത്തിലും മറ്റു കുട്ടികളെ പോലെ മതവിശ്വാസത്തേക്കാളുപരി കുട്ടികളുടെ താല്പര്യങ്ങള്ക്കാണ് പ്രാധാന്യം നല്കേണ്ടത് എന്നു ബഹുമാനപ്പെട്ട സുപ്രീം കോടതി നിരവധി കേസുകളില് വ്യക്തമാക്കിയിട്ടുണ്ട്.
മേല്ക്കാര്യങ്ങളില് നിന്ന് നമുക്ക് ബോധ്യമാകുന്നത് നമ്മുടെ, നിയമ വ്യവസ്ഥയില് വ്യക്തി നിയമങ്ങളില് മഹാ ഭൂരിഭാഗവും എല്ലാ സമുദായങ്ങള്ക്കും പ്രായോഗികമായി, സമത്വം ഉറപ്പു വരുത്തുന്ന നിയമങ്ങളാണ് നിലവില് ഉള്ളത്. എന്നാല് അനന്തരാവകാശ നിയമങ്ങളില് ആധുനിക സമൂഹത്തിന്റെ കാഴ്ചപ്പാടില് ഊന്നിയ തുല്യതാ ബോധത്തിന് നിരക്കുന്ന കാഴ്ചപ്പാട് അല്ല ശരീഅത്ത് മുന്നോട്ട് വെക്കുന്നത്. കടുത്ത സ്ത്രീ വിവേചനം വെളിവാകുന്നതാണ് ശരീഅത്ത് അപ്ളിക്കേഷന് ആക്ട് പ്രകാരമുളള അനന്തരാവകാശ ഓഹരി. ഭരണഘടന ഉറപ്പു നല്കുന്ന, തുല്യതയ്ക്കുള്ള മൗലിക അവകാശം (Article - 14), അന്തസ്സാര്ന്ന ജീവിതത്തിന് ഉള്ള അവകാശം (Article-21) എന്നിവയ്ക്ക് എതിരാണ്.
അതുകൊണ്ടു തന്നെ നിലവിലുള്ള പിന്തുടര്ച്ചാവകാശ നിയമത്തില് സ്ത്രീ പുരുഷ തുല്യത ഉറപ്പു വരുത്താനുള്ള ബാധ്യത, ഭരണഘടനാ മൂല്യങ്ങള് ഉയര്ത്തിപ്പിടിയ്ക്കുന്ന ഓരോരുത്തര്ക്കും ഉണ്ട്. അതു പോലെ തന്നെ മുസ്ലീം പുരുഷന്റെ ബഹുഭാര്യത്വ അവകാശം മൂലം ഭാര്യമാര്ക്ക് ഉണ്ടാകുന്ന വൈകാരിക സംഘര്ഷങ്ങളും, അഡ്രസ് ചെയ്യപ്പെടേണ്ടതാണ്. ഗാര്ഹിക പീഡന നിരോധന നിയമം, കുടുംബത്തിനകത്തെ സ്ത്രീയുടെ അന്തസ്സാര്ന്ന ജീവിതം ഉറപ്പു വരുത്തന്നതിനു വേണ്ടി പാര്ലമെന്റ് അംഗീകരിച്ച നിയമമാണ്. ഈ നിയമ പ്രകാരം ഭാര്യയ്ക്ക് ഇമോഷണല് അബ്യൂസില് നിന്നും രക്ഷ നല്കുവാന് മജിസ്ട്രേറ്റ് കോടതിയ്ക്ക് അധികാരമുണ്ട്. ആ നിലയ്ക്ക് രണ്ടാം വിവാഹം തടയപ്പെടേണ്ടതാണ്.
ഭരണഘടനയുടെ Article 21 പ്രകാരം മുസ്ലിം സ്ത്രീയുടെ അന്തസ്സ് സംരക്ഷിക്കപ്പെടേണ്ടതുണ്ട്. മേല് രണ്ടു കാര്യങ്ങളിലും മുസ്ലിം സ്ത്രീയുടെ അന്തസ്സാര്ന്ന ജീവിതം ഉറപ്പുവരുത്തുവാന് ഒരു പൊതു സിവില് നിയമത്തിന്റെ ആവശ്യമില്ല. ബിജെപിയുടെ രാഷ്ട്രീയ താല്പര്യങ്ങള്ക്കു വേണ്ടി മുസ്ലിമിനെ എതിര്പക്ഷത്ത് പ്രതിഷ്ഠിച്ച് മുസ്ലിം വിരുദ്ധത ഏകീകരിച്ച് വോട്ട് നേടാനുള്ള രാഷ്ട്രീയ ലക്ഷ്യം മാത്രമാണ് ഈ ഘട്ടത്തില് പ്രധാനമന്ത്രി അടക്കമുള്ള നേതാക്കള് ഇത്തരമൊരു ആവശ്യവുമായി മുന്നോട്ട് വരുന്നതിന് കാരണം.
ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്ജികള് സുപ്രീം കോടതിയില് ഉണ്ട്. ആ ഹര്ജികള് തീര്പ്പാകുന്നതോടെ ഈ പ്രശ്നങ്ങള്ക്ക് പരിഹാരം ആകും. അല്ലാത്ത പക്ഷം ഇന്ത്യന് സക്സക്ഷന് Act മുസ്ലീങ്ങള്ക്ക് ബാധകമാക്കിയും, ഇന്ത്യന് ശിക്ഷാ നിയമത്തിലെ ബഹുഭാര്യത്വം നിരോധിക്കുന്ന 494 -ാം വകുപ്പ് മുസ്ലീങ്ങള്ക്കു കൂടി ബാധകമാക്കുന്ന നിയമദേഭഗതി നടത്തിയും പ്രശ്നം പരിഹരിക്കാവുന്നതാണ്.
ഇങ്ങനെയൊക്കെ വഴികള് ഉണ്ടായിട്ടും ആ കാര്യങ്ങളില് ഒന്നും പരിഗണിക്കാതെ, ഏകസിവില് നിയമം ഈ ഘട്ടത്തില് ചര്ച്ചയ്ക്കെടുക്കുന്നതിന് പിന്നില് കൃത്യമായ അജണ്ടയുണ്ട്. മുസ്ലീം സ്ത്രീ സംരക്ഷണമെന്ന വാദമുയര്ത്തി മുസ്ലിം സുദായത്തെ അപരവല്ക്കരിക്കാനുള്ള ശ്രമം നാം തിരിച്ചറിയണം.