ഇടതുപക്ഷ വിദ്യാര്ത്ഥി സംഘടനാ പ്രവര്ത്തകനായിരിക്കെ 2006 ലെ നിയമസഭ തിരഞ്ഞെടുപ്പില് പുതുപ്പള്ളിയില് ക്യാംപ് ചെയ്ത നാളുകളെ കുറിച്ചുള്ള ഓര്മ്മകളാണ് ഈ കുറിപ്പ്. ഉമ്മന് ചാണ്ടിയെ പരാജയപ്പെടുത്താനായി പുതുപ്പള്ളിയില് താമസിച്ച് പ്രവര്ത്തിക്കാനായി നിയോഗിക്കപ്പെട്ടവരുടെ സംഘത്തിലായിരുന്നു ഞാന്. യുഡിഎഫ് സര്ക്കാരിന്റെ സ്വാശ്രയ വിദ്യാഭാസ നയത്തിനെതിരെ എസ്എഫ്ഐയും ഡിവൈഎഫ്ഐയും സിപിഐഎമ്മും തെരുവിലിറങ്ങിയ നാളുകള്. ദിവസങ്ങളോളം നീണ്ടുനിന്ന പ്രതിഷേധങ്ങള്. അന്ന് വിദ്യാര്ത്ഥി പ്രസ്ഥാനത്തെ നയിച്ചത് സിന്ധു ജോയ് എന്ന പ്രസിഡന്റ് കൂടിയായിരുന്നു. പ്രതിഷേധങ്ങള് അതിന്റെ മൂര്ധന്യത്തിലെത്തി നില്ക്കുന്ന സമയത്താണ് നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്.
മുഖ്യമന്ത്രിയായ ഉമ്മന്ചാണ്ടിക്കെതിരെ പുതുപ്പള്ളിയില് സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെതിരെ വിദ്യാര്ത്ഥി സമരം നയിച്ച സിന്ധു ജോയിയെ മത്സരിപ്പിക്കാന് സിപിഐഎം തീരുമാനിക്കുന്നു. എസ്എഫ്ഐ പ്രവര്ത്തകര് ആകെ ആവേശത്തിലായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാര്ത്ഥി സംഘടന പ്രവര്ത്തകര് പുതുപ്പള്ളിയിലെത്തി പ്രചരണം നടത്താന് തീരുമാനിക്കുന്നു. അങ്ങനെയാണ് ചേലക്കര ഏരിയാ കമ്മറ്റിയില് നിന്നും ഞാനടക്കമുള്ള ഒരു സംഘം പുതുപ്പള്ളിയിലെത്തിയത്.
പുതുപ്പള്ളി പഞ്ചായത്തിലെ ഓട്ടോ കണ്സള്ട്ടന്റായിരുന്ന ഒരു സഖാവിന്റെ വീട്ടിലാണ് താമസം ഒരുക്കിയിരുന്നത്. രാവിലെ കുളി കഴിഞ്ഞ് ഭക്ഷണവും കഴിച്ച് പ്രദേശത്തെ ഓരോ വീടുകളിലുമെത്തി എന്ത് കൊണ്ട് സിന്ധു ജോയിയെ, എല്ഡിഎഫിനെ വിജയിപ്പിക്കണമെന്ന് പറയലായിരുന്നു ഞങ്ങളടക്കമുള്ള ഓരോ വിദ്യാര്ത്ഥി സംഘത്തിന്റെയും ഉത്തരവാദിത്വം. 'നാടിന്റെ വിദ്യാഭ്യാസം സ്വാശ്രയ കച്ചവടക്കാര്ക്ക് തീറെഴുതി കൊടുത്ത ഉമ്മന്ചാണ്ടിയെ പരാജയപ്പെടുത്തണം' എന്നായിരുന്നു ഞങ്ങളുടെ സംഘത്തിന്റെ ക്യാച്ച് വേര്ഡ്.
അതൊക്കെ ശരിയായിരിക്കാം, പക്ഷെ ഞങ്ങളുടെ വോട്ട് ഉമ്മന് ചാണ്ടിക്ക് അല്ലെങ്കില് കുഞ്ഞൂഞ്ഞിനാണ് എന്നായിരുന്നു ആദ്യം ചെന്ന വീടുകളില് നിന്നെല്ലാം ലഭിച്ച മറുപടി. അതൊരു തനി കോണ്ഗ്രസുകാരുടെ വീടായിരിക്കും, അടുത്ത വീട്ടില് അന്തരീക്ഷം മാറും എന്നായിരുന്നു ഞങ്ങളുടെ ധാരണ. എന്നാല് അങ്ങനെയല്ല പ്രദേശത്തെ ഭൂരിപക്ഷം വീട്ടുകാരുടെയും നിലപാട് അത് തന്നെയാണെന്ന് വൈകാതെ മനസ്സിലാക്കി.
ഉമ്മന് ചാണ്ടിക്ക് തന്നെയാണ് വോട്ട് എന്ന് പറയുമ്പോളും പുതുപ്പള്ളിക്കാര് ഞങ്ങളോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്. ആ ഓരോ വീടുകളില് കയറുമ്പോഴും ഉമ്മന് ചാണ്ടിയെന്ന മനുഷ്യന് അവര്ക്ക് ആരാണെന്ന് ബോധ്യപ്പെടുകയായിരുന്നു. പുതുപ്പള്ളി ടൗണില് നടത്തിയ തിരഞ്ഞെടുപ്പ് പൊതുയോഗത്തില് തടിച്ചുകൂടിയ ജനങ്ങള് അതൊന്നു കൂടി ബോധ്യപ്പെടുത്തി. ആ തെരഞ്ഞെടുപ്പില് ഉമ്മന് ചാണ്ടിക്ക് അത് വരെയില്ലാത്ത ഭൂരിപക്ഷമാണ് പുതുപ്പള്ളിക്കാര് നല്കിയത്.
പിന്നീട് ഉണ്ടായ ഒരനുഭവം പുതുപ്പള്ളിക്ക് പുറത്തുള്ള ഒരു കൂട്ടുകാരിയുമായി ബന്ധപ്പെട്ടതാണ്. അവളുടെ സഹോദരന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണത്. ദിവസം 7000 രൂപ ചെലവ് വരുന്ന ഒരാശുപത്രിയിലേക്ക് നിലവിലുള്ള ആശുപത്രിയില് നിന്ന് മാറ്റണമായിരുന്നു. അതിനുള്ള പാകം അവള്ക്കുണ്ടായിരുന്നില്ല. ഈ വിവരം മാധ്യമപ്രവര്ത്തകനായ ഞങ്ങളുടെ ഒരു സുഹൃത്തിനോട് പറഞ്ഞിരുന്നു. ആ സുഹൃത്തിന്റെ മറുപടി 'ഉമ്മന് ചാണ്ടിയോട് പറയാം, അദ്ദേഹം പെട്ടെന്ന് തന്നെ പ്രശ്നം പരിഹരിച്ചു തരും' എന്നായിരുന്നു.
വൈകാതെ തന്നെ, അദ്ദേഹത്തിന്റെ വീട്ടില് ഒരു ബൈറ്റിന് വേണ്ടി പോയ മാധ്യമപ്രവര്ത്തകനായ സുഹൃത്ത് വിവരം ഉമ്മന് ചാണ്ടിയോട് പറഞ്ഞു. അപ്പോള് തന്നെ അദ്ദേഹം സ്വന്തം ടെലിഫോണില് നിന്ന് എന്റെ കൂട്ടുകാരിയെ വിളിക്കുകയും വിവരങ്ങള് ചോദിച്ചറിയുകയും ചെയ്തു. ആശുപത്രിയില് എത്തുമ്പോള് അവിടെ ഉമ്മന് ചാണ്ടി ഏര്പ്പാടാക്കിയ ഒരു കോണ്ഗ്രസ് നേതാവ് കാത്തുനില്ക്കുന്നുണ്ടായിരുന്നു. അദ്ദേഹം ഒപ്പം നിന്ന് എല്ലാ കാര്യങ്ങളും ചെയ്തുകൊടുത്തു. ദിവസങ്ങള് നീണ്ടുനിന്ന ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള് ഒരു ദിവസത്തേക്ക് പറഞ്ഞ തുക മാത്രമാണ് ആശുപത്രിയില് നിന്ന് ഈടാക്കിയത്. ഈ സഹായം ചെയ്തുകൊടുക്കുമ്പോള് അദ്ദേഹം പ്രതിപക്ഷ നേതാവ് പോലുമായിരുന്നില്ല. പുതുപ്പള്ളി എംഎല്എ മാത്രമായിരുന്നു.
അവസാനമായി ഉമ്മന് ചാണ്ടിയെ നേരില് കാണുന്നത് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയത്താണ്. യുഡിഎഫിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില് ബൈറ്റ് എടുക്കാന് എത്തിയ സമയത്തായിരുന്നു ഉമ്മന് ചാണ്ടി അവിടെയത്തിയത്. വലിയ ജനക്കൂട്ടമാണ് അവിടെയുണ്ടായിരുന്നത്. ഉമ്മന് ചാണ്ടി നടന്ന് വരുമ്പോള് ഇരുവശത്തേക്ക് കോണ്ഗ്രസ് പ്രവര്ത്തകരും മറ്റുള്ളവരും വഴിമാറി. പതുക്കെയാണ് ഉമ്മന് ചാണ്ടി നടന്നുവരുന്നത്. ആ തിരക്കില്പെട്ട് ഞാന് ഉമ്മന് ചാണ്ടിയുടെ തൊട്ടുമുമ്പിലേക്ക് വന്ന് ചാടി. കഴുത്തില് ടാഗില്ലാതിരുന്നതിനാലാവാം അദ്ദേഹം ഞാനൊരു കോണ്ഗ്രസ് പ്രവര്ത്തകനാവാം എന്ന് കരുതിയോ മറ്റോ ഒരു നോട്ടം നോക്കി.
സ്നേഹം കരുണയും നിറഞ്ഞു നില്ക്കുന്ന അത് പോലൊരു നോട്ടം അധികം പേരില് ഞാന് കണ്ടിട്ടില്ല. കോണ്ഗ്രസ് പ്രവര്ത്തകനല്ലാത്തത് കൊണ്ടും മാധ്യമപ്രവര്ത്തകനായത് കൊണ്ടും വളരെ പെട്ടെന്ന് ഞാനവിടെ നിന്ന് മാറി. ഇന്ന് രാവിലെ ഉമ്മന് ചാണ്ടി അന്തരിച്ചു എന്നറിഞ്ഞപ്പോള് ഓര്മ്മയില് തെളിഞ്ഞത് ആ രൂപമായിരുന്നു. നിറഞ്ഞ സ്നേഹം കൊണ്ടും കരുതല് കൊണ്ടും സഹായം കൊണ്ടും ജനനായകനായി മാറിയ ആ മനുഷ്യന് വിട....