വരുമ്പോഴും പോകുമ്പോഴും പിള്ളാരെ എരികേറ്റുകയും കഥകള് പറഞ്ഞുകൊടുക്കുകയും തമാശ പറയുകയും ചെയ്യുന്ന ഒരു കുഞ്ഞൂഞ്ഞുണ്ട്, ബെന്യാമിന്റെ കഥകളില്. അക്കപ്പോരിന്റെ നസ്രാണി വര്ഷങ്ങളില് അയാളുണ്ട്. മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വര്ഷങ്ങളിലും അയാളുണ്ട്, മാന്തളിര് കുഞ്ഞൂഞ്ഞ്. വിനോയ് തോമസിന്റെ മുള്ളരഞ്ഞാണ പുസ്തകത്തിലുമുണ്ട് ഒരു കുഞ്ഞൂഞ്ഞ്. ഇതുപോലെ കേട്ടമ്പരന്ന, കേട്ടു ചിരിച്ച കഥകളിലെ നായകനായിരുന്നു എനിക്ക് കുഞ്ഞൂഞ്ഞ്.
അങ്ങനെയൊരു കഥ പറയാം, അത് ഒരു ഫോണ് വിളിയുടേതാണ്. ഉമ്മന് ചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്ന കാലമാണ്. മൂപ്പര്ക്കന്ന് ഫോണൊന്നുമില്ല, കിട്ടണമെങ്കില് കൂട്ടത്തിലുള്ള ആരെയെങ്കിലും വിളിക്കണം. പലപ്പോഴും പെടുക പേഴ്സണല് സ്റ്റാഫുമാരാണ്. ഒരു മുഖ്യമന്ത്രിയാണ്, ഇന്ന കാറ്റഗറിയിലെ ആളാണ് വിളിക്കുക എന്ന മാമൂലൊന്നും ഉമ്മന് ചാണ്ടിയുടെ കാര്യത്തിലില്ല. ആരും വിളിക്കും, എന്തും പറയും ഒരു ദിവസം പുതുപ്പള്ളിയില് നിന്ന് പിഎ യ്ക്ക് ഒരു വിളി വന്നു.
'ഹലോ.. സിഎമ്മിന്റെ കൂടെയുണ്ടോ?' പിഎ പറഞ്ഞു, 'ഇല്ലല്ലോ.'
ധൃതി പിടിച്ച വിളിയാണ്, അയാള് വിട്ടില്ല. 'ആരാ കൂടെയുള്ളത്?'
രാഷ്ട്രപതി കേരള സന്ദര്ശനത്തിയ ദിവസമാണ്. അദ്ദേഹത്തെ അനുഗമിച്ച് ഹെലിക്കോപ്റ്ററില് പോകുകയാണ് ഉമ്മന്ചാണ്ടിയപ്പോള്.
പിഎ പറഞ്ഞു, 'രാഷ്ട്രപതിയാണ്.'
'രാഷ്ട്രപതി മാത്രമേയുള്ളോ?'
മറ്റാരുമില്ലെന്ന് തീര്ത്തു പറഞ്ഞതും, പിഎ യെ ഞെട്ടിച്ചു കൊണ്ട് അപ്പുറത്ത് നിന്നും അടുത്ത ചോദ്യം വന്നു, 'എങ്കില് ആ രാഷ്ട്രപതിയുടെ നമ്പറൊന്നു തരാമോ'
പുതുപ്പള്ളിക്കാര്ക്കെന്ത് രാഷ്ട്രപതി എന്നു ചിന്തിക്കരുത്. കുഞ്ഞൂഞ്ഞ് കഴിഞ്ഞിട്ടേ ഏതു രാഷ്ട്രപതിയും അവര്ക്കുള്ളൂ എന്നതാണ് സത്യം. 1970 ലാണ് പുതുപ്പള്ളി മണ്ഡലത്തില് നിന്നും ഉമ്മന് ചാണ്ടി ആദ്യമായി ജയിക്കുന്നത്. സിപിഐഎമ്മിന്റെ മണ്ഡലത്തില്, സിറ്റിംഗ് എംഎല്എ, ഇ എം ജോര്ജിനെ തോല്പ്പിക്കുമ്പോള് ഉമ്മന് ചാണ്ടിക്ക് 27 വയസ്സാണ്. പിന്നീടിങ്ങോട്ട് പുതുപ്പള്ളി ഒരു സ്വതന്ത്ര റിപ്പബ്ലിക്കാണ്. അവരുടെ രാഷ്ട്രപതി ഉമ്മന് ചാണ്ടിയാണ്.
കുഞ്ഞൂഞ്ഞിനെ അങ്ങനെ വാഴിച്ചതിന് ശേഷം തങ്ങളനുഭവിച്ച ഏക പ്രശ്നം, ഇവിടെ വെച്ചു വിവാഹിതരാവുന്നവര്ക്കൊന്നും ആദ്യരാത്രിയില്ല എന്നതാണെന്ന് പുതുപ്പള്ളിക്കാരു പറയും. സത്യമാണത്, എല്ലാ കല്യാണ വീടുകളിലും ഉമ്മന് ചാണ്ടി വരും. നട്ടപ്പാതിര കഴിഞ്ഞാണ് വരിക. വന്നു വാതിലില് മുട്ടും, ഒരാശംസയും പറഞ്ഞ് മൂപ്പരങ്ങ് പോകും ഒരിക്കലും ഒറ്റയ്ക്ക് വരില്ല ഉമ്മന് ചാണ്ടി. ഇസെഡ് കാറ്റഗറിയുറപ്പിക്കുന്ന ഒരു വന് വെള്ളപ്പട എപ്പോഴും അങ്ങോരുടെ ചുറ്റുമുണ്ടാകും. അവരെല്ലാവരും ആത്മാര്ത്ഥമായി ആശംസ നേര്ന്ന് പോകുന്ന ആ രാത്രി, സൂപ്പര് രാത്രിയാണ് പുതുപ്പള്ളിയിലെ പുതുമോടിക്കാര്ക്ക്. 'ഒന്നുമുണ്ടായിട്ടല്ല, എന്നാലും ഒരു ചമ്മലാ' എന്നും പറഞ്ഞ് അവരു ചിരിക്കും. മൂഡ് പോയി, മൂഡ് പോയി എന്ന ഡയലോഗും ചേര്ത്ത് ട്രോളിറക്കാന് കാത്തു നില്ക്കുന്ന ചങ്ങാതിമാര്ക്ക് കുഞ്ഞൂഞ്ഞ് ഹീറോയാണ്.
'ആ പാല് ഗ്ലാസെവിടെ, ഓസി ഇപ്പഴിങ്ങെത്തും' എന്ന കാപ്ഷനും ചേര്ത്ത് പോസ്റ്ററിറങ്ങിയിട്ടുണ്ട് പുതുപ്പള്ളിക്കല്യാണങ്ങളില്. ഇന്നോര്ക്കുമ്പോള് ആ പോസ്റ്ററുകളും ട്രോളുകളുമെല്ലാം ഉമ്മന് ചാണ്ടിക്കുള്ള ട്രിബ്യൂട്ടാണ്. അങ്ങനൊരാള് ഒരു ദേശത്തിനും ഇനി ഉണ്ടാവാനിടയില്ല. അര നൂറ്റാണ്ടു കാലം പുതുപ്പള്ളിയെ അലങ്കരിച്ചിരുന്ന എക്സ്ക്ലൂസീവിറ്റികളുടെ കടലാണ് വറ്റുന്നത്. ഇനി എന്തു ചെയ്യും എന്നാവും അവരിപ്പോള് ആലോചിക്കുന്നത്.
കല്യാണങ്ങളുടെ കഥ പറയുമ്പോള് പുതുപ്പള്ളിക്കാരുടെ ഓര്മ്മയില് അവരൊരിക്കലും മറക്കാത്ത ഒരു കല്യാണമുണ്ട്. 1977 ലാണത്. മെയ് മാസം 29 ന് പത്രത്തില് ഒരു പരസ്യം വരുന്നു. മുകളിലുണ്ട് ഉമ്മന് ചാണ്ടി, പുതുപ്പള്ളി എന്ന തലക്കെട്ട്. ഉള്ളടക്കം ഇതാണ്, 'സുഹൃത്തുക്കളെ, മേയ് 30ന് ഞാന് വിവാഹിതനാവുകയാണ്. കരുവാറ്റ കുഴിത്താറ്റില് വീട്ടില് മറിയാമ്മയാണ് വധു. രാവിലെ 11 മണിക്ക് പാമ്പാടി മാര് കുറിയാക്കോസ് ദയറയില് വെച്ചാണ് വിവാഹം. നേരിട്ടോ കത്ത് മുഖേനയോ ആരെയും ക്ഷണിക്കുന്നില്ല. ദയവായി ഇതൊരറിയിപ്പായി കരുതുമല്ലോ, സ്നേഹപൂര്വം ഉമ്മന് ചാണ്ടി'
ഒരു ദേശം മുഴുവന് ഒഴുകി വന്ന് പാമ്പാടി ദയറയിലേക്കുള്ള വഴിയടഞ്ഞു. നാരാങ്ങാ വെള്ളവും കുടിച്ച് കുഞ്ഞൂഞ്ഞിനേയും പുതിയ പെണ്ണിനേയും കണ്കുളിര്കെ കണ്ട് അവര് മടങ്ങി. കൊടി വെച്ച കാറില് പറന്നു വന്നിറങ്ങുന്ന ഉന്നതരായിരുന്നില്ല ഉമ്മന് ചാണ്ടിയുടെ അലങ്കാരം. പാമ്പാടി ദയറയില് നിന്ന് നാരാങ്ങാ വെള്ളം മൊത്തിക്കുടിക്കുന്ന ഈ മനുഷ്യരായിരുന്നു അയാളുടെ ഹൈക്കമാന്ഡ്.
ദേശീയ നഷ്ടത്തെക്കുറിച്ചോ, കേരളം ഉമ്മന്ചാണ്ടിയെപ്പോലൊരാളെ മിസ്സ് ചെയ്യുന്നതിനെക്കുറിച്ചോ ഒന്നുമല്ല സത്യത്തില് ഞാനിന്നോമോര്ത്തത്. ഞാനിതുവരേയും കണ്ടിട്ടില്ലാത്ത പുതുപ്പള്ളി എന്ന രാജ്യത്തെക്കുറിച്ച് മാത്രമാണ്. ലോകഭൂപടത്തില് അവര്ക്കൊരു വിലാസമുണ്ടാക്കിയ അവരുടെ രാഷ്ട്രപിതാവാണ് മടങ്ങുന്നത്. 'പ്രിയപ്പെട്ട ബുഷിന്, ഈ കത്തുമായി വരുന്നയാള് എനിക്ക് വേണ്ടപ്പെട്ട പുതുപ്പള്ളിക്കാരനാണ്. ഇയാള്ക്ക് അമേരിക്കയെക്കുറിച്ച് ഒന്നും അറിയില്ല. ആവശ്യമായ സഹായം നല്കിയാല് ഉപകാരമായിരുന്നു എന്ന് സ്വന്തം, ഉമ്മന്ചാണ്ടി.' എന്ന് ശുപാര്ശക്കത്തെഴുതിയിരുന്ന കുഞ്ഞൂഞ്ഞെമ്മല്ലെ ഇനിയില്ല. ഇനിയങ്ങോട്ട് പുതുപ്പള്ളി എന്തു ചെയ്യും?