ബോധ്യപ്പെടുത്താന് കഴിയുന്നില്ലെങ്കില് ആശയക്കുഴപ്പത്തിലാക്കുക എന്നത് നൂറ്റാണ്ടുകളായി ഭരണ വര്ഗ്ഗം മുന്നോട്ട് വയ്ക്കുന്ന തന്ത്രമാണ്. രാജാവിനെതിരെ ജനവികാരം ഉയരുമ്പോള് അതിര്ത്തിയില് യുദ്ധം ഉണ്ടാവുക രാജാതന്ത്രമാണെന്ന് ഒ വി വിജയന് ധര്മ്മപുരാണത്തില് കൃത്യമായി പ്രതിപാദിക്കുന്നു. സമാന സാഹചര്യം സമകാലിക ഭാരതത്തിലും കാണാം. മണിപ്പൂരിലെ കലാപം ഈ രാജ്യത്തിന്റെ ഹൃദയത്തിനേറ്റ മുറിവാണ്. രണ്ട് മാസത്തിലധികം ആ മുറിവ് കണ്ടില്ലെന്ന് നടിച്ച ഭരണാധികാരിക്ക് ഒടുവില് മൗനം വെടിയേണ്ടി വന്നു. സ്ത്രീകള്ക്ക് നേരെ നടന്ന അക്രമങ്ങളെ അപലപിക്കുമ്പോഴും അതിനെ രാജസ്ഥാനിലും ബംഗാളിലും നടക്കുന്ന സ്ത്രീകള്ക്ക് നേരെയുള്ള അക്രമങ്ങളോട് സാമ്യപ്പെടുത്താനാണ് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്ട്ടിയും ശ്രമിച്ചത്.
ലളിതമായി പറഞ്ഞാല്, ഞങ്ങള് ഭരിക്കുന്ന സംസ്ഥാനങ്ങളില് മാത്രമല്ല, അവര് ഭരിക്കുന്ന സംസ്ഥാനങ്ങളിലും സ്ത്രീകള് അക്രമിക്കപ്പെടുന്നുണ്ട് എന്ന് കാണിക്കാനായിരുന്നു പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന്റെയും ശ്രമം. മണിപ്പൂരില് നടക്കുന്നത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ പോലെ സ്ത്രീ പീഡനങ്ങള് മാത്രമല്ലെന്നും കൃത്യമായ വംശഹത്യ ആണെന്നും അറിയാത്ത ആളല്ല പ്രധാനമന്ത്രി. സ്ത്രീ ആയതിന്റെ പേരില് മാത്രമല്ല അവര് പീഡിപ്പിക്കപ്പെട്ടത്, ഒരു പ്രത്യേക വംശത്തില് ജനിച്ചു എന്നതിന്റെ പേരില് കൂടിയാണ്. ഒരു വംശത്തിനെതിരായ അക്രമത്തിന് സ്ത്രീകളെ ബലിയാടാക്കുകയായിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ പീഡനങ്ങള് ഉയര്ത്തി കാണിച്ചത് കൊണ്ട് മാത്രം ഈ പാപക്കറയില് നിന്നും രക്ഷനേടാന് കഴിയില്ലെന്ന തോന്നല് കൊണ്ടാണ് ഓപ്പണ്ഹൈമര് പോലെയുള്ള സിനിമകളില് മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണം ഉന്നയിച്ചുകൊണ്ട് ജനങ്ങളുടെ ശ്രദ്ധ മാറ്റാന് ശ്രമിക്കുന്നത്.
സിനിമയിലെ നായകനും നായികയും ലൈംഗിക ബന്ധത്തില് ഏര്പ്പെടുന്ന രംഗത്തില് ഭഗവദ് ഗീത ഉപയോഗിച്ചത് മത വികാരം വ്രണപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണെന്നാണ് ഹിന്ദുത്വ സംഘടനകളും ബിജെപിയും ഉയര്ത്തുന്ന വാദം. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര് ഉള്പ്പടെ സമാന ആരോപണവുമായി മുന്നോട്ട് വന്നിരുന്നു. ഒരു സിനിമയില് ഒരു രംഗം ഉള്കൊള്ളിക്കുമ്പോള് അത് വിനിമയം ചെയ്യാന് ഉദ്ദേശിക്കുന്ന എന്തെങ്കിലും ആശയം ഉണ്ടായിരിക്കും. ഓപ്പണ്ഹൈമറിലെ വിവാദ രംഗത്തിന്റെ ഉദ്ദേശം എന്തായിരുന്നു? അതിന് കുറഞ്ഞപക്ഷം ആ രംഗം എങ്ങനെയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്ന് അറിയേണ്ടതുണ്ട്.
കേവലം ഒരു ലൈംഗിക രംഗം എന്നതിലുപരി വിവിധ മേഖലകളില് നായകന് വിദഗ്ധന് ആണെന്ന് കാണിക്കാന് കൂടി സഹായകമാകുന്ന രീതിയിലാണ് ആ വിവാദ രംഗം നിര്മ്മിച്ചിരിക്കുന്നത്. ശാസ്ത്ര പുസ്തകങ്ങള് പ്രതീക്ഷിച്ച് നായകന്റെ പുസ്തക ശേഖരത്തിലേക്ക് നോക്കുന്ന നായിക ആദ്യം കാണുന്നത് സിഗ്മണ്ട് ഫ്രോയിഡിന്റെ ഒരു പുസ്തകമാണ്. ശേഷം അതേ ഷെല്ഫില് നിന്നും നായിക ഭഗവദ് ഗീത എടുക്കുമ്പോള് നായകന് അതിലെ സംസ്കൃത പദങ്ങള് വായിച്ച് അര്ത്ഥം പറഞ്ഞു കൊടുക്കുന്നു.
''മൃത്യുഃ സര്വ്വഹരശ്ചാഹമുദ്ഭവശ്ച ഭവിഷ്യതാം
കീര്ത്തിഃ ശ്രീര്വാക്ച നാരിണാം സ്മൃതിര്മേധാ ധൃതിഃ ക്ഷമാ''
എന്ന ഭഗവദ് ഗീത ഭാഗമാണ് ഓപ്പണ്ഹൈമറില് ഉപയോഗിച്ചിരിക്കുന്നത്.
'സര്വ്വസംഹാരിയായ മരണവും, ഭാവിയുടെ ഉദ്ഭവസ്ഥാനവും, സ്ത്രീകളില് യശസ്സ്, ഭാഗ്യം, സുന്ദര ഭാഷണം, ഓര്മ്മശക്തി, ബുദ്ധി, സൈസ്ഥര്യം, ക്ഷമ എന്നിവയും ഞാനാണ്' എന്ന് മലയാളം പരിഭാഷ. സിനിമയില് പക്ഷേ ഇത് ഉപയോഗിച്ചിരിക്കുന്നത് ഓപ്പണ്ഹൈമര് തന്നെ പണ്ടൊരു അഭിമുഖത്തില് ഉദ്ധരിച്ചത് പോലെ, 'Now I have become death, the destroyer of the worlds' എന്ന രീതിയിലാണ്. അതിലെ കാവ്യാത്മകതയും ദാര്ശനികതയും അദ്ദേഹത്തെ തീര്ച്ചയായും സ്വാധീനിച്ചിരിക്കണം. ലോക പ്രശസ്ത ശാസ്ത്രജ്ഞന് ഓപ്പണ്ഹൈമര്ക്ക് മനശാസ്ത്രത്തിലും ലോകത്തിലെ വിവിധ ഭാഷകളിലും, സംസ്കാരത്തിലും പ്രാഗത്ഭ്യം ഉണ്ടായിരുന്നു എന്ന് തെളിയിക്കുക എന്ന ഉദ്ദേശം കൂടി നിലനിര്ത്തി ആയിരുന്നിരിക്കണം ഫ്രോയിഡിന്റെ പുസ്തകവും ഭഗവദ് ഗീതയും ആ രംഗത്തില് ഉപയോഗിച്ചത്.
ഫ്രോയിഡ് മതമായി പരിണമിച്ചിട്ടില്ലാത്തതിനാല് ആദ്യ പുസ്തകം ആരുടെയും വികാരം വ്രണപ്പെടുത്തിയില്ല. പക്ഷേ രണ്ടാമത്തെ പുസ്തകം വ്രണപ്പെടുത്തലിലേക്ക് നയിച്ചു. ഓപ്പണ്ഹൈമറിന്റെ ഇന്ത്യന് പതിപ്പില് യഥാര്ഥ ചിത്രത്തിലെ ചില ഭാഗങ്ങള് നീക്കം ചെയ്താണ് പ്രദര്ശിപ്പിച്ചിരിക്കുന്നത്. പത്തോളം മിനുറ്റ് വരുന്ന ലൈംഗിക രംഗം ഒരു മിനിറ്റോളമായി കുറച്ചു. നായികയുടെ നഗ്നത കാണിക്കുന്ന ഭാഗത്ത് കറുത്ത തുണി ഉപയോഗിച്ചു. U/A സര്ട്ടിഫിക്കറ്റ് ലഭിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. ഇത് വഴി 12 വയസ്സിന് മുകളിലുള്ള ഏതൊരാള്ക്കും ചിത്രം തിയ്യറ്ററില് നിന്ന് തന്നെ കാണാനും അത് വഴി നിര്മ്മാതാക്കള്ക്ക് കൂടുതല് സാമ്പത്തിക നേട്ടമുണ്ടാക്കാനും കഴിയും. സിനിമയുടെ നിര്മ്മാതാക്കള് തന്നെ സ്വയം സെന്സര് ചെയ്തൊരു ഭാഗത്തെ ചൊല്ലിയാണ് നാം വിവാദം ഉയര്ത്തുന്നത് എന്നതാണ് ബഹുരസം.
സാധാരണ രീതിയില് ഓപ്പണ്ഹൈമര്ക്ക് അണു ബോംബ് നിര്മ്മിക്കാനുള്ള ആശയം ലഭിച്ചത് ഭഗവദ് ഗീതയില് നിന്നാണെന്ന ഹിന്ദുത്വ സംഘടനകളുടെ ഭോഷ്ക് പറച്ചിലില് ഒതുങ്ങേണ്ടിയിരുന്ന രംഗമാണ് മണിപ്പൂര് കലാപത്തിന്റെ പ്രത്യേക സാഹചര്യത്തില് വിവാദമായിരിക്കുന്നത്. ഐന്സ്റ്റീന്റെയും മറ്റ് പല ശാസ്ത്രജ്ഞരുടെയും സിദ്ധാന്തങ്ങള് ഭഗവദ് ഗീതയില് നിന്നും കടം കൊണ്ടതാണെന്ന് മുന്പ് ഭോഷ്ക് പറഞ്ഞു നടന്നിരുന്ന അതേ ഹിന്ദുത്വ സംഘടനകളാണ് ഓപ്പണ്ഹൈമറോട് ഈ ഇരട്ട നീതി കാട്ടുന്നത്. ഒരുപക്ഷേ ഐന്സ്റ്റീന് ലൈംഗിക ബന്ധത്തിനിടയില് ഭഗവദ് ഗീതയെ കുറിച്ച് ചിന്തിച്ചിട്ട് പോലും ഉണ്ടാകില്ല എന്ന പ്രതീക്ഷ ആയിരിക്കും ഇത്രയും നാള് അങ്ങനെയൊക്കെ പ്രചരിപ്പിച്ചു നടക്കാന് അവരെ പ്രേരിപ്പിച്ചത്.
ഹിന്ദുത്വവാദികള് അടിസ്ഥാനമായി മറന്നു പോകുന്ന കാര്യം, ഭാരതീയ സംസ്കാരമോ ഹിന്ദു മതമോ ലൈംഗീകതയെ പാപമായി കണ്ടിരുന്നില്ല എന്നതാണ്.വാത്സ്യായനന്റെ കാമസൂത്രം സംസ്കാരത്തിന്റെ ഭാഗമായി ആഘോഷിക്കപ്പെടുന്ന നാടാണിത്. പുരാണങ്ങളും പ്രാചീന കൃതികളും പരിശോധിച്ചാല് ദൈവങ്ങളുടെയും ഇതിഹാസ കഥാപാത്രങ്ങളുടെയും ലൈംഗീക കേളികളുടെ വിശദമായ വിവരണങ്ങള് കാണാന് കഴിയും. ബ്രഹ്മചാരികളും സന്യാസികളും മാത്രമാണ് മിക്കപ്പോഴും ലൈംഗീകതയുടെ പരിധിയില് നിന്നും ഒഴിഞ്ഞു നടന്നിരുന്നത്. ദൈവങ്ങള് മുതല് രാജകീയ കഥാപാത്രങ്ങള് പോലും ലൈംഗീകതയെ പാപമായി പരിഗണിച്ചിരുന്നില്ല. പുതിയ ഇന്ത്യയില് ആയിരുന്നെങ്കില് ഒരുപക്ഷേ ഇവയൊക്കെ വികാരം വ്രണപ്പെടുത്തല് ആയി വിലയിരുത്തപ്പെട്ടേനെ.
'' മമ രുചിരേ ചികുരേ കുരു മാനദ മാനസിജ ധ്വജ ചാമരേ
രതിഗളിതേ ലളിതേ കുസുമാനി ശിഖണ്ഡി ശിഖണ്ഡക ഡാമരേ
നിജഗാദ സാ യദുനന്ദനേ ക്രീഡതി ഹൃദയാനന്ദനേ''
ഗീതാഗോവിന്ദത്തിലെ ഈ വരികള് ക്ഷേത്രങ്ങളില് പൂജാ സമയങ്ങളില് ഉള്പ്പടെ ഉപയോഗിക്കപ്പെടുന്നവയാണ്. അവയുടെ മലയാളം പരിഭാഷ ഇപ്രകാരമാണ്.
" ഓ... പ്രിയനേ.. മറ്റുള്ളവരെ മാനിയ്ക്കുകയും, പരിഗണിയ്ക്കുകയും ചെയ്യുക നിന്റെ ശീലമാണ്. പൂക്കളാല് അലങ്കരിച്ച എന്റെ കേശഭാരത്തെ നീ പീലി വിടര്ത്തിയാടുന്ന മയിലിന്റെ വര്ണ്ണപ്പീലികളോട് ഉപമിച്ചു. എന്നാല് ഇപ്പോള് രതിയുടെ ആവേശത്തില് കാമദേവന്റെ പതാക പോലെ ഉലഞ്ഞാടി കെട്ടഴിഞ്ഞ്, വിടര്ന്ന് അത് ഒരു വശത്തേയ്ക്ക് വീണു കിടക്കുന്നു. നീ അതിനെ മൂന്നായി വകഞ്ഞ് കെട്ടി അതില് പൂക്കളും, മുട്ടുകളും അടുക്കി സ്വര്ഗ്ഗീയ സുഗന്ധം നിറച്ചാലും... യദുനന്ദനന്റ്റെ രതിക്രീഡകളില് പുളകിതയായി രാധ, ഹര്ഷോന്മാദത്തില് ഹൃദയത്തിലൂറിയ വാക്കുകളുടെ അവന്റ്റെ കര്ണ്ണങ്ങളില് അമൃത മഴയായി ചൊരിഞ്ഞ് കൊണ്ടേയിരുന്നു''.
പൂജാ സമയങ്ങളില് പോലും ഇത്തരത്തില് ലൈംഗീകത ഉള്പ്പെടുന്ന ഭാഗങ്ങള് ഉപയോഗിക്കാന് ഹിന്ദു മതത്തിന് കഴിയുന്നത് അത് ലൈംഗീകതയെ പാപമായി കാണാത്തത് കൊണ്ടാണ്.ഖജുരാഹോ ക്ഷേത്രത്തിലെ ലൈംഗീകത വിളിച്ചോതുന്ന ശില്പങ്ങള് ഇവയുടെ മറ്റൊരു ഉദാഹരണമാണ്. പ്രാചീന മതങ്ങളുടെ ഒരു പൊതു സ്വഭാവമാണിതെന്ന് ചരിത്രം പരിശോധിച്ചാല് ബോധ്യമാകും. ഗ്രീക്ക് മിത്തോളജിയിലും സമാന രീതിയില് ലൈംഗീകത ആഘോഷിക്കപ്പെടുന്നത് കാണാം. ഹിന്ദു പുരാണത്തിലെ കാമദേവനും ഗ്രീസിലെ ക്യുപ്പിഡുമൊക്കെ ഇതിന്റെ ബിംബങ്ങളാണ്. എന്നാല് ഹിന്ദുത്വ സംഘടനകള് വര്ഷങ്ങളായി
ശ്രമിച്ചുകൊണ്ടിരിക്കുന്നത് വിക്ടോറിയന് കാലഘട്ടത്തിലെ കപട സദാചാര ബോധത്തിലേക്ക് ഹിന്ദു മതത്തേയും കൊണ്ട് പോകാനാണ്.വാലന്റ്റൈന്സ് ദിനത്തില് കമിതാക്കളെ ചൂരലും കൊണ്ട് നേരിടാന് ബജ്രംഗ് ദള് പോലെയുള്ള സംഘടനകള്ക്ക് പ്രചോദനമാകുന്നതും ഈ കപട സദാചാരബോധമാണ്. ലൈംഗീകതയ്ക്കിടയില് ഭഗവദ് ഗീത വായിക്കാന് പാടില്ലായെന്ന ലിഖിത നിയമം ഹിന്ദു മതത്തില് എവിടെയെങ്കിലും നിലനില്ക്കുന്നതായി രേഖകളില്ല. അതേ സമയം വേദങ്ങള് പാരായണം ചെയ്യുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള് കൃത്യമയി പ്രതിപാദിക്കുന്നുണ്ട് താനും. പക്ഷേ ഇന്നത്തെ കാലത്ത് അവയില് എല്ലാം പാലിക്കുക അപ്രയോഗികമാണ്. ഉദാഹരണത്തിന്, താഴ്ന്ന ജാതികളെന്ന് പരിഗണിക്കപ്പെട്ടിരുന്നവര്ക്ക് ഒരു കാലത്ത് വേദങ്ങള് വായിക്കാനോ പഠിക്കാനോ അവകാശം ഉണ്ടായിരുന്നില്ല.എന്ന് കരുതി ആചാര സംരക്ഷണം എന്ന പേരില് ഇന്നത്തെ കാലത്ത് ഏതെങ്കിലും ഹിന്ദുത്വ സംഘടനകള് അത്തരം ജാതികളില്പ്പെട്ടവര് വേദം വായിക്കുന്നത് തടഞ്ഞാല് ഭരണഘടനാപരമായി അവയെ പ്രതിരോധിക്കേണ്ട ബാധ്യത രാഷ്ട്രത്തിനും ഓരോ പൌരനുമുണ്ട്.മതങ്ങള്ക്ക് ഭരണഘടന നല്കുന്ന അവകാശങ്ങള് ഒന്നും തന്നെ മൌലീക അവകാശങ്ങളായ തുല്യതയുടെയോ സ്വാതന്ത്ര്യത്തിന്റെയോ മുകളില് അല്ലെന്ന് ഈ അവസരത്തില് ഓര്ക്കേണ്ടതുണ്ട്.
ഏറെ നേട്ടങ്ങള് അവകാശപ്പെടാനുള്ള രാജ്യമാണ് ജര്മനി. പക്ഷേ ഇന്ന് ആ രാജ്യത്തിന്റെ പേര് കേള്ക്കുമ്പോള് ഭൂരിഭാഗം മനുഷ്യരുടേയും മനസ്സിലേക്ക് ആദ്യം കടന്നു വരിക ജൂതന്മാര്ക്കെതിരെ ഹിറ്റ്ലര് നടത്തിയ ക്രൂരതകളായിരിക്കും.സമാന രീതിയില് ഇന്ത്യ എന്ന രാജ്യത്തെയും ഹിന്ദു മതത്തെയും കുറിച്ച് ലോകരാഷ്ട്രങ്ങള്ക്ക് മുമ്പില് അവമതിപ്പുണ്ടാക്കാന് മാത്രമേ ഹിന്ദുത്വ ശക്തികളുടെ വിവാദ ഇടപെടലുകള് സഹായിക്കു.
ഓപ്പണ്ഹൈമര് ലൈംഗീകതയില് എര്പ്പെടുന്നതോ ഭഗവദ് ഗീത വായിക്കുന്നതോ അല്ല ഈ രാജ്യത്തെ പ്രധാന പ്രശ്നം എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. മണിപ്പൂരിലെ വംശഹത്യയും, വിദ്യാഭ്യാസം ഉണ്ടായിട്ടും തൊഴിലില്ലാതെ അലയുന്ന യുവത്വവും, വിലക്കയറ്റവും പട്ടിണിയും മൂലം അലയുന്ന ജനതയും ആയിരിക്കണം നമ്മുടെ പ്രധാന പ്രശ്നങ്ങള്. വിശന്നിരിക്കുന്നവന് മതമല്ല ആഹാരമാണ് ആദ്യം ആവശ്യമെന്ന വിവേകാനന്ദ ചിന്ത ഉയര്ത്തിപ്പിടിക്കേണ്ട കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത് !