ശാസ്ത്രവും മിഥ്യയും പുരാണവും സങ്കല്പ്പവും കൂട്ടിക്കുഴച്ച് ആവശ്യത്തിനും അനാവശ്യത്തിനും വിവാദങ്ങള് സൃഷ്ടിക്കപ്പെടുന്ന കാലമാണിത്. രണ്ട് ദിവസമായി കേരളത്തിലെ ചര്ച്ച ഗണപതിയെ ചുറ്റിപ്പറ്റിയാണ്. ഗണപതിയെക്കുറിച്ച് സ്പീക്കര് എഎന് ഷംസീര് പറഞ്ഞത് വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നാണ് ആരോപണം ഉയര്ന്നത്.
ഷംസീര് പറഞ്ഞത് എന്താണ്?
"പാഠപുസ്തകങ്ങളില് ശാസ്ത്രത്തിന് പകരം മിത്തുകളെ പ്രോത്സാഹിപ്പിക്കുകയാണ്. എന്തൊക്കെയാണിപ്പോള് പഠിപ്പിക്കാന് ശ്രമിക്കുന്നത്. വിമാനം കണ്ടുപിടിച്ചതിന്റെ ഉത്തരം എന്റെ കാലത്ത് റൈറ്റ് ബ്രദേഴ്സ് ആണ്. പുരാണകാലത്തേ വിമാനമുണ്ടെന്നും ലോകത്തിലെ ആദ്യത്തെ വിമാനം പുഷ്പകവിമാനമാണെന്നും ഇപ്പോള് പറയുന്നു.
ശാസ്ത്ര സാങ്കേതികരംഗം വികസിക്കുമ്പോള് സയന്സിന്റെ സ്ഥാനത്ത് മിത്തുകളെ അവതരിപ്പിക്കുന്നു. അതിന്റെ ഭാഗമാണ് വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിന് റൈറ്റ് സഹോദരന്മാര് എന്നെഴുതിയാല് തെറ്റാകുന്നതും പുഷ്പകവിമാനം ശരിയാകുന്നതും. കല്യാണം കഴിച്ചാല് കുട്ടികളുണ്ടാകാത്തവര് ഐവിഎഫ് ട്രീറ്റ്മെന്റിന് പോകാറുണ്ട്. ട്രീറ്റ്മെന്റില് ചിലര്ക്ക് ഒന്നിലേറെ കുട്ടികളുണ്ടാകും. ഐവിഎഫ് ട്രീറ്റ്മെന്റ് പണ്ടേയുണ്ടെന്നും അങ്ങനെയാണ് കൗരവര് ഉണ്ടായതെന്നും പറയുന്നു. പ്ലാസ്റ്റിക് സര്ജറി മെഡിക്കല് സയന്സിലെ പുതിയ കണ്ടുപിടിത്തമാണ്. പ്ലാസ്റ്റിക് സര്ജറിയും പുരാണ കാലത്തേ ഉള്ളതാണെന്നും മനുഷ്യന്റെ ശരീരവും ആനയുടെ മുഖവുമുള്ള ഭഗവാന് ഗണപതി ഇതിന്റെ ഉദാഹരണമാണെന്നും പറയുന്നു".
വിവാദം, ആരോപണങ്ങള്...
ശാസ്ത്രം ശാസ്ത്രവും മിത്ത് മിത്തുമാണെന്ന് തിരിച്ചറിയാതെ പോകുന്നതിനെക്കുറിച്ചുള്ള ഷംസീറിന്റെ പ്രസ്താവന എങ്ങനെയാണ് വിവാദമായത്? ഷംസീറിന്റെ പ്രസ്താവനക്ക് പിന്നാലെ ഉടലെടുത്ത വിവിധ പ്രതിഷേധങ്ങള് എന്എസ്എസ് ജനറല് സെക്രട്ടറി ജി സുകുമാരന് നായരുടെ പ്രതികരണത്തോടെയാണ് വലിയ വിവാദമായത്. എന്എസ്എസിന്റെ എതിര്പ്പിനെ ഏറ്റുപിടിച്ച് ബിജെപിയും ഹിന്ദു ഐക്യവേദിയും കോണ്ഗ്രസും മുസ്ലിം ലീഗുമെല്ലാം രംഗത്തെത്തി.
സ്പീക്കറുടെ ഗണപതി പരാമര്ശം വര്ഗീയവാദികള്ക്ക് അവസരം ഒരുക്കലാണെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പ്രതികരിച്ചത്. വര്ഗീയ വാദികളും രാഷ്ട്രീയ മുതലെടുപ്പ് നടത്താന് ആഗ്രഹിക്കുന്നവരും ചാടി വീഴാന് അവസരം കാത്തിരിക്കുകയാണ്. പ്രസ്താവന വന്നതിന് ശേഷം കൈവെട്ടും കാലുവെട്ടും തുടങ്ങി സ്ഥിരം ഇത്തരം പ്രസ്താവനകള് നടത്തുന്നവര് വിഷയത്തെ ആളികത്തിച്ചുവെന്നും വി ഡി സതീശന് വിമര്ശിച്ചു. സംഘപരിവാറിന്റെ വര്ഗീയ ധ്രുവീകരണത്തിന് സിപിഐഎം വെടിമരുന്ന് നല്കിയെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന് പറഞ്ഞത്. വര്ഗീയ വിഭജനത്തിനാണ് സിപിഐഎമ്മും സംഘപരിവാറും ശ്രമിക്കുന്നത്. വിശ്വാസികളെ വേദനിപ്പിച്ച പരാമര്ശങ്ങള് തിരുത്തി സ്പീക്കര് പ്രശ്നം അവസാനിപ്പിക്കണം. ഭരണഘടനാസ്ഥാപനത്തിന്റെ തലപ്പത്തിരുന്നുകൊണ്ട് സ്പീക്കര് നടത്തിയ ഗുരുതരമായ പരാമര്ശങ്ങള്ക്ക് സിപിഐഎം നല്കുന്ന പൂര്ണ സംരക്ഷണം മതേതര കേരളത്തെ കുത്തിനോവിക്കുന്നതാണെന്നും സുധാകരന് ആരോപിച്ചു. നടക്കുന്നത് നിര്ഭാഗ്യകരമായ ചര്ച്ചയാണെന്ന് മുസ്ലിം ലീഗും പ്രതികരിച്ചു. അദൃശ്യ കാര്യങ്ങള് വിശ്വസിക്കല് ഇസ്ലാമില് നിര്ബന്ധമാണ്. സ്പീക്കര് ചര്ച്ച ഒഴിവാക്കണമായിരുന്നു. എല്ലാ കാലത്തും ലീഗ് വിശ്വാസികള്ക്കൊപ്പമാണ്. ഏത് മതത്തെക്കുറിച്ചാണെങ്കിലും ഹാനികരമായതൊന്നും പറയാന് പാടില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഷംസീറിനെതിരെ രംഗത്തുവന്ന ഹൈന്ദവ സംഘടനകള്ക്കൊപ്പം ബിജെപിയുണ്ടാകുമെന്ന് നേതാക്കള് ഉറപ്പിച്ചു പറഞ്ഞു. ഹിന്ദുമത വിശ്വാസങ്ങളെ തകര്ക്കാനാണ് ശ്രമം നടക്കുന്നത്. ഹൈന്ദവ സമൂഹത്തെ ശാസ്ത്രം പഠിപ്പിക്കാന് ഷംസീറും ഗോവിന്ദനും ആയിട്ടില്ലെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു. ശബരിമല വിഷയത്തിലേതിനെക്കാള് വലിയ തിരച്ചടി സിപിഐഎമ്മിന് ലഭിക്കുമെന്നും പി കെ കൃഷ്ണദാസ് കൂട്ടിച്ചേര്ത്തു. ഖേദം പ്രകടിപ്പിക്കാന് തയ്യാറാകാത്ത എ എന് ഷംസീറിന്റെ നിലപാട് ധാര്ഷ്ട്യവും വെല്ലുവിളിയുമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന് അഭിപ്രായപ്പെട്ടു. സ്വന്തം സമുദായത്തിന്റെ കാര്യത്തില് ഷംസീര് ഇതേ സമീപനം സ്വീകരിക്കുമോ. പ്രസ്താവന തിരുത്താന് തയ്യാറാകാത്ത സ്പീക്കറോട് കോണ്ഗ്രസ് എന്ത് നിലപാട് സ്വീകരിക്കും. ഏറ്റവും വലിയ വിശ്വാസി സമൂഹത്തിന്റെ നിലപാടിന് വില നല്കാത്തത് പ്രതിഷേധാര്ഹമാണ്. ഹിന്ദു സമൂഹം ആരാധിക്കുന്ന മൂര്ത്തിയെ മിത്തായി കാണുന്ന സിപിഐഎം വിനായകാഷ്ടകം രചിച്ച ശ്രീ നാരായണ ഗുരു അന്ധവിശ്വാസം പ്രചരിപ്പിച്ചുവെന്ന് പറയുമോയെന്നും വി മുരളീധരന് ചോദിച്ചു.
മാപ്പ് പറയില്ല, തിരുത്തില്ല; എം വി ഗോവിന്ദന്റെ മറുപടി
സ്പീക്കര് എ എന് ഷംസീറിനെ പിന്തുണച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞത് ഷംസീര് പറഞ്ഞ വിഷയത്തില് മാപ്പും തിരുത്തുമില്ലെന്നാണ്. ഷംസീര് പറഞ്ഞത് മുഴുവന് ശരിയാണെന്നും എം വി ഗോവിന്ദന് നിലപാട് സ്വീകരിച്ചു. എന് എസ് എസിനെ പരാമര്ശിക്കാതെയായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.
എതെങ്കിലും മതത്തിനോ മത വിശ്വാസികള്ക്കോ എതിരായ നിലപാട് സ്വീകരിക്കുന്ന പാര്ട്ടിയല്ല സിപിഐഎം. ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇപ്പോള് നടക്കുന്നത്. ഷംസീറിന്റെ പ്രസംഗത്തിന്റെ പേരിലാണല്ലോ വിവാദം. അതിന്റെ പേരില് ഗണപതി ക്ഷേത്രങ്ങളില് പൂജ നടത്തുകയാണല്ലോ. പൂജ നടത്തുന്നത് നല്ലതാണ്. അമ്പലത്തില് പോകാനുള്ള അവകാശത്തിനായി പോരാടുന്ന പ്രസ്ഥാനമാണ് സിപിഐഎം. എന്നാല് ഇത് രാഷ്ട്രീയ ആയുധമാക്കുന്നതിലേക്ക് മാറുന്നില്ലേ എന്ന് സ്വയം പരിശോധിക്കണമെന്നും എം വി ഗോവിന്ദന് പറഞ്ഞു.
എന്എസ്എസ് ഉന്നംവെക്കുന്നതെന്ത്?
ഷംസീറിന്റെ പരാമര്ശത്തിനെതിരെ അതിശക്തമായി രംഗത്തുവരുന്നു. വിശ്വാസികളെ സംഘടിപ്പിച്ച് പ്രതിഷേധത്തിനിറക്കുന്നു. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയതുപോലെ നാമജപ ഘോഷയാത്ര നടത്തുന്നു. ഇതിലൂടെ എന്എസ്എസും ജനറല് സെക്രട്ടറി ജി സുകുമാരന് നായരും ലക്ഷ്യമിടുന്നതെന്താണ്?
പാര്ലമെന്റ് തിരഞ്ഞെടുപ്പ് തന്നെ എന്ന് നിസംശയം പറയാം. ശബരിമല സ്ത്രീപ്രവേശനം വിഷയമായപ്പോള് കഴിഞ്ഞ പാര്ലമെന്റ് തിരഞ്ഞെടുപ്പില് ഇടതുപക്ഷം കനത്ത തോല്വിയേറ്റുവാങ്ങിയിരുന്നു. അന്ന് കോണ്ഗ്രസ് വിജയം തൂത്തുവാരിയപ്പോള്, ശബരിമലവിധിക്കെതിരെ സുകുമാരന്നായരുടെ നേതൃത്വത്തില് നടന്ന സമരമാണ് ഇടതുമുന്നണിയുടെ നെറുകയിലടിച്ചതും പരാജയത്തിലേക്ക് നയിച്ചതും എന്ന് പരക്കെ ചര്ച്ചകള് വന്നിരുന്നു. (അതില് സത്യത്തിന്റെ അംശം ഉണ്ടായിരുന്നോ എന്നത് വേറെ കാര്യം!) ഇതിന്റെ ആവര്ത്തനമാണ് സുകുമാരന് നായര് ഇക്കുറി ഉന്നംവെക്കുന്നത്. ഷംസീറിനെതിരായ ഈ നീക്കം തിരഞ്ഞെടുപ്പില് യുഡിഎഫിന് ഗുണം ചെയ്യുമെന്ന് സുകുമാരന് നായര് മനക്കണക്ക് കൂട്ടുന്നു. അങ്ങനെ വന്നാല്, താനൊരു രക്ഷകനായില്ലേ എന്ന് സുകുമാരന് നായര്ക്ക് യുഡിഎഫ് നേതാക്കളോട് ചോദിക്കാം, പലതിലും ഉപാധി വെക്കാം.
എന്എസ്എസിന്റെ എല്ലാ കാലത്തെയും വലിയ ആവശ്യങ്ങളിലൊന്നായിരുന്നു മുന്നാക്ക സംവരണം. അത് നടപ്പാക്കിയ പിണറായി വിജയന് സര്ക്കാരിനോട് പക്ഷേ സുകുമാരന് നായര്ക്ക് വലിയ മമതയൊന്നുമില്ല. ആത്യന്തികമായി സുകുമാരന് നായര് ഒരു കോണ്ഗ്രസുകാരനാണെന്നത് പരസ്യമായ രഹസ്യമാണ്. നായന്മാരില് തന്നെ എത്രപേര് സുകുമാരന് നായരുടെ വാക്ക് കേട്ട് മാത്രം വോട്ട് ചെയ്യുമെന്നതൊക്കെ കാലാകാലങ്ങളായി ചര്ച്ച ചെയ്യപ്പെടുന്ന കാര്യമാണ്. നായര് സമുദായത്തിലെ പകുതിയുടെ പകുതി ആളുകള് പോലും അതിന് തയ്യാറാവില്ലെന്നതാണ് സത്യം. ചില മണ്ഡലങ്ങളിലൊക്കെ നായര് സമുദായത്തിന്റെ വോട്ടുകള് നിര്ണായകമല്ലേ, സുകുമാരന് നായരുടെ തന്ത്രങ്ങള് ഫലവത്താകില്ലേ എന്നൊക്കെ പറയാമെന്നേ ഉള്ളു. സമുദായനേതൃത്വത്തിന്റെ ഗര്വ്വില് പലപ്പോഴും താക്കോല്സ്ഥാനത്തിനൊക്കെ അവകാശവാദമുന്നയിച്ചിട്ടുണ്ടെങ്കിലും വലിയ സ്വാധീനമൊന്നും കേരളരാഷ്ട്രീയത്തില് സുകുമാരന് നായര്ക്ക് ഇല്ല എന്നത് അധികമാരും എതിര്ക്കാനിടയില്ല. പക്ഷേ, സുകുമാരന് നായര്ക്ക്, തന്നെയും എന്എസ്എസിനെയും കേരളത്തിലെ നിര്ണായകശക്തിയായി കാണാനാണ് ഇഷ്ടം. ഏതൊക്കെയോ കാരണങ്ങളാല് രാഷ്ട്രീയനേതാക്കളും അത് സമ്മതിച്ചുപോരുന്നു എന്ന് മാത്രം.
എന്നാല്, ഇക്കുറി സുകുമാരന് നായരുടെ തന്ത്രം ഫലം കാണുമോ എന്നത് കണ്ടറിയണം. വര്ഗീയത പറഞ്ഞ് കോലാഹലമുണ്ടാക്കുന്നത് ഗുണമല്ല ദോഷമാണ് ചെയ്യുകയെന്നത് മണിപ്പൂരും ഹരിയാനയും വലിയ ചര്ച്ചയായിരിക്കുന്ന ഇക്കാലത്ത് സുകുമാരന് നായര് മനസ്സിലാക്കേണ്ടതല്ലേ? ഷംസീര് മാത്രമല്ല കോണ്ഗ്രസ് നേതാവും എംപിയുമായ ശശി തരൂരും പ്ലാസ്റ്റിക് സര്ജറിയുമായി ബന്ധപ്പെടുത്തി ഗണപതി പരാമര്ശം നടത്തിയിട്ടുണ്ട്. 2014ല് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതിന്റെ ചുവടുപിടിച്ചായിരുന്നു അന്ന് അതിനെ ശശി തരൂര് വിമര്ശിച്ചത്. ഗണപതി പരാമര്ശം വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന് രോഷം കൊള്ളുന്ന സുകുമാരന് നായര് ശശി തരൂരിനെതിരെ വാളെടുക്കാന് തയ്യാറാകുമോ? ഡല്ഹി നായരെന്ന ആനുകൂല്യം ശശി തരൂരിന് നല്കുകയാണെന്ന് സംശയിച്ചാല് ഷംസീര് പറഞ്ഞതുകൊണ്ട് മാത്രമാണ് ഇപ്പോഴീ ബഹളമെന്നും പൊതുജനം ചിന്തിക്കുന്നതില് എന്താണ് തെറ്റ്!