മാധവിക്കുട്ടിയെ ആഘോഷമാക്കിയവര് വിളയില് ഫസീലയെ കാണാതിരുന്നത് എന്തുകൊണ്ട്?

കമല സുരയ്യയുടെ മയ്യത്തു നിസ്കാരം ഓര്ക്കുന്നുണ്ടോ? മതമൗലികവാദികളുടെ തിക്കും തിരക്കുമായിരുന്നു. മാധവിക്കുട്ടി എന്ന ലോകപ്രശസ്ത എഴുത്തുകാരിയെ മുസ്ലിങ്ങളുടെ ബ്രാന്ഡ് അംബാസിഡറായി കിട്ടി എന്ന സന്തോഷം മാത്രമല്ല അതിനു കാരണം.

താഹ മാടായി
2 min read|16 Aug 2023, 04:30 pm
dot image

വിളയില് ഫസീല മലയാളി മുസ്ലിം സര്ഗാത്മക പ്രതിനിധാനങ്ങളില് ഏറ്റവും പ്രധാനപ്പെട്ട ഒരു പേരാണ്. മാപ്പിളപ്പാട്ട് പാടിപ്പാടി മാപ്പിളയായി തീര്ന്ന ഒരു ജീവചരിത്രം അവര്ക്കുണ്ട്. അത് വേറൊരു തരത്തില് ഏറനാടന് പെണ് ഗാഥയാണ്. ജന്മസിദ്ധമായി ഒരാള് ഒരു മതത്തിലോ സമുദായത്തിലോ ജാതിയിലോ ജനിച്ചു വീഴുകയും പിന്നെ ജനിച്ച മതത്തിന്റെ വാഴ്ത്തുപാട്ടുമായി ജീവിക്കുകയും ചെയ്യുന്ന 'അവരവര് പിറന്ന മത' വക്താക്കളില് നിന്ന് വ്യത്യസ്തമായ മത മാനങ്ങള്, പിറന്ന മതത്തെ /ജാതിയെ ഉപേക്ഷിച്ച് മറ്റൊരു മതത്തിന്റെ ആശയലോകത്തെ സ്വീകരിക്കുന്നവരിലുണ്ട്.

ആ തിരഞ്ഞെടുപ്പില് അവര് ഒരുപാട് തിരസ്കാരങ്ങള്, ഒറ്റപ്പെടുത്തലുകള് അഭിമുഖീകരിക്കുന്നുണ്ട്. അത് വളരെ ധീരമായ തിരഞ്ഞെടുപ്പാണ്. ഇപ്പോഴും ജനിച്ച മതം ലോകത്തിലെ ഏറ്റവും നല്ല മതം എന്ന് പറയുന്നവരാണ് ലോകത്തിലെ മത വിശ്വാസികളേറെയും. മതം മാറുക എന്നത് ആ നിലയില് ധീരത ആവശ്യമായി വരുന്ന തിരഞ്ഞെടുപ്പാണ്. വിളയില് വത്സല, ഫസീല ആകുമ്പോള് ആ ധീരത കാണാം. 'വത്സല ചേച്ചി' ഫസീല 'ഇത്ത' ആവുകയാണ്. രണ്ട് സാംസ്കാരിക / ജൈവ ധാരകളാണ് ചേച്ചിക്കും ഇത്തയ്ക്കും ഇടയിലുള്ളത്. മാപ്പിളപ്പാട്ട് ഒരു തരംഗമായി മലബാറില് അലയടിച്ചിരുന്ന കാലത്താണ് വിളയില്വത്സല 'ഫസീലയാവുന്നത്.'

വിളയില് ഫസീല മലയാളി മുസ്ലിങ്ങള്ക്കിടയില് സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി.

ഒന്ന്:

അവര് തന്റെ ജന്മസിദ്ധമായ സ്വത്വം ഉപേക്ഷിച്ചുകൊണ്ട് താന് കൂടി പാടിയ പാട്ടില് പുലര്ന്ന ഒരു സ്വത്വം സ്വീകരിച്ചു. അവര് തട്ടമിട്ടു. സ്വത്വം ജന്മസിദ്ധമാണെന്ന സ്വത്വവാദത്തെ അവര് പൊളിച്ചെഴുതി.

രണ്ട്:

തട്ടമിട്ട് അവര് വീട്ടിലിരുന്നില്ല. പാട്ടു പാടി വേദിയില് തന്നെ നിറഞ്ഞു നിന്നു. 'വ അള്' (മത രാപ്രസംഗങ്ങള്) കേള്ക്കാന് പോയ സ്ത്രീകള് നരക ഭയങ്ങള് കൂടാതെ വിളയില് ഫസീലയുടെയും വി എം കുട്ടിയുടെയും പാട്ടു കേള്ക്കാന് രാവുകളില് പോയി, ഇശല് കിനാവുകളില് മുഴുകിയിരുന്നു. വീട്ടകത്തിരുന്ന 'ഔത്ത്' (അകത്ത്) കൂടിയ മുസ്ലിം പെണ്ണുങ്ങള് പാട്ടു രാവുകള് അവരുടെ സ്വന്തമാക്കി. സ്ത്രീകള് നിര്ഭയമായി വി എം കുട്ടിയുടെയും ഫസീലയുടെയും ഗാനമേള കേള്ക്കാന് പോയപ്പോള്, സ്വതന്ത്ര്യത്തിന്റെ സമ്മേളനം കൂടിയായിരുന്നു സംഭവിച്ചത്.

ഉത്സവമേളയിലെ, ചെണ്ടമേളയിലെ, പുരുഷാരങ്ങള്ക്കു പകരം ഗാനമേള മറ്റൊരു വിധത്തില് സര്ഗാത്മകതയെ സ്ത്രീകളുടെ സാന്നിധ്യം കൊണ്ട് വിപുലപ്പെടുത്തി. എന്റെ നാട്ടിലെ അപ്പം വിറ്റ കദീത്തുമ്മ, വിളയില് ഫസീലയുടെ പാട്ടു കേട്ട് 'പടച്ചോന് ആ മോള്ക്ക് ആയുസ്സും ആഫിയത്തും ആരോഗ്യവും കൊടുക്കണേ' എന്ന് ദുആ ചെയ്തു. ഏതെങ്കിലും മതപ്രഭാഷണം കേട്ട് 'ആ ഉസ്താദിന് ആഫിയത്തും ആരോഗ്യവും കൊടുക്കണേ പടച്ചോനെ' എന്ന് കദീത്തുമ്മ ദുആ ചെയ്തതായി അറിവില്ല. മാപ്പിളപ്പാട്ടുകള് അവര്ക്ക് ഹലാലായിരുന്നു.

മൂന്ന്:

ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം, മാധവിക്കുട്ടിയുടെ മതം മാറ്റം ആഘോഷത്തിന്റെ തുടര് വാര്ത്തകളാക്കിയ ഇസ്ലാമിസ്റ്റ് രാഷ്ട്രീയക്കാരും സലഫികളും വിളയില് ഫസീലയെ അങ്ങനെ ആഘോഷിച്ചില്ല. കമല സുരയ്യയുടെ മയ്യത്തു നിസ്കാരം ഓര്ക്കുന്നുണ്ടോ? മതമൗലികവാദികളുടെ തിക്കും തിരക്കുമായിരുന്നു.

മാധവിക്കുട്ടി എന്ന ലോകപ്രശസ്ത എഴുത്തുകാരിയെ മുസ്ലിങ്ങളുടെ ബ്രാന്ഡ് അംബാസിഡറായി കിട്ടി എന്ന സന്തോഷം മാത്രമല്ല അതിനു കാരണം, സവര്ണ പാരമ്പര്യത്തില് നിന്ന് ഒരാള് മതം മാറി മുസ്ലിമായി എന്ന അടക്കിപ്പിടിച്ച സന്തോഷവും അതിലുണ്ടായിരുന്നു. സവര്ണ ഇസ്ലാമികതയാണ് സലഫികള്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മത പ്രസ്ഥാനങ്ങളുടെ മുഖമുദ്ര. കീഴാളര്ക്കു വേണ്ടി വ്യാജമായ രക്ഷാകര്തൃത്വത്തോടെ സംസാരിക്കും, സവര്ണത ആഘോഷിക്കും.

ഇപ്പോള് മുഹ്സിന് പരാരിയെ ജമാഅത്തെ ഇസ്ലാമി യൂത്ത് ആഘോഷിക്കുന്നുണ്ട്. എന്താ കാരണം? മുസ്ലിം യൂത്ത് കള്ച്ചറിന്റെ ഒരു ഐക്കണായി ജമാഅത്തെ ഇസ്ലാമി യൂത്തിന് ഒരാള് മുന്നില് വേണം. മുഹ്സിനെ അവര് ആഘോഷിക്കുന്നത് ഈ കാരണം കൊണ്ടു കൂടിയാണ്.

പ്രിയപ്പെട്ട വിളയില് ഫസീല,

ഞങ്ങളുടെ യൗവനത്തെ പാട്ടു രാവുകള് കൊണ്ട് തരളിതമാക്കിയ ആ ഗാനാലാപത്തിന് ഹൃദയം കൊണ്ട് സലാം. നിങ്ങളുടെ പാട്ട് കേള്ക്കാന് ഞാന് പെണ്കൂട്ടുകാരികളോടൊപ്പം വന്നു. ആ രാത്രിയാത്രയില് ഒയലച്ചയും കടലക്ക മിഠായിയും തിന്നു. എന്തു രസകരമായിരുന്നു, ആ പാട്ടു രാവുകള്. സംഗീതം ഇഷ്ടപ്പെടുന്ന അള്ളാഹുവിന്റെ വിശിഷ്ടമായ സ്വര്ഗത്തില് നിങ്ങള് പ്രവേശിക്കുക.

മതമൗലികവാദികള്ക്ക്, സംഗീതത്തെ ഹറാമായി കാണുന്നവര്ക്ക് ആ സ്വര്ഗത്തില് പ്രവേശനമുണ്ടാകില്ല.

dot image
To advertise here,contact us
dot image