സാധാരണ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സിപിഐഎം സ്ഥാനാര്ത്ഥിയെ തീരുമാനിച്ച് അദ്ദേഹം ഒരു റൗണ്ട് പ്രചരണം നടത്തിക്കഴിയുമ്പോളാണ് കോണ്ഗ്രസ് സ്ഥാനാര്ത്ഥിയെ തീരുമാനിക്കുക. അത് കഴിഞ്ഞ് ഓരോട്ട പ്രദക്ഷിണമാണ്. പണ്ട് ആ ശൈലി കൊണ്ട് വിജയിക്കാന് കഴിഞ്ഞിരുന്നുവെങ്കില് കഴിഞ്ഞ കുറച്ചു കാലമായി അതിന് കഴിയുന്നില്ല എന്ന് ഈ അടുത്ത കാലത്താണ് കോണ്ഗ്രസ് മനസ്സിലാക്കിയത്. കൃത്യമായി പറഞ്ഞാല് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം.
സോഷ്യല് മീഡിയയില് കൃത്യമായ സാന്നിദ്ധ്യമില്ലാതെ, പദ്ധതിയില്ലാതെ, താഴെ തട്ടില് എണ്ണയിട്ട യന്ത്രം പോലെ പ്രവര്ത്തിക്കുന്ന സംഘടന സംവിധാനവും പ്രവര്ത്തകരും നേതാക്കളും ഇല്ലാതെ വിജയിക്കാന് കഴിയില്ല എന്ന് രണ്ടാമതും എല്ഡിഎഫ് ഭരണം സാധ്യമാക്കിയ തിരഞ്ഞെടുപ്പ് കോണ്ഗ്രസിനെ പഠിപ്പിച്ചു. ആ തിരിച്ചടിയില് നിന്ന് പാഠം ഉള്ക്കൊണ്ട കോണ്ഗ്രസ് പിന്നീട് നേരിട്ട തിരഞ്ഞെടുപ്പ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പാണ്.
പല നേതാക്കളും തൃക്കാക്കര സീറ്റില് കണ്ണുനട്ടിരുന്നുവെങ്കിലും കോണ്ഗ്രസ് നേതൃത്വത്തിന് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. സ്ഥാനാര്ത്ഥി ഉമാ തോമസാണെന്നതില്. വളരെ പെട്ടെന്ന് തന്നെ സ്ഥാനാര്ത്ഥിത്വം പ്രഖ്യാപിച്ചു കോണ്ഗ്രസ് പ്രവര്ത്തനങ്ങള്ക്കിറങ്ങി.
കോണ്ഗ്രസിന്റെ തകരാത്ത കോട്ടകളിലൊന്നായി ഇപ്പോഴും തുടരുന്ന എറണാകുളത്തെ ഒരു സീറ്റിലാണ് ഉപതിരഞ്ഞെടുപ്പ് എന്നത് പുതിയ പ്രവര്ത്തന രീതി നടപ്പിലാക്കാന് കോണ്ഗ്രസിന് എളുപ്പം സാധിച്ചു. ഇളകിമറിഞ്ഞു വന്ന സിപിഐഎം തിരഞ്ഞെടുപ്പ് സംഘടന സംവിധാനത്തോട് അതേ രീതിയില് തന്നെ മുട്ടിനില്ക്കാന് കോണ്ഗ്രസിനായി.
ഡിസിസി അദ്ധ്യക്ഷന് മുഹമ്മദ് ഷിയാസ് 'ജില്ലാ സെക്രട്ടറി'യായി. ഒരു സിപിഐഎം സെക്രട്ടറിയുടെ അതേ രീതിയിലായിരുന്നു ഷിയാസിന്റെ പ്രവര്ത്തനം. ഓരോ ബൂത്തിലും ഏതൊക്കെ നേതാക്കള്, പ്രവര്ത്തകര് എന്നതിന്റെ കൃത്യമായ കണക്കുമായി ഐ കെ രാജുവിനെ പോലെയുള്ള നേതാക്കള് പ്രവര്ത്തിച്ചു. രാജു നായരെ പോലെയുള്ള പുതുതലമുറ നേതാക്കള് ബുദ്ധികേന്ദ്രങ്ങളായി. അവര്ക്കൊപ്പം നിന്ന് എന്തിനും റെഡി എന്ന നിലയില് വി ഡി സതീശനും ബെന്നി ബെഹനാനും ഡൊമനിക് പ്രസന്റേഷനും ടോണി ചമ്മണിയും അടക്കമുള്ള മുതിര്ന്ന നേതാക്കള് തിരഞ്ഞെടുപ്പിനെ നയിച്ചു.
പതിവില് നിന്ന് വ്യത്യസ്തമായി, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില് കേന്ദ്രീകരിച്ച നേതാക്കളോടും പ്രവര്ത്തകരോടും ഇവിടെ ആരും നില്ക്കേണ്ട, എല്ലാവരും ബൂത്തുകളിലേക്ക് പോകാന് ആക്രോശിക്കുന്ന ഷിയാസിനെയും അന്ന് കണ്ടു. കോണ്ഗ്രസിന് മേധാവിത്വമുള്ള തൃക്കാക്കരയിലെ അവസാനത്തെ കോണ്ഗ്രസ് അനുഭാവിയെയും തെരുവില് ഇറക്കി ഓരോ വോട്ടും പെട്ടിയില് വീഴ്ത്തി. ഈ പ്രവര്ത്തനങ്ങള്ക്ക് ഗുണവും ഉണ്ടായി. 25000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഉമാ തോമസ് അന്ന് ജയിച്ചു കയറിയത്. അന്ന് തൃക്കാക്കരയില് ഉജ്ജ്വല വിജയം നേടിയ അതേ പ്രവര്ത്തന ശൈലി തന്നെയാണ് കോണ്ഗ്രസ് പുതുപ്പള്ളിയില് പിന്തുടരുന്നത്.
തൃക്കാക്കരയിലേതിനേക്കാള് വേഗത്തിലാണ് പുതുപ്പള്ളിയില് സ്ഥാനാര്ത്ഥിയെ പ്രഖ്യാപിച്ചത്. ഓഗസ്റ്റ് എട്ടിന് തിരഞ്ഞെടുപ്പ് കമ്മീഷന് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷം വെറും മൂന്ന് മണിക്കൂറേ ചാണ്ടി ഉമ്മന്റെ പേര് പ്രഖ്യാപിക്കാന് വേണ്ടി വന്നുള്ളൂ. നാല് ദിവസം കൂടി കഴിഞ്ഞാണ് എല്ഡിഎഫ് സ്ഥാനാര്ത്ഥിയെ പ്രഖ്യാപിച്ചത്.
പിന്നാലെ തന്നെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് മണ്ഡലത്തിലേക്ക് വന്നു. അവിടെ നിന്ന് പ്രവര്ത്തനങ്ങളെ ഏകോപിപ്പിച്ചു. കോട്ടയത്തു നിന്നുള്ള മുതിര്ന്ന നേതാക്കളായ കെ സി ജോസഫും തിരുവഞ്ചൂരും മേല്നോട്ടം വഹിച്ചു. ഓരോ നേതാക്കള്ക്കും ഉത്തരവാദിത്വങ്ങള് വീതിച്ചു നല്കി. ഓരോ കുടുംബ യോഗങ്ങളിലും 150ന് അടുത്ത് ആളുകളെ ഉറപ്പ് വരുത്തി. അസ്വാരസ്യങ്ങളൊന്നുമില്ലാത്ത തിരഞ്ഞെടുപ്പ് പ്രവര്ത്തനം കോണ്ഗ്രസ് നടത്തി.
സിപിഐഎം പാളയത്തില് ഈ പ്രവര്ത്തനങ്ങളൊക്കെ സ്വാഭാവികമാണ്, സാധാരണമാണ്. എന്നാല് സംസ്ഥാനത്ത് തിരിച്ചുവരുന്നതിന് വേണ്ടി ഓരോ ഉപതിരഞ്ഞെടുപ്പിലും കോണ്ഗ്രസ് സിപിഐഎമ്മില് നിന്ന് പഠിക്കുകയാണ് എന്നാണ് അവരുടെ പ്രവര്ത്തനങ്ങള് നമ്മളോട് പറയുന്നത്.