ലോകം വിറങ്ങലിച്ചു നിന്ന ഒരു ദിവസത്തിന്റെ നെഞ്ചിടിപ്പിക്കുന്ന ഓര്മ്മയാണ് 9/11. 21-ാം നൂറ്റാണ്ടിന്റെ രാഷ്ട്രീയ ഭൂമിശാസ്ത്രത്തെ മാറ്റിമറിച്ച 2001 സെപ്തംബര് 11നെ സവിശേഷമായ ഒരു ലോകസാഹചര്യത്തിലാണ് ഇന്ന് വീണ്ടും ഓര്മ്മിക്കുന്നത്. ലോകത്ത് ഏറ്റവും സുരക്ഷിത കവചങ്ങളുള്ള അമേരിക്കയുടേതാണ് ആകാശവും കരയും കടലും എന്ന് ലോകം അതിശയോക്തിയില്ലാതെ വിശ്വസിച്ചിരുന്ന കാലത്തായിരുന്നു 2001 സെപ്തംബര് 11ന് ന്യൂയോര്ക്കിലെ വേള്ഡ് ട്രേഡ് സെന്ററും വിര്ജീനിയയിലുള്ള പെന്റഗണ് കേന്ദ്രവും ഭീകരര് ആക്രമിക്കുന്നത്.
110 നിലകളുള്ള വേള്ഡ് ട്രേഡ് സെന്റര് അമേരിക്കന് സമ്പന്നതയുടെ പ്രതീകമായി തലയയുര്ത്തി നിന്നിരുന്ന കെട്ടിടമായിരുന്നു. ലോകത്തിന് മുന്നില് അമേരിക്കയെ അടയാളപ്പെടുത്തുന്ന പ്രൗഢഗംഭീരമായ അംബരചുംബി. ന്യൂയോര്ക്ക് പ്രഭാതത്തില് നിന്ന് നഗരത്തിന്റെ തിരക്കിലേക്ക് ഒഴുകാന് തുടങ്ങുമ്പോഴായിരുന്നു ആളുകള് ഭ്രമാത്മകമായ വിദൂരസ്വപ്നങ്ങളില് പോലും കണ്ടിരിക്കാനിടയില്ലാത്ത ആ ദുരന്തം പറന്നിറങ്ങിയത്. യുഎസിലെ ബോസ്റ്റണ് വിമാനത്താവളത്തിലേക്ക് പറന്നുയര്ന്ന അമേരിക്കന് എയര്ലൈന്സ് ഫ്ളൈറ്റ് 11, യുണൈറ്റഡ് എയര്ലെന്സ് ഫ്ളൈറ്റ് 175 എന്നീ രണ്ട് വിമാനങ്ങള് ഭീകരര് റാഞ്ചി. രാവിലെ 7.59ന് പറന്നുയര്ന്ന എഎ11 ഏതാണ്ട് ഒരുമണിക്കൂറിനുള്ളില് വേള്ഡ് ട്രേഡ് സെന്ററിന്റെ വടക്കുഭാഗത്തുള്ള ടവറിന്റെ 80-ാം നിലയിലേക്ക് ഇടിച്ചു കയറി. നിമിഷങ്ങളുടെ വ്യത്യാസത്തില് യുഎ175 തെക്കേ ടവറിന്റെ അറുപതാം നിലയിലേക്കും ഇടിച്ചുകയറി. ലോകത്ത് നടന്ന ഏറ്റവും ഭീകരമായ ഈ ആക്രമണത്തില് 2763 പേരാണ് കൊല്ലപ്പെട്ടത്.
ഡലസ് എയര്പോര്ട്ടില് നിന്ന് രാവിലെ 8.20ന് പറന്നുയര്ന്ന അമേരിക്കന് എയര്ലൈന്സ് ഫ്ളൈറ്റ് 77 വിമാനവും ഭീകരര് റാഞ്ചി ഒരുമണിക്കൂറിന് ശേഷം പെന്റഗണിന്റെ പടിഞ്ഞാറ് ഭാഗത്ത് ഇത് ഇടിച്ചിറക്കി. ന്യൂവേക്ക് വിമാനത്താവളത്തില് നിന്നും ഭീകരര് തട്ടിയെടുത്ത യുണൈറ്റഡ് എയര്ലൈന്സ് ഫ്ളൈറ്റ് പക്ഷേ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന് സാധിച്ചില്ല. യാത്രക്കാര് ചെറുത്ത് നിന്നതോടെ പെന്സില്വാനിയയിലെ വയല്പ്രദേശത്ത് ആ വിമാനം ഇടിച്ചിറക്കി. വിമാനത്തിലെ 44 പേര്ക്കും ജീവന് നഷ്ടമായി. ഈ വിമാനം ലക്ഷ്യമിട്ടത് ക്യാപിറ്റോള് ടവറോ വൈറ്റ് ഹൗസോ എന്ന ആശയക്കുഴപ്പത്തിന് ഇപ്പോഴും തീര്പ്പായിട്ടില്ല.
9/11ന്റെ ആക്രമണങ്ങളില് 2997 പേരാണ് കൊല്ലപ്പെട്ടത്. പതിനായിരക്കണക്കിന് പേര്ക്ക് പരിക്ക് പറ്റി. അമേരിക്കയുടെ ലോകമേധാവിത്വത്തിന്റെ തലപ്പൊക്കത്തിലേക്കായിരുന്നു ഭീകരര് വിമാനം ഇടിച്ച് കയറ്റിയത്. ഏതാണ്ട് 4.38 ലക്ഷം കോടി രൂപയാണ് വേള്ഡ് ട്രേഡ് സെന്റര് തകര്ന്നതിന്റെ നഷ്ടമായതായി അനുമാനിക്കുന്നത്.
അല്ഖ്വയ്ദ പരിശീലനം നല്കിയ 19 ഭീകരരാണ് ആക്രമണത്തില് പങ്കാളികളായത്. ഏതാണ്ട് ഒന്നരവര്ഷത്തോളം അമേരിക്കയില് താമസിച്ചാണ് ഭീകരര് ആക്രമണത്തിന് തയ്യാറെടുത്തത്. റാഞ്ചിയെടുത്ത വിമാനം പറത്തിയ ഭീകരരിലെ നാലുപേരും വിമാനം പറത്താന് പരിശീലനം നേടിയത് അമേരിക്കയിലെ പരിശീലന സ്കൂളുകളില് നിന്നായിരുന്നു. അല്ഖ്വയ്ദ നേതാവ് ഒസാമ ബിന്ലാദനായിരുന്നു ആക്രമണങ്ങളുടെ ആസൂത്രകന്.
2001 സെപ്തംബര് 11ന് രാത്രി 9മണിക്ക് അന്നത്തെ അമേരിക്കന് പ്രസിഡന്റ് ജോര്ജ്ജ് ഡബ്ല്യു ബുഷ് രാജ്യത്തെ അഭിസംബോധന ചെയ്തു. 'നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ കെട്ടിടങ്ങളുടെ അടിത്തറയിളക്കാന് ഭീകരാക്രമണങ്ങള്ക്ക് കഴിഞ്ഞേക്കാം. പക്ഷേ അമേരിക്കയുടെ അടിത്തറ അവര്ക്ക് തൊടാനാവില്ല'; അമേരിക്കന് ജനതയുടെ ആത്മവിശ്വാസത്തെ തിരിച്ചുപിടിക്കുന്നതായിരുന്നു പ്രസിഡന്റിന്റെ വാക്കുകള്. ഇതിന് പിന്നാലെ ഒക്ടോബര് ഏഴിന് ലാദനെ പിടികൂടാനുള്ള ഓപ്പറേഷന് എന്ഡ്യൂറിങ് ഫ്രീഡം എന്ന ഓപ്പറേഷന് അമേരിക്ക തുടക്കം കുറിച്ചു. ലാദന് ഒളിച്ചുകഴിയാന് സൗകര്യം ഒരുക്കിയ അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടത്തോട് അമേരിക്ക യുദ്ധം പ്രഖ്യാപിച്ചു. അമേരിക്കയുടെ ലാദനെ പിടികൂടുന്ന ദൗത്യം ഏതാണ്ട് ഒരു ദശകത്തോളം നീണ്ടുനിന്നു. ഒടുവില് പാക്കിസ്ഥാനിലെ അബട്ടാബിദിലെ ഒളിത്താവളത്തില് വെച്ച് 2011 മെയ് 2ന് അമേരിക്കന് സൈന്യം ബിന്ലാദനെ കൊലപ്പെടുത്തി. ബുഷ് തുടങ്ങിയ ലാദന് ഓപ്പറേഷന് പൂര്ത്തികരിച്ചത് ബറാക് ഒബാമയുടെ കാലത്താണ്. ലാദന്റെ മരണശേഷവും അഫ്ഗാനില് തുടര്ന്ന അമേരിക്ക സെപ്തംബര് 11 ആക്രമണത്തിന്റെ രണ്ടുദശകം പൂര്ത്തിയാകുന്നതിന് ദിവസങ്ങള് മാത്രം ശേഷിക്കെയാണ് പൂര്ണ്ണമായും പിന്മാറിയത്.
അമേരിക്കന് ജനതയെ സംബന്ധിച്ച് 9-1-1 എന്ന അക്കം ആപത്രക്ഷകന്റേതാണ്. ഈ നമ്പറില് വിളിച്ചാല് ആപത്തില് നിന്ന് രക്ഷപെടുത്താന് അമേരിക്കയില് ആളെത്തുമായിരുന്നു. ഭീകരര് ആക്രമണത്തിനായി 9/11 തിരഞ്ഞെടുത്ത് 9-1-1നോടുള്ള ജനങ്ങളുടെ വിശ്വാസത്തെ പൊളിക്കുന്നതിന് വേണ്ടിയായിരുന്നെന്ന് നിഗമനങ്ങളുണ്ട്. ഭീകരര് അവരുടെ ഓപ്പറേഷനായ പെന്റ് പോട്ടം എന്ന ഭീകരാക്രമണ പദ്ധതിക്ക് തിരഞ്ഞെടുത്ത 9/11 അമേരിക്ക ദേശാഭിമാന ദിനമായാണ് ഇപ്പോള് കൊണ്ടാടുന്നത്.
ലോകം 9/11ന് ശേഷം
ശീതയുദ്ധാനന്തരം അമേരിക്കയിലേക്ക് കേന്ദ്രീകരിച്ച ഏകധ്രുവലോകം കൂടിയാണ് 2001 സെപ്തംബര് 11ന്റെ ഭീകരാക്രമണത്തില് ചിതറി തെറിച്ചത്. ലോകരാഷ്ട്രീയത്തിന്റെ അലകും പിടിയും ഇതോടെ മാറിമറിഞ്ഞു. സെപ്തംബര് 11ന്റെ ആക്രമണത്തോടെ അമേരിക്ക വാര് ഓണ് ടെറര് പ്രഖ്യാപിച്ചു. 1980കളില് സോവിയറ്റ് ബ്ലോക്കിനെ തകര്ക്കാന് അമേരിക്ക തേനും പാലും നല്കി വളര്ത്തിയ ലാദനും സംഘവും അമേരിക്ക കൈയില് വച്ചു കൊടുത്ത ഇസ്ളാമിക തീവ്രവാദത്തിന്റെ കൂടുതല് മൂര്ച്ച കൂട്ടിയ ആയുധങ്ങളാണ് തിരികെ ഉപയോഗിച്ചത്.
ലോകം അതുവരെ പ്രതീക്ഷിക്കാതിരുന്ന ആക്രമണ മാര്ഗ്ഗമായിരുന്നു ഭീകരര് പ്രയോഗിച്ചത്. അമേരിക്കയില് നടന്ന ഭീകരാക്രമണം ലോകത്തെ പിടിച്ചുലച്ചു. ഭാവിയില് ഇത്തരത്തിലൊരു ആക്രമണം നടക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങള് ലോകത്ത് തുടക്കം കുറിച്ചു. സുരക്ഷയുടെ പഴുതടച്ച സംവിധാനങ്ങള് ഭരണകൂടങ്ങള് ഏര്പ്പെടുത്തി. പതിനൊന്ന് വര്ഷമെടുത്ത് അമേരിക്ക വേള്ഡ് ട്രേഡ് സെന്റര് പുതുക്കി പണിതപ്പോഴേയ്ക്കും 9/11ന് ശേഷമുള്ള ലോകക്രമവും പുതുക്കി പണിയപ്പെട്ടിരുന്നു. സൗദി അടക്കമുള്ള മധ്യേഷ്യന് രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള പരമ്പരാഗത ബന്ധത്തില് പോലും ഉലച്ചിലുണ്ടാക്കി. അമേരിക്കയുടെ വാര് ഓണ് ടെറര് ലോകത്ത് ഇസ്ലാമോഫോബിയ വളര്ത്തുന്നതില് വലിയ പങ്കുവഹിച്ചുവെന്ന വിലയിരുത്തലുകളുണ്ടായി. അമേരിക്കയുടെ വാര് ഓണ് ടെറര് ഇസ്ലാമിനെതിരായ യുദ്ധപ്രഖ്യാപനവമായി ലോകത്തെ തീവ്രഇസ്ലാമിസ്റ്റ് സംഘടനകളും ഏറ്റെടുത്തു. ലോകത്ത് ഇപ്പോള് നിലനില്ക്കുന്ന ആഗോള സംഘര്ഷങ്ങളില് ഈ വിഷയം ഇന്നും നിര്ണ്ണായക കണ്ണിയാണ്.
രണ്ട് പതിറ്റാണ്ട് മുമ്പ് അമേരിക്കയിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങള്ക്ക് നേരെ ആക്രമണം നടപ്പോള് തന്നെ യുഎസിന്റെ അപ്രമാദിത്വം തകര്ന്നു എന്ന നിലയിലാണത് വിലയിരുത്തപ്പെട്ടത്. രണ്ട് ലോക മഹായുദ്ധങ്ങളിലും ഭൂമിശാസ്ത്രപരമായി അക്രമിക്കപ്പെടാത്ത, യുദ്ധം തൊട്ടുനോക്കാത്ത രാജ്യമായിരുന്നു അമേരിക്ക. രണ്ടാം ലോക മഹായുദ്ധത്തിന്റെ ഒടുക്കം ജപ്പാന് പേള് ഹാര്ബര് ആക്രമിച്ചു എന്നത് വാസ്തവമാണ്. എന്നാല് ഹവായി പോലെ ഒരു വിദൂര പ്രദേശത്ത് അക്രമം നടന്നപ്പോഴും ന്യൂയോര്ക്ക് സുരക്ഷയുടെ കേദാരമായി നിലകൊണ്ടു. പേള് ഹാര്ബറില് നിന്നും ന്യൂയോര്ക്കിലേക്ക് 7987 കിലോമീറ്റര് ദൂരമുണ്ട്. ലണ്ടനും ബര്ലിനും മോസ്കോയുമെല്ലാം ജര്മ്മന് സഖ്യത്തിന്റെ ആക്രമണങ്ങളില് വിറകൊണ്ടപ്പോഴാണ് ന്യൂയോര്ക്ക് യുദ്ധം എത്തിനോക്കാത്ത സുരക്ഷിത കേന്ദ്രമായി നിലകൊണ്ടത്. ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോംബ് ഇട്ടാണ് പേള് ഹാര്ബര് ആക്രമണത്തിന് അമേരിക്ക മറുപടി നല്കിയത്. അമേരിക്കയെ ആക്രമിച്ചാല് തിരിച്ചടി രൂക്ഷമായിരിക്കും എന്ന മുന്നറിയിപ്പായി തന്നെയാണ് ലോകം അതിനെ തിരിച്ചറിഞ്ഞത്.
പിന്നീട് സോവിയറ്റ് യൂണിയന് പലപ്പോഴും അമേരിക്കയുമായി മുഖാമുഖം നിന്നെങ്കിലും ഏറ്റുമുട്ടലിലേക്ക് പോയില്ല. സോവിയറ്റ് തകര്ച്ചയോടെ ആരാലും അക്രമിക്കാന് കഴിയാത്ത രാജ്യമാണ് അമേരിക്ക എന്ന നിലയിലുള്ള കള്ട്ട് ഇമേജ് അമേരിക്കക്ക് ഉണ്ടാക്കാന് സാധിച്ചു. സാമ്പത്തിക പുരോഗതിയിലും ഡോളറിന്റെ ലോകസഞ്ചാരത്തിലുമെല്ലാം പിന്നീട് കരുത്തായത് അമേരിക്ക ഏത് യുദ്ധകാലത്തും ഏറ്റവും സുരക്ഷിത രാജ്യമായിരിക്കും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്. സോവിയറ്റ് തകര്ച്ചയോടെ ഏകധ്രുവ ലോകത്തിന്റെ അധിപതിയായ അമേരിക്കയെ തൊടാന് ഇനിയാരും ഇല്ലായെന്ന നിലയും വന്നു. അമേരിക്ക ആരാലും അക്രമിക്കപ്പെടില്ല എന്ന പഴുതുകളില്ലാത്ത സുരക്ഷപരമായ സംവിധാനങ്ങളെക്കുറിച്ച് അതിശയത്തോടെയായിരുന്നു ലോകം മനസ്സിലാക്കിയിരുന്നത്. സെപ്തംബര് 11ന് അമേരിക്കയുടെ അഭിമാനസ്തംഭങ്ങളിലേയ്ക്ക്, തട്ടിയെടുത്ത വിമാനങ്ങള് ഭീകരര് ഇടിച്ചു കയറ്റിയപ്പോള് തകര്ന്നത് അമേരിക്ക കെട്ടിപ്പൊക്കിയ ലോകനായകത്വത്തിന്റെ കിരീടം കൂടിയായിരുന്നു. 2001ലെ ആക്രമണങ്ങള്ക്ക് ശേഷമാണ് അമേരിക്ക കെട്ടിപ്പൊക്കിയ ലോക മേധാവിത്വത്തിന്റെ അപ്രമാദിത്വം തകര്ന്നു തുടങ്ങിയതെന്ന് ജിയോ പൊളിറ്റിക്സ് വിലയിരുത്തുന്ന ഏതൊരാള്ക്കും ബോധ്യമുണ്ടാകും.
ബിന്ലാദനെ പിടികൂടുന്നതിനായും ആഗോളതീവ്രവാദത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചു കൊണ്ടും അമേരിക്ക നേതൃത്വം നല്കിയ വാര് ഓണ് ടെറര് കഴിഞ്ഞ രണ്ടുദശകമായി ലോകത്തെ ഏതുനിലയില് ബാധിച്ചുവെന്ന ചര്ച്ചകളും ഇപ്പോള് 9/11ന്റെ ഭാഗമായി വിലയിരുത്തപ്പെടുന്നുണ്ട്. എന്തായാലും വാര് ഓണ് ടെറര് എന്ന അമേരിക്കന് നീക്കമാണ് 9/11 ന്റെ ഏറ്റവും വലിയ ഇംപാക്ട്. ഈ പേരിലാണ് അമേരിക്ക അഫ്ഗാനില് ഇടപെട്ടത്. ഇറാഖിലും സിറിയയിലും ഇടപെട്ടത്. യഥാര്ത്ഥത്തില് ഇവിടങ്ങളിലെല്ലാം വാര് ഓണ് ടെറര് എന്ന പേരിലുള്ള ഇടപെടല് അമേരിക്കക്ക് വാട്ടര്ലൂ ആയതായാണ് വിലയിരുത്തലുകള്. മധ്യേഷ്യയിലെ പരമ്പരാഗത സുഹൃത്തുക്കളായിരുന്ന സൗദിയും അമേരിക്കയും തമ്മിലുള്ള ബന്ധത്തില് പോലും കഴിഞ്ഞ രണ്ട് ദശകത്തിനിടയില് വിള്ളല് വീണിട്ടുണ്ട്. 2001ന് ശേഷം War on terrorന് വേണ്ടി ചിലവാക്കിയ പണം അമേരിക്കയുടെ സാമ്പത്തിക നിലയെ ബാധിച്ചതായും നിഗമനങ്ങളുണ്ട്. പുതിയ ലോകക്രമത്തില് ഡോളറിന്റെ അപ്രമാദിത്വം അടക്കം ചോദ്യം ചെയ്യപ്പെടാന് തുടങ്ങിയിട്ടുണ്ട്. അമേരിക്കയുടെ വാര് ഓണ് ടെറര് ഇസ്ലാമിക തീവ്രവാദത്തെ ലോകവ്യാപകമാക്കി മാറ്റിയെന്നും വിമര്ശനമുണ്ട്. ഇസ്ലാമിക തീവ്രവാദത്തെ ചെറുക്കാനെന്ന പേരില് അമേരിക്കക്ക് നാറ്റോ സൈന്യത്തെയും ലോകത്ത് പലയിടത്തായി തീറ്റിപോറ്റേണ്ടി വന്നു.
ഇത്തരത്തില് ചരിത്രപരമായി വേണം 9/11ന്റെ അനന്തരഫലം രണ്ടുദശകത്തിനിപ്പുറം വിലയിരുത്തപ്പെടാന്. ലോകം കണ്ട ഏറ്റവും ക്രൂരമായ ഭീകരപ്രവര്ത്തനം ഇപ്പോഴും ലോകമന:സാക്ഷിയുടെ നെഞ്ചുലയ്ക്കുന്നുണ്ട്. ഒരിക്കലും ആവര്ത്തിക്കപ്പെടരുതെന്ന് ലോകം ഒറ്റമനസ്സോടെ ആഗ്രഹിക്കുന്നതാണ് ഇത്തരം ക്രൂരമായ ഭീകരപ്രവര്ത്തനങ്ങള്. സെപ്തംബര് 11 ലോകസമാധാനത്തിനും സഹവര്ത്തിത്വത്തിനും സൗഹാര്ദ്ദത്തിനുമെതിരെ നടന്ന വെല്ലുവിളിയാണ്. 20വര്ഷത്തിനിപ്പുറവും സമന്വയത്തിന്റെയും സൗഹാര്ദ്ദത്തിന്റെയും മാനവികതയുടെയും കൊടിക്കൂറ ഉയര്ത്തിപ്പിടിച്ച് എല്ലാത്തരം വിധ്വംസക ആശയങ്ങള്ക്കെതിരെയും പോരാടുന്ന ഒരു ഐക്യനിരയെ സൃഷ്ടിക്കാന് ലോകത്തിന് സാധിച്ചിട്ടില്ല. ലോകത്തെ വന്ശക്തികള് ലോകരാഷ്ട്രീയത്തില് അവരുടെ അപ്രമാദിത്വവും മേല്ക്കൈയും സൃഷ്ടിക്കാന് നടത്തുന്ന നീക്കങ്ങള് വിധ്വംസക ആശയങ്ങള്ക്ക് ഉലയൂതുന്നുണ്ടെങ്കില് അത് കൂടി 9/11ന്റെ വാര്ഷികത്തില് വിമര്ശിക്കപ്പെടേണ്ടതുണ്ട്. 2001 സെപ്തംബര് 11ന് കൊല്ലപ്പെട്ട നിരപരാധികളായ 2997 മനുഷ്യജീവനുകളോടുള്ള ശ്രദ്ധാഞ്ജലി കൂടിയാണ് ഈ ഓര്മ്മകള്.