തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അണിയറയില് ഒരുങ്ങുന്ന 'ഒബിസി അജണ്ട'; നേട്ടം ആര്ക്ക്?

ജാതി സെന്സസും പിന്നാക്ക സംവരണവും വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലുള്പ്പടെ ബിജെപിക്കെതിരെ ഉപയോഗിക്കാനുള്ള ഏറ്റവും മൂര്ച്ചയുള്ള ആയുധമാക്കുകയാണ് കോണ്ഗ്രസ് ലക്ഷ്യം

ജെയ്ഷ ടി കെ
3 min read|21 Sep 2023, 06:40 pm
dot image

വരും നാളുകളിലും കോണ്ഗ്രസ് മുന്നോട്ട് വെക്കാന് പോകുന്ന രാഷ്ട്രീയത്തിന്റെയും തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെയും സൂചനയാണ് പാര്ലമെന്റില് ഉള്പ്പടെ കണ്ടത്. കോണ്ഗ്രസിനെ അധികാരത്തില് എത്തിച്ചിരുന്ന സാമൂഹ്യ വിഭാഗങ്ങളുടെ പിന്തുണ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് പാര്ട്ടി നടത്തുന്നത്.

കഴിഞ്ഞ വര്ഷം മെയില് ഉദയ്പൂരില് നടന്ന കോണ്ഗ്രസിന്റെ ചിന്തന് ശിവിര് പിരിഞ്ഞത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയായിരുന്നു. ദളിത്, ആദിവാസി, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കുകയായിരുന്നു ഇതിലൊന്ന്. പിന്നീട് പലഘട്ടങ്ങളിലും കോണ്ഗ്രസ് നടപടികള് ഇത് വ്യക്തമാക്കിയിട്ടുണ്ട്.

ജാതി സെന്സസും പിന്നാക്ക സംവരണവും വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലുള്പ്പടെ ബിജെപിക്കെതിരെ ഉപയോഗിക്കാനുള്ള ഏറ്റവും മൂര്ച്ചയുള്ള ആയുധമാക്കുകയാണ് കോണ്ഗ്രസ് ലക്ഷ്യം. ഈ ദിശയിലായിരുന്നു കഴിഞ്ഞ ദിവസം ലോക്സഭയിലെ കോണ്ഗ്രസ് നീക്കവും. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിയും രാഹുല് ഗാന്ധിയും ഒബിസി ഉപസംവരണം ആവശ്യപ്പെട്ടത് ഇതിന്റെ കൃത്യമായ സൂചനയാണ്.

വനിതാ സംവരണ ബില്ലില് ഒബിസി സംവരണം തിരഞ്ഞെടുപ്പ് ചീട്ടായി ബിജെപി ഉള്പ്പെടുത്തുമെന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല് അത് സംഭവിച്ചില്ല. പക്ഷെ വനിതാ സംവരണ ബില് ലോക്സഭയില് അവതരിപ്പിക്കപ്പെട്ടപ്പോള് ഒബിസി ഉപസംവരണം വേണമെന്ന് കോണ്ഗ്രസ് ആവശ്യപ്പെട്ടു. ലോക്സഭയിലും നിയമസഭകളിലും സ്ത്രീകള്ക്ക് സംവരണം ഉറപ്പാക്കുന്ന ഭരണഘടനാ ഭേദഗതിക്ക് പിന്തുണ അറിയിച്ചതിനൊപ്പം തന്നെ ജാതി സെന്സസ് വേണമെന്ന ശക്തമായ ആവശ്യവും സോണിയാ ഗാന്ധിയും രാഹുല് ഗാന്ധിയും അവതരിപ്പിച്ചു.

മണ്ഡല പുനഃസംഘടനയ്ക്ക് ശേഷം ജാതി സെന്സസിന്റെ അടിസ്ഥാനത്തില് മാത്രം പ്രാവര്ത്തികമാകുന്ന തരത്തിലാണ് പാര്ലമെന്റില് അവതരിപ്പിക്കപ്പെട്ട സംവരണ ബില് വിഭാവനം ചെയ്യുന്നത്. സര്ക്കാരിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യാനുള്ള അവസരമായി കോണ്ഗ്രസ് ഇതിനെ ഉപയോഗിച്ചു.

ലോക്സഭയിലും നിയമസഭകളിലും സ്ത്രീകള്ക്കുള്ള സംവരണം ഉടനടി നടപ്പാക്കുന്നതിനൊപ്പം, ജാതി സെന്സസ് നടപ്പാക്കി എസ്സി, എസ്ടി, ഒബിസി വനിതകള്ക്ക് ഉപസംവരണം ഏര്പ്പെടുത്തണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടു. സര്ക്കാര് ജാതി സെന്സസ് നടത്തുകയോ ഇല്ലെങ്കില് യുപിഎ സര്ക്കാര് നടത്തിയ സാമൂഹിക-സാമ്പത്തിക ജാതി സെന്സസ് പരസ്യപ്പെടുത്തുകയോ ചെയ്യണമെന്നാണ് രാഹുല് ഗാന്ധി ആവശ്യപ്പെട്ടത്. കേന്ദ്രം അതിന് തയ്യാറായില്ലെങ്കില് പ്രതിപക്ഷം അത് ചെയ്യുമെന്നും രാഹുല് പറഞ്ഞു. കോണ്ഗ്രസ് ദേശീയ അദ്ധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്ജുന് ഖാര്ഗെയും മുന്നോട്ട് വെച്ചത് ഒബിസി ക്വാട്ട ആവശ്യമാണ്. മൂന്നിലൊന്ന് എന്ന തരത്തില് സംവരണം ഏര്പ്പെടുത്തിയില്ലെങ്കില് ഒബിസി വനിതകള്ക്ക് ഇതിന്റെ പ്രയോജനം ലഭിക്കില്ലെന്നും ഇത് പിന്നാക്ക വിഭാഗങ്ങളോടുള്ള അനീതിക്ക് തുല്യമാകുമെന്നും അദ്ദേഹം പറഞ്ഞു. പി ചിദംബരം, കെ സി വേണുഗോപാല് തുടങ്ങിയ കോണ്ഗ്രസ് നേതാക്കളും സമാന ആവശ്യവുമായി രംഗത്തെത്തി.

തിരഞ്ഞെടുപ്പ് വിഷയമെന്ന നിലയില് വനിതാ സംവരണ ബില്ലിനെ ഉയര്ത്തിക്കാണിക്കാനുള്ള ബിജെപി നീക്കത്തിനായിരുന്നു ഇതോടെ വെല്ലുവിളി ഉയര്ന്നത്. പുതിയൊരു ചര്ച്ചയുടെ സാധ്യതയാണ് രാഹുലും സോണിയയും തുറന്നിട്ടത്. വനിതാ സംവരണ ബില്ലിലൂടെ ഏകപക്ഷീയമായി ബിജെപിക്ക് കിട്ടുമായിരുന്ന തിരഞ്ഞെടുപ്പ് നേട്ടം മറ്റൊരു വിഷയത്തിലേക്ക് കൂടി തിരിച്ചുവിടാനും ഉത്തരേന്ത്യയിലെ ഒബിസി വോട്ടുകളെ ലക്ഷ്യം വെക്കാനും ഈ ചര്ച്ചയിലൂടെ കോണ്ഗ്രസിന് സാധിച്ചിട്ടുണ്ട്.

എന്നാല് 2010ല് യുപിഎ സര്ക്കാര് കൊണ്ടുവന്ന, രാജ്യസഭ പാസാക്കിയ വനിതാ സംവരണ ബില്ലില് ഇത്തരത്തില് ഉപ സംവരണം സംബന്ധിച്ച് വ്യവസ്ഥയുണ്ടായിരുന്നില്ലെന്നതാണ് ശ്രദ്ധേയം. അന്ന് ബില് ലോക്സഭയില് പരാജയപ്പെട്ടു. മുസ്ലീങ്ങള്ക്കും ഒബിസി വിഭാഗങ്ങള്ക്കും ഉപസംവരണം വേണമെന്ന ആവശ്യം ഉയര്ത്തിയായിരുന്നു അന്ന് സമാജ്വാദി പാര്ട്ടിയും ആര്ജെഡിയും ഉള്പ്പടെ ബില്ലിനെ എതിര്ത്തത്. പുതിയ സാഹചര്യത്തില് അതിനാല് തന്നെ കോണ്ഗ്രസിന്റെ നിലപാട് മാറ്റം ശ്രദ്ധേയമാണ്.

അടുത്ത കാലത്തായി കോണ്ഗ്രസ് നടത്തിവരുന്ന നീക്കങ്ങളുടെ തുടര്ച്ച കൂടിയായിരുന്നു പാര്ലമെന്റിലെ കോണ്ഗ്രസിന്റെ ഇടപെടല്. കേന്ദ്രത്തില് അധികാരം ലഭിച്ചാല് ജാതി സെന്സസ് നടത്തുമെന്ന് കോണ്ഗ്രസ് നേരത്തെ പറഞ്ഞിട്ടുള്ളതാണ്. അടുത്തിടെ ഹൈദരാബാദില് നടന്ന കോണ്ഗ്രസ് പ്രവര്ത്തക സമിതി യോഗവും ആവശ്യപ്പെട്ടത് പട്ടിക ജാതി, പട്ടിക വര്ഗ വിഭാഗങ്ങള്ക്കുള്ള സംവരണത്തിന്റെ പരിധി കൂട്ടണമെന്നാണ്. ഡല്ഹിയില് ചേര്ന്ന വിശാല പ്രതിപക്ഷ സഖ്യം ഇന്ഡ്യയുടെ ആദ്യ ഏകോപന സമിതി യോഗത്തില് ജാതി സെന്സസ് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പാസാക്കിയിരുന്നു. അധികാരത്തിലെത്തിയാല് ഒബിസി വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്നും ജാതി സെന്സസ് നടത്തുമെന്നുമാണ് ഫെബ്രുവരിയില് നടന്ന കോണ്ഗ്രസ് പ്ലീനറി സമ്മേളനവും തീരുമാനിച്ചത്.

വരും നാളുകളിലും കോണ്ഗ്രസ് മുന്നോട്ട് വെക്കാന് പോകുന്ന രാഷ്ട്രീയത്തിന്റെയും തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെയും സൂചനയാണ് പാര്ലമെന്റില് ഉള്പ്പടെ കണ്ടത്. കോണ്ഗ്രസിനെ അധികാരത്തില് എത്തിച്ചിരുന്ന സാമൂഹ്യ വിഭാഗങ്ങളുടെ പിന്തുണ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് പാര്ട്ടി നടത്തുന്നത്. കോണ്ഗ്രസ് സംഘടനയില് എല്ലാ തലങ്ങളിലും പട്ടികജാതി, പട്ടികവര്ഗ, ഒബിസി, ന്യൂനപക്ഷ വിഭാഗങ്ങള്ക്ക് 50 ശതമാനം പ്രാതിനിധ്യം ഉറപ്പാക്കാന് ചിന്തന് ശിവിറില് തീരുമാനമായിരുന്നു. 2022 ഒക്ടോബറില് അദ്ധ്യക്ഷ പദത്തിലെത്തിയ ദളിത് സമുദായത്തില് നിന്നുള്ള നേതാവ് കൂടിയായ മല്ലികാര്ജുന് ഖാര്ഗെ ശ്രമിക്കുന്നതും ഇതിനുതന്നെയാണ്. കോണ്ഗ്രസിനെ ഏറെക്കാലം പിന്തുണച്ചിരുന്ന ഈ വിഭാഗങ്ങളുടെ വിശ്വാസം ആര്ജ്ജിക്കാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് ഖാര്ഗെ സ്വീകരിക്കുന്ന നിലപാട്. ദളിത്, ഗോത്ര, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളില് നിന്ന് നേതാക്കളെ വളര്ത്തുക എന്ന ലക്ഷ്യവുമായി സംഘടനാ പരിപാടികളിലേക്കും കോണ്ഗ്രസ് കടന്നിരുന്നു.

ഒബിസി സംവരണം മുന്നിര്ത്തി കോണ്ഗ്രസ് മുന്നോട്ട് വെച്ച ചര്ച്ചകളെ ബിജെപി വൈകാരികമായി ഉപയോഗപ്പെടുത്തിയാല് കോണ്ഗ്രസിന് ഈ നീക്കം തിരിച്ചടിയാകും. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുതല് ഒബിസി നേതാവെന്ന നിലയില് നരേന്ദ്രമോദി ഉയര്ത്തിക്കാണിക്കുന്ന തിരഞ്ഞെടുപ്പ് തന്ത്രം ഒബിസി വിഭാഗങ്ങളുടെ പിന്തുണ ആര്ജിക്കാന് ബിജെപി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഉത്തര്പ്രദേശ് അടക്കമുള്ള ഹിന്ദി ഹൃദയ ഭൂമിയില് ജാതി രാഷ്ട്രീയത്തിന്റെ വോട്ടുബാങ്കില് മേല്ക്കൈ നേടിയിരുന്ന പ്രാദേശിക പാര്ട്ടികളെ മറികടക്കാന് ബിജെപിയെ സഹായിച്ചതും ഇതാണ്. ജാതീയ തിരിവുകളില്ലാതെ ഒബിസി സമുദായത്തെ ഒരുമിച്ച് സ്വന്തം കൊടിക്കീഴില് അണിനിരത്തുകയെന്ന തന്ത്രമാണ് ഉത്തരേന്ത്യയില് ബിജെപി 2014 മുതല് പ്രയോഗിക്കുന്നത്. ഉത്തര്പ്രദേശില് തുടര്ച്ചയായ രണ്ട് വട്ടം അധികാരത്തില് വരാന് ബിജെപിയെ സഹായിച്ചതില് മോദി പ്രഭാവത്തിന് പുറമെ ഈ തന്ത്രത്തിനും വലിയ പ്രാധാന്യമുണ്ട്. അതിനാല് തന്നെ ഇപ്പോള് ഒബിസി വിഭാഗത്തെ ഒരുമിച്ച് കോണ്ഗ്രസ് അഭിസംബോധന ചെയ്യുമ്പോള് അത് ബിജെപി ഇന്നലെ വരെ മുന്നോട്ടുവെച്ച തന്ത്രത്തിനാകും കൂടുതല് ഗുണകരമാകുക.

ഒബിസി വിഷയത്തില് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൂടുതല് വൈകാരിക നിയമനിര്മ്മാണങ്ങള്ക്ക് ബിജെപി തുനിഞ്ഞാല് ഇനിയതിനെ എതിര്ക്കാന് കോണ്ഗ്രസിന് കഴിയാതെ വരും. 85 ബിജെപി എംപിമാരും 29 മന്ത്രിമാരും ഒബിസി വിഭാഗത്തില്പ്പെട്ടവരാണെന്നാണ് കഴിഞ്ഞ ദിവസം അമിത്ഷാ ലോക്സഭയില് രാഹുല് ഗാന്ധിക്ക് മറുപടിയായി പറഞ്ഞത്. ഇത് കോണ്ഗ്രസിനുള്ള സൂചന കൂടിയാണ്. ഒബിസി വിഷയത്തില് കോണ്ഗ്രസിനെ മറികടക്കാന് ബിജെപി സ്വീകരിക്കുന്ന സമീപനമാണ് ഇനി അറിയേണ്ടത്. ഇത് 2024 ലോക്സഭാതിരഞ്ഞെടുപ്പിലും നിര്ണായകമാകും.

dot image
To advertise here,contact us
dot image