മൻമോഹൻ സിംഗ്; ഇന്ത്യയുടെ വിശപ്പ് മാറ്റിയ പ്രധാനമന്ത്രി

രാഷ്ട്രീയം നിയോഗമായി കണ്ട്, അതിനായി ജീവിതം ഉഴിഞ്ഞു വച്ച രാഷ്ട്രീയക്കാരന് ആയിരുന്നില്ല മന്മോഹന് സിംഗ്. അദ്ദേഹം പ്രധാനമന്ത്രി ആയി വരേണ്ടത് ഒരിക്കലും അദ്ദേഹത്തിന്റെ ആവശ്യമായിരുന്നില്ല.

ആദർശ് എച്ച് എസ്
4 min read|26 Sep 2023, 01:41 pm
dot image

ഏതാനും മാസങ്ങള്ക്ക് മുമ്പാണ്. ഡല്ഹിയിലെ സര്ക്കാര് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം, സ്ഥലം മാറ്റം തുടങ്ങിയ കാര്യങ്ങളില് ഭേദഗതി വരുത്തുന്ന ഒരു സുപ്രധാന ഓര്ഡിനന്സ് പാര്ലമെന്റില് അവതരിപ്പിക്കുന്ന ദിവസം. ഇന്ഡ്യ എന്ന പേരിലുള്ള ഇപ്പോഴത്തെ പ്രതിപക്ഷ ഐക്യം രൂപപ്പെട്ട് വരുന്നേ ഉള്ളൂ... ഈ ബില്ലില് ഐക്യം ഇല്ലെങ്കില് ആം ആദ്മി പാര്ട്ടി സഖ്യത്തിനില്ലെന്ന് ഇടഞ്ഞു നില്ക്കുന്ന കാലം കൂടിയാണ്.

ബില് വോട്ടിനിട്ടപ്പോള്, 90 വയസ്സ് പിന്നിട്ട ഒരു വൃദ്ധനായ മനുഷ്യന് വീല് ചെയറില് പാര്ലമെന്റിലേക്ക് കയറി വന്നു. കടുത്ത ആരോഗ്യ പ്രശ്നങ്ങള് മൂലം ചികില്സയിലാണ് അദ്ദേഹം. പക്ഷേ ജനാധിപത്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയ്ക്ക് മുന്നില് ഒന്നും തടസമായില്ല. രാഷ്ട്രീയ എതിരാളികള് പോലും Statesman എന്ന് അക്ഷരം തെറ്റിക്കാതെ വിളിക്കുന്ന മന്മോഹന് സിംഗ് ആയിരുന്നു ആ മനുഷ്യന്!

രാഷ്ട്രീയം നിയോഗമായി കണ്ട്, അതിനായി ജീവിതം ഉഴിഞ്ഞു വച്ച രാഷ്ട്രീയക്കാരന് ആയിരുന്നില്ല മന്മോഹന് സിംഗ്. അദ്ദേഹം പ്രധാനമന്ത്രി ആയി വരേണ്ടത് ഒരിക്കലും അദ്ദേഹത്തിന്റെ ആവശ്യമായിരുന്നില്ല. കോണ്ഗ്രസ്സ് എന്ന പ്രസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും നിര്ബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം രാഷ്ട്രീയം സ്വീകരിച്ചത്.

ഇന്നത്തെ പാകിസ്ഥാന്റെ ഭാഗമായ പശ്ചിമ പഞ്ചാബില് ആയിരുന്നു മന്മോഹന് സിംഗിന്റ ജനനം. രാജ്യം വിഭജിക്കപ്പെട്ടപ്പോള് അദ്ദേഹത്തിന്റെ കുടുംബം ഇന്ത്യയിലേക്ക് വന്നു. പഠന കാലത്ത് തന്നെ അസാമാന്യ പ്രതിഭയായിരുന്നു അദ്ദേഹം. ഓക്സ്ഫോര്ഡില് നിന്ന് സാമ്പത്തിക ശാസ്ത്രത്തില് ഡോക്ടറേറ്റ് നേടി. 1966-69 കാലത്ത് ഐക്യരാഷ്ട്ര സംഘടനയില് ജോലി ചെയ്തു. ലളിത് നാരായണ് മിശ്ര, വ്യവസായ മന്ത്രാലയത്തിലെ ഉപദേഷ്ടാവായി നിയമിച്ചത് മുതലാണ് മന്മോഹന് സിംഗ് ഇന്ത്യയില് ബ്യൂറോക്രാറ്റിന്റെ കുപ്പായം അണിയുന്നത്.

മന്മോഹന് സിങ്ങിന്റെ ജീവിത കഥ ആധുനിക ഇന്ത്യന് സാമ്പത്തിക വ്യവസ്ഥയുടെ ചരിത്രം കൂടിയാണ്. വിദ്യാഭ്യാസ ഘട്ടത്തിലെ പ്രാഗത്ഭ്യം തൊഴിലിലും മന്മോഹന് സിംഗ് തുടര്ന്നു. 1972-76 കാലത്ത് ഇന്ത്യന് സര്ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായും, 1982-85 കാലത്ത് റിസര്വ് ബാങ്ക് ഗവര്ണ്ണര് ആയും 1985 മുതല് 2 വര്ഷം പ്ലാനിംഗ് കമ്മീഷന്റെ തലപ്പത്തും സിംഗ് തിളങ്ങി.

എന്നാല് സിങ്ങിന്റെ ജീവിതത്തിലെ രാഷ്ട്രീയ അദ്ധ്യായം ആരംഭിക്കുന്നത് 1991ലാണ്. യാതൊരു വിധ രാഷ്ട്രീയ പരിചയവും ഇല്ലാതിരുന്ന മന്മോഹന് സിങ്ങിനെ അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു തന്റെ ക്യാബിനെറ്റില് ധനകാര്യ മന്ത്രിയായി നിയമിച്ചു. അത് രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ സുപ്രധാന ചുവട് വയ്പ്പായിരുന്നു.

ഗള്ഫ് യുദ്ധവും ആഭ്യന്തര പ്രശ്നങ്ങളും സോവിയറ്റ് യൂണിയന്റെ തകര്ച്ചയുമൊക്കെ കാരണം ശിഥിലമായൊരു സാമ്പത്തിക വ്യവസ്ഥിതിയാണ് സിങ്ങിന് മുന്പിലേക്ക് വച്ചുനീട്ടപ്പെട്ടത്. അതിന് പുറമേ ലോകബാങ്കിലും ഐഎംഎഫിലുമൊക്കെ എണ്ണിയാല് ഒടുങ്ങാത്ത കടബാധ്യതയും. സിങ്ങിലെ സാമ്പത്തികശാസ്ത്ര വിദ്യാര്ത്ഥി അന്ന് പ്രവര്ത്തിച്ച അദ്ഭുതമാണ് സോവിയറ്റ് യൂണിയന് നേരിട്ടത് പോലെയൊരു തകര്ച്ചയില് നിന്നും രാജ്യത്തെ കര കയറ്റിയത്. അന്താരാഷ്ട്ര തലത്തിലെ സമ്മര്ദ്ദത്തിന്റെ കൂടി അടിസ്ഥാനത്തില് സിംഗ് ഇന്ത്യയില് പുതിയ സാമ്പത്തികക്രമം കൊണ്ട് വന്നു. ഇന്ദിരാ ഗാന്ധിയുടെ കാലത്ത് കൂട്ടിച്ചേര്ത്ത ഇന്ത്യന് ഭരണഘടനയുടെ ആമുഖത്തിലെ സോഷ്യലിസം അതോടെ പഴങ്കഥയായി.

അന്ന് ഇന്ത്യന് സാമ്പത്തിക വ്യവസ്ഥയിലേക്ക് സിംഗ് മൂന്ന് ഭൂതങ്ങളെ തുറന്നു വിട്ടു. ആഗോളവത്കരണം, ഉദാരവത്കരണം, സ്വകാര്യവത്കരണം എന്നിവയായിരുന്നു അത്. ഇടതുപക്ഷ പ്രസ്ഥാനങ്ങളില് നിന്ന് രാജ്യത്താകമാനം സിങ്ങിന്റെ നയത്തെ എതിര്ത്തു കൊണ്ട് പ്രതിഷേധം ഉയര്ന്നു. പക്ഷേ മന്മോഹന് സിംഗ് തന്റെ സാമ്പത്തിക നയവുമായി മുന്നോട്ട് പോയി. അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു സിങ്ങിന് പിന്നില് ഉറച്ചു നിന്നു.

സാമ്പത്തിക കടക്കെണിയില് നിന്ന് ഇന്ത്യ കരകയറി. രാജ്യത്തെ പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും തോത് ഗണ്യമായി തൊട്ടടുത്ത ദശാബ്ദത്തില് കുറഞ്ഞു. ഇന്ത്യയിലേക്ക് സാങ്കേതിക വിദ്യയുടെയും പുതിയ സാധ്യതകളുടെയും കുത്തൊഴുക്ക് ഉണ്ടായതും ഇക്കാലത്താണ്.

സിംഗ് ധനകാര്യ മന്ത്രിയായിരുന്ന കാലത്ത് തന്നെയാണ് ഇന്ത്യന് കറന്സിയുടെ മൂല്യം സ്വയം കുറച്ചു കൊണ്ട് രാജ്യത്തേക്ക് വിദേശ പണം ആകര്ഷിക്കുന്ന Devaluation പദ്ധതിയും ഇന്ത്യ വിജയകരമായി നടപ്പിലാക്കിയത്. പക്ഷേ സംഘടനയ്ക്കുള്ളിലെ വിള്ളല് 1996 ലെ തെരഞ്ഞെടുപ്പില് കോണ്ഗ്രസ്സിനെ പരാജയം രുചിപ്പിച്ചു. 1998-2004 വരെ കാലത്ത് മന്മോഹന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി പ്രവര്ത്തിച്ചു.

2004 ല് ഏവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് കോണ്ഗ്രസ്സിന്റെ നേതൃത്വത്തിലുളള UPA മുന്നണി അധികാരത്തില് വന്നു. എന്നാല് യഥാര്ത്ഥ അമ്പരപ്പ് കാത്തിരിക്കുന്നത് അവിടെയായിരുന്നില്ല. തെരഞ്ഞെടുപ്പില് കോണ്ഗ്രസ്സിനെ നയിച്ച സോണിയാ ഗാന്ധി സ്വാഭാവികമായും പ്രധാനമന്ത്രി ആകുമെന്ന് പ്രതീക്ഷിച്ചവരുടെ മുന്നിലേക്ക് സോണിയ ഗാന്ധി മന്മോഹന് സിങ്ങിന്റെ പേര് ഉയര്ത്തി കാണിച്ചു. അന്ന് സോണിയ മന്മോഹന് സിങ്ങില് കാണിച്ച വിശ്വാസം ഈ ദിവസം വരെയും അദ്ദേഹം സൂക്ഷിച്ചു പോരുന്നു. സിഖ് കൂട്ടകുരുതി ഉള്പ്പടെ കോണ്ഗ്രസ്സിന്റെ ചരിത്രത്തിലെ കറുത്ത ഏടുകളെ നിര്ജ്ജീവമാക്കുന്നത് കൂടിയായിരുന്നു സിങ്ങിന്റെ സ്ഥാനാരോഹണം.

മന്മോഹന് സിങ്ങിന്റെ നേതൃത്വത്തിലെ ആദ്യ UPA സര്ക്കാര് അക്ഷരാര്ത്ഥത്തില് ഇന്ത്യന് ജനതയുടെ സുവര്ണ്ണ കാലഘട്ടമായിരുന്നു. ഗ്രാമങ്ങളില് തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴിലെത്തിച്ചും വിവരാവകാശ നിയമത്തിലൂടെ സര്ക്കാര് നടപടികള് സുതാര്യമാക്കിയും സര്ക്കാര് ജനഹൃദയങ്ങളില് ഇടം നേടി. ലോക രാഷ്ട്രങ്ങള്ക്കിടയില് ഇന്ത്യയ്ക്കും സിങ്ങിനും ആദരവ് ഏറി. ബറാക്ക് ഒബാമ ഉള്പ്പടെയുള്ള ലോക നേതാക്കള് എല്ലാ കാലത്തും സിങ്ങിനെ കുറിച്ച് ബഹുമാനത്തോടെ മാത്രം സംസാരിച്ചു. രാജ്യത്തെ പട്ടിണിയുടെ തോത് പകുതിയോളം കുറയ്ക്കാനും ഈ കാലത്ത് സിങ്ങിന് കഴിഞ്ഞു.

2008 ല് ഇടതുപക്ഷ പാര്ട്ടികളുടെ എതിര്പ്പിനെ അവഗണിച്ചുകൊണ്ട് അമേരിക്കയുമായി സിംഗ് ആണവ കരാര് ഒപ്പുവച്ചു. ഇടതുപക്ഷം സര്ക്കാരിന് പിന്തുണ പിന്വലിച്ചു. പക്ഷേ മറ്റ് പ്രാദേശിക പാര്ട്ടികളെ കൂട്ടുപിടിച്ച് സിംഗ് അധികാരത്തില് തുടര്ന്നു. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇടപെടല് ഇതില് പ്രധാന പങ്ക് വഹിച്ചു. 2008 കാലഘട്ടം അമേരിക്ക ഉള്പ്പടെ ലോകത്താകമാനം സാമ്പത്തിക മാന്ദ്യം നേരിടുന്ന കാലം കൂടിയാണ്. എന്നാല് മന്മോഹന് സിങ്ങിന്റെ നേതൃത്വത്തില് ഇന്ത്യ അതിശക്തമായി നിലകൊണ്ടു.

2009 ല് 1984 ന് ശേഷം കോണ്ഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ലഭിച്ചിട്ടുണ്ടെങ്കില് അതിന്റെ കാരണം മന്മോഹന് സിംഗ് സര്ക്കാരിന്റെ സദ്ഭരണമായിരുന്നു. എന്നാല് രണ്ടാം യുപിഎ സര്ക്കാരിന് കണക്ക് കൂട്ടലുകള് പിഴച്ചു. മന്ത്രിസഭയിലെ അഴിമതിയുടെ പാപഭാരം മുഴുവന് സിങ്ങിന്റെ തലയിലാകുന്ന സ്ഥിതി വന്നു. അഴിമതിയുടെ കറപുരണ്ട സര്ക്കാരെന്ന പൊതുബോധം സൃഷ്ടിക്കപ്പെട്ടു. അതോടെ 2014 ല് ചരിത്രത്തിലെ ഏറ്റവും വലിയ തോല്വി ഏറ്റുവാങ്ങി കോണ്ഗ്രസ്സിനും മന്മോഹന് സിങ്ങിനും അധികാരത്തില് നിന്ന് പടിയിറങ്ങേണ്ടി വന്നു.

മോദി സര്ക്കാര് അധികാരത്തിലേറിയ ശേഷം സാമ്പത്തിക വിപ്ലവം എന്ന രീതിയില് നടപ്പിലാക്കിയ നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പിന്നിലേക്ക് നയിക്കുമെന്ന പ്രവചനം ആദ്യം ഉണ്ടായത് മന്മോഹന് സിങ്ങിന്റെ ഭാഗത്ത് നിന്നായിരുന്നു. ' Organized loot and legalised plunder ' എന്നാണ് മന്മോഹന് സിംഗ് നോട്ട് നിരോധനത്തെ കുറിച്ച് പറഞ്ഞത്. ഇന്ത്യന് ജിഡിപി ഈ നയത്തിന്റെ പേരില് 2 പോയിന്റ് കുറയുമെന്ന് അദ്ദേഹം നടത്തിയ പ്രസ്താവന ശരിയായിരുന്നു എന്ന് പിന്നീട് കാലം തെളിയിച്ചു.

തന്റെ അറിവും പക്വതയും രാജ്യത്തിന് വേണ്ടി ഇത്രത്തോളം ഉപയോഗിച്ച മറ്റ് വ്യക്തികള് ഇന്ത്യന് രാഷ്ട്രീയത്തില് വിരളമായിരിക്കും. മൌനിയായ പ്രധാനമന്ത്രി എന്ന വിമര്ശനം ഏറ്റുവാങ്ങി. പക്ഷേ സിംഗ് സംസാരിക്കാനായി മുതിര്ന്നപ്പോഴൊക്കെ ലോകം കാതോര്ത്തു എന്ന വസ്തുത വിമര്ശകര് ഉള്പ്പടെ സമ്മതിക്കുന്നതാണ്.

' SPEECH IS SILVER, BUT SILENCE IS GOLD ' എന്ന വാക്യം സിങ് തന്റെ ജീവിതത്തില് ഉടനീളം ഓര്മ്മിപ്പിച്ചു. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്, അദ്ദേഹം തന്നെ ഒരിക്കല് പറഞ്ഞത് പോലെ വിമര്ശകരെക്കാള് ചരിത്രം അദ്ദേഹത്തോട് ദയ കാണിക്കും എന്ന് ബോധ്യമാകുന്നുണ്ട്. 91 ആം ജന്മവാര്ഷികത്തിന്റെ നിറവില് നില്ക്കുന്ന മന്മോഹന് സിങ്ങിന് ആശംസകള്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us