'നിങ്ങള് പലഹാരമുണ്ടാക്കുന്ന പണം തരൂ, ഞാന് നിങ്ങള്ക്ക് യൂണിവേഴ്സിറ്റി തരാം'; ഓര്മകളില് സിഎച്ച്

ഔദ്യോഗിക വിദ്യാഭ്യാസത്തോടും സ്ത്രീകള് വിദ്യാഭ്യാസം നേടുന്നതിനോടുമെല്ലാം മുഖംതിരിച്ച് നിന്നിരുന്ന മുസ്ലിം സമുദായത്തെ പുരോഗതിയിലേക്ക് നയിച്ചതില് സിഎച്ച് മുഹമ്മദ് കോയയുടെ ഇടപെടലുകള്ക്ക് ശ്രദ്ധേയമായ പങ്കുണ്ട്.

സീനത്ത് കെ സി
4 min read|28 Sep 2023, 03:38 pm
dot image

കൈവെച്ച മേഖലകളിലെല്ലാം ഒന്നാമനായി കഴിവു തെളിയിച്ച സാധാരണക്കാരന്. ജനമനസ്സില് ഇന്നും ജനകീയനായ സിഎച്ച് മുഹമ്മദ് കോയ മണ്മറഞ്ഞിട്ട് 40 വര്ഷമാകുന്നു. ഒരു സമൂഹം വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ മാത്രമേ സാമൂഹിക പുരോഗതി കൈവരിക്കുകയുളളുവെന്ന ഉള്ക്കാഴ്ചയുണ്ടായിരുന്ന രാഷ്ട്രീയ നേതാവായിരുന്നു മുന്മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സിഎച്ച് മുഹമ്മദ് കോയ.

ഔദ്യോഗിക വിദ്യാഭ്യാസത്തോടും സ്ത്രീകള് വിദ്യാഭ്യാസം നേടുന്നതിനോടുമെല്ലാം മുഖംതിരിച്ച് നിന്നിരുന്ന മുസ്ലിം സമുദായത്തെ പുരോഗതിയിലേക്ക് നയിച്ചതില് സിഎച്ച് മുഹമ്മദ് കോയയുടെ ഇടപെടലുകള്ക്ക് ശ്രദ്ധേയമായ പങ്കുണ്ട്. കേരളത്തില് നിയമസഭ സ്പീക്കര്, മുഖ്യമന്ത്രി എന്നീ പദവികള് അലങ്കരിച്ച ഏക വ്യക്തിയും അദ്ദേഹമാണ്. പ്രതിപക്ഷത്തായാലും ഭരണപക്ഷത്തായാലും ആരും ശ്രദ്ധിച്ചിരുന്നുപോകുന്ന ശബ്ദമായിരുന്നു സി എച്ച് മുഹമ്മദ് കോയയുടേത്. മുഖ്യമന്ത്രിയായ ശേഷം വീണ്ടും വകുപ്പ് മന്ത്രിയായ ഏക വ്യക്തിയും സിഎച്ച് ആണ്.

1927 ല് കോഴിക്കോട് അത്തോളിയില് ആലി മുസ്ലിയാരുടേയും മറിയുമ്മയുടേയും മകനായാണ് ചെറിയാന്കണ്ടി മുഹമ്മദ് കോയ എന്ന സി എച്ച് മുഹമ്മദ് കോയ ജനിച്ചത്. ഇന്ത്യന് യൂണിയന് മുസ്ലിം ലീഗിന്റെ സജീവ പ്രവര്ത്തകനായി രാഷ്ട്രീയ ജീവിതം തുടങ്ങിയ സിഎച്ച് 1951ല് ലീഗിന്റെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയില് അംഗമായി. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കോഴിക്കോട് സാമൂതിരി കോളേജില് തുടര് പഠനത്തിനായി ചേര്ന്നെങ്കിലും പഠനം പൂര്ത്തിയാക്കാതെ ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ പടികയറി. നിയമസഭാംഗമായിരുന്നപ്പോഴും കോഴിക്കോട്ടെത്തിയാല് സി എച്ചിന് സ്വന്തം വീട് ചന്ദ്രികയായിരുന്നു. ചന്ദ്രികയുടെ ചീഫ് എഡിറ്റര് കസേര എന്നും അദ്ദേഹത്തിന് വേണ്ടി ഒഴിഞ്ഞുകിടന്നിരുന്നു.

തോല്വി ഉറപ്പായ മണ്ഡലങ്ങളില് പോലും അനായാസമായി ജയിച്ചു കയറിയതായിരുന്നു സി എച്ചിന്റെ തിരഞ്ഞെടുപ്പ് ചരിത്രം. പഠന കാലത്ത് ക്ലര്ക്കായി ജോലി ചെയ്തിരുന്ന മുന്സിപ്പല് ഓഫീസിലേക്ക് 1952ല് കൗണ്സിലറായി എത്തിയായിരുന്നു സി എച്ചിന്റെ രാഷ്ട്രീയ ചുവടുവെപ്പ്. കന്നിയങ്കത്തില് തന്നെ അദ്ദേഹം ശ്രദ്ധേയനായി. പിന്നീട് ഐക്യകേരളത്തിന്റെ ഒന്നാം നിയമസഭയിലേക്ക് മത്സരിച്ചു. 1957, 1960 വര്ഷങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകളില് താനൂര് മണ്ഡലത്തില് നിന്ന് വിജയിച്ച് നിയമസഭാംഗമായി.

1961 ല് സീതിസാഹിബിന്റെ നിര്യാണത്തെ തുടര്ന്ന് ഒഴിവ് വന്ന സ്പീക്കര് സ്ഥാനത്തേക്ക് സിഎച്ചിനെ പരിഗണിച്ചു. അന്ന് സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കറായിരുന്നു അദ്ദേഹം. എന്നാല് 1961 ല് ലോക്സഭ തിരഞ്ഞെടുപ്പില് കോഴിക്കോട് മണ്ഡലത്തില് നിന്ന് പാര്ലമെന്റ് അംഗമായതോടെ അധികം വൈകാതെ തന്നെ അദ്ദേഹത്തിന് സ്പീക്കര് പദവി രാജിവെക്കേണ്ടി വന്നു. 1967 ല് അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തന്നെ തിരിച്ചെത്തി.

1972 ഏപ്രില് 25ന് മുസ്ലിംലീഗ് നേതാവായിരുന്ന ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈല് അന്തരിച്ചതോടെ മഞ്ചേരി ലോക്സഭാ മണ്ഡലത്തില് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. ഖാഇദെമില്ലത്തിന് പകരം ഇനി ആര് എന്ന ചോദ്യമുയര്ന്നതോടെ മുതിര്ന്ന നേതാവായിരുന്ന സയ്യിദ് അബ്ദുറഹിമാന് ബാഫഖി തങ്ങള് ഉത്സാഹിയും വാഗ്മിയുമായ സി എച്ച് മുഹമ്മദ് കോയയുടെ പേരാണ് പരിഗണിച്ചത്. അക്കാര്യത്തില് ബാഫഖി തങ്ങള്ക്ക് കൂടുതല് സമയമെടുക്കേണ്ടി വന്നില്ല. അന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി എച്ചിനോട് ഉടന് രാജിവെച്ച് മടങ്ങി വരാന് ബാഫഖി തങ്ങള് ആവശ്യപ്പെട്ടു. മറുത്തൊന്നും ചിന്തിക്കാതെ സി എച്ച് രാജി എഴുതികൊടുത്ത് കോഴിക്കോട്ടേക്ക് പുറപ്പെട്ടുവെന്ന് ചരിത്രം പറയുന്നു. 1973 ല് നടന്ന മഞ്ചേരി ലോക്സഭ ഉപതിരഞ്ഞെടുപ്പില് വിജയിച്ച് വീണ്ടും സി എച്ച് മുഹമ്മദ് കോയ ഡല്ഹിക്ക് വണ്ടി കയറി.

1977 ല് മലപ്പുറത്തിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ സി എച്ച് 1979 ഒക്ടോബര് 12ന് കേരളത്തിന്റെ എട്ടാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നാല് മുഖ്യമന്ത്രിമാരെ സൃഷ്ടിച്ച അഞ്ചാം കേരളാ നിയമസഭയില് നാലാമത്തെ മുഖ്യമന്ത്രിയായിട്ടും അദ്ദേഹത്തിന് മാസങ്ങള് പോലും തികയ്ക്കാനാകാതെ ഇറങ്ങേണ്ടി വന്നു. വെറും 54 ദിവസം മാത്രമായിരുന്നു മുഖ്യമന്ത്രിക്കസേരയില് സിഎച്ചിന്റെ ആയുസ്. 1979 ഡിസംബര് ഒന്നിന് മുഖ്യമന്ത്രി പദവിയില് നിന്നും രാജിവെച്ചു.

മുഖ്യമന്ത്രിയായും ഉപമുഖ്യമന്ത്രിയായും എംഎല്എയായും ജനങ്ങളുടെ ശബ്ദമായെങ്കിലും താന് കൈകാര്യം ചെയ്ത വിദ്യാഭ്യാസ വകുപ്പായിരുന്നു സിഎച്ചിനെ വേറിട്ട മന്ത്രിയാക്കിയത്. ഏറ്റവും കൂടുതല് കാലം സി എച്ച് ഇരുന്നതും വിദ്യാഭ്യാസ മന്ത്രി പദവിയിലാണ്. 1967 മാര്ച്ച് ആറിനാണ് അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയാവുന്നത്.

വിദ്യാര്ത്ഥികള്ക്ക് വിവിധ ആനുകൂല്യങ്ങള് നല്കി, പത്താം ക്ലാസ് വരെ വിദ്യാഭ്യാസം സൗജന്യമാക്കി, സര്വകലാശാലകളുടെ ഉന്നതാധികാര സമിതികളായ സെനറ്റ്, സിന്ഡിക്കേറ്റ്, അക്കാദമിക് കൗണ്സില് എന്നിവയില് വിദ്യാര്ത്ഥികളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് ചുക്കാന് പിടിച്ചതും സി എച്ച് എന്ന വിദ്യാഭ്യാസ മന്ത്രിയായിരുന്നു. മലബാര് മേഖലയില് ഉന്നതവിദ്യാഭ്യാസം വ്യാപിപ്പിക്കാനും ഗവേഷണം പ്രോത്സാഹിപ്പിക്കാനുമായി കാലിക്കറ്റ് സര്വകലാശാല യാഥാര്ത്ഥ്യമാക്കിയതും സി എച്ച് ആയിരുന്നു.

1968 ലെ കേരള സര്ക്കാര് ഉത്തരവിലൂടെയാണ് കാലിക്കറ്റ് സര്വകലാശാല നിലവില് വന്നത്. അന്ന് കേരളത്തില് ആകെയുണ്ടായിരുന്നത് കേരള സര്വകലാശാല മാത്രമായിരുന്നു. സര്വകലാശാല രൂപീകരിക്കുമ്പോള് വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി എച്ചിനോടുളള ബഹുമാന സൂചകമായി കാലിക്കറ്റ് സര്വകലാശാലയുടെ വായനശാലക്ക് അദ്ദേഹത്തിന്റെ പേരാണ് നല്കിയിരിക്കുന്നത്.

പുതുതായി 13 കോളജുകള് ആണ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്ത് അദ്ദേഹം കൊണ്ടുവന്നത്. മലപ്പുറം മമ്പാട് എംഇഎസ് കോളേജ്, കൊല്ലം ടികെഎം കോളേജ്, എടത്തല അല്അമീന് കോളേജ്, കൊടുങ്ങല്ലൂര് അസ്മാബി കോളേജ്, മണ്ണാര്ക്കാട് എംഇഎസ് കോളജ്, സര് സയ്യിദ് കോളേജ് മുതലായവ അതില് ചിലതാണ്. വിദ്യാഭ്യാസ വകുപ്പിനെ കൂടാതെ ആഭ്യന്തരം, വിനോദസഞ്ചാരം, റവന്യൂ, പൊതുമരാമത്ത്, സാമൂഹിക ക്ഷേമം തുടങ്ങിയ വകുപ്പുകളും സി എച്ച് വഹിച്ചിട്ടുണ്ട്.

ചരിത്രപരവും സാമൂഹികപരവുമായ കാരണങ്ങളാല് പിന്നോക്കം നിന്ന മുസ്ലിം സമുദായത്തെ വിദ്യാഭ്യാസത്തില് ഉന്നതിയിലെത്തിച്ചതിലും രാഷ്ട്രീയത്തിലേക്ക് അടുപ്പിച്ചതിലും പ്രധാന പങ്ക് സി എച്ചിന്റേതായിരുന്നു. മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിന് ലീഗിലെ സീതി സാഹിബിനെ പോലുളളവര് ശ്രമിച്ചിരുന്നെങ്കിലും അത് സാക്ഷാത്കരിച്ചത് സി എച്ചിന്റെ പ്രവര്ത്തനത്തിലൂടെയായിരുന്നുവെന്നാണ് റിപ്പോര്ട്ടുകള്.

തന്റെ പ്രസംഗത്തിലൂടെയും പ്രചരണത്തിലൂടെയും അദ്ദേഹം വിദ്യാഭ്യാസത്തിന്റെ മൂല്യത്തെപ്പറ്റി ജനത്തെ ബോധവാന്മാരാക്കി. 'പഞ്ചായത്തുകള് തോറും സ്കൂളുകള് കൊണ്ടുവന്നു, താലൂക്കുകള് തോറും കോളേജുകള് കൊണ്ടുവന്നു, സമുദായത്തിലെ ആണും പെണ്ണും വിദ്യാഭ്യാസമുളളവരായി...' സിഎച്ചിന്റെ ഒരു പ്രസംഗത്തിലെ വാക്കുകളാണിത്. തുടര്ച്ചയായി ആറ് മന്ത്രിസഭകളില് വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയെന്ന ഖ്യാതിയും സിഎച്ചിനുണ്ട്.

മുസ്ലിം ലീഗിന്റെ വിദ്യാര്ത്ഥി സംഘടനയായ എംഎസ്എഫിന്റെ സ്ഥാപക നേതാവുമാണ് സി എച്ച്. പഠിപ്പുമുടക്കലല്ല പഠിപ്പ് നടത്തലാണ് എംഎസ്എഫിന്റെ ദൗത്യമെന്ന സന്ദേശം സംഘടനയിലെ വിദ്യാര്ത്ഥികള്ക്ക് അദ്ദേഹം നല്കി. ലീഗിന്റെ വേദികളില് ജനക്കൂട്ടത്തെ സൃഷ്ടിച്ച തീപ്പൊരി പ്രാസംഗികന് കൂടിയായിരുന്നു സിഎച്ച് മുഹമ്മദ് കോയ. ഉച്ചാരണ സ്ഫുടത കൊണ്ടും ഗാംഭീര്യം കൊണ്ടും സി എച്ചിലെ പ്രഭാഷകന് വേറിട്ടു നിന്നിരുന്നതായി രേഖകള് പറയുന്നു. 'നിങ്ങള് പലഹാരമുണ്ടാക്കുന്ന പണം തരൂ, ഞാന് നിങ്ങള്ക്ക് യൂണിവേഴ്സിറ്റി തരാം' എന്ന സി എച്ചിന്റെ വാക്കുകള് കാലിക്കറ്റ് സര്വകലാശാല യാഥാര്ത്ഥ്യമാകുന്നതിലേക്കാണ് നയിച്ചത്. ധാരാളം പുസ്തകങ്ങള് സി എച്ച് രചിച്ചിട്ടുണ്ട്. 1955 ല് പ്രസിദ്ധീകരിച്ച 'ലിയാഖത്ത് അലി ഖാന്, എന്റെ ഹജ്ജ് യാത്ര, ഞാന് കണ്ട മലേഷ്യ, നിയമസഭാ ചട്ടങ്ങള്' എന്നിവ അദ്ദേഹത്തിന്റെ ബുക്കുകളില് ചിലതാണ്.

1981 ല് കെ കരുണാകരന് മുഖ്യമന്ത്രിയായപ്പോള് സി എച്ച് ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റു. അവസാനമായി അംഗമായിരുന്ന 1982 ലെ ഏഴാം കേരള നിയമസഭയിലും സി എച്ച് തന്നെയായിരുന്നു ഉപമുഖ്യമന്ത്രി. കുറഞ്ഞ കാലത്തിനിടയില് വലിയ സ്ഥാനമാനങ്ങളും പദവികളും അലങ്കരിക്കാന് ഭാഗ്യം ലഭിച്ച സി എച്ചിനെതിരെ വിവാദങ്ങളോ അഴിമതികളോ ആരോപിക്കാന് എതിരാളികള്ക്ക് കഴിഞ്ഞിരുന്നില്ല. മര വ്യവസായിയായിരുന്ന സീതി ഹാജിയുമൊത്തുള്ള കൂട്ടുകെട്ടിലൂടെ സി എച്ച് ധാരാളം സമ്പത്ത് ഉണ്ടാക്കിയിട്ടുണ്ടെന്ന ആരോപണം ഉയര്ന്നിരുന്നു. എന്നാല് സി എച്ചിന്റെ മരണ ശേഷമാണ് അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് പുറംലോകമറിയുന്നത്. മരിക്കുമ്പോള് അദ്ദേഹത്തിന്റെ കോഴിക്കോട് നടക്കാവുളള വീട് പണയത്തിലായിരുന്നുവെന്ന് റിപ്പോര്ട്ടുകള് പറയുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടിലായ സി എച്ചിന്റെ കുടുംബത്തിന് അന്നത്തെ സര്ക്കാര് ധനസഹായം പ്രഖ്യാപിച്ചു. സി എച്ചിന്റെ ഭാര്യ ആമിനക്കും അന്ന് മെഡിക്കല് വിദ്യാര്ത്ഥിയായിരുന്ന അദ്ദേഹത്തിന്റെ മകന് എംകെ മുനീറിനും സാമ്പത്തിക സഹായം നല്കിയെന്നും റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നു.

ഫൗസിയ, ഫരീദ എന്നിവരും അദ്ദേഹത്തിന്റെ മക്കളാണ്. 1983 സെപ്റ്റംബര് 28 ന് ആയിരുന്നു സിഎച്ചിന്റെ അന്ത്യം. ഒരു പൊതുപരിപാടിയില് സംബന്ധിക്കാനായി ഹൈദരാബാദിലെത്തിയ സി എച്ചിന് മസ്തിഷ്കാഘാതം ഉണ്ടാവുകയായിരുന്നു. കഴിവുറ്റ ഭരണാധികാരി, പത്രപ്രവര്ത്തകന്, എഴുത്തുകാരന്, പ്രാസംഗികന്, അങ്ങനെ എല്ലാ രംഗത്തും തന്റെ പേര് കൊത്തിവെച്ചാണ് അദ്ദേഹം കാലയവനികക്കുളളില് മറഞ്ഞത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us