പണിയെടുക്കുന്നവൻ്റെ നാവായിരുന്ന തൊഴിലാളി നേതാവ്

ജീവിതകാലം മുഴുവന് തൊഴിലാളി വര്ഗ്ഗത്തിന്റെ നിസ്വാര്ത്ഥ സേവകനാകാന് ആനത്തലവട്ടം ആനന്ദന് തുണയായത് ജീവിതസുരക്ഷ ഉപേക്ഷിച്ച് തൊഴിലാളി വര്ഗ്ഗത്തിന്റെ തോളോട് തോള് ചേരാന് കാണിച്ച പ്രതിബദ്ധത തന്നെയായിരുന്നു.

dot image

'സ്വന്തം കാര്യം മാത്രം നോക്കുന്നവനല്ല തൊഴിലാളി. സമൂഹത്തിലെ നാനാവിഭാഗം ആളുകളുടെയും കാര്യങ്ങള് നോക്കുന്നവരാണ് തൊഴിലാളികള്. ആ തൊഴിലാളികളാണ് നാടിന്റെ സ്വാതന്ത്ര്യത്തിനായി സര് സിപിയുടെ പട്ടാളത്തോട് ഏറ്റുമുട്ടി രക്തസാക്ഷിത്വം വരിച്ചത്. ഇന്ന് രാജ്യത്ത് കാണുന്ന സകല വളര്ച്ചയും നിര്മ്മിതിയും തൊഴിലാളികളുടെ അധ്വാനത്തിന്റെ ഫലമാണ്. മണ്ണിനടിയില് കിടന്ന സമ്പത്ത് രാജ്യസമ്പത്താക്കി മാറ്റിയത് തൊഴിലാളികളാണ്. മറ്റാരാണ് സ്വാതന്ത്ര്യത്തിനായി ജീവന് ത്യജിക്കുന്നത്. അവരെയാണ് നാടിന്റെ ശത്രുവെന്ന് അധിക്ഷേപിക്കുന്നത്. മാധ്യമങ്ങളും തൊഴിലാളികളെ ശത്രുക്കളാക്കി വികൃതമായി ചിത്രീകരിക്കാന് കൂട്ടുനില്ക്കുകയാണ്'. ഒരുവര്ഷം മുമ്പ് സിഐടിയു എറണാകുളം ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സിഐടിയു സംസ്ഥാന പ്രസിഡന്റായിരുന്ന ആനത്തലവട്ടം ആനന്ദന് നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗമായിരുന്നിത്. തൊഴിലാളി സമരങ്ങളില്, പാര്ട്ടി സമ്മേളന വേദികളില്, സ്റ്റഡി ക്ലാസുകളില് എന്തിനേറെ ചാനലുകളുടെ പ്രൈംടൈം ചര്ച്ചകളിലെല്ലാം തൊഴിലാളി വര്ഗ്ഗ രാഷ്ട്രീയത്തിന്റെ ശക്തമായ നിലപാടുകള് ഉയര്ത്തിപ്പിടിച്ച നേതാവായിരുന്നു ആനത്തലവട്ടം ആനന്ദന്.

തൊഴിലാളി വിഷയങ്ങളില് ഇടതുപക്ഷം ഭരിക്കുമ്പോള് പോലും സര്ക്കാര് സമീപനത്തിലെ തൊഴിലാളി വിരുദ്ധ നിലപാടുകളെ നിശിതമായി വിമര്ശിക്കാനും ആനത്തലവട്ടം ആനന്ദന് മടിച്ചിട്ടില്ല. ഏറ്റവും ഒടുവില് കഴിഞ്ഞ ഫെബ്രുവരിയില് കെഎസ്ആര്ടിസിയിലെ ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പ് മന്ത്രിക്കെതിരെയും മാനേജ്മെന്റിനെതിരെയും രൂക്ഷമായ വിമര്ശനമായിരുന്നു ആനത്തലവട്ടം ആനന്ദന് ഉയര്ത്തിയത്. തൊഴിലാളിയെ വളര്ത്തുനായയെപ്പോലെയാണ് മാനേജ്മെന്റ് കാണുന്നതെന്ന് കുറ്റപ്പെടുത്തിയ ആനത്തലവട്ടം ടിക്കറ്റ് വിറ്റുകിട്ടുന്നത് മഞ്ചാടിക്കുരു അല്ലെന്നും മാനേജ്മെന്റിനെ ഓര്മ്മിച്ചിരുന്നു.

കോടതി നിലപാടിനെതിരെയും തൊഴിലാളി പക്ഷത്ത് നിന്ന് ഏറ്റവും രൂക്ഷമായി പ്രതികരിക്കാന് ആനത്തലവട്ടം ആനന്ദന് മടിച്ചില്ല. സര്ക്കാര് ജീവനക്കാരുടെ പണിമുടക്കിനെതിരായ കോടതി ഉത്തരവിനെതിരെ 2022 മാര്ച്ചില് അതിരൂക്ഷമായ വിമര്ശനം ആനത്തലവട്ടം ഉയര്ത്തി. 'പണിമുടക്ക് വിലക്കാന് കോടതിക്ക് എന്ത് അവകാശമാണുള്ളതെന്നും പണിയെടുക്കാനും പണിമുടക്കാനും തൊഴിലാളിക്ക് അവകാശമുണ്ട്. നക്കാപ്പിച്ച ആനുകൂല്യം നഷ്ടപ്പെടുമെന്ന് കരുതി പിന്മാറുന്നവരല്ല തൊഴിലാളികള്'; തൊഴിലാളി വര്ഗ്ഗ രാഷ്ട്രീയത്തിന്റെ മൂശയില് പരുവപ്പെട്ട മൂര്ച്ചയുണ്ടായിരുന്നു ആനത്തലവട്ടത്തിന്റെ വാക്കുകള്ക്ക്. തൊഴിലാളി വര്ഗ്ഗത്തിന്റെ രാഷ്ട്രീയബോധ്യങ്ങളില് പരുവപ്പെട്ട കാഴ്ചപ്പാടുകളാണ് ആനത്തലവട്ടത്തിന്റെ അരനൂറ്റാണ്ടിലേറെ നീണ്ട പൊതുജീവതത്തില് തിളങ്ങി നില്ക്കുന്നത്.

തൊഴിലാളി വര്ഗ്ഗ രാഷ്ട്രീയ പ്രവര്ത്തനത്തിനായി ജീവിത സുരക്ഷിതത്വത്തിന്റെ സാധ്യതകള് വേണ്ടെന്ന് വച്ച നേതാവായിരുന്നു ആനത്തലവട്ടം ആനന്ദന്. ഒരണ കൂടുതല് കൂലിക്കായി വര്ക്കല കേന്ദ്രീകരിച്ച് കേരളപ്പിറവിക്ക് മുമ്പ് നടന്ന കയര്ത്തൊഴിലാളികളുടെ സമരമാണ് ആനത്തലവട്ടത്തിന്റെ തൊഴിലാളി വര്ഗ്ഗ രാഷ്ട്രീയത്തിന്റെ കളരി. ട്രാവന്കൂര് കയര് വര്ക്കേഴ്സ് യൂണിയന്റെ നേതൃത്വത്തില് നടന്ന സമരം നാല് വര്ഷമാണ് നീണ്ടുനിന്നത്. 1958ല് കമ്യൂണിസ്റ്റ് സര്ക്കാര് അധികാരത്തിലെത്തിയതിന് ശേഷമാണ് ഈ സമരം ഒത്തുതീര്പ്പാകുന്നത്. റെയില്വെയില് ടിക്കറ്റ് എക്സാമിനറുടെ ജോലി ഉപേക്ഷിച്ചാണ് ആനത്തലവട്ടം ആനന്ദന് വര്ക്കല കേന്ദ്രീകരിച്ച് നടന്ന തൊഴിലാളി സമരത്തിന്റെ തീച്ചൂളയിലേക്ക് ഇറങ്ങിയത്. ജീവിതകാലം മുഴുവന് തൊഴിലാളി വര്ഗ്ഗത്തിന്റെ നിസ്വാര്ത്ഥ സേവകനാകാന് ആനത്തലവട്ടം ആനന്ദന് തുണയായത് ജീവിതസുരക്ഷ ഉപേക്ഷിച്ച് തൊഴിലാളി വര്ഗ്ഗത്തിന്റെ തോളോട് തോള് ചേരാന് കാണിച്ച അതേ പ്രതിബദ്ധത തന്നെയായിരുന്നു.

അടിസ്ഥാന തൊഴിലാളി വര്ഗ്ഗത്തിൻ്റെ കേരളം കണ്ട ഏറ്റവും തീക്ഷ്ണമായ സമരങ്ങളില് ആനത്തലവട്ടം ആനന്ദന്റെ നേതൃപരമായ പങ്കാളിത്തം ശ്രദ്ധേയമാണ്. കയര് തൊഴിലാളികളുടെ സമരചരിത്രത്തില് ഏറ്റവും പ്രധാന്യത്തോടെ ചേര്ത്ത് വയ്ക്കേണ്ട പേരാണ് ആനത്തലവട്ടത്തിന്റേത്. തിരുവനന്തപുരം വാഴമുട്ടത്ത് കയര്ത്തൊഴിലാളിയായിരുന്ന അമ്മു പൊലീസ് വെടിവയ്പ്പില് കൊല്ലപ്പെട്ടതിനെ തുടര്ന്ന് നടന്ന കാല്നട ജാഥയുടെ ക്യാപ്റ്റന് ആനത്തലവട്ടം ആനന്ദനായിരുന്നു. ജോലിക്കും കൂലിക്കും വേണ്ടി 1974ല് നടന്ന തൊഴിലാളികളുടെ കാല്നട ജാഥയുടെയും 1975ല് മഞ്ചേശ്വരത്ത് നിന്നും തിരുവനന്തപുരത്തേക്ക് നടന്ന പട്ടിണി മാര്ച്ചിന്റെയും ക്യാപ്റ്റന് ആനത്തലവട്ടം ആനന്ദനായിരുന്നു. 1979 മുതല് സിഐടിയുവിന്റെ അഖിലേന്ത്യാ വര്ക്കിങ്ങ് കമ്മിറ്റി അംഗമായിരുന്നു ആനത്തലവട്ടം ആനന്ദന്.

സിപിഐഎമ്മിന്റെ സംസ്ഥാനത്തെ സമുന്നതനായ നേതാക്കളില് ഒരാളായിരിക്കുമ്പോഴും അധികാര രാഷ്ട്രീയത്തിന്റെ സ്ഥാനമാനങ്ങള് അദ്ദേഹത്തെ തേടി വന്നിട്ടില്ല. സിപിഐഎമ്മിന് അധികാരം ലഭിച്ച 1987, 1996 വര്ഷങ്ങളില് ആറ്റിങ്ങലില് നിന്നുള്ള എംഎല്എ ആയിരുന്നു ആനത്തലവട്ടം ആനന്ദന്. 2001ല് വീണ്ടുമൊരിക്കല് കൂടി ആറ്റിങ്ങലില് നിന്നും ആനത്തലട്ടം നിയമസഭയില് എത്തി. 1979-84 കാലഘട്ടത്തില് ചിറയന്കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു ആനത്തലവട്ടം ആനന്ദന്.

സിപിഐഎം വിഭാഗീയതയുടെ കാലത്ത് വിഎസ് അച്യുതാനന്ദന്റെ നിലപാടുകള്ക്കൊപ്പം നിന്ന നേതാവാണ് ആനത്തലവട്ടം ആനന്ദന്. വിഭാഗീയതയുടെ കാലത്ത് വിഎസ് അച്യുതാനന്ദനൊപ്പം ഉറച്ചു നിന്ന നേതാക്കള് പലരും പിന്നീട് പാര്ട്ടി നേതൃസ്ഥാനങ്ങളില് നിന്നും അകറ്റി നിര്ത്തപ്പെട്ടെങ്കിലും ആനത്തലവട്ടം ആനന്ദനെ പാര്ട്ടി വെട്ടിമാറ്റിയില്ല. വിഭാഗീയ കാലത്തെ നിലപാടുകള് മയപ്പെടുത്തിയത് മാത്രമായിരുന്നില്ല ആനത്തലവട്ടിനെ പാര്ട്ടി നേതൃത്വം പരിഗണിക്കാന് കാരണമായത്. ആനത്തലവട്ടത്തിന്റെ കരുത്തുറ്റ തൊഴിലാളിവര്ഗ്ഗ രാഷ്ട്രീയപ്രവര്ത്തന പാരമ്പര്യവും വിട്ടുവീഴ്ചയില്ലാത്ത തൊഴിലാളി വര്ഗ്ഗ നിലപാടുകളും അവഗണിക്കാന് സാധിക്കാത്തതായിരുന്നു. 2009ല് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആനത്തലവട്ടം നിരവധി തൊഴിലാളി സംഘടനകളുടെ നേതൃസ്ഥാനത്തും സജീവമായിരുന്നു. സിഐടിയു സംസ്ഥാന പ്രസിഡന്റും ദേശീയനേതാവുമായിരുന്നു ആനത്തലവട്ടം ആനന്ദന്. 2022 മാര്ച്ചില് എറണാകുളത്ത് നടന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് സമ്മേളന നഗരിയില് പതാക ഉയര്ത്തിയത് മുതിര്ന്ന നേതാവായ ആനത്തലവട്ടം ആനന്ദനായിരുന്നു. പ്രായപരിധിയുടെ ഭാഗമായി എറണാകുളം സമ്മേളനത്തോടെ ആനത്തലവട്ടം ആനന്ദന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില് നിന്നും ഒഴിവാക്കപ്പെട്ടു. സിപിഐഎം സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേകക്ഷണിതാവായി സമ്മേളനം ആനത്തലവട്ടം ആനന്ദനെ നിശ്ചയിച്ചിരുന്നു.

തിരുവനന്തപുരം ജില്ലയിലെ വര്ക്കലയിലെ ചിലക്കൂര് കേടുവിളാകത്ത് വിളയില് നാരായണിയുടെയും വികെ കൃഷണന്റെയും മകനായി 1937 ഏപ്രില് 22നായിരുന്നു ആനത്തലവട്ടം ആനന്ദന്റെ ജനനം. ലൈല ആനന്ദനാണ് ഭാര്യ ജീവ ആനന്ദ്, മഹേഷ് ആനന്ദ് എന്നിവര് മക്കളാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us