ചിലര് വരുമ്പോള് ചരിത്രം വഴിമാറും എന്നത് ഒരു പരസ്യ വാചകമാണ്. ചരിത്രത്തെ വഴിമാറ്റാന്, നടത്താന് ശേഷിയുളളവര് അതിശയിപ്പിക്കുന്ന വ്യക്തിത്വമുളളവരായിരിക്കുമെന്ന് തീര്ച്ച. അത്തരമൊരു സവിശേഷ വ്യക്തിത്വമാണ് നാടിന്റെ മാറ്റങ്ങള് പ്രതിഫലിപ്പിക്കുന്ന നൂറ്റാണ്ടിന്റെ ജീവിതം പൂര്ത്തീകരിക്കുന്ന വി എസ് അച്യുതാനന്ദന്. പാര്ട്ടിയുടെ ഇരുമ്പുമറയ്ക്കുളളില് കാര്ക്കശ്യമുളള നേതാവ് എന്ന ഭൂതകാലത്തില് നിന്ന് ജനകീയതയുടെ ഉന്നതികളിലേക്ക് വേഷപ്പകര്ച്ച നടത്തിയയാളാണ് വി എസ്. ജനപക്ഷത്ത് നില്ക്കുകയും അവരുടെ നാവായി മാറുകയും ജനങ്ങള്ക്ക് വേണ്ടി പോരാടുകയും ചെയ്തതോടെ വിഎസ് ജനകീയനായി. ഏറ്റെടുക്കുന്ന വിഷയങ്ങള് ലക്ഷ്യത്തിലെത്തിക്കാന് വിട്ടുവീഴ്ചയില്ലാതെ പോരാടിയിരുന്നതാണ് വിഎസിനെ വ്യത്യസ്തനാക്കിയത്. സമകാലികരായ നേതാക്കള്ക്കാര്ക്കും ഉണ്ടായിരുന്നില്ല ജനകീയ ജൈവികതയുടെ ആ പോരാട്ടവീര്യം. പോരാടുന്നത് ഏത് അതികായനോടായാലും അത് പാര്ട്ടിക്ക് പുറത്തോ അകത്തോ എന്ന് നോക്കാതെ ഏറ്റുമുട്ടിയിരുന്നു വി എസ്, ഒരു തരത്തിലുളള ഒത്തുതീര്പ്പിനും തയാറാകാതെ.
മൂന്നാറില് കൈയ്യേറ്റക്കാരുടെ യന്ത്രക്കൈ നീണ്ടപ്പോള് പതിറ്റാണ്ടുകളോളം കൂടെനിന്ന നേതാക്കള് കൂട്ടത്തില് നിന്നും വിട്ടകന്നുപോയി, പിന്നാലെ പാര്ട്ടിയും എതിരായി. പ്രത്യയശാസ്ത്ര പോരാട്ടങ്ങളില് ധാര്മ്മിക പിന്തുണ നല്കിയിരുന്ന ഘടകകക്ഷിയായ സിപിഐയും വിരുദ്ധപക്ഷത്തായി. എങ്കിലും പാലം കുലുങ്ങിയാലും കേളന് കുലുങ്ങില്ല എന്ന മട്ടില് വി എസ് നിലപാടില് ഉറച്ചുനിന്നു. അഴിമതിക്കും നയവ്യതിയാനത്തിനും എതിരെ പാര്ട്ടിയ്ക്കകത്ത് പോരാട്ടം നയിച്ചപ്പോഴും ഏതാണ്ട് ഇതുതന്നെയായിരുന്നു പ്രത്യാഘാതം. ഉറ്റവരെന്ന് കരുതിയിരുന്നവര് ഓരോരുത്തരായി കൂടൊഴിഞ്ഞ് സുരക്ഷിത തീരം പുല്കി. ശിക്ഷകളും നടപടികളും ഏറ്റുവാങ്ങി പാര്ട്ടി കമ്മിറ്റികളുടെ പത്മവ്യൂഹത്തില് ഒറ്റയ്ക്ക് പോരാടിയപ്പോഴും അചഞ്ചലമായിരുന്നു വി എസിന്റെ നിലപാടുകളുടെ കാര്ക്കശ്യം, മാര്ക്സിസ്റ്റ്-ലെനിനിസ്റ്റ് സംഘടനാ തത്വത്തിന്റെ കാര്ക്കശ്യം. വിഎസിനെതിരെ നിരന്തരം പാര്ട്ടി അച്ചടക്കത്തിന്റെ വടിയെടുത്തു. തിരിച്ചടി ഏറ്റുവാങ്ങുന്നത് പതിവായപ്പോള് പരാജയം ഭക്ഷിച്ചു ജീവിക്കുന്നയാളെന്നാണ് എം എന് വിജയന് വി എസിനെ വിശേഷിപ്പിച്ചത്.
പാര്ട്ടി അധികാരത്തില് വരുമെന്നോ, സഞ്ചരിക്കാന് ഇന്നോവ ക്രിസ്റ്റ പോലുളള മുന്തിയ കാറുകള് ഉണ്ടാകുമെന്നോ ഫ്ളാറ്റ് പോലുളള മികച്ച സൗകര്യങ്ങളുണ്ടാകുമെന്നോ സ്വപ്നം കാണാന് പോലും കഴിയാത്ത കാലത്ത് കമ്മ്യൂണിസ്റ്റ് പാര്ട്ടി അംഗത്വത്തിലേക്ക് വന്നൊരാള്ക്ക്, അല്ലെങ്കില് തന്നെ എന്ത് പരാജയം! പാര്ട്ടിക്കും പുറത്തേക്ക് വളര്ന്ന ജനകീയതയായിരുന്നു വിഎസിന് തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്ക്കൊപ്പം ഉറച്ചുനില്ക്കാന് കരുത്ത് പകര്ന്നത്. എങ്കിലും ജനകീയത പാര്ട്ടി നേതൃത്വത്തിന് അത്ര സുഖിച്ചില്ല. ജനപ്രിയമായതെന്തിലും കുഴപ്പം കാണുന്ന മലയാളി പൊതുബോധത്തിന് ഒപ്പമായിരുന്നു പാര്ട്ടി നേതൃത്വം. ജനപ്രിയ സാഹിത്യത്തെ പൈങ്കിളി എന്നും ജനപ്രിയ സംഗീതത്തെ ഡപ്പാം കൂത്തെന്നും ജനപ്രിയ സിനിമയെ തട്ടുപൊളിപ്പന് പടമെന്നും വിളിക്കുന്ന മലയാളിയുടെ ആ പൊതുബോധത്തിന്റെ ഒപ്പമായിരുന്നു അവര്. അങ്ങനെയുളളവര് വിഎസിന്റെ ജനകീയതയെ പാര്ട്ടി എന്ന പുരക്ക് മേലേക്ക് ചാഞ്ഞ മരമായി കണ്ട് വെട്ടിമാറ്റാന് വെമ്പല് കൊണ്ടു.
ഒരോ തവണയും നേതൃത്വം അച്ചടക്കത്തിന്റെ വാളോങ്ങുമ്പോഴും, അവിഭക്ത പാര്ട്ടിയുടെ കേന്ദ്രകമ്മിറ്റിയില് നിന്ന് കലഹിച്ച് ഇറങ്ങിവന്ന് താന്കൂടി അസ്ഥിവാരമിട്ട പാര്ട്ടിയുമായി അമ്മയോടെന്ന പോല് വി എസ് ഒട്ടിനിന്നു. ആട്ടും തുപ്പും അവഗണനയുമേറ്റ് ഇങ്ങനെ പാര്ട്ടിയില് കടിച്ചുതൂങ്ങേണ്ടതുണ്ടോ എന്നു ചോദിച്ചവരോട് പാര്ട്ടി വിട്ടൊരു കളിക്കുമില്ലെന്ന് തീര്ത്തുപറഞ്ഞു. പാര്ട്ടി വിഎസിന്റെ ദൗര്ബല്യമെന്ന ഇകഴ്ത്തലിനും പക്ഷെ ആ തീരുമാനത്തെ ഇളക്കാനായിരുന്നില്ല.
വി എസ് എന്ന പ്രതിപക്ഷ നേതാവിനോടും മുഖ്യമന്ത്രിയോടും തൊഴിലിന്റെ ഭാഗമായി അടുത്ത് ഇടപഴകാന് അവസരം കിട്ടിയിട്ടുണ്ട്. വിഎസിനെ അഭിമുഖം ചെയ്യാനും സ്വകാര്യമായി സംസാരിക്കാനും പറ്റിയിട്ടുണ്ട്. ഇത്തരം ഓരോ സന്ദര്ഭങ്ങളിലും വിഎസ് എന്ന നേതാവിനോട് ആദരവും മതിപ്പും കൂടിയിട്ടേയുളളു. 2011ല് നിയമ സഭാ തിരഞ്ഞെടുപ്പിന് മുന്പ് ഇന്ത്യാവിഷന് പുറത്തുവിട്ട ഐസ്ക്രീം പാര്ലര് പെണ്വാണിഭ കേസിലെ വെളിപ്പെടുത്തലുകള് വന് കോളിളക്കമാണ് സൃഷ്ടിച്ചത്. ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ കേസില് നിന്ന് രക്ഷപ്പെടുത്താന് നടത്തിയ നീക്കങ്ങളെല്ലാം തെളിവുസഹിതം പുറത്തുകൊണ്ടുവന്ന റിപ്പോര്ട്ടുകളെ വി എസ് അതീവ ഗൗരവത്തോടെയാണ് കണ്ടത്. നേരത്തെ തന്നെ താന് ഇടപെട്ട വിഷയത്തില് ഉണ്ടായ സംഭവവികാസമെന്ന നിലയ്ക്കാണ് വി എസ് വാര്ത്തയെ സമീപിച്ചത്. താന് പറഞ്ഞതെല്ലാം ശരിയായി വന്നല്ലോ എന്ന ഭാവമായിരുന്നു വി എസിന്റെ പ്രതികരണങ്ങളില് കണ്ടത്.
വാര്ത്താ റിപ്പോര്ട്ടുകള് അടങ്ങിയ സിഡികളുമായി മുഖ്യമന്ത്രിയെ കാണാന് തലസ്ഥാന ബ്യൂറോയുടെ തലവന് എന്ന നിലയില് അന്നത്തെ ഇന്ത്യാവിഷന് എക്സിക്യൂട്ടീവ് എഡിറ്റര് എം പി ബഷീര് എന്നെയാണ് ചുമതലപ്പെടുത്തിയത്. ക്ളിഫ് ഹൗസിലെത്തി വി എസിനെ കണ്ടു. വി എസിന്റെ ഓഫീസ് മുറിയുടെ അകത്ത് വി കെ എസും (വി കെ ശശിധരന്, അഡി. പി എസ്), മുന് ഐടി ഉപദേഷ്ടാവ് ജോസഫ് സി മാത്യുവും പി എ എ സുരേഷും ഉണ്ടായിരുന്നു. സിഡി വാങ്ങിവെച്ച വി എസ് ഞങ്ങളോടെല്ലാവരോടുമായി ചോദിച്ചു, ഇനിയെന്താ. വിഎസിന്റെ മനസ് വായിച്ചിട്ടെന്ന പോലെ ശശിമാഷാണ് ഉത്തരം പറഞ്ഞത്, പുതിയ വെളിപ്പെടുത്തലുകള് വന്ന സാഹചര്യത്തില് പുനരന്വേഷണം വേണ്ടേ. തന്റെ നേര്ക്ക് ചോദ്യമായി വന്നലച്ച ആ വാചകത്തില് വി എസ് ആഗ്രഹിച്ച ഉത്തരവുമുണ്ടായിരുന്നു. തലകുലുക്കിയ വിഎസ്, മുന്നിലിരുന്ന നോട്ട് പാഡില് എന്തൊക്കെയോ കുത്തിക്കുറിക്കുന്നുണ്ടായിരുന്നു. നിശബ്ദത ഭേദിച്ചുകൊണ്ട് ശശി മാഷ് വീണ്ടും ചോദിച്ചു. ആരെയാണ് അന്വേഷണം ഏല്പ്പിക്കുക, ജോസഫാണ് അതിന് ഉത്തരം പറഞ്ഞത്. സെന്കുമാറായാലോ. അന്ന് ഗതാഗത കമ്മീഷണറാണ് ടി പി സെന്കുമാര്. പാര്ട്ടിക്ക് അനഭിമതനുമാണ് അദ്ദേഹം. ഉടനെ വന്നു വി എസിന്റെ ചോദ്യം വിതുര പെണ്വാണിഭ കേസ് അന്വേഷിച്ചയാളല്ലേ. പാര്ട്ടി എതിര്ക്കുമെന്ന കാര്യവും പിന്നാലെ ചൂണ്ടിക്കാട്ടപ്പെട്ടു. അപ്പോഴാണ് ശശി മാഷ് വിന്സന് എം പോളിന്റെ പേര് പറയുന്നത്. അത് നമ്മുടെ എസ് കത്തിയുടെ ആളല്ലെ എന്നായിരുന്നു വി എസിന്റെ പൊടുന്നനെയുളള മറുപടി. നമ്മുടെ ബാലകൃഷ്ണന്റെ മോനൊക്കെയുളള കേസിന്റെ ആളല്ലേ എന്നും കൂട്ടിച്ചേര്ത്തു.
ഓരോ സംഭവങ്ങളെയും അതില് ഉള്പ്പെട്ട വ്യക്തികളെയും വി എസ് എങ്ങനെയാണ് മനസില് രേഖപ്പെടുത്തി വെച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ ചോദ്യങ്ങള്. നല്ല ഉദ്യോഗസ്ഥന് എന്ന നിലയില് വിന്സന് എം പോളിനെ തന്നെ ഐസ് ക്രീം പാര്ലര് പെണ്വാണിഭ കേസിന്റെ തുടരന്വേഷണം ഏല്പ്പിക്കാന് അവിടെ ധാരണയായി. ഓരോ സംഭവങ്ങളിലും പ്രശ്നങ്ങളിലും അതിന്റെ മര്മ്മം തിരിച്ചറിഞ്ഞ് ഇടപെടാനുളള വിഎസിന്റെ കഴിവ് അപാരമായിരുന്നു. എഴുതി തയാറാക്കാത്ത നിയമസഭാ പ്രസംഗങ്ങളിലൊക്കെ ഓരോ പ്രശ്നങ്ങളിലും അന്തര്ലീനമായ രാഷ്ട്രീയം ഒരു ചിത്രകാരനെപോലെ വി എസ് വരച്ചിട്ടു. സാധാരണ പ്രശ്നമായി ഒടുങ്ങേണ്ട വിഷയങ്ങളെപോലും പുതിയ ദിശയിലേക്ക് വഴിതിരിച്ച് മറ്റൊരു തലത്തിലേക്ക് ഉയര്ത്താന് വി എസിന് അനായാസം സാധിച്ചു. പലപ്പൊഴും കേട്ടിരിക്കുന്നവര് അന്തംവിട്ടുപോകുന്ന ഇന്ദ്രജാലമായിരുന്നു അതെല്ലാം. ഇതെല്ലാം കൊണ്ടാണ് അനീതികള് ഉണ്ടാകുമ്പോള്, അധികാര സ്വരൂപങ്ങള് അഴിഞ്ഞാടുമ്പോള്, രാഷ്ട്രീയം മറന്ന് നേതാക്കള് ഒത്തുതീര്പ്പുണ്ടാക്കുമ്പോളെല്ലാം നമ്മള് ഈ മനുഷ്യനെപ്പറ്റി ഓര്ക്കുന്നത്. ഒരു രാഷ്ട്രീയ നേതാവിന്റെ ജീവിതം സാര്ത്ഥകമാകാന് ഇതിലേറെ എന്താണ് വേണ്ടത്.
വിഎസിനേറ്റ മുറിവിൽ ഉപ്പ് പുരട്ടിയ മാരാരിക്കുളം