ഡിസംബര് ആറിന്റെ തണുത്ത പ്രഭാതം മതേതരവിശ്വാസിയായ ഓരോ ഇന്ത്യക്കാരനെ സംബന്ധിച്ചും ബാബറി മസ്ജിദ് തകര്ത്തതിന്റെ പൊള്ളുന്ന ഓര്മ്മകളുടേത് കൂടിയാണ്. കഴിഞ്ഞ മൂന്ന് ദശകമായി പൊള്ളിപ്പിടയുന്ന ഓര്മ്മകളോടെയല്ലാതെ ഈ ദിനം കടന്നുപോകാന് ഇന്ത്യയെന്ന മതേതര ആശയത്തില് വിശ്വസിക്കുന്ന ഒരാള്ക്കും സാധിച്ചിട്ടുണ്ടാകില്ല. ഇന്ത്യന് മതേരത്വത്തിന്റെയും ജനാധിപത്യ ഭരണക്രമത്തിന്റെയും മിനാരങ്ങളില് കൂടിയാണ് 31 വര്ഷം മുമ്പ് വര്ഗീയ ആശയത്തിന്റെ പ്രഹരം ആഞ്ഞുപതിച്ചത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹ്യ ചരിത്രത്തെ ബാബറി ധ്വംസനത്തിന് മുമ്പ്-ശേഷം എന്നിങ്ങനെ പകുത്തെടുത്ത മൂന്ന് ദശകങ്ങള് കൂടിയാണ് കടന്ന് പോയിരിക്കുന്നത്. ഇന്ത്യയുടെ മതേതര ജനാധിപത്യ മൂല്യങ്ങളുടെ മേല് സമഗ്രാധിപത്യ മതരാഷ്ട്രവാദത്തിന്റെ സ്വാധീനം കൂടുതല് പ്രകടമായി തെളിഞ്ഞുവരുന്നൊരു കാലത്താണ് അതിന് നിമിത്തമായ ബാബറി മസ്ജിദ് ധ്വംസനത്തിന്റെ ഓര്മ്മകള് തികട്ടിയെത്തുന്നത്.
ബാബറി പള്ളി തകര്ത്തത് തെറ്റാണെന്ന് കണ്ടെത്തുകയും പകരം അവിടെ അമ്പലം പണിയണമെന്ന് തീര്പ്പുകല്പ്പിക്കുകയും ചെയ്യുന്ന നീതിപീഠത്തിന്റെ നിർദ്ദേശത്തിലെ വൈരുദ്ധ്യങ്ങള് വര്ത്തമാനകാല സാഹചര്യത്തില് ഭൂരിപക്ഷം ആനുകൂല്യമായി മുതലെടുക്കുന്നുണ്ട്. ബാബറി പള്ളിയില് നിന്നും ഗ്യാന്വ്യാപിയിലേയ്ക്ക് എത്തിനില്ക്കുന്ന ഈ ഊര്ജ്ജം മഥുരയിലെ കൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാ മസ്ജിദ് വരെ നീളുന്നുണ്ട്.
ഇസ്രയേൽ-ഹമാസ് യുദ്ധം: അറബ് ദേശീയതയുടെ നെഞ്ചുലയുമോ?ഇന്ത്യയെന്ന ബഹുസ്വരതയുടെ ആശയങ്ങളെയും അടയാളങ്ങളെയും സ്ഥലനാമങ്ങളെയുമെല്ലാം മാറ്റിയെഴുതാനോ മാറ്റിവരയ്ക്കാനോ പ്രചോദനമായ ഒരു ചരിത്രഗതിയുടെ നിര്ണ്ണായക ഇടപെടല് കൂടിയായിരുന്നു 1992 ഡിസംബര് ആറിന് സംഭവിച്ചത്. രാജ്യം ഭരിച്ചിരുന്ന ഒരു മതേതര ഭരണകൂടം കണ്ണും ചെവിയും പൊത്തിയിരുന്ന ഏതാനും മണിക്കൂറുകള് കൂടിയാണ് ഇന്ത്യയെന്ന ആശയത്തിന് ഭീഷണിയായ നിമിഷങ്ങള്ക്ക് ബീജവാപം ചെയ്തത്. ഇന്ത്യയെന്ന മതേതര ആശയത്തിന് ഭീഷണിയാകുമെന്ന ദീര്ഘവീക്ഷണത്തില് നെഹ്റു പൂട്ടിയ ഒരു താക്കോല് പിന്നീട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കേവല നേട്ടങ്ങള്ക്കായി ചെറുമകന് രാജീവ് ഗാന്ധി തുറന്നു കൊടുത്തതും പിന്നീട് ഒരു ഡസനോളം ഭാഷകള് അറിവുണ്ടായിരുന്ന നരംസിംഹറാവു അരുതെന്ന് ഒരുഭാഷയിലും ഉരിയാടാതെ മൗനം പാലിച്ചതുമെല്ലാം ചരിത്രത്തിന്റെ പിന്നാമ്പുറത്തിരുന്ന് ഓരോ മതേതര വിശ്വാസിയെയും നൊമ്പരത്തോടെ കൊത്തിവലിക്കുന്നുണ്ട്.
തകര്ക്കപ്പെട്ടത് വിശ്വാസത്തിന്റെ പേരിലുള്ള ഒരു ആരാധനാലയം മാത്രമായിരുന്നില്ല. സമന്വയത്തിന്റെയും സഹവര്ത്തിത്വത്തിന്റെയും ബഹുസ്വരതകളെ കലാപരമായി കൂട്ടിയിണക്കിയ ചരിത്രബിംബം കൂടിയായിരുന്നു. ഇന്ത്യന് വാസ്തുകലയുടെ വൈദേശിക കൂടിച്ചേരലിന്റെ ചരിത്രപരമായ വഴിയില് ചെങ്കോട്ട പോലെ താജ്മഹല് പോലെ ബാബറി മസ്ജിദ് ഒരു ചരിത്രബിംബം കൂടിയായിരുന്നു. പൗരാണിക ഇന്ത്യയുടെ ചരിത്ര സ്മാരകമെന്ന നിലയിലെങ്കിലും ഭാവിയിലേയ്ക്ക് സംരക്ഷിച്ച് സൂക്ഷിക്കേണ്ടിയിരുന്ന ഒരു ചരിത്രനിര്മ്മിതി എന്ന പ്രാധാന്യം കൂടിയുണ്ടായിരുന്നു ആ മന്ദിരത്തിന്. ഒരു കാലഘട്ടത്തിന്റെ ചരിത്രസൂചനകളുടെ പ്രതീകമായിരുന്നു ബാബറി മസ്ജിദ്.
രാജസ്ഥാന് ആരുടെ മരുപ്പച്ച? കോണ്ഗ്രസിന് ഗഹ്ലോട്ട്, ഏകമുഖത്തിലേക്ക് ഒതുങ്ങാതെ ബിജെപിഇന്ത്യന് വാസ്തുശില്പ കലയുടെ ചരിത്രപരമായ വികാസത്തെക്കുറിച്ച് പറയുമ്പോള് ബാബറിമസ്ജിദ് കടന്നുവരിക തന്നെ വേണം. ബാബറിമസ്ജിദിനെക്കുറിച്ച് പറയുമ്പോള് കുപ്രസിദ്ധമായ രഥയാത്രയെക്കുറിച്ചും പിന്നീട് നടന്ന കര്സേവയെക്കുറിച്ചും പള്ളി തകര്ത്ത് ഇന്ത്യന് മതേതരത്വത്തിന് പോറല് വീഴ്ത്തിയതിനെക്കുറിച്ചും പറയാതിരിക്കാന് കഴിയുമോ? എല് കെ അദ്വാനി, മുരളീ മനോഹര് ജോഷി, കല്യാണ് സിങ്ങ്, ഉമാഭാരതി എന്നിവരെ ആ നരേറ്റീവില് നിന്ന് മാറ്റി നിര്ത്താന് കഴിയുമോ? ഇവര് പ്രതിനിധീകരിക്കുന്ന ഹിന്ദുത്വ വര്ഗീയ അജണ്ടകളെപ്പറ്റി പറയാതെ ബാബറി മസ്ജിദ് എന്ന തകര്ക്കപ്പെട്ട ചരിത്ര നിര്മ്മിതിയെ പറ്റി പറയാന് കഴിയുമോ? പള്ളി തകര്ക്കാന് നേതൃത്വം നല്കിയെന്ന് ഒരു വിഭാഗം ഇന്ത്യാക്കാര് വിശ്വസിക്കുന്ന ഹിന്ദുത്വ ആശയത്തിന്റെ നേതാക്കള് കൂടി കടന്ന് വരാതെ ഒരു ബാബറി ദിനത്തെ നമുക്ക് ഓര്മ്മിക്കാനാവുമോ?
ഡിസംബര് 6ന്റെ ഹൃദയവേദനയെ ഏറ്റവും സര്ഗ്ഗാത്മകതയോടെ വരച്ചിട്ട ഭാഷ മലയാളമാണെന്ന് കൂടി അനുസ്മരിക്കാതെ ഈ ദിനത്തെക്കുറിച്ച് പറഞ്ഞവസാനിപ്പിക്കാന് സാധിക്കില്ല... ചുല്യാറ്റ് കുനിഞ്ഞ് നിന്ന് മേശപ്പുറത്ത് പരത്തിവെച്ച പ്രധാന വാര്ത്തക്ക് സുഹറ തലക്കെട്ടായി കമ്പ്യൂട്ടറില് ടൈപ്പ് ചെയ്തിരുന്ന 'തര്ക്ക മന്ദിരം' തകര്ത്തു എന്നതിലെ ആദ്യത്തെ വാക്ക് ഉളിപോലെ പേന മുറുക്കിപ്പിടിച്ച് പലതവണ വെട്ടി. എന്നിട്ട് വിറക്കുന്ന കൈകൊണ്ട് പാര്ക്കിന്സണിസത്തിന്റെ ലാഞ്ചന കലര്ന്ന വലിയ അക്ഷരങ്ങളില് വെട്ടിയ വാക്കിന്റെ മുകളില് എഴുതി 'ബാബരി മസ്ജിദ്'. സുഹ്റയുടെ കണ്ണുകളില് നിന്ന് ചറംപോലെ കണ്ണീരൊഴുകി. അവള് ചുല്യാറ്റിനെ നോക്കി പറഞ്ഞു, നന്ദി സര്. എല്ലാവരും മുറിയിലേയ്ക്ക് പോകുന്ന ചുല്യാറ്റിനെ നോക്കി നിന്നു....'