രാജസ്ഥാനിൽ വസുന്ധര യുഗത്തിന് അന്ത്യം. മുഖ്യമന്ത്രിയായി ഭജൻ ലാൽ ശർമ്മയെ കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചത് വസുന്ധരയുടെ സാന്നിധ്യത്തിലായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് മൂന്നാമൂഴത്തിനായി സമ്മർദ്ദം ശക്തപ്പെടുത്തിയ വസുന്ധരയെ ഒഴിവാക്കാൻ ബിജെപി തീരുമാനിച്ചപ്പോഴും പുതിയതായി നിയോഗിതനായ ഭജൻ ലാൽ ശർമ്മയുടെ കടന്നുവരവ് അപ്രതീക്ഷിതമായിരുന്നു. വസുന്ധരയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ബിജെപി മാറ്റി നിർത്തുമെന്ന അഭ്യൂഹം തിരഞ്ഞെടുപ്പിന് മുമ്പേയുണ്ടായിരുന്നു. പക്ഷെ പകരം ചർച്ച ചെയ്യപ്പെട്ട പേരുകളിലൊന്നും ഭജൻ ലാൽ ശർമ്മ ഉണ്ടായിരുന്നില്ല. കേന്ദ്രമന്ത്രിമാരായ ഗജേന്ദ്ര സിങ്ങ് ഷെഖാവത്ത്, അശ്വിനി വൈഭവ്, മുസ്ലിം സ്വാധീന മണ്ഡലമായ ആൽവാറിൽ നിന്നും വിജയിച്ച ബാബ ബാലക്നാഥ്, ദിയാ കുമാരി, ലോക്സഭാ സ്പീക്കര് ഓം ബിര്ള എന്നിവരുടെ പേരുകളാണ് ഉയർന്ന് കേട്ടിരുന്നത്.
ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ട ഭജൻ ലാൽ ശർമ്മയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയർന്നത് തീർത്തും അപ്രതീക്ഷിതമായിരുന്നു. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് രാജസ്ഥാനിൽ ബ്രാഹ്മണവിഭാഗത്തിൽ നിന്നുള്ള ഒരാൾ മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. 1990ൽ അധികാരത്തിലെത്തിയ കോൺഗ്രസിൻ്റെ ഹരിദേവ് ജോഷിയായിരുന്നു ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള അവസാനത്തെ മുഖ്യമന്ത്രി
അതിനാൽ തന്നെ ഭജൻ ലാൽ ശർമ്മ മുഖ്യമന്ത്രിയാകുമ്പോൾ അതിനും പ്രാധാന്യം ഏറെയാണ്. രാജസ്ഥാനിൽ ഒബിസി ശക്തികേന്ദ്രങ്ങളിൽ ബിജെപി വലിയ മുന്നേറ്റം നടത്തിയ സാഹചര്യത്തിൽ വസുന്ധരയ്ക്ക് പകരം ഒബിസി വിഭാഗത്തിൽ നിന്നുള്ള ഒരു മുഖ്യമന്ത്രിയെയോ അല്ലെങ്കിൽ രാജ്പുത്ത് വിഭാഗത്തിൽ നിന്നുള്ള ഒരു മുഖ്യമന്ത്രിയെയോ ആയിരുന്നു പൊതുവെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ട ഭജൻ ലാൽ ശർമ്മയുടെ പേര് തീർത്തും അപ്രതീക്ഷിതമായി. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് രാജസ്ഥാനിൽ ബ്രാഹ്മണവിഭാഗത്തിൽ നിന്നുള്ള ഒരാൾ മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. 1990ൽ അധികാരത്തിലെത്തിയ കോൺഗ്രസിൻ്റെ ഹരിദേവ് ജോഷിയായിരുന്നു ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള അവസാനത്തെ മുഖ്യമന്ത്രി.
ഭരത്പൂരുകാരനായ ഭജൻ ലാൽ ശർമ്മ 250 കിലോമീറ്റർ അകലെയുള്ള ജയ്പൂരിലെ സാംഗ്നീർ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് ഇത്തവണ മത്സരിച്ചത്. ബിജെപിയുടെ ശക്തികേന്ദ്രമായ ഇവിടെ നിന്നും അശോക് ലഹോത്തിക്ക് രണ്ടാമൂഴം നിഷേധിച്ചാണ് ഭജൻ ലാൽ ശർമ്മയെ ഇത്തവണ ബിജെപി മത്സരിപ്പിച്ചത്. ആർഎസ്എസിൻ്റെ സംഘടനാ സംവിധാനത്തിലൂടെ പരുവപ്പെട്ട ഭജൻ ലാൽ ശർമ്മ ഇതുവരെ സംഘടനാ ചുമതലമാത്രം നിർവ്വഹിച്ച നേതാവാണ്. ആദ്യമായി പാർലമെൻ്ററി രംഗത്തേയ്ക്ക് കടന്നുവന്ന ഭജൻ ലാൽ ശർമ്മയെ തേടി ആദ്യ ഊഴത്തിൽ തന്നെ മുഖ്യമന്ത്രി പദം എത്തിയിരിക്കുകയാണ്.
ആർഎസ്എസിനും പ്രധാനമന്ത്രി മോദിക്കും ഒരുപോലെ പ്രിയങ്കരനായ നേതാവ് എന്നതും ഭജൻ ലാൽ ശർമ്മയ്ക്ക് തുണയായി എന്നാണ് വിലയിരുത്തപ്പെടുന്നത്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വിമത സ്വഭാവത്തിൽ പാർട്ടിയുമായി പരോക്ഷമായ ഉരസലിലുള്ള വസുന്ധരുടെ സ്വാധീനത്തിൽ നിന്നും രാജസ്ഥാൻ ബിജെപിയെ പുന:സംഘടിപ്പിക്കുക എന്നതായിരുന്നു ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ഭജൻ ലാൽ ശർമ്മയുടെ ചുമതല. തുടർച്ചയായ മൂന്ന് തവണ രാജസ്ഥാൻ ബിജെപി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിയോഗിക്കപ്പെട്ട ഭജൻ ലാൽ ശർമ്മയുടെ കൈമുതൽ എബിവിപിയിലൂടെയും ആർഎസ്എസിലൂടെയും ആർജ്ജിച്ച സംഘാടന മികവായിരുന്നു. രാജസ്ഥാൻ ബിജെപിയെ സംഘടനാപരമായി തിരഞ്ഞെടുപ്പിന് ഒരുക്കുക എന്ന ചുമതലയും ഭജൻ ലാൽ ശർമ്മ കാര്യക്ഷമമായി നിർവ്വഹിച്ചുവെന്നാണ് ബിജെപി വിജയത്തെ തുടർന്ന് കേന്ദ്രനേതൃത്വം വിലയിരുത്തിയത്.
ആർഎസ്എസിലൂടെ കടന്നുവന്ന ഭജൻ ലാൽ ശർമ്മയുടെ പ്രത്യയശാസ്ത്ര നിലപാടും പാർട്ടിയോടുള്ള വിധേയത്വവുമെല്ലാം മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുള്ള നറുക്ക് വീഴുന്നതിൽ നിർണ്ണായകമായി. ബാബ ബാലക്നാഥിനെ മുഖ്യമന്ത്രിയാക്കാനുള്ള കേന്ദ്ര നേതൃത്വത്തിൻ്റെ നീക്കത്തെ വസുന്ധര നഖശിഖാന്തം എതിർത്തതോടെയാണ് ഭജൻ ലാൽ ശർമ്മയുടെ പേര് ഉയർത്തിക്കാണിക്കാനും വസുന്ധരയെ സമരസപ്പെടുത്താനും കേന്ദ്രനേതൃത്വത്തിന് എളുപ്പമായത്. ആർഎസ്എസിന് പ്രിയങ്കരനായ ഭജൻ ലാൽ ശര്മ്മയ്ക്കെതിരെ വിമതനീക്കം നടത്താൻ വസുന്ധര തുനിയില്ലെന്നതും കേന്ദ്രനേതൃത്വം പരിഗണിച്ചു. വസുന്ധര രാജെ നിർദ്ദേശിച്ച മുഖ്യമന്ത്രി എന്ന നിലയിൽ വസുന്ധരയുടെ യഥാർത്ഥ പിൻഗാമിയാണ് ഭജൻ ലാൽ ശർമ്മ എന്ന് പറയാതെ പറയാനും ബിജെപി നേതൃത്വം ജാഗ്രത കാണിച്ചുവെന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി രാജസ്ഥാനിലെ ബിജെപി മുഖമായിരുന്നു വസുന്ധര രാജെ സിന്ധ്യ. 1998ൽ അശോക് ഗഹ്ലോട്ടിന് മുന്നില് ഭൈറോൺ സിങ്ങ് ശെഖാവത്ത് യുഗത്തിന് അന്ത്യം കുറിക്കപ്പെടുമ്പോൾ ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധേയമുഖമായിരുന്നു വസുന്ധര. 1984ൽ രാഷ്ട്രീയത്തിലെത്തിയ വസുന്ധര ബിജെപിയെന്ന രാഷ്ട്രീയപാർട്ടിയുടെ ശൈശവ ദശയിൽ അതിൻ്റെ ദേശീയ എക്സിക്യൂട്ടിവിലെത്തി. യുവമോർച്ചയുടെ ഉപാധ്യക്ഷയായി നേരത്തെ വസുന്ധര രാജസ്ഥാൻ രാഷ്ട്രീയത്തിൽ വരവറിയിച്ചിരുന്നു. 1998ൽ അധികാരത്തിലെത്തിയ വാജ്പെയ് സർക്കാരിൽ വിദേശകാര്യ സഹമന്ത്രിയായിരുന്നു വസുന്ധര രാജെ. പിന്നീട് 1999ൽ വാജ്പെയ് അധികാരത്തുടർച്ച നേടിയപ്പോൾ നാലുവർഷവും കേന്ദ്രമന്ത്രിസഭയുടെ ഭാഗമായിരുന്നു വസുന്ധര രാജെ. 2003ൽ രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോയപ്പോൾ കേന്ദ്രമന്ത്രിസഭാംഗമായിരുന്ന വസുന്ധരയുടെ സംസ്ഥാന രാഷ്ട്രീയത്തിലേയ്ക്കുള്ള കടന്നുവരവ് അപ്രതീക്ഷിതമായിരുന്നു.
ലോക്സഭാ അംഗമായിരിക്കെ 2003ൽ ഝാൽറാപടനിൽ നിന്നും വസുന്ധര നിയമസഭയിലെത്തി. 120 സീറ്റുകളുമായി ബിജെപി അധികാരത്തിലെത്തിയപ്പോൾ രാജസ്ഥാൻ മുഖ്യമന്ത്രി ആരായിരിക്കണമെന്ന് ബിജെപി കേന്ദ്രനേതൃത്വത്തിന് സംശയമുണ്ടായിരുന്നില്ല. രാജസ്ഥാനിലെ ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ മുഖമായി രാജകുടുംബാംഗമായ വസുന്ധര രാജെ വളരെ വേഗം മാറി. 2008ൽ ബിജെപി അധികാരത്തിൽ നിന്നും പുറത്തായെങ്കിലും 2013ൽ വീണ്ടും അധികാരത്തിൽ തിരിച്ചെത്തിയതും വസുന്ധരയുടെ നേതൃത്വത്തിലായിരുന്നു. 2018ൽ കപ്പിനും ചുണ്ടിനുമിടയിൽ വസുന്ധരയ്ക്ക് അധികാരത്തുടർച്ച നഷ്ടപ്പെട്ടു. നരേന്ദ്ര മോദി-അമിത് ഷാ ദ്വയം ബിജെപിയെ കേന്ദ്രത്തിൽ വീണ്ടും അധികാരത്തിലെത്തിച്ചതോടെ പ്രാദേശിക നേതൃത്വത്തിൻ്റെ അപ്രമാദിത്വവും പ്രതിച്ഛായയും അമിതമായി അശ്രയിക്കേണ്ടതില്ലെന്ന അപ്രഖ്യാപിത പാർട്ടി ലൈൻ ബിജെപി സ്വീകരിച്ചു.
നരേന്ദ്ര മോദിക്കും ബിജെപിയുടെ കേന്ദ്രഭരണത്തിനും പിന്തുണ നൽകുന്ന സംസ്ഥാന സർക്കാരിന് ഒരു വോട്ട് എന്ന ലൈൻ ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ ആവിഷ്കരിച്ചു. സംസ്ഥാന തലത്തിൽ ഏതെങ്കിലും നേതാവിൻ്റെ അപ്രമാദിത്വത്തെ താലോലിക്കേണ്ടെന്ന ബിജെപി നിലപാട് കർണ്ണാടകയിൽ യെദ്യൂരിയപ്പയുടെ അപ്രമാദിത്വത്തിൻ്റെ ചിറകരിഞ്ഞു. കർണ്ണാടക ബിജെപിയിൽ യെദ്യൂരിയപ്പയ്ക്കുണ്ടായിരുന്ന അതേ സ്വാധീനമായിരുന്നു രാജസ്ഥാൻ ബിജെപിയിൽ വസുന്ധര രാജെക്കുണ്ടായിരുന്നത്
നരേന്ദ്ര മോദിക്കും ബിജെപിയുടെ കേന്ദ്രഭരണത്തിനും പിന്തുണ നൽകുന്ന സംസ്ഥാന സർക്കാരിന് ഒരു വോട്ട് എന്ന ലൈൻ ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ ആവിഷ്കരിച്ചു. സംസ്ഥാന തലത്തിൽ ഏതെങ്കിലും നേതാവിൻ്റെ പരമമായ സ്വാധീനത്തെ താലോലിക്കേണ്ടെന്ന ബിജെപി നിലപാട് കർണ്ണാടകയിൽ യെദ്യൂരിയപ്പയുടെ അപ്രമാദിത്വത്തിൻ്റെ ചിറകരിഞ്ഞു. കർണ്ണാടക ബിജെപിയിൽ യെദ്യൂരിയപ്പയ്ക്കുണ്ടായിരുന്ന അതേ സ്വാധീനമായിരുന്നു രാജസ്ഥാൻ ബിജെപിയിൽ വസുന്ധര രാജെക്കുണ്ടായിരുന്നത്. 2018ൽ അധികാരത്തിൽ നിന്ന് പുറത്തായ വസുന്ധരയോട് മോദി-അമിത് ഷാ-നദ്ദ നേതൃത്വത്തിന് പിന്നീട് വലിയ താൽപ്പര്യമുണ്ടായിരുന്നില്ല. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാൻ ബിജെപി തൂത്തുവാരി. അപ്പോഴും വിജയത്തിൻ്റെ ക്രെഡിറ്റ് വസുന്ധരയ്ക്കായിരുന്നില്ല നരേന്ദ്രമോദി പ്രഭാവത്തിനായിരുന്നു.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം വസുന്ധര രാജെ രാജസ്ഥാനിൽ പരോക്ഷമായി വിമതയായി തന്നെതുടർന്നു. ഇതിനിടെ സച്ചിനെ മുൻനിർത്തിയുള്ള ബിജെപിയുടെ നീക്കത്തെ വസുന്ധര എതിർത്തു. അഴിമതി കേസുകളിൽ അശോക് ഗഹ്ലോട്ടും വസുന്ധരയും ഒത്തുകളിക്കുന്നതായി സച്ചിൻ പൈലറ്റ് ആരോപിച്ചിരുന്നു. പക്ഷെ വസുന്ധരയെ അങ്ങനെയങ്ങ് തഴയാൻ ബിജെപി കേന്ദ്രനേതൃത്വത്തിന് സാധിക്കുമായിരുന്നില്ല. 2019ൽ ദേശീയ വൈസ് പ്രസിഡൻ്റായി വസുന്ധരയെ ബിജെപി നേതൃത്വം പ്രഖ്യാപിക്കുമ്പോൾ സന്ദേശം വ്യക്തമായിരുന്നു. രാജസ്ഥാൻ രാഷ്ട്രീയത്തിൽ വസുന്ധര യുഗം അവസാനിച്ചിരിക്കുന്നുവെന്ന് തന്നെയായിരുന്നു ആ നീക്കത്തിൻ്റെ ഉൾപ്പിരിവ് എന്നുകൂടിയാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്.
പാർട്ടി നേതൃത്വത്തിന് വിധേയപ്പെട്ട് വെറുമൊരു നിയമസഭാ അംഗമായി വസുന്ധര രാജെ തുടരുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. ദിയാ കുമാരിയെ ഉപമുഖ്യമന്ത്രിയാക്കിയതോടെ വസുന്ധരയ്ക്ക് പകരക്കാരിയായി ഒരു വനിതാ എന്ന വിവരണവും ബിജെപി നേതൃത്വം മുന്നോട്ടുവച്ചിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്
2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വസുന്ധരയെ മാറ്റി നിർത്തിയുള്ള ഒരു സ്ഥാനാർത്ഥി പട്ടികയ്ക്ക് ബിജെപി രൂപം നൽകുമെന്നായിരുന്നു ആദ്യഘട്ട പട്ടിക പുറത്ത് വന്നപ്പോൾ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ ആദ്യഘട്ട പട്ടികയിൽ വസുന്ധരെയും അനുയായികളും ഇടംപിടിക്കാതായതോടെ രാജസ്ഥാൻ ബിജെപിയിൽ പൊട്ടലും ചീറ്റലും ആരംഭിച്ചിരുന്നു. വസുന്ധരയെ പിണക്കുന്നത് അധികാരത്തിൽ തിരിച്ചെത്താനുള്ള സാധ്യതകളെ ബാധിക്കുമെന്ന ഭയമാണ് വസുന്ധരയ്ക്ക് വീണ്ടും നിയമസഭയിലേയ്ക്ക് മത്സരിക്കാനുള്ള അവസരം ഒരുക്കിയത്. അപ്പോഴും സ്ഥാനാർത്ഥിപട്ടികയിൽ നിന്ന് വസുന്ധര രാജെ സിന്ധ്യയുടെ അടുത്ത അനുയായികളായ നര്പത് സിംഗ് രാജ്വി, രാജ്പാല് സിംഗ് ഷെഖാവത്ത് അടക്കമുള്ളവർക്ക് സ്ഥാനാർത്ഥിത്വം നിഷേധിക്കുകയും ചെയ്തിരുന്നു. പാർട്ടി നേതൃത്വത്തിന് വിധേയപ്പെട്ട് വെറുമൊരു നിയമസഭാ അംഗമായി വസുന്ധര രാജെ തുടരുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. ദിയാ കുമാരിയെ ഉപമുഖ്യമന്ത്രിയാക്കിയതോടെ വസുന്ധരയ്ക്ക് പകരക്കാരിയായി ഒരു വനിതാ എന്ന വിവരണവും ബിജെപി നേതൃത്വം മുന്നോട്ടുവച്ചിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.