രാജ്യത്തിന് വേണ്ടി മെഡല്നേട്ടം കൊയ്ത് അഭിമാനത്തോടെ നിറകണ്ണുകളുമായി ത്രിവര്ണ്ണ പതാക പുതച്ച് നിന്ന സാക്ഷി മാലിക്കിനെ അത്രവേഗം മറക്കാനാവില്ല. 2016ലെ റിയോ ഒള്മ്പിക്സില് വനിതാ ഗുസ്തി 58 കിലോഗ്രാം ഫ്രീ സ്റ്റൈലില് സാക്ഷി മാലിക് നേടിയ വെങ്കലത്തിന് ശതകോടി ഇന്ത്യക്കാരെ സംബന്ധിച്ച് സ്വര്ണ്ണത്തിളക്കമായിരുന്നു. 2016ല് സാക്ഷി മാലിക് നേടിയ വെങ്കലത്തിന് പുറമെ പിവി സിന്ധുവിന്റെ വെള്ളി മാത്രമായിരുന്നു ഇന്ത്യന് മെഡല് പട്ടികയില് ഉണ്ടായിരുന്നത്.
ഇന്ന് ഗുസ്തി താരം സാക്ഷി മാലിക് നിറഞ്ഞ കണ്ണുകളോടെ തന്റെ കരിയര് അവസാനിപ്പിക്കുന്നതായി മാധ്യമങ്ങള്ക്ക് മുമ്പില് പറയുമ്പോള് റിയോയിലെ അഭിമാന മുഹൂര്ത്തം ഓര്മ്മകളില് മിന്നല് പിണര്പോലെ മിന്നിമാഞ്ഞു. റെസ്ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി സഞ്ജയ് സിംഗ് തിരഞ്ഞെടുക്കപ്പെട്ടതില് പ്രതിഷേധിച്ചാണ് ദു:ഖമടക്കാനാവാതെ സാക്ഷി വിമരമിക്കല് പ്രഖ്യാപിച്ചത്. വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസില് പ്രതിയായ ബിജെപി എംപി ബ്രിജ്ഭൂഷണ് സിംഗിന്റെ സഹായി സഞ്ജയ് സിംഗാണ് റെസ്ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ പുതിയ പ്രസിഡന്റ്. ആരോപണവിധേയനായ ബിജെപി നേതാവിന്റെ സഹായിയെ ഗുസ്തി ഫെഡറേഷന് തലവനായി തിരഞ്ഞെടുത്തതാണ് സാക്ഷിയെ നെഞ്ചുകടയുന്ന വേദനയോടെ കരിയര് അവസാനിപ്പിക്കാന് പ്രേരിപ്പിച്ചത്.
സ്വന്തം പ്രയത്നം മാത്രം കൈമുതലാക്കി ഗോഡ്ഫാദര്മാരുടെ തലോടലില്ലാതെ ഗുസ്തിയിലും ക്രിക്കറ്റിലും ലോക നിലവാരത്തിലേയ്ക്ക് ഉയര്ന്ന് വന്നവരാണ് സാക്ഷി മാലികും സഞ്ജു സാംസണും. ഇരുവരോടും അവരുടെ ഫെഡറേഷനുകള് നീതി കാട്ടിയോ എന്നതാണ് ഉയരുന്ന ചോദ്യം.
സാക്ഷിയുടെ ഹൃദയവേദനയുടെ കണ്ണുനീര് വീണ അതേ ദിവസം തന്നെയാണ് സഞ്ജു സാംസണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ സെഞ്ചുറി നേട്ടത്തിന്റെ സന്തോഷ അശ്രുപൊഴിച്ചത്. സാക്ഷിയുടെ സങ്കടകണ്ണുനീര് സഞ്ജുവിന്റെ ആനന്ദാശ്രുവില് മുങ്ങിപ്പോയി എന്നത് തികച്ചും ഖേദകരമാണ്. സഞ്ജുവിന്റെ നേട്ടത്തില് സന്തോഷിക്കുന്നത് പോലെ തന്നെയാണ് സാക്ഷിയുടെ വേദനയില് നെഞ്ചുകടയുന്നതും.
രാജ്യത്ത് വനിത ഗുസ്തിയും ക്രിക്കറ്റും തമ്മില് ഗ്ലാമറിന്റെ കാര്യത്തിലും ജനകീയതയുടെ കാര്യത്തിലും അജഗജാന്തരമുണ്ട്. എന്നാല് സാക്ഷിക്കും സഞ്ജുവിനും സാമ്യതകള് ഏറെയാണ്. സ്വന്തം പ്രയത്നം മാത്രം കൈമുതലാക്കി ഗോഡ്ഫാദര്മാരുടെ തലോടലില്ലാതെ ഗുസ്തിയിലും ക്രിക്കറ്റിലും ലോക നിലവാരത്തിലേയ്ക്ക് ഉയര്ന്ന് വന്നവരാണ് സാക്ഷി മാലികും സഞ്ജു സാംസണും. ഇരുവരോടും അവരുടെ ഫെഡറേഷനുകള് നീതി കാട്ടിയോ എന്നതാണ് ഉയരുന്ന ചോദ്യം.
ഇന്ത്യയിലെ കായിക മേഖല രാഷ്ട്രീയ മേല്ക്കോയ്മയുടെ മുഷ്ടിയില് അമരുകയും കായികമികവിനെ വിഴുങ്ങുകയും ചെയ്യുന്ന കാഴ്ചക്ക് ഏറെ പഴക്കമുണ്ട്. ജനസംഖ്യയില് ലോകത്ത് ഏറ്റവും മുന്നില് നില്ക്കുന്ന രാജ്യമായിട്ടും ഇന്ത്യ ലോകത്തിന് മുന്നില് തലയുയര്ത്തി നില്ക്കുന്നത് ക്രിക്കറ്റിന്റെയും ഹോക്കിയുടെയും പേരില് മാത്രമാണ്. ഇവിടെയാണ് ഒളിമ്പിക്സ് മെഡല് കൊയ്ത സാക്ഷി മാലിക്കിനെ പോലെയുള്ളവരുടെ നേട്ടം ഹിമാലയന് ഉയരങ്ങളില് പ്രതിഷ്ഠിക്കപ്പെടുന്നത്.
ബ്രിജ്ഭൂഷണ് സിങ് എന്ന മഹാമേരുവിനോട് ഗുസ്തി പിടിച്ചു എന്നത് മാത്രമാണ് സാക്ഷി മാലിക് അടക്കമുള്ള വനിതാ കായിക താരങ്ങള് ചെയ്ത ഏക തെറ്റ്. ആരായിരുന്നു ബ്രിജ്ഭൂഷണ് സിങ്ങ് എന്ന് മനസ്സിലാക്കുമ്പോള് മാത്രമാണ് സാക്ഷിയുടെ കണ്ണീരിന്റെ പ്രതിരോധം രാഷ്ട്രീയ അധികാരത്തിന്റെയും രാജ്യത്തെ ആണധികാര കേന്ദ്രീകരണങ്ങളുടെയും മുന്നിലെ ദുര്ബലമായ ചെറുത്ത് നില്പ്പ് മാത്രമാണെന്ന് മനസ്സിലാകുന്നത്.
ഉത്തര്പ്രദേശ് രാഷ്ട്രീയം സംഭാവന ചെയ്ത ഒരു അക്രമോത്സുക രാഷ്ട്രീയ പ്രതിനിധി എന്നതില് നിന്ന് പാര്ലമെന്റ് അംഗം, അഖിലേന്ത്യാ ഗുസ്തി ഫെഡറേഷന് പ്രസിഡന്റ് എന്നീ നിലയിലേയ്ക്കുള്ള ബ്രിജ്ഭൂഷന്റെ വളര്ച്ചയുടെ നാള്വഴികള്ക്ക് പ്രാധാന്യമുണ്ട്. 1974നും 2017നും ഇടയില് 38 ക്രിമിനല് കേസുകളാണ് ബ്രിജ്ഭൂഷന്റെ പേരിലുള്ളത്. മോഷണം, കൊള്ള, കൊലപാതകം, ക്രിമിനല് ഭീഷണിപ്പെടുത്തല്, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല് എന്നിങ്ങനെ വിവിധ കുറ്റങ്ങളാണ് ഗുണ്ടാ ആക്ട് ഉള്പ്പെടെയുള്ള വകുപ്പുകള് ചേര്ത്ത് ബ്രിജ്ഭൂഷണെതിരെ എഫ്ഐആര് ആയി രജിസ്റ്റര് ചെയ്തത്. ഈ കേസുകളിലെല്ലാം ബ്രിജ്ഭൂഷണ് പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ടു.
1992-ല് ബാബറി മസ്ജിദ് തകര്ത്ത കേസിലെ പ്രതിയായി ബ്രിജ്ഭൂഷണെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ പ്രധാന പ്രതിയായിരുന്നുവെങ്കിലും 2020ല് രാജ്യത്തിന്റെ പരമോന്നത കോടതി ബ്രിജ്ഭൂഷണെ കുറ്റവിമുക്തനാക്കുകയാണുണ്ടായത്. പിന്നീട് ദി വയറിന് നല്കിയ അഭിമുഖത്തില് ബാബറി മസ്ജിദ് തകര്ക്കത്തതിന് ശേഷം സിബിഐ അറസ്റ്റ് ചെയ്ത ആദ്യ വ്യക്തി താന് ആണെന്ന് ബ്രിജ്ഭൂഷണ് പറഞ്ഞിരുന്നു
ഇവിടം കൊണ്ടൊന്നും തീരുന്നില്ല ബ്രിജ്ഭൂഷണിന്റെ കുപ്രസിദ്ധി. 1992-ല് ബാബറി മസ്ജിദ് തകര്ത്ത കേസിലെ പ്രതിയായി ബ്രിജ്ഭൂഷണെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ പ്രധാന പ്രതിയായിരുന്നുവെങ്കിലും 2020ല് രാജ്യത്തിന്റെ പരമോന്നത കോടതി ബ്രിജ്ഭൂഷണെ കുറ്റവിമുക്തനാക്കുകയാണുണ്ടായത്. പിന്നീട് ദി വയറിന് നല്കിയ ഇന്റര്വ്യൂവില് ബാബറി മസ്ജിദ് തകര്ക്കത്തതിന് ശേഷം സിബിഐ അറസ്റ്റ് ചെയ്ത ആദ്യ വ്യക്തി താന് ആണെന്ന് ബ്രിജ്ഭൂഷണ് പറഞ്ഞിരുന്നു.
മുംബൈയിലെ ജെജെ ഹോസ്പിറ്റല് വെടിവെയ്പ്പ് നടത്തിയ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികളെ സഹായിച്ചെന്നാരോപിച്ച് ബ്രിജ്ഭൂഷണ് ജയിലില് കിടന്നിരുന്നു. 1993-ല് തീവ്രവാദ, വിനാശകരമായ പ്രവര്ത്തനങ്ങള് (തടയല്) നിയമം ചുമത്തി മാസങ്ങളോളമാണ് ബ്രിജ് ഭൂഷണെ ജയിലില് അടച്ചത്. പിന്നീട് ഈ കേസിലും ബ്രിജ്ഭൂഷണ് കുറ്റവിമുക്തനാക്കപ്പെട്ടു. ഇടയ്ക്ക് ബിജെപിയില് നിന്ന് മാറി സമാജ്വാദി പാര്ട്ടിയുടെ എംപിയായും ബ്രിജ്ഭൂഷണ് പാര്ലമെന്റിലെത്തി. 2011ല് യുപിഎ ഭരണകാലത്ത് ദേശീയ ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമ്പോള് ബ്രിജ്ഭൂഷണ് സമാജ്വാദി പാര്ട്ടി പ്രതിനിധിയായിരുന്നു.
രണ്ടാം യുപിഎ സര്ക്കാറിനെ താങ്ങി നിര്ത്തുന്നതില് എസ്പിയുടെ പങ്ക് നിര്ണ്ണായകമായിരുന്നു. എന്നാല് മോദി അധികാരത്തില് എത്തിയ 2014ലെ തിരഞ്ഞെടുപ്പിന് മുമ്പായി ബ്രിജ്ഭൂഷണ് വീണ്ടും ബിജെപിയില് മടങ്ങിയെത്തി. 2014ലും 2019ലും ബിജെപി അംഗമായി ബ്രിജ്ഭൂഷണ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇക്കാലയളവില് ഗുസ്തി ഫെഡറേഷന് പ്രസിഡന്റ് എന്ന നിലയിലും ബ്രിജ്ഭൂഷണ് ശക്തനായി മാറിയിരുന്നു. 'ഗുസ്തിക്കാര് ശക്തരായ ആണ്കുട്ടികളും പെണ്കുട്ടികളുമാണ്. അവരെ നിയന്ത്രിക്കാന് ശക്തനായ ഒരാള് വേണം. എന്നെക്കാള് ശക്തനായ ആരെങ്കിലും ഉണ്ടോ ഇവിടെ' എന്നായിരുന്നു ഗുസ്തി ഫെഡറേഷന് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ബ്രിജ്ഭൂഷണ് ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില് പറഞ്ഞിരുന്നത്.
ഗുസ്തിയുടെ പിന്ബലമൊന്നുമില്ലാതെ രാഷ്ട്രീയ ഗുസ്തിയുടെയും ഗുണ്ടായിസത്തിന്റെയും പിന്ബലത്തില് ഇന്ത്യന് കായിക മേഖലയിലെ പ്രധാനപ്പെട്ടൊരു കായിക രംഗത്തെ നിയന്ത്രിക്കുന്ന വ്യക്തിയായി ബ്രിജ്ഭൂഷണ് മാറുകയായിരുന്നു. പിന്നീട് വനിതാ ഗുസ്തി താരങ്ങള് ലൈംഗിക ആരോപണങ്ങള് ഉന്നയിച്ചപ്പോഴും രാഷ്ട്രീയ പിന്ബലത്തില് ഫെഡറേഷന് അധ്യക്ഷ സ്ഥാനത്ത് ബ്രിജ്ഭൂഷണ് പിടിച്ചു നിന്നു. ഒടുവില് കോടതി ഇടപെടലില് ലൈംഗികാതിക്രമത്തിന് കേസ് എടുത്തതിന് ശേഷം മാത്രമാണ് ബ്രിജ്ഭൂഷണ് ഗുസ്തി പ്രസിഡന്റ് പദവി ഒഴിഞ്ഞത്. അതിനായി വനിതാ കായിക താരങ്ങള്ക്ക് തെരുവില് പോരാട്ടം നടത്തേണ്ടി വന്നിരുന്നു. പിന്നീട് ഗുസ്തി ഫെഡറേഷനെ പിന്സീറ്റിലിരുന്ന് നിയന്ത്രിച്ചതും ബ്രിജ്ഭൂഷനായിരുന്നു.
ഏറ്റവും ഒടുവില് സ്വന്തം സഹായിയെ തന്നെ ഗുസ്തി ഫെഡറേഷന് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തിക്കാനും ബ്രിജ്ഭൂഷണ് സാധിച്ചു. പരാതി പറഞ്ഞ ബ്രിജ്ഭൂഷണെതിരെ തെരുവിലിറങ്ങിയ വനിതാ കായിക താരങ്ങളുടെ അത്മാഭിമാനത്തെ വൃണപ്പെടുത്തുന്നതായിരുന്നു ഈ രാഷ്ട്രീയകളികള്. ഇതിന്റെ നിരാശയും പ്രതിഷേധവുമാണ് കരിയര് അവസാനിപ്പിക്കാനുള്ള സാക്ഷി മാലിക്കിന്റെ തീരുമാനത്തില് പ്രതിഫലിച്ചത്.
സാക്ഷിയുടെ കരിയറിനെ അതേ നിലയിൽ താരതമ്യം ചെയ്യാൻ കഴിയില്ലെങ്കിലും സഞ്ജുവിൻ്റെ കരിയറും ബിസിസിഐയുടെ നിലപാടുകളും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. സഞ്ജു സാംസണെന്ന ക്രിക്കറ്ററെ കൈകാര്യം ചെയ്ത ബിസിസിഐയുടെ രീതിയും ഇതേ നിലയില് സൂക്ഷ്മമായി വായിച്ച് പോകേണ്ടതുണ്ട്. രണ്ട് വര്ഷത്തിലേറെ ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ ഭാഗമായി കളിച്ചതിന് ശേഷമാണ് നിലവിലെ ഇന്ത്യന് ക്യാപ്റ്റന് രോഹിത് ശര്മ്മ ഏകദിന മത്സരങ്ങളില് ആദ്യ സെഞ്ചുറി നേടുന്നത്. 1989ല് ഏകദിന ക്രിക്കറ്റില് അരങ്ങേറിയ സച്ചിന് ടെണ്ടുല്ക്കര് ആദ്യ ഏകദിന സെഞ്ചുറി കുറിക്കുന്നത് 1994ലാണ്.
സഞ്ജു സാംസണ് ഏകദിന ക്രിക്കറ്റില് 2021ല് അരങ്ങേറ്റം കുറിച്ചതിന് ശേഷം ഒരിക്കല് പോലും ടീമിലെ സ്ഥിരസാന്നിധ്യമായിരുന്നില്ല. തന്റെ പതിനാലാമത്തെ ഏകദിന ഇന്നിംഗ്സില് സഞ്ജു ആദ്യ സെഞ്ചുറി കുറിച്ചു. ഇതുവരെ 16 മത്സരങ്ങള് കളിച്ച സഞ്ജു 14 ഇന്നിങ്ങ്സുകളില് നിന്നായി 510 റണ്സ് നേടിക്കഴിഞ്ഞു. ഒരു സെഞ്ചുറിയും 3 അര്ദ്ധ സെഞ്ചുറിയും സഞ്ജു ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. 56.76 ആണ് സഞ്ജുവിന്റെ ഏകദിനത്തിലെ ബാറ്റിങ്ങ് ശരാശരി. 99.61 ആണ് സഞ്ജുവിന്റെ സ്കോറിങ്ങ് റേറ്റ്. 14 ഇന്നിംഗ്സുകളില് നിന്ന് 22 സിക്സറുകളാണ് സഞ്ജു ഇതിനകം നേടിയിരിക്കുന്നത്. ഇന്ത്യന് ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളുടെ കരിയറിന്റെ തുടക്കത്തിലെ കണക്കുകള് പരിശോധിച്ചാല് അവരില് പലരും സഞ്ജുവിനെക്കാള് പിന്നിലായിരുന്നു. തുടര്ച്ചയായി ലഭിച്ച അവസരങ്ങളാണ് സച്ചിനെയും സെവാഗിനെയും രോഹിത് ശര്മ്മയെയുമൊക്കെ ലോകക്രിക്കറ്റിന് സമ്മാനിച്ചത്. സമീപകാലത്ത് സഞ്ജുവിന്റെ സമകാലികരായ ക്രിക്കര്മാര്ക്കും ഇത്തരത്തില് തുടര്ച്ചയായ അവസരങ്ങള് നല്കാന് ബിസിസിഐ മടികാണിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. എന്നാല് സഞ്ജുവിന് മുന്നില് വാതില് തുറക്കാന് ബിസിസിഐ വിമുഖരാണ്.
ബിസിസിഐയുടെ തലപ്പത്തും ക്രിക്കറ്റുമായി തൊട്ടുതെറിച്ച ബന്ധമില്ലാത്തവര് രാഷ്ട്രീയ പിന്ബലത്തിന്റെ മാത്രം പിന്തുണയില് പിടിമുറുക്കുമ്പോഴാണ് സഞ്ജു സാംസണെന്ന പ്രതിഭാധനനായ ക്രിക്കറ്റര്ക്ക് അര്ഹിച്ച അവസരങ്ങള് നഷ്ടപ്പെടുന്നത്. ഇന്ത്യന് കായികമേഖലയെ രാഷ്ട്രീയ അധികാരത്തിന്റെ ഹുങ്കുകള് നിയന്ത്രിക്കുന്ന കാലത്ത് സാക്ഷി മാലിക്കുമാരും സഞ്ജു സാംസാണ്മാരും ചോദ്യചിഹ്നങ്ങളാകുന്നുണ്ട്.
ഗുസ്തിയുമായി ഒരു ബന്ധവുമില്ലാത്ത ഗുണ്ടാ രാഷ്ട്രീയത്തിന്റെ മാത്രം പിന്ബലമുള്ള ബ്രിജ്ഭൂഷണ് ഇപ്പോഴും പാര്ലമെന്റ് അംഗമാണ്. പിന്സീറ്റിലിരുന്ന് ഗുസ്തി ഫെഡറേഷനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ അധികാരത്തിന്റെ ആണ്രൂപമാണ്. ഇന്ത്യന് കായികമേഖലയുടെ നിയന്ത്രണം ബ്രിജ്ഭൂഷണെപ്പോലുള്ള രാഷ്ട്രീയ ഗുണ്ടകളുടെ കൈവശം എത്തുകയും വനിതാ കായിക താരങ്ങള് ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും, മനസ്സ് മടുത്ത് കരിയര് അവസാനിപ്പിക്കുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. അവര്ക്ക് പിന്തുണ പ്രഖ്യാപിച്ച് ബജ്റംഗ് പൂനിയയെപ്പോലുള്ള പുരുഷതാരം പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്പില് പദ്മശ്രീ പുരസ്കാരം ഉപേക്ഷിക്കുന്നു. വനിതകള്ക്ക് വേണ്ടി നിരന്തരം സംസാരിക്കുന്ന രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ കണ്മുമ്പിലിരുന്നാണ് അദ്ദേഹത്തിന്റെ പാര്ട്ടിയില്പ്പെട്ട ഒരു എംപി രാജ്യത്തെ തന്നെ ഏറ്റവും പിന്തിരിപ്പന് ആണധികാരത്തിന്റെ തലതൊട്ടപ്പനായി മാറുന്നതെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.