'മംഗലം' കൂടാന് വന്ന് മലയാള സിനിമയെ 'ചൊറയാക്കി' മോദി

ഇന്ത്യയുടെ രാഷ്ട്രീയ കാലാവസ്ഥയില് 'മോദി ഗ്യാരണ്ടി' ഉണ്ടാക്കുന്ന വലിയ പ്രത്യാഘാതങ്ങള് തിരിച്ചറിഞ്ഞുള്ള മനപൂര്വ്വമായ കൈകെട്ടലായി അതിനെ വ്യാഖ്യാനിക്കുന്നതില് 'ബിജെപിക്ക് ഒരു സീറ്റും കൊടുക്കാത്ത' കേരളത്തിന് ന്യായീകരണമുണ്ട്...

dot image

കണ്ണൂര്ക്കാരുടെ ഭാഷയില് തുടങ്ങാം, ചൊറയാക്കുക എന്നാല് ബുദ്ധിമുട്ടിക്കുക എന്നാണ് അര്ത്ഥം. കുറച്ചൂടെ മനസിലാക്കാനായി അലമ്പുണ്ടാക്കുക എന്ന് ചൊറയാക്കലിനെ മനസിലാക്കാം. ഒരു സ്വകാര്യ വിവാഹ ചടങ്ങില് പങ്കെടുക്കാന് ഗൂരുവായൂര് അമ്പലത്തിലെത്തിയ ഇന്ത്യന് പ്രധാനമന്ത്രിയെ നടന് മമ്മൂട്ടി 'നിരന്തരം' കൈകൂപ്പിയില്ലെന്നതാണ് ഈ മണിക്കൂറുകളിലെ പ്രധാന ചര്ച്ചാ വിഷയം. കൈരളി ചാനലിന്റെ ഉന്നത പദവിയിലിരിക്കുന്ന ഇടതുപക്ഷക്കാരനായ മമ്മൂട്ടി 'വര്ഗ്ഗ ഗുണം' കാണിച്ചുവെന്നാണ് ആദ്യമായി പുറത്തുവന്ന വാദം.

പിന്നീട് മോദിയെ കൈകൂപ്പി 'ഹായ്' പറയുന്ന ചിത്രവും പുറത്തുവന്നു. സത്യത്തില് അസ്വഭാവികത ഒന്നും തന്നെയില്ലാത്ത കൈകൂപ്പലാണത്. രാജ്യത്തിന്റെ പ്രധാനമന്ത്രി മുന്നില് വന്ന് നമസ്തേ എന്ന് കൈകൂപ്പി സംസാരിക്കുമ്പോള് തിരികെ കൈകൂപ്പി അഭിവാദ്യം ചെയ്യുന്നത് മര്യാദയാണ്. പ്രത്യേകിച്ച് ഒരു സ്വകാര്യ ചടങ്ങാവുമ്പോള്. ബഹുമാനം, വിനയം, ആതിഥേയ മര്യാദ, ജെന്റില് മാന് ജസ്റ്റര് തുടങ്ങിയവയാണ് ഈ അഭിവാദ്യ പ്രകടനങ്ങള്ക്കുള്ളിലെ വികാരം.

ഒരാള് അടുത്തെത്തി നമ്മെ അഭിസംബോധന ചെയ്യുമ്പോള് തിരികെ കൈകൂപ്പിയോ, ഷേക്ക് ഹാന്ഡ് ചെയ്തോ, സാഹചര്യത്തിന് ഉചിതമായത് എന്താണോ അത്, സ്വീകരിക്കുന്നതാണ് മര്യാദ. എന്നാല് ഒരാള് മുന്നിലെത്തും മുന്പ് വിനയ കുലീനനായി കൈകൂപ്പി നില്ക്കേണ്ടതില്ല, അത് അമിത വിനയും വിധേയത്വവുമൊക്കെയായി വ്യാഖ്യാനിക്കപ്പെടാം. അത്തരം 'ക്രിയാത്മകമായ ഉപയോഗപ്പെടുത്തലുകള്ക്ക്' ഇന്നലെ മമ്മൂട്ടി സ്വയം പാത്രമായില്ല, അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ സൂക്ഷ്മതയോ, ഇടതുപക്ഷ ബോധമോ, സ്വഭാവികതയോ ആയി കാണാവുന്നതാണ്. കൂടാതെ, ഇന്ത്യയുടെ രാഷ്ട്രീയ കാലാവസ്ഥയില് 'മോദി ഗ്യാരണ്ടി' ഉണ്ടാക്കുന്ന വലിയ പ്രത്യാഘാതങ്ങള് തിരിച്ചറിഞ്ഞുള്ള മനപൂര്വ്വമായ കൈകെട്ടലായി അതിനെ വ്യാഖ്യാനിക്കുന്നതില് 'ബിജെപിക്ക് ഒരു സീറ്റും കൊടുക്കാത്ത' കേരളത്തിനും ന്യായീകരണമുണ്ട്.

ബിജെപിയെ അകറ്റി നിര്ത്തുന്നത് രാഷ്ട്രീയ ശരിയായി കാണുന്ന ഇടതുപക്ഷ ബോധത്തിന് ഏറെ വേരുള്ള തെന്നിന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഈ രാഷ്ട്രീയ തിരിച്ചറിവിലേക്ക് നഞ്ച് കലക്കാന് ബിജെപി ശ്രമം ആരംഭിച്ചിട്ട് കാലങ്ങളായി. ഇതിന്റെ ഭാഗമാണ് സാംസ്കാരിക, സാമൂഹിക രംഗത്തുള്ളവരെ 'ഉപയോഗപ്പെടുത്തിയുള്ള' ആര്എസ്എസിൻ്റെ രാഷ്ട്രീയ പദ്ധതി. ഉത്തരേന്ത്യയില് വലിയ വിജയം കണ്ട ഈ പദ്ധതി പക്ഷേ കേരളത്തില് ഒരുപരിധി വരെ പ്രതിരോധിക്കപ്പെട്ടിട്ടുണ്ട്. എസ് ശ്രീശാന്ത്, കൃഷ്ണ കുമാര്, പി ടി ഉഷ തുടങ്ങി സുരേഷ് ഗോപിയില് എത്തിനില്ക്കുന്ന ഈ നീക്കം വലിയ സാമൂഹിക ഓഡിറ്റിംഗിന് വിധേയമായത് നമ്മള് കണ്ടതാണ്. ഈ ഓഡിറ്റിംഗ് പ്രത്യശാസ്ത്രപരമായ വിയോജിപ്പില് മാത്രം ഒതുങ്ങി നില്ക്കുന്നതല്ല, സൈബര് ആക്രമണത്തില് തുടങ്ങി ട്രോളിലും എയറിലാക്കലിലും നീണ്ടുപോയേക്കാവുന്നതാണ്. കെഎസ് ചിത്രയുടെ രാമക്ഷേത്ര വീഡിയോയുമായി ബന്ധപ്പെട്ട ചര്ച്ചകളിലും പ്രതികരണങ്ങളിലും ഇത് കാണാനാവും.

ഇയിറ്റങ്ങളെ കൊണ്ട് ശല്യം ബല്ലാണ്ട് കൂടീക്ക്

'ഇയിറ്റങ്ങള്' എന്നാല് ചെറിയൊരു അലോസരത്തോടു കൂടി 'ഇവരെകൊണ്ട്' എന്ന് കോട്ടയം ഭാഷയിലേക്ക് തര്ജ്ജമ ചെയ്യാം. മമ്മൂട്ടിയുടെ കൈകെട്ടിയുള്ള ചിത്രം 'നവമാധ്യമ പ്രത്യയശാസ്ത്ര യുദ്ധ'ത്തിന് തിരികൊളുത്തിയതോടെ സുരക്ഷാ പരിശോധനയും ചര്ച്ചയായി. ചടങ്ങിനെത്തിയ മമ്മൂട്ടിയെ മാത്രം സുരക്ഷാ പരിശോധനയ്ക്ക് വിധേയനാക്കി എന്നായിരുന്നു രണ്ടാംഘട്ട വാദങ്ങള്. സത്യത്തില് ഇത് ഫാക്ട് ചെക്ക് ചെയ്യാന് പൊതുമണ്ഡലത്തില് നിലവില് വീഡിയോ തെളിവുകളൊന്നുമില്ല. അതുകൊണ്ട് പ്രോട്ടോക്കോള് പ്രകാരം ബിജെപി നേതാവാണെങ്കിലും സുരക്ഷാ പരിശോധന കടന്നുമാത്രമെ മുന്നോട്ടുപോകാന് കഴിയൂവെന്ന വാസ്തവത്തില് നില്ക്കാം.

ഇതിനിടെ സുരേഷ് ഗോപിയുടെ മകന് ട്രാന്സ് ആക്ടിവിസ്റ്റ് ശീതള് ശ്യാമിന്റെ പോസ്റ്റിനടിയില് വിഷയത്തില് വിമര്ശനവുമായി രംഗത്തുവന്നിരുന്നു.'വേറെ ആളെ നോക്ക്' എന്ന തലക്കെട്ടിലാണ് ശീതള് മമ്മൂട്ടിയുടെ കൈകെട്ടല് ചിത്രം പോസ്റ്റ് ചെയ്തത്. പോസ്റ്റിനടിയില് പകുതി സത്യമറിഞ്ഞ് നെഗറ്റീവ് മാത്രം ശര്ദ്ദിക്കുന്നുതാണ് ചിലരുടെ ജോലിയെന്ന് ഗോകുല് കുറിച്ചു. ഇനി, ചര്ച്ച മുന്നോട്ടുപോകുമ്പോള് അത് മമ്മൂട്ടിയുടെ മതത്തിലേക്കും ചേക്കേറും, പിന്നീട് അതിനെക്കാള് നന്നായി വിദ്വേഷ സാധ്യതയുള്ള അദ്ദേഹത്തിന്റെ ഇടതുപക്ഷ രാഷ്ട്രീയത്തിലേക്കും പതിയെ തൃശ്ശൂരിലെ സീറ്റിലേക്കും. അതാണ് അതിൻ്റെയൊരു 'ഗുട്ടന്സ്'.

ഇനി ഇങ്ങക്ക് തിരിയാത്തൊരു കാര്യം പറയാ

തിരിയാത്ത എന്നാല് കറങ്ങില്ലാത്ത എന്നല്ല അര്ത്ഥം, മറിച്ച് മനസിലാവാത്ത എന്നാണ് തര്ജ്ജമ. ആര്എസ്എസിന് കേരളത്തിലെ സാംസ്കാരിക മണ്ഡലത്തില് ശക്തമായൊരു പദ്ധതിയുണ്ട്. കറാച്ചി, മട്ടാഞ്ചേരി ഗ്യാംഗുകളെന്ന് സംഘപരിവാര് വിളിക്കുന്ന മലയാള സിനിമയിലെ വ്യത്യസ്ത തലത്തിലുള്ള ക്രിയാത്മക സംഘത്തിന് ബദലായി മറ്റൊരു ഗ്രൂപ്പിനെ വാര്ത്തെടുക്കുക, അതാണ് പോയിന്റ് നമ്പര് വണ്. ആ സംഘത്തെ നയിക്കാന് കെല്പ്പുള്ള യുവ താരങ്ങളെ, സംവിധായകരെ, നടീ-നടന്മാരെ തുടങ്ങി സിനിമയുടെ സകല മേഖലകളില് നിന്നും ആളുകളെ കണ്ടെത്തുക, ആ ലക്ഷ്യം തേടിയാണ് സമൂഹ മാധ്യമങ്ങളില് സമീപകാലത്ത് നടക്കുന്ന ചര്ച്ചകള് സഞ്ചരിക്കുന്നത്. അതിൻ്റെ അവസാന ഇര കെഎസ് ചിത്രയും.

എന്തുകൊണ്ടാണ് മലയാളത്തിന്റെ നെടുംതൂണുകളായ മമ്മൂട്ടിയെയും മോഹന്ലാലിന്റെയും ആരാധകര് മതവിദ്വേഷ സംസാരിക്കുന്നത് വര്ധിക്കുന്നത്? അതിന് പിന്നിലും ബിജെപി ഐടി സെല്ലിന്റെ കൃത്യമായ കരങ്ങളുണ്ട്. ഈയിടെ മമ്മൂട്ടിയും മകനും മരിക്കണമെന്നൊക്കെ പറയുന്നയാളുടെ വീഡിയോ വൈറലായത് നമ്മള് കണ്ടതാണ്. മമ്മൂട്ടി തീവ്ര മുസ്ലിം സംഘടനകളുടെ ഭാഗമാണെന്നും മോഹന്ലാല് സംഘപരിവാറുകാരന് ആണെന്നുമുള്ള ചര്ച്ചകള് തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. ഇതൊക്കെ കൃത്യമായ രാഷ്ട്രീയ ഉദ്ദേശ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമാണ്.

മോദിയെ പരാമര്ശിച്ച് മോഹന്ലാല് ഒരു വ്ളോഗ് എഴുതിയതല്ലാതെ സംഘപരിവാര് രാഷ്ട്രീയം പ്രചരിപ്പിക്കുന്ന പ്രചാരകനാണെന്ന് എവിടെയും അദ്ദേഹം പ്രഖ്യാപിച്ചിട്ടില്ല. മോഹന്ലാല് ഒരു കലാകാരനാണ്, സിനിമയാണ് അദ്ദേഹത്തിന്റെ മേഖല, അതിനപ്പുറം ഇപ്പോള് സംസാരിക്കേണ്ടതില്ലെന്ന് നിഷ്കളങ്ക യുക്തിയില് വ്യക്തമാണ്. മറുവശത്ത് മമ്മൂട്ടി പ്രകടമായ ഇടതുപക്ഷ സഹയാത്രികനാണ്, അത് പലപ്പോഴായി അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഒരുഘട്ടത്തില് പോലും കക്ഷി രാഷ്ട്രീയ ഇടപെടലിന് ശ്രമിച്ചിട്ടില്ലെങ്കിലും രാഷ്ട്രീയ വ്യക്തത മമ്മൂട്ടിക്ക് ഉണ്ട്.

കാര്യങ്ങള് ഇങ്ങനെയാണെങ്കിലും എന്തുകൊണ്ട് വിദ്വേഷ സ്വഭാവമുള്ള സോഷ്യൽ മീഡിയയുടെ 'സംഘി-സുടാപ്പി' ചര്ച്ചകളില് ഇരുവരും പാത്രമാകുന്നത്. അതാണ് പറയുന്നത് ഡോണ്ട് അണ്ടര്സ്റ്റിമേറ്റ് ദി പവര് ഓഫ് ബിജെപി ഐ ടി സെല്..!

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us