രാമക്ഷേത്ര പ്രതിഷ്ഠാ ദിനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന് മാധ്യമങ്ങള്. ഇന്ത്യന് മതേതരത്വത്തിന്റെ മിനാരങ്ങള് വീണുടഞ്ഞ മണ്ണിലാണ് രാമക്ഷേത്രം ഉയര്ന്നു വരുന്നതെന്ന ചരിത്രം പറയാന് പോലും മാധ്യമങ്ങള് മടിക്കുന്നുവെന്നതാണ് ഖേദകരം. രാജ്യത്തെ പരമോന്നത കോടതി ബാബറി പള്ളി തകര്ത്തതിനെ ശരിവെച്ചുവെന്ന നിലയിലാണ് സുപ്രീം കോടതി വിധിപോലും വളരെ സൂക്ഷ്മമായി മാധ്യമ വിശകലനങ്ങളില് ഇടംപിടിക്കുന്നത്. പള്ളി തകര്ത്തത് തെറ്റാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുകയും അവിടെ തന്നെ അമ്പലം പണിയാന് അനുമതി നല്കുകയും ചെയ്ത കോടതി വിധിയെക്കുറിച്ച് ജാഗ്രതാപൂര്ണ്ണവും തന്ത്രപരവുമായ മൗനം പുലര്ത്തിയാണ് ഭൂരിപക്ഷ ഇന്ത്യന് മാധ്യമങ്ങളും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെക്കുറിച്ചുള്ള വിവരണങ്ങള് അവതരിപ്പിക്കുന്നത്.
1992 ഡിസംബര് ആറ് വരെ ഇപ്പോള് രാമക്ഷേത്രം ഉയരുന്നിടത്ത് ബാബറി മസ്ജിദ് എന്ന ആരാധനാലയം നിലനിന്നിരുന്നുവെന്ന് പറയാതെ പുതിയതായി ഉയരുന്ന രാമക്ഷേത്ര വിവരണങ്ങള് ആഘോഷമാക്കാന് ഇന്ത്യന് മാധ്യമങ്ങള്ക്ക് സാധിക്കുന്നതെങ്ങനെയാണ്? ഹിന്ദുത്വ തീവ്രവാദികളായ കര്സേവകര് ബാബറി പള്ളി തകര്ത്തു കളഞ്ഞതിനാല് മാത്രമാണ് ഇന്ന് ഇപ്പോള് നില്ക്കുന്നിടത്ത് രാമക്ഷേത്ര നിര്മ്മാണം സാധ്യമാകുന്നതെന്ന് കൂടി രാജ്യത്തെ പരമോന്നത കോടതിയുടെ അന്തിമ വിധിയില് നിന്ന് വായിച്ചെടുക്കേണ്ടതുണ്ട്.
1934-ല് മസ്ജിദിനുണ്ടായ കേടുപാടുകളും, 1949-ല് അതിനെ അശുദ്ധമാക്കിയതും, ഒടുവില് 1992 ഡിസംബര് 6-ന് ബാബറി മസ്ജിദ് കര്സേവകര് തകര്ത്തതും ഗുരുതരമായ നിയമലംഘനമാണെന്ന് തന്നെയാണ് കോടതിയുടെ വിലയിരുത്തല്. 'നിയമവാഴ്ചയില് പ്രതിബദ്ധതയുള്ള ഒരു മതേതര രാഷ്ട്രത്തില് ചെയ്യാന് പാടില്ലാത്ത മാര്ഗങ്ങളിലൂടെ നിഷേധിക്കപ്പെട്ട മുസ്ലിങ്ങളുടെ അവകാശം കോടതി അവഗണിക്കുകയാണെങ്കില് നീതി വിജയിക്കില്ല' എന്നുപോലും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. 1992ല് പള്ളി തകര്ത്തിരുന്നില്ലെങ്കില് പള്ളി പൊളിച്ച് അമ്പലം പണിയാന് പരമോന്നത കോടതി ഒരിക്കലും ഉത്തരവിടില്ലായിരുന്നു എന്ന് തന്നെ പറയാതെ പറയുന്നതാണ് സുപ്രീം കോടതി വിധി.
ബാബറി മസ്ജിദ്-രാമജന്മഭൂമി വിഷയത്തിൽ സുപ്രീം കോടതിയുടെ അന്തിമ വിധിയെ, പള്ളിപൊളിച്ചതിൻ്റെ സാധൂകരണമായും പള്ളിപൊളിച്ചിടത്ത് അമ്പലം പണിയാനുള്ള അനുമതിയായും വളരെ ലാഘവത്തോടെ അവതരിപ്പിക്കുന്ന നിലപാടാണ് ഇന്ത്യന് മാധ്യമങ്ങൾ നിലവിൽ സ്വീകരിക്കുന്നത്. ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളെ മുറുകെ പിടിക്കുന്ന ഒരു ഭരണകൂടവും വിഭജനസ്വഭാവത്തോടെ കോടതി വിധി വായിച്ച് മനസ്സിലാക്കരുതായിരുന്നു എന്ന് ഓർമ്മിപ്പിക്കേണ്ടവരായിരുന്നു ഇന്ത്യൻ മാധ്യമങ്ങൾ. പകരം ബാബറി മസ്ജിദ് നിന്നിടത്ത് അമ്പലം പണിയാന് കോടതി നിഷ്കര്ഷിച്ചിരുന്നുവെന്ന പൊതുബോധമാണ് മാധ്യമങ്ങള് പോലും പ്രസരിപ്പിക്കാൻ ശ്രമിക്കുന്നത്.
രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് നടക്കുമ്പോള് മതേതരത്വത്തെ മുറുകെ പിടിക്കുന്ന ഇന്ത്യന് ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത രാജ്യത്തിന്റെ പ്രധാനമന്ത്രി ശ്രീകോവിലിനുള്ളിൽ മുഖ്യസംഘാടകനും പ്രായോജകനുമായി പ്രത്യക്ഷപ്പെടാന് ഒരുങ്ങുകയാണ്. ഒരു ആരാധനാലയം നിലനിന്നിരുന്നിടത്ത് മറ്റൊരു ആരാധനാലയത്തിന്റെ മന്ത്രോച്ഛാരണങ്ങള് ഉയരുന്ന ചടങ്ങില് നിന്ന് ഇന്ത്യന് പ്രധാനമന്ത്രി വിട്ടുനില്ക്കണമെന്ന് ആവശ്യപ്പെടാനുള്ള ആര്ജ്ജവം ഇന്ത്യന് മാധ്യമങ്ങള്ക്ക് ഇല്ലാതെ പോയതെന്താണ് എന്ന ചോദ്യം ഇനിയുള്ള കാലത്തെല്ലാം ബാക്കിയാകുമെന്ന് തീർച്ചയാണ്
സ്വാതന്ത്ര്യ പ്രാപ്തിക്ക് മുമ്പും സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏഴുപതിറ്റാണ്ടോളവും രാജ്യത്തെ രണ്ടു സമുദായങ്ങളുടെ വിരുദ്ധ വികാരങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു വിഷയത്തിലായിരുന്നു സുപ്രീം കോടതിയുടെ അന്തിമ തീര്പ്പ് എന്നതുപോലും മാധ്യമങ്ങൾ പരിഗണിക്കുന്നില്ല. ഇന്ത്യന് ഭരണകൂടം രാജ്യത്തെ മതേതര ഭരണഘടനയുടെ മൂല്യങ്ങള് ഉയര്ത്തിപ്പിടിച്ചുള്ള ജാഗ്രതയാണ് ഈ വിഷയത്തില് പാലിക്കേണ്ടിയിരുന്നതെന്നായിരുന്നു ഈ ഘട്ടത്തിൽ മാധ്യമങ്ങൾ ആവർത്തിച്ച് ഓർമ്മപ്പെടുത്തേണ്ടത്.
ക്ഷേത്രത്തിന്റെ ശിലാസ്ഥാപന വേളയില് രാജ്യത്തിന്റെ പ്രധാനമന്ത്രി ആചാരാനുഷ്ഠാനങ്ങളോടെ അമ്പല നിര്മ്മാണത്തിന്റെ പ്രധാന സംഘാടകനും പ്രായോജകനുമാണെന്ന് സ്വയം വിഭാവനം ചെയ്തിരുന്നു. ഇന്ത്യന് ഭരണഘടനയുടെ നാലാം തൂണെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങള്ക്ക് ഇതിനെ വിമര്ശനാത്മകമായി നോക്കി കാണാനോ വിശകലനം ചെയ്യാനോ സാധിച്ചിരുന്നില്ല. ഏറ്റവും ഒടുവില് ജനുവരി 22ന് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് നടക്കുമ്പോള് മതേതരത്വത്തെ മുറുകെ പിടിക്കുന്ന ഇന്ത്യന് ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത രാജ്യത്തിന്റെ പ്രധാനമന്ത്രി ശ്രീകോവിലിനുള്ളിൽ മുഖ്യസംഘാടകനും പ്രായോജകനുമായി പ്രത്യക്ഷപ്പെടാന് ഒരുങ്ങുകയാണ്. ഒരു ആരാധനാലയം നിലനിന്നിരുന്നിടത്ത് മറ്റൊരു ആരാധനാലയത്തിന്റെ മന്ത്രോച്ഛാരണങ്ങള് ഉയരുന്ന ചടങ്ങില് നിന്ന് ഇന്ത്യന് പ്രധാനമന്ത്രി വിട്ടുനില്ക്കണമെന്ന് ആവശ്യപ്പെടാനുള്ള ആര്ജ്ജവം ഇന്ത്യന് മാധ്യമങ്ങള്ക്ക് ഇല്ലാതെ പോയതെന്താണ് എന്ന ചോദ്യം ഇനിയുള്ള കാലത്തെല്ലാം ബാക്കിയാകുമെന്ന് തീർച്ചയാണ്.
1946 ഡിസംബര് 13-ന് പണ്ഡിറ്റ് ജവഹര്ലാല് നെഹ്റു ഭരണഘടനാ അസംബ്ലിയില് അവതരിപ്പിച്ച ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള് സംരക്ഷിക്കുന്ന പ്രമേയം 1947 ജനുവരി 22-ന് ഭരണഘടനാ അസംബ്ലി ഏകകണ്ഠമായി അംഗീകരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില് ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണം ഇന്ത്യന് ഭരണഘടനയുടെ ഏറ്റവും പ്രോജ്ജ്വലമായ ഏടാണ്. ഇതിന്റെ അന്ത:സത്തയെ പോലും അവഗണിക്കുന്ന നിലയിലാണ് രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില് രാജ്യത്തെ 140 കോടിയിലേറെ ജനങ്ങളോട് വീട്ടില് നിലവിളക്ക് തെളിയിക്കാന് രാജ്യത്തിന്റെ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്. ഭരണഘടനയുടെ അന്ത:സത്തയെ ഉയര്ത്തിപ്പിടിക്കേണ്ട, അതിനെ ഏറ്റവും പുരോഗമനപരമായി ചര്ച്ച ചെയ്യേണ്ട ഉത്തരവാദിത്വമുള്ള മാധ്യമങ്ങള് പക്ഷെ ഭരണകൂട ജിഹ്വകളായി ഉത്തരവാദിത്വങ്ങള് മറന്ന് ഹിന്ദുത്വ ആശയത്തിന്റെ ആഘോഷരാവങ്ങള്ക്ക് ചിറക് നല്കുന്ന കാഴ്ച ഏറ്റവും ഖേദകരമാണ്.
രാമക്ഷേത്ര നിര്മ്മാണവും പ്രതിഷ്ഠാ ചടങ്ങുകളും ഹിന്ദുരാഷ്ട്ര നിര്മ്മാണത്തിലേയ്ക്കുള്ള അന്തിമ ചവിട്ടുപടിയായി രാജ്യം ഭരിക്കുന്നവര് വിഭാവനം ചെയ്യുകയാണ്. രാമക്ഷേത്ര നിര്മ്മാണത്തിലൂടെ രാജ്യത്തെ ഹിന്ദുരാഷ്ട്ര വാദികളുടെ ദീര്ഘകാലത്തെ രാഷ്ട്രീയ പദ്ധതിയാണ് പ്രാവര്ത്തികമാകുന്നതെന്ന് ചരിത്രം പറഞ്ഞ് ഒരു ജനതയെ ഓര്മ്മപ്പെടുത്തേണ്ട ഉത്തരവാദിത്വം ഇന്ത്യന് മാധ്യമങ്ങള്ക്കുണ്ട്. സുപ്രീം കോടതിയുടെ വിധിയില് പരാമര്ശിക്കപ്പെടുന്ന മുന്ന് വര്ഷങ്ങള്ക്ക് അതിനാല് പ്രാധാന്യവുമുണ്ട്.
സ്വാതന്ത്രത്തിന് മുമ്പ് തന്നെ സംഘപരിവാറിന്റെ രാഷ്ട്രീയ പദ്ധതിയിലെ പ്രധാന ആശയ ആയുധമായിരുന്നു രാമജന്മഭൂമി വിഷയം. അതുകൊണ്ട് തന്നെയാണ് 1934-ല് മസ്ജിദിനുണ്ടായ കേടുപാടുകള് നിയമ വിരുദ്ധമായിരുന്നു എന്ന സുപ്രീം കോടതി പരാമര്ശത്തിന് നിര്ണ്ണായക പ്രാധാന്യം കൈവരുന്നത്. 1934 മാര്ച്ച് 27-ന് ബക്രീദ് ദിനത്തില് അയോധ്യയ്ക്ക് സമീപം ഷാജഹാന്പൂരിന്റെ പരിസരത്ത് ഒരു പശുവിനെ അറുത്തത് വര്ഗീയ സംഘര്ഷത്തിന് വഴിവെച്ചിരുന്നു. ഈ വിഷയത്തോടുള്ള പ്രതികരണമെന്ന നിലയില് 'ബൈരാഗികളുടെ' നേതൃത്വത്തിലുള്ള ഒരു വലിയ ജനക്കൂട്ടം ബാബറി മസ്ജിദിനെ ആക്രമിച്ചു. ശ്രീരാമന്, സീത, ഹനുമാന് എന്നിവരോടൊപ്പം വിഷ്ണുവിന്റെയും അവതാരങ്ങളുടെയും ആരാധനയ്ക്ക് പ്രാധാന്യം നല്കുന്ന വൈഷ്ണവ ആചാരത്തിലെ രാമാനന്ദി വിഭാഗത്തില്പ്പെട്ട സന്യാസിമാരാണ് ബൈരാഗികള്.
'സംഭവമറിഞ്ഞ ഡെപ്യൂട്ടി കളക്ടര് അഞ്ച് പോലീസുകാരുമായി സ്ഥലത്തെത്തുമ്പോള് 200 ബൈരാഗികള് മസ്ജിദ് പൊളിക്കുന്നത് കണ്ടുവെന്ന് രേഖകളുണ്ട്.''ബൈരാഗികള് പള്ളിക്ക് കാര്യമായ നാശം വരുത്തി. ഗേറ്റ്വേ ഏതാണ്ട് മുഴുവനായും തകര്ന്നു. ഉള്ളിലെ ഫിറ്റ്മെന്റുകള് കത്തിനശിച്ചു. മൂന്ന് പ്രധാന താഴികക്കുടങ്ങളുടെ മുകള്ഭാഗത്തെ ലോഹ തൂണുകള് നീക്കം ചെയ്തിട്ടുണ്ട്, കൂടാതെ ഒരു താഴികക്കുടത്തിലെങ്കിലും കൊത്തുപണികള്ക്ക് കാര്യമായ കേടുപാടുകള് സംഭവിച്ചിട്ടുണ്ട്, ഇതിന് പുറമെ മറ്റിടങ്ങളിലെ അനുബന്ധ കൊത്തുപണികള്ക്കും നാശമുണ്ടായിട്ടുണ്ട്'; എന്ന് ഡെപ്യൂട്ടി കളക്ടറുടെ റിപ്പോര്ട്ടില് പരാമര്ശമുണ്ട്.
നാശനഷ്ടങ്ങള് നികത്താന് ഹിന്ദു സമൂഹത്തിന് 85,000 രൂപ പിഴയും സര്ക്കാര് ചുമത്തിയിരുന്നു. പൊലീസ് എത്തിയതോടെയാണ് കൂടുതല് നാശത്തില് നിന്ന് പള്ളി രക്ഷപ്പെട്ടതെന്ന് പറയുന്ന ബ്രിട്ടീഷ് കാലത്തെ സര്ക്കാര് രേഖകള് 1992 ബാബറി പള്ളി തകര്ക്കപ്പെട്ട കാലത്തെ സര്ക്കാര് രേഖകളെ നോക്കി പരിഹസിക്കുമെന്ന് തീര്ച്ചയാണ്.
സുപ്രീം കോടതിയുടെ അന്തിമ വിധിയില് പരാമര്ശിക്കുന്ന 1949നും വലിയ പ്രാധാന്യമുണ്ട്. രാജ്യം സ്വാതന്ത്ര്യം പ്രാപിച്ച് ഒരു റിപ്പബ്ലിക്കാവുന്നതിന് മുമ്പായി തന്നെ ആയോധ്യയിലെ ബാബറി മസ്ജിദില് രാമവിഗ്രഹം ഒളിച്ചു കടത്തി സ്ഥാപിച്ച് രാഷ്ട്രീയ ഹിന്ദുത്വ അവരുടെ ആശയപ്രഖ്യാപനം നടത്തിയ വര്ഷമാണ് 1949. 1949 ഡിസംബര് 22ന്റെ രാത്രിയിലാണ് രാഷ്ട്രീയ ഹിന്ദുത്വയുടെ പേരിലുള്ള ആദ്യത്തെ പ്രത്യക്ഷമായ ബാബറി അധിനിവേശം നടക്കുന്നത്. നിര്ഭാഗ്യകരമായ ആ ഡിസംബര് രാത്രിയില് ശ്രീരാമന് ദൈവികമായി മസ്ജിദില് സ്വയംഭൂവായതാണ് എന്ന നിലയിലുള്ള പ്രചാരണമാണ് രാഷ്ട്രീയ ഹിന്ദുത്വയുടെ പ്രചാരണ വിഭാഗം കാലങ്ങളായി പൊതുബോധമായി അരക്കിട്ടുറപ്പിക്കാന് ശ്രമിക്കുന്നത്. വളരെ നിഷ്കളങ്കമായി ഇത്തരം പൊതുബോധങ്ങളെ മറ്റൊരു എതിര്വാദങ്ങളുമില്ലാതെ സത്യമായി വിശ്വസിക്കുന്ന വലിയൊരു വിഭാഗം ജനത രാജ്യത്ത് രൂപപ്പെട്ടിരിക്കുന്നു എന്നതും യാഥാര്ത്ഥ്യമാണ്. അക്കൂട്ടത്തില് സമൂഹം ആരാധിക്കുന്ന വ്യത്യസ്തമേഖലകളില് പെടുന്ന സെലിബ്രിറ്റികള് പോലും ഉള്പ്പെടുന്നു എന്നത് അനുദിനം ഹൃദയഭേദകമായ സത്യമായി തെളിഞ്ഞ് വരികയാണ്.
1949 ഡിസംബര് 22ലെ ആ നിയമലംഘന ദിനം സൂക്ഷ്മവും ബുദ്ധിപരവുമായ ഗൂഢാലോചനാ പദ്ധതിയുടെ ഭാഗമാണ് എന്ന് സ്ഥാപിക്കുന്ന പുസ്തകങ്ങളും വിവരണങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇതില് 'അയോധ്യ ദ ഡാര്ക്ക് നൈറ്റ്' എന്ന പേരില് കൃഷ്ണ ഝായും ധീരേന്ദ്ര ഝായും തയ്യാറാക്കിയ പുസ്തകത്തില് ഇത് സംബന്ധിച്ച നിരവധി സൂചനകളും ഗൂഢാലോചന പദ്ധതിയുടെ ഉപപ്ലോട്ടുകളും വിവരിച്ചിട്ടുണ്ട്. 'ബാബറി മസ്ജിദിന്റെ രഹസ്യ അധിനിവേശം മഹാത്മാവിന്റെ കൊലപാതകത്തിന് ആസൂത്രണം ചെയ്ത ഏതാണ്ട് ഒരേ കൂട്ടം ആളുകള് ആസൂത്രണം ചെയ്ത ഒരു പ്രവൃത്തിയാണ്' എന്ന് രചയിതാക്കള് വാദിക്കുന്നുണ്ട്.
രാമജന്മഭൂമി-ബാബറി മസ്ജിദ് തര്ക്കത്തിന്റെ പിന്നീടുള്ള നാള്വഴികളില് പള്ളിയില് നിന്ന് നീക്കം ചെയ്യാതിരുന്ന ആ വിഗ്രഹം നിയമവഴികളിൽ എത്ര നിര്ണ്ണായകമായി എന്നത് പരിശോധിക്കുമ്പോഴാണ് കെ കെ നായരുടെ അന്നത്തെ ആലോചനയുടെ ദീര്ഘദൃഷ്ടി വ്യക്തമാകുക
1949 ഡിസംബര് 22ലെ നിയമ ലംഘനത്തിന് ശേഷം 1950 ഡിസംബറില് ചേര്ന്ന ഹിന്ദു മഹാസഭയുടെ സമ്മേളനത്തില് അംഗീകരിച്ച പ്രമേയവും ഗൂഢാലോചനയുടെ തെളിവായി കൃഷ്ണ ഝായും ധീരേന്ദ്ര ഝായും പുസ്തകത്തില് ചൂണ്ടിക്കാണിക്കുന്നുണ്ട്. 'ഈ വര്ഷം ഹിന്ദു മഹാസഭ അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രം വീണ്ടെടുക്കുന്നതിനുള്ള പ്രവര്ത്തനങ്ങള് ഏറ്റെടുത്തു' എന്ന പ്രസ്താവനയാണ് ഈ പ്രമേയത്തിന്റെ ഹൈലൈറ്റായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഗോരഖ്പൂരിലെ പ്രസിദ്ധമായ ഗോരഖ്നാഥ് ക്ഷേത്രത്തിലെ മഹാന്തും യുണൈറ്റഡ് പ്രവിശ്യകളിലെ മഹാസഭയുടെ സ്വാധീനമുള്ള നേതാവുമായ ദിഗ്വിജയ് നാഥിന്റെ ഇടപെടലും അദ്ദേഹത്തിന്റെ സുഹൃത്തും പ്രദേശത്തെ ജില്ലാ മജിസ്ട്രേറ്റുമായ മലയാളി കെ കെ നായരുടെ നിലപാടും പുസ്തകം ചര്ച്ച ചെയ്യുന്നുണ്ട്. ഇതേ കാലയളവില് വിവാദമായി നിന്നിരുന്ന സോമനാഥ ക്ഷേത്ര നിര്മ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളില് അടക്കം മൃദുഹിന്ദുത്വ സമീപനം കൈക്കൊണ്ടിരുന്ന യുണൈറ്റഡ് പ്രവിശ്യയുടെ കോണ്ഗ്രസ് മുഖ്യമന്ത്രിയായി ജി ബി പന്ത് എന്നിവരുടെ നിലപാടുകളും പുസ്തകം വ്യക്തമാക്കി പോകുന്നുണ്ട്.
ലഖ്നൗവിലെ സര്ക്കാരും കെ കെ നായരുടെ നേതൃത്വത്തിലുള്ള പ്രാദേശിക ഭരണകൂടവും ബാബറി മസ്ജിദിനെ മഹാസഭകളുടെ കൈകളില് ഏല്പ്പിക്കാന് കൂട്ടുനിന്നുവെന്ന് കൃഷ്ണ ഝായും ധീരേന്ദ്ര ഝായും പുസ്തകത്തില് വ്യക്തമാക്കുന്നുണ്ട്. ഗൂഢാലോചന നടത്തിയവരുടെ യോഗങ്ങളില് ജില്ലാ മജിസ്ട്രേറ്റായിരുന്ന നായര് പങ്കെടുത്തു എന്നത് പുസ്തകം വ്യക്തമാക്കുന്നു. ഗൂഢാലോചനക്കാര്ക്ക് നായര് ഔദ്യോഗിക നിഷ്ക്രിയത്വം ഉറപ്പുനല്കുകയും ചെയ്തതായുള്ള റിപ്പോര്ട്ടും പുസ്തകം ചൂണ്ടിക്കാണിക്കുന്നു. 1949ലെ ഗൂഢാലോചനയില് കെ കെ നായര് ഒരു മാസ്റ്റര് ബ്രെയിന് ആയിരുന്നുവെന്ന് പിന്നീടുള്ള ചരിത്രം ശരിവെച്ച് പോകുന്നുണ്ട്. പള്ളിയില് നിന്ന് വിഗ്രഹം നീക്കം ചെയ്യുന്നത് തടയുന്ന ജുഡീഷ്യല് സ്റ്റേ വാങ്ങുന്നതിൽ നായര് വിജയിച്ചിരുന്നു. രാമജന്മഭൂമി-ബാബറി മസ്ജിദ് തര്ക്കത്തിന്റെ പിന്നീടുള്ള നാള്വഴികളില് പള്ളിയില് നിന്ന് നീക്കം ചെയ്യാതിരുന്ന ആ വിഗ്രഹം നിയമവഴികളിൽ എത്ര നിര്ണ്ണായകമായി എന്നത് പരിശോധിക്കുമ്പോഴാണ് കെ കെ നായരുടെ അന്നത്തെ ആലോചനയുടെ ദീര്ഘദൃഷ്ടി വ്യക്തമാകുക.
നിയമവിരുദ്ധമായി സ്ഥാപിക്കപ്പെട്ട വിഗ്രഹം എടുത്തുമാറ്റാനുള്ള നെഹ്റുവിന്റെ നിര്ദ്ദേശത്തെ പോലും അവഗണിച്ചായിരുന്നു ആ വിഗ്രഹത്തെ നായര് നിയമപ്രശ്നങ്ങളുടെ ഭാഗമാക്കി മാറ്റിയത്. ഔദ്യോഗിക ജീവിതത്തില് നിന്നും പിരിഞ്ഞ നായര് പിന്നീട് ജനസംഘത്തിന്റെ ജനപ്രതിനിധിയായി പാര്ലമെന്റില് എത്തിയതും ചരിത്രമാണ്. 1949ൽ രാമന്റെ വിഗ്രഹം മസ്ജിദില് കുത്തിയിറക്കുകയും അവിടെ ആചാരപരമായ ആരാധന ആരംഭിക്കുകയും ചെയ്ത അഭിരാം ദാസ് എന്ന ബൈരാഗി സന്ന്യാസിയെക്കുറിച്ച് കൃഷ്ണ ഝായും ധീരേന്ദ്ര ഝായും പറയുന്നുണ്ട്. രാമജന്മഭൂമി ഉദ്ധാരക്' (രാമന്റെ ജന്മസ്ഥലത്തിന്റെ വീണ്ടെടുപ്പുകാരന്) എന്നറിയപ്പെട്ടിരുന്ന അഭിരാം ദാസ് എന്ന ബൈരാഗി സന്ന്യാസിക്ക് 1949ല് ബാബറി മസ്ജിദില് അനധികൃതമായി വിഗ്രഹം സ്ഥാപിച്ചത് മുതല് 1981ല് മരിക്കുന്നത് വരെ രാഷ്ട്രീയ ഹിന്ദുത്വയുടെ ആശയങ്ങളുമായി ഉണ്ടായിരുന്ന ബന്ധവും പുസ്തകം ഓര്മ്മിപ്പിക്കുന്നുണ്ട്.
കെ കെ നായര് ഔദ്യോഗിക ജീവിതത്തില് നിന്നും വിരമിച്ചതിന് പിന്നാലെ ജനസംഘത്തിൻ്റെ ലോക്സഭാ എം പി ആയത് പോലെ അയോധ്യ തര്ക്കത്തിലെ അന്തിമ വിധി പറഞ്ഞ ബെഞ്ചിന്റെ അധ്യക്ഷനായിരുന്ന ചീഫ് ജസ്റ്റിസ് രഞ്ജന് ഗെഗോയി ഔദ്യോഗിക ജീവിതത്തില് നിന്നും വിരമിച്ചതിന് പിന്നാലെ ഭരണകൂട താല്പര്യത്തിന്റെ ഭാഗമായി രാജ്യസഭാ എംപിയായി മാറിയതും ഈ ഘട്ടത്തില് അനുസ്മരിക്കാവുന്നതാണ്
ഈ 1949നെയാണ് ബാബറി പള്ളിയെ അശുദ്ധമാക്കിയ വര്ഷം എന്ന നിലയില് ചൂണ്ടിക്കാണിച്ച് നിയമലംഘനം എന്ന നിലയില് സുപ്രീം കോടതി അന്തിമവിധിയില് രേഖപ്പെടുത്തിയിരിക്കുന്നത്. കെ കെ നായര് ഔദ്യോഗിക ജീവിതത്തില് നിന്നും വിരമിച്ചതിന് പിന്നാലെ ലോക്സഭാ എം പി ആയത് പോലെ അയോധ്യ തര്ക്കത്തിലെ അന്തിമ വിധി പറഞ്ഞ ബെഞ്ചിന്റെ അധ്യക്ഷനായിരുന്ന ചീഫ് ജസ്റ്റിസ് രഞ്ജന് ഗെഗോയി ഔദ്യോഗിക ജീവിതത്തില് നിന്നും വിരമിച്ചതിന് പിന്നാലെ ഭരണകൂട താല്പര്യത്തിന്റെ ഭാഗമായി രാജ്യസഭാ എംപിയായി മാറിയതും ഈ ഘട്ടത്തില് അനുസ്മരിക്കാവുന്നതാണ്.
സുപ്രീം കോടതി ചൂണ്ടിക്കാണിച്ച 1992 ഡിസംബര് 6ലെ നിയമലംഘനം വര്ത്തമാനകാല ഇന്ത്യയെ സംബന്ധിച്ച മറക്കാന് കഴിയാത്ത ചരിത്രമാണ്. 1932ല് ബ്രിട്ടീഷ് ഭരണകാലത്തും, പിന്നീട് 1949ല് നെഹ്റുവിന്റെ ഭരണകാലത്തും ബാബറി മസ്ജിദ് തകര്ക്കാനുള്ള നീക്കം വിജയിച്ചിരുന്നില്ല. എന്നാല് 1992ല് രാഷ്ട്രീയ ഹിന്ദുത്വയുടെ ഈ ദീര്ഘകാല പദ്ധതി വിജയം കണ്ടു. 1949ലെ പോലെ പ്രാദേശിക ഭരണകൂടങ്ങള് ഔദ്യോഗിക കൃത്യനിര്വ്വഹണത്തില് നിഷ്ക്രിയത്വം കാണിച്ചു. 1949ലേത് പോലെ വിഷയത്തില് ഇടപെടാന് ശേഷിയുള്ള ഒരു പ്രധാനമന്ത്രി 1992ല് ഇല്ലാതെ പോയി. ഒന്നര ഡസനോളം ഭാഷകള് അറിയാമായിരുന്ന അന്നത്തെ പ്രധാനമന്ത്രി പിവി നരസിംഹ റാവു ഒരു ഭാഷയിലും പള്ളി തകരാതിരിക്കാനുള്ള നിലപാട് സ്വീകരിച്ചില്ല. നീതിപരമായ നിയമനിര്വ്വഹണം നടത്തേണ്ട ഭരണകൂടങ്ങള് നിഷ്ക്രിയമാകുകയോ മൗനാനുവാദത്തിന്റെ തന്ത്രപരമായ മൗനം പാലിക്കുകയോ ചെയ്തു. ഇതോടെ ബാബറി പള്ളി തകര്ക്കുക എന്ന രാഷ്ട്രീയ ഹിന്ദുത്വയുടെ ദീര്ഘകാലമായുള്ള ആശയപദ്ധതി ഇന്ത്യന് ഭരണഘടനയെ സാക്ഷി നിര്ത്തി തന്നെ പൂര്ത്തീകരിക്കപ്പെട്ടു.
1949ലേതിന് സമാനമായ ധാരളം രാഷ്ട്രീയ ഗൂഢാലോചന പ്ലോട്ടുകള് 1992ലും ചൂണ്ടിക്കാണിക്കാന് കഴിയും. അത് ആരും മറന്നിട്ടും ഉണ്ടാകില്ല. ഈ നിലയില് ദശകങ്ങള് നീണ്ട നിയമ ലംഘനങ്ങളുടെ ഒടുവില് തകര്ക്കപ്പെട്ട ബാബറി പള്ളിയുടെ സ്ഥാനത്താണ് രാമക്ഷേത്രം ഉയരുന്നതെന്നും അത്തരത്തില് തകര്പ്പെട്ട വിശ്വാസ വൈകാരികതകളുടെ ആഴം തിരിച്ചറിഞ്ഞ് ഇന്ത്യന് ഭരണകൂടവും രാജ്യത്തിന്റെ പ്രധാനമന്ത്രിയും രാമക്ഷേത്ര നിര്മ്മാണത്തിന്റെ സംഘാടകരും പ്രായോജകരുമാകരുതെന്നും ഈ ഘട്ടത്തിൽ പറയേണ്ടവർ ആരാണ്? ആ നിലയിലുള്ള ഇടപെടല് ഇന്ത്യന് മാധ്യമങ്ങളില് നിന്ന് പ്രതീക്ഷിക്കാന് കഴിയുമോ?
മാധ്യമങ്ങള് മാത്രമല്ല രാജ്യത്തെ മുഖ്യപ്രതിപക്ഷ കക്ഷികള്ക്ക് പോലും ബാബറി മസ്ജിദിന്റെ ചരിത്രം ഓര്മ്മപ്പെടുത്തി രാമക്ഷേത്രവുമായി ബന്ധപ്പെട്ട സംഘാടനത്തില് നിന്ന് ഭരണകൂടവും ഭരണകര്ത്താക്കളും വിട്ടുനില്ക്കണമെന്ന് ആവശ്യപ്പെടാന് കഴിയുന്നില്ല. രാമക്ഷേത്രത്തെ രാഷ്ട്രീയമായി പങ്കാളിയാകേണ്ട വിശ്വാസ വിഷയം എന്ന നിലയിലാണ് ഭൂരിപക്ഷം വരുന്ന ഇന്ത്യന് പ്രതിപക്ഷ പാര്ട്ടികളും കാണുന്നത്. കോണ്ഗ്രസിന് പോലും ഇതില് നിന്നും ഭിന്നമായൊരു നിലപാട് സ്വീകരിക്കാന് സാധിക്കുന്നില്ല. അയോധ്യയില് ശിലന്യാസിന് അനുമതി നല്കിയത് രാജീവ് ഗാന്ധിയാണ് എന്ന വിവരണം ഉയര്ത്തിക്കാണിച്ച് രാമക്ഷേത്ര നിര്മ്മാണത്തിന്റെ ചാമ്പ്യന്പട്ടം അവകാശപ്പെടുന്ന കോണ്ഗ്രസ് നേതാക്കളുമുണ്ടെന്നതാണ് വര്ത്തമാനകാല ഇന്ത്യന് യാഥാര്ത്ഥ്യം. കോണ്ഗ്രസ് നെഹ്റുവിലേയ്ക്ക് മടങ്ങിപ്പോകണമെന്ന ആവശ്യങ്ങള് മതേതര ഇടങ്ങളില് നിന്ന് ഉയരുന്ന കാലത്ത് സോമനാഥ ക്ഷേത്രപുനരുദ്ധാരണവുമായി ബന്ധപ്പെട്ട ചരിത്രം ശരിയായി ഉള്ക്കൊണ്ട് വേണം കോണ്ഗ്രസ് രാമക്ഷേത്ര വിഷയത്തില് നിലപാട് സ്വീകരിക്കാന്.
'സോമനാഥ ദി മെനി നോയിസസ് ഓഫ് ഹിസ്റ്ററി' എന്ന പുസ്തകത്തില് റൊമില ഥാപ്പര് ഈ ചരിത്ര സംഭവത്തെ വളരെ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. രാജ്യം സ്വാതന്ത്ര്യം പ്രാപിച്ച് റിപ്പബ്ലിക്കായി മാറുന്നതിന് മുമ്പാണ് ഗുജറാത്തിലെ സോമനാഥ ക്ഷേത്ര നിര്മ്മാണം മതേതര ഇന്ത്യയെന്ന ആശയത്തിന്റെ മുന്നില് ഒരുചോദ്യമായി ഉയര്ന്ന് വരുന്നത്. ഗുജറാത്തുകാരനായ വല്ലഭായ് പട്ടേല് ക്ഷേത്രനിര്മ്മാണവുമായി ബന്ധപ്പെട്ട് ഗാന്ധിജിയുടെ ഉപദേശം ആരാഞ്ഞിരുന്നു. സര്ക്കാര് പണംമുടക്കുകയോ നിര്മ്മാണ മേല്നോട്ടം വഹിക്കുകയോ ചെയ്യുന്ന ഒന്നായി ക്ഷേത്ര നിര്മ്മാണം മാറരുത് എന്നായിരുന്നു മഹാത്മാഗാന്ധിയുടെ അഭിപ്രായം. നെഹ്റുവിന്റെ നിലപാടും മറിച്ചായിരുന്നില്ല. പുതിയ ക്ഷേത്ര നിര്മ്മിതിയെ ഇന്ത്യാ ഗവണ്മെന്റുമായി ബന്ധപ്പെടുത്തി കെ എന് മുന്ഷി നടത്തിയ പ്രസ്താവനയെ ഒരു ആശയക്കുഴപ്പത്തിനും വഴിവയ്ക്കാത്ത നിലയില് ജവഹര്ലാല് നെഹ്റു തന്നെ നേരിട്ട് തിരുത്തിയിരുന്നു.
കേന്ദ്ര സര്ക്കാരാണ് സോമനാഥ ക്ഷേത്രത്തിന്റെ പുനര്നിര്മ്മാണം നടത്തിയതെന്ന മുന്ഷിയുടെ പ്രസ്താവയിൽ ശക്തമായ എതിര്പ്പാണ് പരസ്യമായി നെഹ്റു പ്രകടിപ്പിച്ചത്. അത്തരമൊരു പ്രവര്ത്തി സര്ക്കാരിന്റെ പ്രവര്ത്തനമെന്ന നിലയില് അസ്വീകാര്യവും ഒരു മതനിരപേക്ഷ രാഷ്ട്രം ഭരിക്കുന്ന മതേതര സര്ക്കാരിന്റെ നയത്തിന് എതിരുമായി നെഹ്റു കണ്ടിരുന്നു എന്നാണ് റൊമില ഥാപ്പര് ചൂണ്ടിക്കാണിക്കുന്നത്. 1951 മെയ് മാസ്ം 2ന് സൗരാഷ്ട്ര മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് ഈ വിഷയത്തില് നെഹ്റുവിന്റെ നിലപാടിന്റെ കൃത്യത വ്യക്തമാണ്.
"ഈ ചടങ്ങ് സര്ക്കാര് ആഭിമുഖ്യത്തിലുള്ളതല്ലെന്നും ഇന്ത്യാ ഗവണ്മെന്റിന് അതിന്റെ തനത് നിലയില് അതുമായി യാതൊരു ബന്ധവുമില്ലെന്നുള്ളത് വ്യക്തമായി മനസ്സിലാക്കിയിരിക്കേണ്ടതാണ്. നമ്മുടെ രാഷ്ട്രം മതേതരമായിരിക്കുക എന്നതിനു വിഘാതമായി വരുന്ന യാതൊന്നും നാം ചെയ്തുകൂടായെന്ന് ഓര്ക്കേണ്ടതുണ്ട്. നമ്മുടെ ഭാരണഘടനയുടെയും സര്ക്കാരുകളുടെയും അടിസ്ഥാനം ഇതായത് കൊണ്ട് നമ്മുടെ രാഷ്ട്രത്തിന്റെ മതനിരപേക്ഷ സ്വഭാവത്തെ ബാധിക്കുന്നതിനുള്ള പ്രവണത കാട്ടുന്ന യാതൊന്നുമായും സഹകരിക്കുന്നതില് നിന്ന് സ്വയം വിട്ടുനില്ക്കുക തന്നെ വേണ"മെന്ന് നെഹ്റു കത്തില് വ്യക്തമാക്കിയിരുന്നു. ക്ഷേത്ര നിര്മ്മാണത്തിനായി അഞ്ച് ലക്ഷം രൂപ സംഭാവന വാഗ്ദാനം ചെയ്ത സൗരാഷ്ട്ര സര്ക്കാരിന്റെ നിലപാടിലും നെഹ്റു കോപാകുലനായിരുന്നു.
"സോമനാഥ ക്ഷേത്രത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന ഉദ്ഘാടനവുമായുള്ള അങ്ങയുടെ സ്വയമേയുള്ള പങ്കുചേരല് എന്ന ആശയം ഞാന് ഇഷ്ടപ്പെടുന്നില്ല എന്ന് തുറന്ന് സമ്മതിക്കുന്നു. ഇത് വെറുമൊരു ക്ഷേത്രസന്ദര്ശനമല്ല, അതാണെങ്കില് അങ്ങേയ്ക്കോ മറ്റാര്ക്കുതന്നെയുമോ നിശ്ചയമായും ചെയ്യാനാവും. എന്നാല് ഒരുപാട് വിവക്ഷകളുള്ള ഒരു പ്രമുഖ ചടങ്ങില് പങ്കെടുക്കലണാണെങ്കിലോ അതു വയ്യ"
സോമനാഥ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തില് അധ്യക്ഷത വഹിക്കാനുള്ള താല്പ്പര്യം പ്രകടിപ്പിച്ച് ഇന്ത്യയുടെ പ്രസിഡന്റായിരുന്ന രാജേന്ദ്ര പ്രസാദ് നെഹ്റുവിന് കത്തെഴുതിയിരുന്നു. ഇതിന് നെഹ്റു എഴുതിയ മറുപടി വര്ത്തമാനകാല ഇന്ത്യയെ സംബന്ധിച്ച് നിര്ണ്ണായകമാണ്. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സുചിന്തിതമായ നിലപാട് സ്വീകരിക്കാന് കുഴങ്ങുന്ന കോണ്ഗ്രസിനെ സംബന്ധിച്ചും നെഹ്റുവിന്റെ മറുപടിക്ക് വലിയ പ്രാധാന്യമുണ്ട്. 'സോമനാഥ ക്ഷേത്രത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന ഉദ്ഘാടനവുമായുള്ള അങ്ങയുടെ സ്വയമേയുള്ള പങ്കുചേരല് എന്ന ആശയം ഞാന് ഇഷ്ടപ്പെടുന്നില്ല എന്ന് തുറന്ന് സമ്മതിക്കുന്നു. ഇത് വെറുമൊരു ക്ഷേത്രസന്ദര്ശനമല്ല, അതാണെങ്കില് അങ്ങേയ്ക്കോ മറ്റാര്ക്കുതന്നെയുമോ നിശ്ചയമായും ചെയ്യാനാവും. എന്നാല് ഒരുപാട് വിവക്ഷകളുള്ള ഒരു പ്രമുഖ ചടങ്ങില് പങ്കെടുക്കലണാണെങ്കിലോ അതു വയ്യ. വ്യക്തിപരമായി, സോമനാഥിലെ വന്തോതിലുള്ള കെട്ടിടനിര്മ്മാണപ്രവര്ത്തനങ്ങള്ക്ക് ഊന്നല് നല്കേണ്ടതായ സമയം ഇതായിരുന്നില്ല എന്ന് ഞാന് ചിന്തിച്ചു. ഇത് ക്രമേണയായും കൂടുതല് കാര്യക്ഷമമായും പിന്നീടൊരിക്കല് ചെയ്യുക സാധ്യമായിരുന്നു. എന്തായാലും അത് ചെയ്യപ്പെട്ടിരിക്കുന്നു. ഈ ചടങ്ങില് അങ്ങ് അധ്യക്ഷത വഹിക്കാതിരുന്നാല് അതാവും കൂടുതല് ഭേദം എന്ന് എനിക്കു തോന്നുന്നു'.
സോമനാഥ ക്ഷേത്രത്തിന്റെ പുന:ര്നിര്മ്മാണത്തിനായി 5 ലക്ഷം രൂപ സംഭാവന നല്കാന് സൗരാഷ്ട്ര സര്ക്കാര് തീരുമാനമെടുത്തതിന് എതിരെയുള്ള പ്രതിഷേധവും രാജേന്ദ്ര പ്രസാദിനയച്ച അതേ കത്തില് നെഹ്റു സൂചിപ്പിച്ചിരുന്നു '...വര്ത്തമാനപത്ര റിപ്പോര്ട്ടുകള് പ്രകാരം ഈ സോമനാഥപ്രതിഷ്ഠാപാനാഘോഷചടങ്ങുകള്ക്ക് വേണ്ടി സൗരാഷ്ട്ര സര്ക്കാര് 5 ലക്ഷം മാറ്റിവെച്ചിരുന്നു. ഏതു സര്ക്കാരും ഇത് ചെയ്യുന്നത്് തീര്ത്തും അനുചിതമാണെന്ന് എനിക്ക് തോന്നുന്നു; അതുപ്രകാരം ആ സര്ക്കാരിലേയ്ക്ക് ഞാന് എഴുതുകയും ചെയ്തിട്ടുണ്ട്. ഏതൊരു സമയത്തും ഇത് അനഭിലഷീണിയമായിരിക്കും; എന്നാല് ഇന്നത്തെ ദശാസന്ധിയില് നാട്ടില് പട്ടിണി നടമാടുകയും എല്ലാത്തരത്തിലുമുള്ള ദേശീയ മിതവ്യയം കഠിനവ്രതവും നാം ഉദ്ബോധിപ്പിക്കുകയും ചെയ്യുമ്പോള്, ഒരു സര്ക്കാര് നടത്തുന്ന ഈ ചെലവ് മിക്കവാറും ഞെട്ടിക്കുന്നതെന്ന് ഞാന് കാണുന്നു'; എന്നായിരുന്നു നെഹ്റുവിന്റെ നിലപാട്.
ഏഴുദശകം മുമ്പ് ഇന്ത്യയെന്ന മതേതര ആശയത്തിന്റെ അന്ത:സത്ത ആ നിലയില് രാജ്യം ഉള്ക്കൊണ്ടു തുടങ്ങാത്ത ഒരു കാലത്തായിരുന്നു സോമനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള നെഹ്റുവിന്റെ ഈ നിലപാടുകളെന്നത് പ്രത്യേക പരിഗണന അര്ഹിക്കുന്നതാണ്. ഇന്ത്യയെന്ന മതേതര ആശയം വളര്ന്ന് പന്തലിച്ച ഈ കാലഘട്ടത്തില് രാമ ക്ഷേത്രവുമായി ബന്ധപ്പെട്ട നിലപാട് സ്വീകരിക്കുമ്പോള് കോണ്ഗ്രസിനായാലും മാധ്യമങ്ങള്ക്കായും മുന്നിലുള്ളത് രണ്ട് സാധ്യതകളാണ്. ഒന്നുകില് വെള്ളം ചേര്ക്കാത്ത മതേതര നിലപാടുകള്ക്ക് വേണ്ടി പോരടിക്കാം അല്ലെങ്കില് ഹിന്ദുത്വ നേര്പ്പിച്ച മതേതരത്വത്തിന്റെ വക്താക്കളായി മാറാം. നിലവിൽ ഇന്ത്യയിൽ രണ്ടുപക്ഷങ്ങളേയുള്ളു. ഹിന്ദുത്വയുടെ നടപ്പുരീതികളോട് വിധേയപ്പെടുന്ന ഒരു വിഭാഗവും ഹിന്ദുത്വയെ ആശയപരമായി എതിർത്ത് നിരന്തരം കലഹിക്കുന്ന മറ്റൊരു വിഭാഗവും. നിങ്ങൾ ഏതുപക്ഷത്താണ് എന്ന ചോദ്യത്തെ രാജ്യത്തെ മാധ്യമങ്ങളും മതേതര നിലപാടുള്ള രാഷ്ട്രീയ കക്ഷികളും അഭിസംബോധന ചെയ്യേണ്ടതുണ്ട്.