കണ്ണൂര് ജില്ലയിലെ രണ്ടും കോഴിക്കോട് ജില്ലയിലെ അഞ്ചും നിയമസഭാ മണ്ഡലങ്ങള് ഉള്പ്പെടുന്നതാണ് വടകര ലോക്സഭാ മണ്ഡലം. കെകെ രമ മാറി നിന്നാല് ഇടത് സമ്പൂര്ണാധിപത്യമുള്ള മേഖലകള്. എന്നാല് ലോക് സഭാ മണ്ഡലത്തിന്റെ ചിത്രം മറ്റൊന്നാണ്. സതീദേവിയില് നിന്ന് 2009 മണ്ഡലം പിടിച്ചെടുത്ത മുല്ലപ്പള്ളി രാമചന്ദ്രന് തുടര്ച്ചയായി രണ്ട് ടേമുകളില് വിജയിച്ചു. രാഹുല് ഗാന്ധി കാറ്റ് വീശിയ 2019ല് പി ജയരാജന് ഉയര്ത്തിയ വെല്ലുവിളി അനായാസം മറികടന്ന് കെ മുരളീധരന് മണ്ഡലം നിലനിര്ത്തി. കേരളത്തിന്റെ പൊതു ട്രെന്ഡാണ് 2019ല് വടകരയിലും പ്രതിഫലിച്ചതെന്ന് നിസംശയം പറയാം.
2004ല് ഒരു ലക്ഷത്തിലധികം ഭൂരിപക്ഷത്തില് എംടി പത്മയെ തോല്പ്പിച്ചാണ് ഇടത് പാളയത്തില് നിന്ന് സതീദേവി വടകരയുടെ എംപിയാവുന്നത്. മുന്പ് എന്കെ പ്രേമജത്തിന്റെ സ്വീകാര്യതയും സതീദേവിക്ക് മുതല്ക്കൂട്ടായി. 2009ല് വടകരയില് മുല്ലപ്പള്ളി രാമചന്ദ്രനെ ഇറക്കി യുഡിഎഫ് കളംപിടിച്ചു. സതീദേവിയുടെ വ്യക്തി പ്രഭാവത്തിനേറ്റ മങ്ങലും മുല്ലപ്പള്ളിയെന്ന കരുത്തനായ സ്ഥാനാര്ത്ഥിയുടെ സാന്നിധ്യവും യുഡിഎഫിന് അട്ടിമറി വിജയം നേടിക്കൊടുത്തു. ടിപി ചന്ദ്രശേഖരന് പിടിച്ച 21,833 വോട്ടുകളും അന്ന് സിപിഐഎമ്മിനേറ്റ ആഘാതത്തിന്റെ ആക്കംകൂട്ടി.
2014ല് മുല്ലപ്പള്ളി രണ്ടാമൂഴത്തിനെത്തിയപ്പോള് കൂടുതല് ജാഗ്രതയോടെയാണ് സിപിഐഎം സ്ഥാനാര്ത്ഥിയെ ഇറക്കിയത്, ഈ നീക്കം ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു. എഎന് ഷംസീറിനെ നിര്ത്തി പരമാവധി വോട്ടുകള് സമാഹരിച്ച സിപിഐഎം വിജയം തുല്യമായ പരാജയമേറ്റുവാങ്ങിയെന്ന് പറയാം. വെറും 3306 വോട്ടുകളുടെ മാര്ജിന് മാത്രമാണ് മുല്ലപ്പള്ളിക്ക് ലഭിച്ചത്. ചന്ദ്രശേഖരന് വധത്തിന് പിന്നാലെയുണ്ടായ രാഷ്ട്രീയ സാഹചര്യം മുതലെടുക്കാന് പരമാവധി യുഡിഎഫ് ശ്രമിച്ചിരുന്നു, ഒറ്റയ്ക്ക് സ്ഥാനാര്ത്ഥിയെ നിര്ത്തി ആര്എംപി 17,229 വോട്ടുകള് സമാഹരിച്ചു. മറ്റൊരു വിധത്തില് പറഞ്ഞാല് ചന്ദ്രശേഖരന്റെ 'സാന്നിധ്യം' രണ്ടാം തവണയും സിപിഐഎമ്മിനെ തോല്പ്പിച്ചു. അതേസമയം ആര്എംപിക്ക് വോട്ട് വര്ധനവുണ്ടാക്കാന് സാധിച്ചില്ലെന്നതും ഇതിനൊപ്പം കൂട്ടിച്ചേര്ക്കേണ്ടതുണ്ട്.
2014ല് നാദാപുരം, വടകര, കുറ്റ്യാടി, കൊയിലാണ്ടി, കൂത്തുപറമ്പ് മേഖലകളിലെ മുസ്ലിം സ്ത്രീകളുടെ വോട്ടുകള് പൂര്ണമായും യുഡിഎഫിലേക്ക് എത്തിച്ചേര്ന്നുവെന്ന് വേണം അനുമാനിക്കാന്. ചന്ദ്രശേഖരന് വധത്തിന് പിന്നാലെ അക്രമത്തിനെതിരെ വോട്ട് ചെയ്യാന് യുഡിഎഫ് പാളയം നടത്തിയ ക്യാംപെയ്ന് ഫലം കണ്ടിരുന്നില്ലെങ്കില് ഒരുപക്ഷേ ഈ വോട്ടുകള് എഎന് ഷംസീറിലേക്കെത്തുമായിരുന്നു. പി കുമാരന്കുട്ടിക്ക് പകരം ചന്ദ്രശേഖരന്റെ പത്നി കെകെ രമ മത്സരിച്ചിരുന്നെങ്കിലും ഇരുപാളയത്തിനും ഈ വോട്ടുകള് നഷ്ടപ്പെട്ടേക്കാം, എന്നാല് അതുണ്ടായില്ല. മറുവശത്ത് ഭൂരിപക്ഷം കുറഞ്ഞത് ആര്എംപിയുടെ രാഷ്ട്രീയ പ്രചരണം ഫലിച്ചില്ലെന്ന വാദമുഖമുയര്ത്താന് സിപിഐഎമ്മിന് സഹായകമായി.
നരേന്ദ്ര മോദി പ്രധാനമന്ത്രിയാവരുതെന്ന് കേരളം മുഴുവന് ചിന്തിച്ച 2019ല് കെ മുരളീധരന് വേണ്ടി മുസ്ലിം ലീഗ് നടത്തിയ പ്രവര്ത്തനങ്ങള് മണ്ഡലത്തില് വലിയ മാറ്റങ്ങളുണ്ടാക്കി. പ്രചാരണ പരിപാടികളില് ജനസാഗരം അണിനിരന്നു. കുറ്റ്യാടിയിലും പേരാമ്പ്രയിലും കൊയിലാണ്ടിയിലും വടകര ടൗണിലും യുഡിഎഫിന്റെ പ്രചാരണ പരിപാടിയില് കണ്ട ജനക്കൂട്ടം വോട്ടായി മാറുകയും ചെയ്തു. ആള്ക്കൂട്ടം വോട്ടാകില്ലെന്ന ഇടത് അമിത ആത്മവിശ്വാസം പൊളിഞ്ഞുവെന്നതാണ് വസ്തുത. കണ്ണൂരിലെ പാര്ട്ടി പിടിക്കാമെന്ന പി ജയരാജന് പക്ഷത്തിന്റെ മോഹത്തിന് കൂടെ 2019 തിരശ്ശീല വീഴ്ത്തിയെന്നത് വടകര നല്കിയ മറ്റൊരു രാഷ്ട്രീയ പാഠമാണ്.
ഇത്തവണ മുസ്ലിം വോട്ടുകള് എങ്ങോട്ട്?
സ്ത്രീ സ്ഥാനാര്ത്ഥികളോട് വടകര ഇന്നേവരെ തുടര്ന്നുവരുന്ന മനോഭാവം മുതലെടുക്കാനാണ് ഇത്തവണ കെകെ ശൈലജ ഇറങ്ങുന്നത്. രണ്ടാം പിണറായി സര്ക്കാരിനെതിരായ ജന വികാരത്തില് നിന്ന് ശൈലജയെന്ന വ്യക്തിത്വം രക്ഷ നേടിയിട്ടുണ്ടെന്ന് വാസ്തവവും ഇവിടെ കണക്കിലെടുക്കാം. നാദാപുരം, കുറ്റ്യാടി, കൊയിലാണ്ടി, കൂത്തുപറമ്പ്, പേരാമ്പ്ര മേഖലകളിലെ മുസ്ലിം വോട്ടുകള് ശൈലജയെ സംബന്ധിച്ചിടത്തോളം നിര്ണായകമാണ്.
കുറ്റ്യാടി കെപി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര് വിജയിച്ചത് സുന്നി, സമസ്ത വോട്ടുകളുടെ പിന്ബലത്തിലാണ്. സിപിഐഎമ്മിന് ഇക്കാര്യങ്ങള് തുറന്ന് സമ്മതിക്കാന് പ്രത്യയശാസ്ത്ര പ്രശ്നം പോലുമില്ലാത്ത സാഹചര്യമാണ് 2024ലേത്. അതുകൊണ്ടു തന്നെ അയോധ്യ, ഗ്യാന്വാപി തുടങ്ങിയ വിഷയങ്ങളില് ശക്തമായ നിലപാടെടുത്ത പാര്ട്ടിയെന്ന് പ്രചരണം ഈ മേഖലകളില് സിപിഐഎം നടത്തും. എണ്ണത്തില് കുറവെങ്കിലും ജമാഅത്തെ ഇസ്ലാമി വോട്ടുകളും ഇത്തവണ ഇടത്തേക്ക് ചായുമെന്നാണ് മണ്ഡലത്തില് നിന്നുള്ള ട്രെന്ഡ്. തീവ്രഹിന്ദുത്വത്തിനെതിരെ കോണ്ഗ്രസ് സ്വീകരിക്കുന്ന മൃദുമനോഭാവം അവിടെയും തിരിച്ചടിയുണ്ടാക്കും.
കെ മുരളീധരന് വേണ്ടി മുസ്ലിം ലീഗിന്റെ 'പുരുഷാരവം' ഇത്തവണയും ഇറങ്ങുമെങ്കിലും ലീഗ് കുടുംബങ്ങളിലെ സ്ത്രീ വോട്ടുകള് സമാഹരിക്കാന് ഇത് മാത്രം മതിയാവില്ല. കാനത്തില് ജമീലയെ വിജയിപ്പിച്ച കൊയിലാണ്ടി ഇതില് നിര്ണായക സ്വാധീനം ചെലുത്താനാണ് സാധ്യത. മട്ടന്നൂര് ചിന്തിച്ചതിന് സമാനമായി റിപ്പോര്ട്ടര് ടിവി സര്വ്വേ ഉള്പ്പെടെ ശൈലജയുടെ ജനപ്രീതി വര്ധനവുണ്ടാവുന്നതായി പ്രവചിക്കുന്നുണ്ട്. കൊവിഡ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം മാത്രമാണ് ദൃശ്യ മാധ്യമങ്ങളില് കണ്ടതെങ്കിലും 'ടീച്ചറമ്മ' എഫക്ട് കേരളത്തിലെ വീടുകള് പ്രതിഫലിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അരിവാള് ചുറ്റിക നക്ഷത്രം നേട്ടമുണ്ടാക്കും. ഭരണവിരുദ്ധ മനോഭാവം ശൈലജയുടെ വ്യക്തി പ്രഭാവത്തിന് മുന്നില് മുനയൊടിഞ്ഞാല് സ്ത്രീ വോട്ടര്മാര് പ്രത്യേകിച്ച് മുസ്ലിം സ്ത്രീകളുടെ വോട്ടുകള് ഇടത് പെട്ടിയിലാവും.
2014ലെ തെരഞ്ഞെടുപ്പില് എസ്ഡിപിഐ സ്ഥാനാര്ത്ഥിയായ പി അബ്ദുള് ഹമീദ് 15,058 വോട്ടുകളാണ് വടകരയില് നിന്ന് നേടിയത്, എന്നാല് 2019ല് ഇത് വെറും 5,544 വോട്ടുകളിലേക്ക് ചുരുങ്ങി. രാഹുല് ഗാന്ധി പ്രധാനമന്ത്രിയാവണം എന്നാഗ്രഹിച്ച മുസ്ലിം വോട്ടുകളാണ് എസ്ഡിപിഐയില് നിന്ന് ചോര്ന്നതെന്ന് കണ്ണടച്ച് പറയാം. ഒരു ശതമാനം പോലും വോട്ട് നേടാന് കഴിയാതിരുന്ന എസ്ഡിപിഐ ഇത്തവണ സ്ഥാനാര്ത്ഥിയെ നിര്ത്തിയില്ലെങ്കില് ഇടത് അനുകൂല മനോഭാവത്തിലേക്ക് കാര്യങ്ങളെത്തും. മോദി സര്ക്കാരിനെതിരെ പരസ്യ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന പിണറായി സര്ക്കാരിനാവും അങ്ങനെയെങ്കില് ഈ വോട്ടുകള് വീഴുക. കേന്ദ്രത്തിനെതിരെ നടത്തുന്ന സമരങ്ങളും ബിജെപി വിരുദ്ധ പോരാട്ടങ്ങളും സിപിഐഎമ്മിന് പ്രചരണായുധമാക്കാം, ഇത് വിജയിക്കുകയും ചെയ്യും.
കെ മുരളീധരന് തന്നെയാവും ശൈലജയുടെ എതിരാളിയെന്ന് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സാഹചര്യത്തില് നിന്ന് വിഭിന്നമായി സര്ക്കാരിനെതിരായ ജനരോഷം വോട്ടാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. എന്നാല് വടകരയിലെ മുസ്ലിം 'മിഡില് ക്ലാസി'നോട് 'അരിയുടെ പ്രശ്നം' മാത്രം പറഞ്ഞ് വോട്ടു വാങ്ങുക ശ്രമകരമാവും. 'അരി പ്രശ്ന'ത്തിനൊപ്പം മറ്റു ചിലതുകൂടി വടകരയിലെ ചര്ച്ചാ വിഷയമാക്കേണ്ടതുണ്ട്. ഇന്ത്യയിലെ ഫാഷിസ്റ്റ് രാഷ്ട്രീയ സാഹചര്യത്തിന് ബദലാവുമെന്ന് പ്രതീക്ഷ നല്കാതെ, ചര്ച്ചയാക്കാതെ മുസ്ലിം വോട്ടുകളില് കണ്ണുവെക്കാന് സാധിക്കുകയില്ല.
നിലവിലെ സാഹചര്യത്തില് എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി വോട്ടുകള് പരസ്യമായി ആവശ്യപ്പെടാന് മുരളീധരന് സാധിക്കുകയില്ല. സമസ്തയുമായി സിപിഐഎം അടുക്കുന്നത് മുസ്ലിം ലീഗിലെ ഒരുപക്ഷത്തിന് മൗന സമ്മതാണെന്ന പ്രചരണങ്ങള് കനപ്പെടുന്ന സാഹചര്യത്തില് വിരുദ്ധ ചേരിയായ എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും ഒപ്പം നിര്ത്താനുള്ള പരോക്ഷമോ പ്രത്യക്ഷമോ ആയ നീക്കങ്ങള് യുഡിഎഫിന് തിരിച്ചടിയുണ്ടാക്കുമെന്ന് തീര്ച്ചയാണ്. ആര്ക്ക് വേണമെങ്കിലും വോട്ട് ചെയ്തോളൂ.. എന്ന് സമസ്ത പറഞ്ഞാല് 'ഇടതിന് വോട്ട്' എന്ന ആഹ്വാനത്തിന് തുല്യമാണ്. സമസ്ത ഔദ്യോഗിക പ്രസ്താവനയിറക്കാതെ തന്നെ പ്രാദേശിക നേതാക്കളിലൂടെ ഇത്തരം 'ഉടമ്പടി'കള് മുന്പ് ഇറക്കിയിട്ടുമുണ്ട്.
സൂക്ഷ്മമായി വിലയിരുത്തിയാല് കെകെ ശൈലജ ഇത്തവണ വടകരയിലെ മുസ്ലിം വോട്ടുകളില് വലിയ ശതമാനം നേടാനാണ് സാധ്യത. രാഹുല് ഗാന്ധി വയനാട്ടില് മത്സരിക്കുകയും കേന്ദ്രത്തില് ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ അതിശക്തമായ ബദലാവുമെന്ന പ്രചരണവും യുഡിഎഫിന് സഹായിച്ചേക്കാം. മറിച്ചാണെങ്കില് കാര്യങ്ങള് ഇടതിന് അനുകൂലം തന്നെയാവും.