സാമ്പത്തിക പ്രതിസന്ധി; സുപ്രീം കോടതിയുടെ ജീവവായു കേരളത്തിന് മാത്രമല്ല ആശ്വാസമാകുക!

'അടുത്ത സാമ്പത്തിക വർഷത്തിൽ എ സംസ്ഥാനത്തിലോ ബി സംസ്ഥാനത്തിലോ ഇത്തരമൊരു സാഹചര്യം ഉണ്ടാകുന്നതിന് മുമ്പ്, ഈ പ്രശ്നങ്ങൾ തീർപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു'

dot image

കേരളത്തിന്റെ കടമെടുപ്പ് പരിധിയ്ക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ ചോദ്യം ചെയ്തായിരുന്നു സുപ്രീം കോടതിയിൽ കേരളം ഹർജി നൽകിയത്. ഭരണഘടനയുടെ 131-ാം അനുച്ഛേദം പ്രകാരമായിരുന്നു കേന്ദ്ര സർക്കാരിനെതിരെ കേരളത്തിന്റെ ഹർജി. ഭരണഘടനയുടെ ആർട്ടിക്കിൾ 131 പ്രകാരം കേരളം ഹർജി നൽകുമ്പോൾ രാജ്യത്തെ ഫെഡറൽ വ്യവസ്ഥയുടെ അന്ത:സത്ത കൂടിയാണ് ചർച്ചയ്ക്ക് വിധേയമായത്. രണ്ട് സംസ്ഥാന സർക്കാരുകൾക്കിടയിലോ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള വിഷയങ്ങളിലോ നേരിട്ട് വാദം കേൾക്കാനുളള സുപ്രീം കോടതിയുടെ അധികാരത്തെ സവിശേഷമായി വ്യാഖ്യാനിക്കുന്നതാണ് 131-ാം അനുച്ഛേദം.

നേരത്തെ ഈ കേസ് പരിഗണിച്ചപ്പോൾ കേന്ദ്രവും കേരളവും തമ്മിൽ ചർച്ച നടത്തി വിഷയത്തിൽ സമവായത്തിൽ എത്താനായിരുന്നു സുപ്രീം കോടതിയുടെ നിർദ്ദേശം. എന്നാൽ കേസ് പിൻവലിച്ചതിന് ശേഷം വിഷയം പരിഹരിക്കാമെന്നായിരുന്നു ചർച്ചയിൽ കേന്ദ്ര സർക്കാരിൻ്റെ നിലപാട്. എന്നാൽ കേരളം ഇതിന് തയാറായില്ല, കേസ് നടക്കട്ടെ എന്നായിരുന്നു കേരളത്തിന്റെ തീരുമാനം. 13,608 കോടി രൂപ അധികമായി വായ്പയെടുക്കാൻ കേന്ദ്രസർക്കാർ സമ്മതിച്ചതായും എന്നാൽ കേസ് പിൻവലിക്കണമെന്ന വ്യവസ്ഥ മുന്നോട്ടുവെച്ചതായും കേരളം കോടതിയെ അറിയിച്ചിരുന്നു.

ഇത്തരമൊരു നിബന്ധന എങ്ങനെ മുന്നോട്ടു വയ്ക്കാനാവുമെന്ന് ചോദിച്ചായിരുന്നു സുപ്രീം കോടതി കേന്ദ്ര സർക്കാരിന്റെ നിലപാടിനോട് വിയോജിച്ചത്. കേസ് പിൻവലിക്കണമെന്ന വ്യവസ്ഥ ഒഴികെ ഭരണഘടനയുടെ അളവുകോലുകൾക്കുള്ളിൽ നിന്നുള്ള മറ്റ് ഏത് വ്യവസ്ഥകളും കേന്ദ്ര സർക്കാരിന് ചുമത്താമെന്നും സുപ്രീം കോടതി വ്യക്തമാക്കി. 'വ്യക്തിപരമായ ഹർജിയുമായെത്തുന്ന ഒരു വ്യവഹാരക്കാരനോട് നിങ്ങൾക്ക് ഇത് പറയാൻ കഴിയുമോ? കേസ് പിൻവലിക്കണമെന്ന് നിങ്ങൾക്ക് പറയാനാവില്ല. ആർട്ടിക്കിൾ 131 പ്രകാരം ഇത് ഭരണഘടനാപരമായ അവകാശമാണ്', എന്നായിരുന്നു കേസ് പരിഗണിച്ച ബെഞ്ചിലെ അംഗമായ ജസ്റ്റിസ് കെ വി വിശ്വനാഥൻ പറഞ്ഞത്.

13,608 കോടി രൂപ ഏത് സാഹചര്യത്തിലും സംസ്ഥാനത്തിന് അവകാശപ്പെട്ടതാണെന്നും അത് കേന്ദ്രത്തിൻ്റെ ഇളവല്ലെന്നുമായിരുന്നു കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന്റെ വാദം. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും ശമ്പളവും ക്ഷാമബത്തയും നൽകാൻ കഴിയാത്ത അവസ്ഥയിലാണെന്നും സിബൽ വാദിച്ചു. 13,608 കോടി അനുവദിച്ചാലും ഏഴുദിവസത്തെ ആവശ്യങ്ങൾ നിറവേറ്റാനേ കഴിയൂ. അതിനാൽ സംസ്ഥാനത്തിന് 50,000 കോടി രൂപ അധികമായി കടമെടുക്കേണ്ടതുണ്ടെന്നും സിബൽ കോടതിയിൽ ചൂണ്ടിക്കാണിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രവും സംസ്ഥാനവും എത്രയും പെട്ടെന്ന് യോഗം ചേരണമെന്നായിരുന്നു കോടതിയുടെ നിർദ്ദേശം.

ഉയർന്ന ജനസാന്ദ്രതയുള്ള കേരളം ഒരു ഉൽപ്പാദന സംസ്ഥാനമല്ലെന്നും വിനോദസഞ്ചാരവും ഐടിയുമാണ് പ്രധാന വരുമാന മാർഗങ്ങളെന്ന വാദവും കപിൽ സിബൽ മുന്നോട്ടുവെച്ചു. മാനവവിഭവശേഷി സംസ്ഥാനത്തിൻ്റെ പ്രധാന മൂലധന സ്വത്താണ്, അതിനാൽ വിദ്യാഭ്യാസത്തിനും ആരോഗ്യ സേവനങ്ങൾക്കും ഗണ്യമായ ബജറ്റ് വിഹിതം നൽകേണ്ടതുണ്ടെന്നും സിബൽ വാദിച്ചു. 'ഞങ്ങളാണ് ഞങ്ങളുടെ ബജറ്റ് തീരുമാനിക്കുക. കേന്ദ്ര സർക്കാരിന് ഞങ്ങളുടെ ബജറ്റ് നിയന്ത്രിക്കാൻ കഴിയില്ല. ഞങ്ങളുടെ ബജറ്റ് ജനങ്ങളുടെ ആവശ്യങ്ങൾക്കനുസൃതമായി നിർമ്മിച്ചതാണ്', എന്ന ശക്തമായ വാദവും ഒരു ഘട്ടത്തിൽ കേരളത്തിനായി ഹാജരായ കപിൽ സിബൽ മുന്നോട്ടു വെച്ചിരുന്നു.

സംസ്ഥാനത്തിൻ്റെ കടമെടുപ്പ് ഒരിക്കലും സാമ്പത്തിക ഉത്തരവാദിത്ത നിയമം ലംഘിച്ചിട്ടില്ലെന്നും സിബൽ വാദിച്ചു. കടമെടുത്തത് കേന്ദ്ര സർക്കാരിൽ നിന്നല്ലാത്തതിനാൽ, കേന്ദ്ര സർക്കാരിന്റെ സമ്മതം വേണമെന്ന് ശഠിക്കുന്നതിൻ്റെ അടിസ്ഥാനത്തെയും സിബൽ ചോദ്യം ചെയ്തിരുന്നു.

ഇത്തരത്തിലുള്ള ഒരു സ്യൂട്ട് ഇതാദ്യമാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി, കേരളം ഉന്നയിച്ച പ്രശ്നങ്ങൾ പരിശോധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 'അടുത്ത സാമ്പത്തിക വർഷത്തിൽ എ സംസ്ഥാനത്തിലോ ബി സംസ്ഥാനത്തിലോ ഇത്തരമൊരു സാഹചര്യം ഉണ്ടാകുന്നതിന് മുമ്പ്, ഈ പ്രശ്നങ്ങൾ തീർപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു'വെന്ന ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശം ഈ വിഷയത്തിൽ കേരളത്തിന്റെ വാദങ്ങൾ കോടതി ഗൗരവമായി കാണുന്നു എന്നതിന്റെ സൂചനയാകുന്നുണ്ട്.

സുപ്രീം കോടതിയുടെ താൽക്കാലിക ഇടപെടലോടെ കേന്ദ്രം കേരളത്തെ മന:പൂർവ്വം സാമ്പത്തികമായി ഞെരുക്കുന്നു എന്ന സംസ്ഥാന സർക്കാരിന്റെ വാദമാണ് സാധൂകരിക്കപ്പെട്ടിരിക്കുന്നത്. കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച നീക്കം സുതാര്യമല്ലെന്നും വ്യക്തമായിരിക്കുകയാണ്. അതിനെക്കാൾ പ്രധാനം ഇത്തരം വിഷയങ്ങളിൽ ഇടപെടാനുള്ള സുപ്രീം കോടതിയുടെ അധികാരം വ്യക്തമാക്കുന്ന ഭരണഘടനയുടെ 131-ാം അനുച്ഛേദം വളരെ പ്രധാനപ്പെട്ടതാണെന്ന് സുപ്രീം കോടതി പറയാതെ പറഞ്ഞു എന്നതിന് വലിയ പ്രധാന്യമുണ്ട്. കിഫ്ബിയും കേരള സോഷ്യല് സെക്യൂരിറ്റി പെന്ഷന് ലിമിറ്റഡും എടുക്കുന്ന വായ്പ കൂടി പരിഗണിച്ചാണ് കേന്ദ്രം സംസ്ഥാനത്തിൻ്റെ വായ്പപരിധി നിശ്ചയിച്ചിരിക്കുന്നത്.

കേന്ദ്രം സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നുവെന്ന വിമർശനം ബിജെപി ഇതര സ്ഥാനസർക്കാരുകൾ നിരന്തരം ഉയർത്തുന്നുണ്ട്. കേരളത്തിന് പുറമെ കർണ്ണാടകയും തെലങ്കാനയും തമിഴ്നാടുമെല്ലാം സമാനവിഷയങ്ങൾ കേന്ദ്രത്തിനെതിരെ ഉയർത്തിയിട്ടുണ്ട്. സാമ്പത്തിക പ്രസിസന്ധി രൂക്ഷമായതോടെയാണ് കടമെടുപ്പ് പരിധിയിൽ നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാരിൻ്റെ തീരുമാനത്തിനെതിരെ കേരളം കോടതിയിൽ പോയത്. നിലവിലെ സാഹചര്യത്തിൽ അതിനാൽ തന്നെ കേരളത്തിൻ്റെ ഹർജിക്ക് രാഷ്ട്രീയ മാനങ്ങളുണ്ട്. ബിജെപി ഇതര സംസ്ഥാനങ്ങളെ ഫെഡറൽ തത്വത്തിന് വിരുദ്ധമായി കേന്ദ്രം ശ്വാസം മുട്ടിക്കുന്നുവെന്ന രാഷ്ട്രീയ ആരോപണം പ്രതിപക്ഷം നിരന്തരം ഉന്നയിക്കുന്നുണ്ട്. അതിനാൽ തന്നെ ഒരു പൊതുതിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ കേരളത്തിൻ്റെ ഹർജിയും അതിലെ സുപ്രീം കോടതി ഇടപെടലുമെല്ലാം ആ നിലയിൽ തന്നെ ചർച്ചയാകുമെന്ന് തീർച്ചയാണ്.

'അടുത്ത സാമ്പത്തിക വർഷത്തിൽ എ സംസ്ഥാനത്തിലോ ബി സംസ്ഥാനത്തിലോ ഇത്തരമൊരു സാഹചര്യം ഉണ്ടാകുന്നതിന് മുമ്പ്, ഈ പ്രശ്നങ്ങൾ തീർപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു'വെന്ന കോടതി പരാമർശം കേരളത്തിന് മാത്രമല്ല സമാന സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്ന സംസ്ഥാനങ്ങൾക്കും പ്രതീക്ഷ പകരുന്നതാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us