കെ മുരളീധരൻ: തിരഞ്ഞെടുപ്പുകളിലെ അപ്രതീക്ഷിത ട്വിസ്റ്റുകളുടെ നായകൻ; ഇത്തവണ നിയോഗമായത് പത്മജ

ഈ തിരഞ്ഞെടുപ്പിലും അപ്രതീക്ഷിത ട്വിസ്റ്റിലൂടെ താരമായിരിക്കുകയാണ് മുരളീധരൻ, അതും കോൺഗ്രസിനെ പ്രതിസന്ധിയിൽ നിന്നും രക്ഷിക്കാനിറങ്ങുന്നു എന്ന പതിവ് വിവരണത്തോടെ

dot image

കെ മുരളീധരൻ്റെ തിരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ചരിത്രം പരിശോധിച്ചാൽ കൗതുകകരവും അപ്രതീക്ഷിതവുമായ ട്വിസ്റ്റുകളുടെ നിരവധി ഏടുകളുണ്ട്. കെ മുരളീധരൻ എന്ന നേതാവിൻ്റെ പരിണാമങ്ങളുടെ രാഷ്ട്രീയ ചിത്രം കൂടി ഇതിൽ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. ജനപ്രതിനിധിയായിരിക്കെ മത്സരരംഗത്ത് ഇല്ലാതിരുന്നത് ഒഴിച്ച് നിർത്തിയാൽ 1989ൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇറങ്ങിയതിന് ശേഷം ഇതുവരെ കെ മുരളീധരൻ മത്സരരംഗത്തില്ലാതെ കടന്ന് പോയ തിരഞ്ഞെടുപ്പുകൾ ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. അപ്പോഴും വട്ടിയൂർക്കാവ് എംഎൽഎ ആയിരിക്കെ വടകരയിൽ നിന്ന് പാർലമെൻ്റിലേയ്ക്കും വടകരയിൽ എംപി ആയിരിക്കെ നേമത്ത് നിന്നും നിയമസഭയിലേയ്ക്കും മുരളീധരൻ മത്സരിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയതിൻ്റെ 35-ാം വർഷത്തിൽ 13-ാമത്തെ പോരാട്ടത്തിനാണ് മുരളീധരൻ തൃശ്ശൂരിൽ ഇറങ്ങുന്നത്. മത്സരിച്ച 12 തിരഞ്ഞെടുപ്പുകളിൽ ആറെണ്ണത്തിൽ വിജയിക്കുകയും ആറെണ്ണത്തിൽ പരാജയപ്പെടുകയും ചെയ്തതാണ് കെ മുരളീധരൻ്റെ ട്രാക്ക് റിക്കോർഡ്.

പിതാവ് കെ കരുണാകരൻ്റെ പ്രതാപകാലത്താണ് കെ മുരളീധരൻ്റെ രാഷ്ട്രീയ പ്രവേശനം. സേവാദളിലൂടെ കടന്ന് വന്ന കെ മുരളീധരൻ സേവാദൾ സംസ്ഥാന ചെയർമാൻ ആയിരിക്കെയാണ് 1989ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയായി നിർദ്ദേശിക്കപ്പെടുന്നത്. അന്ന് മുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസിലെ ഏറ്റവും ശക്തനായ നേതാവുമായിരുന്നു കെ കരുണാകരൻ. കോൺഗ്രസിൽ വലിയ പ്രവർത്തന പാരമ്പര്യമൊന്നുമില്ലാതിരുന്ന മുരളീധരൻ്റെ സ്ഥാനാർത്ഥിത്വം ഗ്രൂപ്പ് പോരിനാൽ കലുഷിതമായി നിന്നിരുന്ന കോൺഗ്രസിൽ അനുരണനങ്ങളുണ്ടാക്കി.

സ്ഥാനാർത്ഥി നിർണ്ണയ യോഗത്തിനിടയിൽ കെ കരുണാകരൻ മൂത്രമൊഴിക്കാൻ പോയപ്പോൾ എ കെ ആൻ്റണിയാണ് കെ മുരളീധരൻ്റെ പേര് നിർദ്ദേശിച്ചതെന്ന വിവരണം അക്കാലത്ത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമായ ചർച്ചാവിഷയമായിരുന്നു. 1989ൽ കോഴിക്കോട് സിപിഐഎമ്മിൻ്റെ ശക്തനായ തൊഴിലാളി നേതാവ് ഇ കെ ഇമ്പച്ചിബാവയ്ക്കെതിരെയായിരുന്നു കെ മുരളീധരൻ്റെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടം. സ്ഥാനാർത്ഥിത്വത്തിൽ നിരവധി വിവാദങ്ങൾ ഉയർന്ന് വന്നെങ്കിലും 28,957 വോട്ടിന് ഇമ്പച്ചി ബാവയെ തോൽപ്പിച്ച് കന്നിയങ്കത്തിൽ തന്നെ കെ മുരളീധരൻ പാർലമെൻ്റിൽ എത്തി. 1991ലെ പൊതുതിരഞ്ഞെടുപ്പിലും മുരളീധരൻ കോഴിക്കോട് വിജയം ആവർത്തിച്ചു. എന്നാൽ മൂന്നാം അങ്കത്തിൽ 1996ൽ കോഴിക്കോട് മുരളീധരന് അടിതെറ്റി. ജനതാദൾ നേതാവ് എം പി വീരേന്ദ്ര കുമാറിനോടായിരുന്നു മുരളീധരൻ അടിയറവ് പറഞ്ഞത്.

1989ൽ മുരളീധരന് കോഴിക്കോട് സ്ഥാനാർത്ഥിത്വം നൽകി നേതൃനിരയിലേയ്ക്ക് കൊണ്ടുവരാനുള്ള കരുണാകരൻ്റെ നീക്കം ഐ ഗ്രൂപ്പിനുള്ള കലാപത്തിന് തുടക്കമായി. 1992ൽ പള്ളിപ്പുറത്ത് വച്ച് കാറപകടത്തിൽ പരിക്കേറ്റ കരുണാകരൻ പിന്നീട് ആരോഗ്യത്തോടെ തിരികെ വരുമോയെന്ന് ശങ്കയുണ്ടായി. ഇതോടെ പാർട്ടിയിൽ അനന്തരാവകാശ തർക്കങ്ങൾ രൂക്ഷമായി. പാർട്ടിക്ക് വേണ്ടി പണിയെടുത്തവർ അനന്തരാവകാശിക്ക് വേണ്ടി പിൻതള്ളപ്പെടുന്നുവെന്ന വിമർശനം മുരളിയെ ലക്ഷ്യമിട്ട് ഉടലെടുത്തു. തിരുത്തൽ വേണമെന്ന ആവശ്യവും ശക്തമായി. അപകടം തരണം ചെയ്തെത്തിയ കരുണാകരന് തിരുത്തൽവാദം ഉന്നയിച്ചവർ അനഭിമിതരായി. ഇതോടെ തിരുത്തൽവാദികൾ എന്ന മൂന്നാം ഗ്രൂപ്പ് കോൺഗ്രസിൽ ഉദയം ചെയ്തു. രമേശ് ചെന്നിത്തലയും എം ഐ ഷാനവാസും ജി കാര്ത്തികേയനും ആയിരുന്നു ഈ നീക്കത്തിലെ പ്രധാനികൾ. കെ സി വേണുഗോപാലും ഇവർക്കൊപ്പമുണ്ടായിരുന്നു. പിന്നീട് ചാരക്കേസുമായി ബന്ധപ്പെട്ട് കരുണാകരൻ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുന്ന നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ഉമ്മൻ ചാണ്ടിക്ക് കരുത്തായത് തിരുത്തൽവാദ നീക്കവുമായി ബന്ധപ്പെട്ട് ഐ ഗ്രൂപ്പിൽ ഉണ്ടായ അന്ത:ഛിദ്രമായിരുന്നു. ഐ ഗ്രൂപ്പിലെ അന്ത:ഛിദ്രങ്ങളും കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റാനുള്ള നീക്കങ്ങളും നടക്കുന്ന കാലത്തും അധികാരകേന്ദ്രമെന്ന നിലയിൽ കെ മുരളീധരൻ കരുണാകര വിരുദ്ധരുടെ കണ്ണിലെ കരടായിരുന്നു.

കോൺഗ്രസിലെ അധികാര തർക്കങ്ങളോട് സാമ്യമുള്ള 'ശതാഭിഷേകം' എന്ന ആകാശവാണി നാടകവും അതിലെ കഥാപാത്രങ്ങളായ കിട്ടുമ്മാനും കിങ്ങിണിക്കുട്ടനും അക്കാലത്ത് രാഷ്ട്രീയ വിവാദമായിരുന്നു. തറവാട്ടിലെ കാരണവരായ കിട്ടുമ്മാവന് സ്വന്തം അധികാരം നിലനിര്ത്താനായി നടത്തുന്ന തന്ത്രങ്ങളെയും കുതന്ത്രങ്ങളെയുമായിരുന്നു ശതാഭിഷേകത്തിൻ്റെ കഥാതന്തു. കിട്ടുമ്മാവനെയും മന്ദബുദ്ധിയായ വളര്ത്തുമകന് കിങ്ങിണിക്കുട്ടനെയും കരുണാകരൻ്റെ രാഷ്ട്രീയ എതിരാളികൾ കോൺഗ്രസിൻ്റെ ആഭ്യന്തര തർക്കങ്ങളുമായി ബന്ധപ്പെട്ട് പ്രചരിച്ചു. അതോടെ ആക്ഷേപഹാസ്യ നാടകത്തിലെ കിട്ടുമ്മാവനിലും കിങ്ങിണിക്കുട്ടനിലും കെ കരുണാകരൻ്റെയും കെ. മുരളീധരൻ്റെയും ഛായ ആരോപിക്കപ്പെട്ടു. ജന്മനാട്ടിലെ പരിചയമുള്ള ഒരു കുടംബത്തിലെ കാരണവരെ വരച്ചിടുകയാണ് നാടകത്തിൽ ചെയ്തതെന്ന നാടകകൃത്ത് എസ് രമേശൻ നായരുടെ വാദം പക്ഷെ അംഗീകരിക്കപ്പെട്ടില്ല. ആകാശവാണി ജീവനക്കാരനായിരുന്ന അദ്ദേഹത്തെ ആന്തമാനിലേയ്ക്ക് സ്ഥലം മാറ്റി. പക്ഷെ അനാവശ്യ വിവാദത്തിൽ മനംമടുത്ത രമേശൻ നായർ ജോലി രാജിവെച്ചതും ചരിത്രം.

ഈ നിലയിൽ കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിഞ്ഞ് കരുണാകരൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റപ്പെടുകയും കോൺഗ്രസിൽ ദുർബലനാവുകയും ചെയ്ത ഘട്ടത്തിലായിരുന്ന കോഴിക്കോട് മൂന്നാം അങ്കത്തിൽ കെ മുരളീധരൻ പരാജയപ്പെടുന്നത്. പിന്നീട് 1998ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ സിപിഐയുടെ അതികായനായ വി വി രാഘവനോടായിരുന്നു കെ മുരളീധരൻ്റെ അടുത്ത തിരഞ്ഞെടുപ്പ് അങ്കം. തൃശ്ശൂരിലേയ്ക്ക് മുരളീധരൻ നിയോഗിതനായതും അപ്രതീക്ഷിതമായിട്ടായിരുന്നു. എന്നാൽ വി വി രാഘവനോട് 18409 വോട്ടിന് മുരളീധരൻ പരാജയപ്പെട്ടു. ലോക്സഭയിലേയ്ക്ക് തുടർച്ചയായി രണ്ട് പരാജയങ്ങൾ ഏറ്റുവാങ്ങിയെങ്കിലും 1999ലെ തിരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിലേയ്ക്ക് മുരളീധരൻ വീണ്ടും നിയോഗിതനായി. ജനതാദളിലെ സി എം ഇബ്രാഹിമിനെ പരാജയപ്പെടുത്തി കോഴിക്കോട് നിന്നും മൂന്നാം വട്ടവും മുരളീധരൻ ലോക്സഭയിലെത്തി.

ലോക്സഭാ എം പിയായിരിക്കെ പാർട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങളുടെ ഭാഗമായി 2001ൽ കെപിസിസി പ്രസിഡൻ്റായി മുരളീധരൻ നിയോഗിതനായി. ആൻ്റണി മുഖ്യമന്ത്രിയായിരിക്കെ കെപിസിസി പ്രസിഡൻ്റ് എന്ന നിലയിൽ കെ മുരളീധരനും പേരെടുത്തു. കെപിസിസി പ്രസിഡൻ്റ് ചുമതല ഒഴിഞ്ഞ കെ മുരളീധരൻ ഗ്രൂപ്പ് ധാരണയുടെ ഭാഗമായി ആൻ്റണി മന്ത്രിസഭയിൽ വൈദ്യുതി വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നിയമസഭാ അംഗമല്ലാതിരുന്ന മുരളീധരന് വീണ്ടുമൊരു തിരഞ്ഞെടുപ്പ് കൂടി അഭിമുഖീകരിക്കേണ്ടതായി വന്നു. നിയമസഭയിലേയ്ക്കുള്ള കന്നിമത്സരം അങ്ങനെ ഒരു ഉപതിരഞ്ഞെടുപ്പിൻ്റെ രൂപത്തിലായി. കരുണാകരൻ്റെ വിശ്വസ്തനായിരുന്ന വി ബൽറാം കോൺഗ്രസിൻ്റെ സുരക്ഷിത മണ്ഡലമായ വടക്കാഞ്ചേരിയിൽ നിന്നും രാജിവെച്ച് മുരളീധരന് മത്സരിക്കാൻ അവസരമൊരുക്കുകയായിരുന്നു. 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പമായിരുന്നു വടക്കാഞ്ചേരി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പും. 1999ൽ കെ കരുണാകരൻ വിജയിച്ച മുകുന്ദപുരം ലോക്സഭാ മണ്ഡലത്തിൽ 2004ൽ മത്സരത്തിനിറങ്ങിയത് മകൾ പത്മജാ വേണുഗോപാൽ. കരുണാകരൻ്റെ മകനും മകളും മത്സരരംഗത്ത് ഇറങ്ങിയത് അന്ന് വലിയ ചർച്ചയായി. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ വടക്കാഞ്ചേരിയിൽ താരമ്യേന അപ്രശസ്തനായ എ സി മൊയ്തീനോട് 3715 വോട്ടുകൾക്കായിരുന്നു മുരളീധരൻ്റെ പരാജയം. ഉപതിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച് പരാജയപ്പെടുന്ന ആദ്യമന്ത്രിയെന്ന പേരുദോഷവും അങ്ങനെ മുരളീധരന് സ്വന്തമായി. മുകുന്ദപുരത്ത് സഹോദരി പത്മജ വേണുഗോപാൽ 1,17,097 വോട്ടിനായിരുന്നു പരാജയപ്പെട്ടത്.

പിന്നീട് മുരളീധരൻ തിരഞ്ഞെടുപ്പ് രംഗത്ത് പ്രത്യക്ഷപ്പെടുന്നത് പുതിയതായി രൂപീകരിച്ച ഡിഐസിയുടെ ലേബലിലായിരുന്നു. കോൺഗ്രസിൽ നിന്ന് പുറത്ത് പോയി കെ കരുണാകരൻ രൂപീകരിച്ച ഡിഐസി 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഖ്യത്തിലാണ് മത്സരിച്ചത്. ഡിഐസിക്കൊപ്പം പോയ രാധാ രാഘവൻ്റെ സിറ്റിങ്ങ് സീറ്റായിരുന്ന വടക്കേ വയനാട് ലീഗ് കൊടുത്ത് ലീഗിൻ്റെ സിറ്റിങ്ങ് സീറ്റായ കൊടുവള്ളിയിലായിരുന്നു കെ മുരളീധരൻ 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തിറങ്ങിയത്. 2001ൽ ലീഗിലെ സി മമ്മൂട്ടി 16877 വോട്ടിന് വിജയിച്ച കൊടുവള്ളിയിൽ പക്ഷെ 2006ൽ പിടിഎ റഹീമിനോട് 7506 വോട്ടിന് മുരളീധരൻ പരാജയപ്പെട്ടു.

പിന്നീട് ഡിഐസി എൻസിപിയിൽ ലയിച്ചതോടെ 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻസിപി സ്ഥാനാർത്ഥിയായി കെ മുരളീധരൻ വയനാട് ലോക്സഭാ മണ്ഡലത്തിൽ പോരാട്ടത്തിനിറങ്ങി. രണ്ട് മുന്നണിയുടെയും ഭാഗമാകാതെ മത്സരിച്ച കെ മുരളീധരന് പക്ഷെ വയനാട്ടിൽ ഒരുലക്ഷം വോട്ടുപോലും നേടാനായില്ല. അടുത്ത് തിരഞ്ഞെടുപ്പിൻ്റെ സമയമായപ്പോഴേയ്ക്കും മുരളീധരൻ കോൺഗ്രസിൽ മടങ്ങിയെത്തി. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ശക്തമായ സ്വാധീനമുള്ള വട്ടിയൂർക്കാവിലായിരുന്നു മുരളി മത്സരരംഗത്തിറങ്ങിയത്. 16,167 വോട്ടിന് ഇവിടെ മുരളീധരൻ വിജയിക്കുകയും ചെയ്തു. 2016ൽ വീണ്ടും വട്ടിയൂർക്കാവിൽ നിന്നും മുരളീധരൻ തിരഞ്ഞെടുക്കപ്പെട്ടു.

എംഎൽഎ ആയിരിക്കെയാണ് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയായി മുരളീധരൻ വടകരയിൽ മത്സരിക്കാനെത്തിയത്. പി ജയരാജനെ നേരിടാൻ വടകരയിൽ ആരെയിറക്കും എന്ന ആശയക്കുഴപ്പം കോൺഗ്രസിൽ ശക്തമായിരിക്കെയാണ് ജെയിൻ്റ് കില്ലറായി കെ മുരളീധരൻ വടകര ഇറങ്ങിയത്. 2014 മുല്ലപ്പള്ളി രാമചന്ദ്രൻ കഷ്ടിച്ച് ജയിച്ച വടകരയിൽ 84,663 വോട്ടിനായിരുന്നു മുരളീധരൻ്റെ വിജയം. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സിറ്റിങ്ങ് സീറ്റായിരുന്ന നേമം വലിയ ചർച്ചയായി ഉയർന്നുവന്നു. നേമത്ത് കുമ്മനം മത്സരത്തിനെത്തിയപ്പോൾ സിപിഐഎം ശിവൻകുട്ടിയെ തന്നെ രംഗത്തിറക്കി. കോൺഗ്രസിന് വേണ്ടി ഉമ്മൻ ചാണ്ടിയുടെ പേരുപോലും നേമത്ത് ഉയർന്നു കേട്ടു. ഒടുവിൽ നറുക്കുവീണത് കെ മുരളീധരനായിരുന്നു. അന്നും കോൺഗ്രസിൻ്റെ രക്ഷകൻ എന്ന നിലയിലായിരുന്നു നേമത്ത് മുരളീധരൻ്റെ സ്ഥാനാർത്ഥിത്വം അവതരിപ്പിക്കപ്പെട്ടത്. ഒരുമടിയുമില്ലാതെ മുരളീധരൻ മത്സരരംഗത്തിറങ്ങി. ശിവൻകുട്ടി സിറ്റിങ്ങ് സീറ്റ് ബിജെപിയിൽ നിന്ന് പിടിച്ചെടുത്തപ്പോൾ കെ മുരളീധരൻ മൂന്നാം സ്ഥാനത്തായിരുന്നു.

ഏറ്റവും ഒടുവിൽ വടകരയിലെ സിറ്റിങ്ങ് സീറ്റിൽ വീണ്ടും മത്സരിക്കാനുള്ള ഒരുക്കത്തിലായിരുന്നു കെ മുരളീധരൻ. കെ കെ ശൈലജയെ സിപിഐഎം വടകരയിൽ നിശ്ചയിച്ചപ്പോൾ ശക്തമായ മത്സരചിത്രം വടകരയിൽ രൂപപ്പെട്ടിരുന്നു. ശൈലജ ശക്തയായ എതിരാളിയെന്ന് മുരളീധരനും പ്രതികരിച്ചിരുന്നു. എന്നാൽ വടകരയിൽ ശൈലജ അനായാസം വിജയിച്ച് കയറുമെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ട ഘട്ടത്തിലായിരുന്നു വടകരയിലെ മത്സരചിത്രത്തിന് അപ്രതീക്ഷിത ട്വിസ്റ്റ് ഉണ്ടായിരിക്കുന്നത്. അതിന് വഴിതെളിച്ചത് ഒരു സുപ്രഭാതത്തിൽ പത്മജ വേണുഗോപാൽ ബിജെപി അംഗത്വം സ്വീകരിച്ചതായിരുന്നു.

തൃശ്ശൂർ കോൺഗ്രസിൽ നിലനിൽക്കുന്ന തർക്കങ്ങളുടെ കൂടി ഭാഗമായിരുന്നു പാർട്ടി വിടാനുള്ള പത്മജയുടെ തീരുമാനം. ഏതുനിലയിലും തൃശ്ശൂരിൽ വിജയിക്കണമെന്ന ലക്ഷ്യത്തോടെ സുരേഷ് ഗോപി കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഘട്ടത്തിലായിരുന്നു പത്മജയുടെ ബിജെപി പ്രവേശനം. കെ കരുണാകരൻ്റെ തട്ടകമായിരുന്ന തൃശ്ശൂരിൽ പത്മജയുടെ ചുവടുമാറ്റം കോൺഗ്രസിൻ്റെ മണ്ണിളക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ടാക്കിയെന്നാണ് മുരളീധരനെ തൃശ്ശൂരിൽ ഇറക്കിയതിലൂടെ വ്യക്തമാകുന്നത്. വടകരയെക്കാൾ സാധ്യത തൃശ്ശൂരിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് തന്നെയാവും രക്ഷകൻ്റെ വേഷത്തിൽ തൃശ്ശൂരിൽ ഇറങ്ങാൻ മുരളീധരനും തയ്യാറായിരിക്കുക. എന്തായാലും വടകരയിൽ നിന്നും തൃശ്ശൂരിലേയ്ക്ക് മാറാൻ മുരളീധരന് നിയോഗമായത് പത്മജയുടെ ചുവടുമാറ്റം തന്നെയായിരുന്നു. ഈ തിരഞ്ഞെടുപ്പിലും അപ്രതീക്ഷിത ട്വിസ്റ്റിലൂടെ താരമായിരിക്കുകയാണ് മുരളീധരൻ, അതും കോൺഗ്രസിനെ പ്രതിസന്ധിയിൽ നിന്നും രക്ഷിക്കാനിറങ്ങുന്നു എന്ന പതിവ് വിവരണത്തോടെ. മുരളീധരനെ സംബന്ധിച്ച് തൃശ്ശൂരിൻ്റെ തട്ടകം സുഖമുള്ള ഓർമ്മയല്ല. 1998ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിലും 2004ലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിലും പരാജയം രുചിച്ചതിൻ്റെ കയ്പ്പേറിയ ഓർമ്മ തൃശ്ശൂരിൽ ഇറങ്ങുമ്പോൾ മുരളീധരനുണ്ടാകുമെന്ന് തീർച്ച. അന്ന് കോൺഗ്രസുകാർ പാലംവലിച്ചത് ആവർത്തിക്കുമോയെന്നത് തൃശ്ശൂരിനെ സംബന്ധിച്ച് 2024ലും പ്രസക്തമാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us