രാജ്യസഭാ എം പിയായ കെ സി വേണുഗോപാൽ പട്ടികയിൽ ഇടം പിടിച്ചതായിരുന്നു കോൺഗ്രസിൻ്റെ കേരളത്തിലെ സ്ഥാനാർത്ഥി ലിസ്റ്റിൽ ഏറ്റവും ചർച്ചയായത്. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളുടെ ആവശ്യത്തെ തുടർന്നാണ് കെ സി വേണുഗോപാലിനെ ആലപ്പുഴയിൽ നിന്ന് മത്സരിപ്പിക്കാൻ കേന്ദ്രനേതൃത്വം തീരുമാനിച്ചതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പ്രതികരണം. ലോക്സഭയിൽ പരമാവധി കോൺഗ്രസ് സീറ്റുകൾ വർധിപ്പിക്കുകയാണ് ലക്ഷ്യം. മോദി സർക്കാറിനെ താഴെയിറക്കുന്നതിനായി കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കുമെന്നായിരുന്നു സ്ഥാനാർത്ഥി പ്രഖ്യാപത്തിന് ശേഷം കെ സി വേണുഗോപാല് പ്രതികരിച്ചത്. 2024ലെ പൊതുതിരഞ്ഞെടുപ്പിനുള്ള ദേശീയമാനത്തെക്കുറിച്ച് കോൺഗ്രസിൻ്റെ അഖിലേന്ത്യാ നേതൃത്വത്തിൻ്റെ സംഘടനാകാര്യ ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാലിനോട് ചോദ്യങ്ങളൊന്നും ഉയർന്നില്ല.
നിലവിൽ കോൺഗ്രസ് നിർണായകമായ ഒരു തിരഞ്ഞെടുപ്പിലേയ്ക്ക് പോകുമ്പോൾ അഖിലേന്ത്യാ തലത്തിൽ സംഘടനയുടെ ചുക്കാൻ പിടിക്കുന്നതിൽ പ്രധാന്യമുള്ള ചുമതലകൾ വഹിക്കേണ്ട വ്യക്തിയെന്ന നിലയിൽ കെ സി വേണുഗോപാൽ വഹിക്കുന്ന പദവിയ്ക്ക് വലിയ പ്രാധാന്യമുണ്ട്. അതിനാൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളിലും ആശയവിനിമയങ്ങളിലും ദേശീയ കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കേണ്ട സംഘടനാ ചുമതലയാണ് കെ സി വേണുഗോപാലിനുള്ളത്. അതിനാൽ തന്നെ ലോക്സഭയിൽ പരമാവധി കോൺഗ്രസ് സീറ്റുകൾ വർധിപ്പിക്കുകയാണ് ലക്ഷ്യം എന്ന് കെ സി വേണുഗോപാൽ പറയുമ്പോൾ അതിൻ്റെ ഭാഗമായി രാജ്യസഭയിൽ ബിജെപിക്ക് ഒരു സീറ്റെങ്കിലും വർദ്ധിക്കുന്ന സാഹചര്യം ഉണ്ടാകാമോ എന്നൊരു ചോദ്യം മാധ്യമങ്ങൾ കെ സി വേണുഗോപാലിന് മുന്നിൽ ഉയർത്തേണ്ടിയിരുന്നു. എന്തായാലും ഇത്തരമൊരു ചോദ്യം തിരഞ്ഞെടുപ്പ് ഘട്ടത്തിൽ കെ സി വേണുഗോപാലിന് നിശ്ചയമായും അഭിമുഖീകരിക്കേണ്ടി വരുമെന്നും അതിന് വ്യക്തമായ മറുപടി പറയേണ്ടി വരുമെന്നും തീർച്ചയാണ്.
രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമായ കെ സി വേണുഗോപാലിൻ്റെ രാജ്യസഭാ കാലാവധി 2026 ജൂൺ 21 വരെയാണ്. ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ കെ സി വേണുഗോപാലിന് രാജ്യസഭാ അംഗത്വം രാജിവയ്ക്കേണ്ടിവരും. വേണുഗോപാൽ രാജിവയ്ക്കുന്ന ഒഴിവിൽ നിന്ന് വീണ്ടും വിജയിച്ചു വരാനുള്ള സാഹചര്യം ബിജെപി ഭരിക്കുന്ന രാജസ്ഥാനിൽ കോൺഗ്രസിനില്ല. രണ്ട് കൊല്ലം കൂടി കാലാവധി ശേഷിക്കെ കൈവശമുള്ള രാജ്യസഭാ സീറ്റിൽ ബിജെപിക്ക് വിജയിക്കാൻ സാഹചര്യമൊരുക്കുകയാണ് ഈ തീരുമാനത്തിലൂടെ കോൺഗ്രസ് ദേശീയ നേതൃത്വം ചെയ്തിരിക്കുന്നത്.
താൽപ്പര്യമുള്ള ബില്ലുകൾ ഏകപക്ഷീയമായി പാസാക്കുന്നതിനായി രാജ്യസഭയിലും ബിജെപി മൃഗീയ ഭൂരിപക്ഷത്തിന് ശ്രമിക്കുന്ന ഘട്ടമാണിത്. ബിജെപിയെ സംബന്ധിച്ച് ലോക്സഭാ തിരഞ്ഞെടുപ്പ് പോലെ തന്നെ പ്രധാനമാണ് ഇപ്പോൾ നടന്നതും ഇനി നടക്കാനിരിക്കുന്നതുമായ രാജ്യസഭാ തിരഞ്ഞെടുപ്പുകൾ എന്നാണ് വ്യക്തമാകുന്നത്. ഏറ്റവും ഒടുവിൽ 56 രാജ്യസഭാ സീറ്റുകളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും സമാജ്വാദി പാര്ട്ടിക്കും സ്വഭാവികമായും വിജയിക്കാൻ കഴിയുമായിരുന്ന രണ്ട് സീറ്റുകൾ ക്രോസ് വോട്ടിങ്ങിലൂടെ ബിജെപി സ്വന്തമാക്കിയതിനെ ഇതിൻ്റെ വിളംബരമായി തന്നെ വേണം കാണാൻ.
245 അംഗങ്ങളുള്ള രാജ്യസഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനുള്ള നീക്കത്തിലാണ് ബിജെപി. അതിനായി ബിജെപി ഏതുമാർഗ്ഗവും സ്വീകരിക്കുമെന്ന് ഇതിനകം വ്യക്തമായിട്ടുള്ളതാണ്. ഒരു രാജ്യസഭാ സീറ്റ് നേടുന്നതിനായി ബിജെപി നടത്തിയ നീക്കം ഉത്തരേന്ത്യയിൽ കോൺഗ്രസിന് ഭരണമുള്ള ഹിമാചൽ പ്രദേശിലെ സർക്കാരിനെ അസ്ഥിരപ്പെടുത്തുന്ന നിലയിലേയ്ക്ക് എത്തിനിൽക്കുകയാണ്. നിയമസഭയിലെ കക്ഷിനില അനുസരിച്ച് കോൺഗ്രസിന് ഹിമാചൽ പ്രദേശിൽ നിന്നും വിജയിക്കാവുന്ന ഏകസീറ്റിൽ ദേശീയ നേതാവ് മനു അഭിഷേക് സിങ്ങ്വിയെയാണ് കോൺഗ്രസ് മത്സരിപ്പിച്ചത്.
എന്നാൽ മനു അഭിഷേക് സിങ്ങ്വിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തി വിജയിപ്പിക്കാൻ ബിജെപിക്ക് സാധിച്ചു. കോൺഗ്രസിൻ്റെ ആറ് എംഎൽമാരെ ഒപ്പം നിർത്തി ക്രോസ് വോട്ട് ചെയ്യിച്ചാണ് ബിജെപി വിജയം പിടിച്ചെടുത്തത്. ഇതിലൂടെ ഹിമാചലിലെ സുഖ്വിന്ദര് സിങ് സുഖു സർക്കാരിനെ അസ്ഥിരപ്പെടുത്താനും ബിജെപിക്ക് സാധിച്ചിട്ടുണ്ട്. കോൺഗ്രസ് അധികാരത്തിലുള്ള മൂന്ന് സംസ്ഥാനങ്ങളിൽ ഒന്നാണ് ഹിമാചൽപ്രദേശ്. ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസ് അധികാരത്തിലിരിക്കുന്ന ഏകസംസ്ഥാനവുമാണ് ഹിമാചൽ പ്രദേശ്. ഹിമാചലിലെ 68 അംഗ നിയമസഭയിൽ 40 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്. മൂന്ന് സ്വതന്ത്രരുടെ പിന്തുണയും കോൺഗ്രസിനുണ്ട്. 25 അംഗങ്ങളാണ് ബിജെപിക്കുള്ളത്. ഏറ്റവും ഒടുവിൽ ക്രോസ് വോട്ട് ചെയ്ത ആറ് കോൺഗ്രസ് എംഎൽഎമാരെ ഉത്തരാഖണ്ഡിലെ റിസോർട്ടിൽ ബിജെപിയുടെ നേതൃത്വത്തിൽ പാർപ്പിച്ചിരിക്കുന്നതായാണ് വാർത്തകൾ വരുന്നത്.
ഇപ്പോൾ 15 സംസ്ഥാനങ്ങളിലെ 56 സീറ്റുകളിലേയ്ക്ക് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഹിമാചലിൽ മാത്രമല്ല കർണാടകയിലും ബിജെപി മത്സരം സംഘടിപ്പിച്ചിരുന്നു. നിയമസഭയിലെ കക്ഷിനില വെച്ച് കർണ്ണാടകയിൽ കോൺഗ്രസിന് മൂന്ന് രാജ്യസഭാ അംഗങ്ങളെയും ബിജെപി-ജെഡിഎസ് സഖ്യത്തിന് ഒരു രാജ്യസഭാ അംഗത്തെയും വിജയിപ്പിക്കാൻ കഴിയുമായിരുന്നു. എന്നാൽ അഞ്ചാമതൊരു സ്ഥാനാർത്ഥിയെ നിർത്തി കർണാടകയിൽ നിന്ന് ഒരു സീറ്റ് കൂടുതൽ നേടാനുള്ള ശ്രമം ബിജെപി നടത്തി. എംഎൽഎമാരെ സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറ്റി ക്രോസ് വോട്ടിനുള്ള ശ്രമം കർണാടകയിൽ കോൺഗ്രസിന് ചെറുക്കാൻ സാധിച്ചു.
ഉത്തർപ്രദേശിൽ ഒഴിവുണ്ടായിരുന്ന പത്ത് രാജ്യസഭാ സീറ്റിൽ ഏഴെണ്ണം ബിജെപിക്കും മൂന്നെണ്ണം എസ് പിക്കും നിലവിലെ നിയമസഭാ കക്ഷിനില അനുസരിച്ച് വിജയിക്കാൻ കഴിയുമായിരുന്നു. എന്നാൽ എട്ടാമതൊരു സ്ഥാനാർത്ഥിയെ കൂടി നിർത്തി ഉത്തർപ്രദേശിൽ എസ് പിക്ക് സ്വാഭാവികമായി ലഭിക്കുമായിരുന്ന സീറ്റ് കൂടി നേടിയിരിക്കുകയാണ് ബിജെപി. മുന് എസ് പി നേതാവ് സഞ്ജയ് സേത്തിനെയാണ് എട്ടാമത്തെ സ്ഥാനാർത്ഥിയായി ബിജെപി മത്സരിപ്പിച്ച് വിജയിപ്പിച്ചത്. സമാജ്വാദി പാര്ട്ടിയിലെ എംഎൽഎമാരെ ഒപ്പം ചേർത്ത് ക്രോസ് വോട്ട് ചെയ്യിച്ചാണ് എട്ടാമത്തെ എംപിയെ ബിജെപി യുപിയിൽ നിന്നും സ്വന്തമാക്കിയത്.
ഈ നിലയിൽ ഇൻഡ്യ മുന്നണിയിലെ കക്ഷികൾക്ക് രാജ്യസഭയിൽ നിയമസഭകളിലെ കക്ഷിനില അനുസരിച്ച് ലഭിക്കേണ്ട പ്രാതിനിധ്യം കൂടി പിടിച്ചെടുക്കുന്ന സമീപനമാണ് ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി സ്വീകരിച്ചിരിക്കുന്നത്. ഇനി നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പുകളിലും ബിജെപിയുടെ സമീപനത്തിന് മാറ്റമുണ്ടാകാൻ വഴിയില്ല. ഈ സാഹചര്യത്തിലാണ് കോൺഗ്രസിൻ്റെ സംഘടനാകാര്യ ചുമതലയുള്ള ജനറൽ സെക്രട്ടറിയുടെ രാജ്യസഭാ അംഗത്വം ബിജെപിക്ക് താലത്തിൽ സമ്മാനിക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നത്.
രാജ്യസഭയിൽ കൂടുതൽ സീറ്റുകൾ ഉറപ്പിക്കാനും ലോക്സഭയിൽ ഭൂരിപക്ഷം നേടാനും ഇൻഡ്യ സഖ്യം ശ്രമിക്കുമ്പോൾ കെ സി വേണുഗോപാലിൻ്റെ തിരഞ്ഞെടുപ്പ് ഇടപെടൽ ബിജെപിക്ക് രാജ്യസഭാ സീറ്റ് വർദ്ധിപ്പിക്കാനുള്ള സാധ്യതയായി മാറിയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ ഇടതു-വലതു മുന്നണികളിൽ ആര് വിജയിച്ചാലും ഇൻഡ്യ മുന്നണിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നതിൽ തർക്കമില്ല. അതിനാൽ കേരളത്തിൽ നിന്ന് സീറ്റ് കൂട്ടണമെന്ന ന്യായീകരണം പറഞ്ഞ് രാജസ്ഥാനിൽ ബിജെപി ഒരു രാജ്യസഭാ സീറ്റ് സമ്മാനിക്കുന്ന മത്സരത്തിന് എന്തുകൊണ്ടാണ് തയ്യാറായതെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കേണ്ടതുണ്ട്. നിലവിലെ ന്യായീകരണം ആ നിലയിൽ തൃപ്തികരമല്ല. കെ സി വേണുഗോപാൽ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ സംഘടനാകാര്യ ചുമതലയുള്ള ജനറൽ സെക്രട്ടറിയും ഇൻഡ്യാ മുന്നണിയുടെ നേതൃനിരയില് ഉള്ള നേതാവുമാണ്. കേവലം കേരളമെന്ന പ്രാദേശിക വികാരത്തിൽ രൂപപ്പേടേണ്ടതാണോ കെ സി വേണുഗോപാലിൻ്റെ രാഷ്ട്രീയ നിലപാടെന്ന് ഇരുത്തി ചിന്തിക്കേണ്ടത് അദ്ദേഹം തന്നെയാണ്.