ലോക്സഭ തിരഞ്ഞെടുപ്പ് തീയതികള് പ്രഖ്യാപിച്ചു. ഇലക്ട്രല് ബോണ്ടിലും പൗരത്വ നിയമത്തിലും ചുറ്റിപറ്റിയാണ് രാജ്യത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഇപ്പോള് പ്രധാനമായും ചൂട് പിടിക്കുന്നത്. ഇലക്ട്രല് ബോണ്ട് വിഷയത്തില് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായ കനത്ത തിരിച്ചടിയെ കേന്ദ്രം മറികടക്കാന് നോക്കിയത് നാല് വര്ഷമായി കെട്ടിപൂട്ടി വെച്ചിരുന്ന പൗരത്വ നിയമം എടുത്തുപയോഗിച്ചായിരുന്നു. എന്നാല് വിലക്കിന് പിന്നാലെ കോടതിയില് നിന്നും വിഷയത്തിലുണ്ടായ തുടര് നടപടികളും തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്ത് വിട്ട വിവരങ്ങളും ഇലക്ട്രല് ബോണ്ട് വിഷയത്തില് കേന്ദ്രത്തെ കൂടുതല് പ്രതിരോധത്തിലാക്കി. പൗരത്വ നിയമം ചര്ച്ചയില് കൊണ്ട് വന്ന് ഇലക്ട്രല് ബോണ്ട് വിവാദം മറയ്ക്കാന് നടത്തിയ കേന്ദ്ര നീക്കവും വിലപ്പോയില്ല. അതിന് പിന്നാലെയാണ് രണ്ടാം കര്ഷക സമരത്തിലുണ്ടായ അപ്രതീക്ഷിത ട്വിസ്റ്റുകള്.
മാര്ച്ച് 14ന് ദല്ഹിയിലെ രാംലീല മൈതാനത്ത് നടന്ന കര്ഷകരുടെ മഹാപഞ്ചായത്ത് റാലിയിലാണ് മോഡി ഹട്ടാവോ, രാഷ്ട്ര് ബച്ചാവോ എന്ന മുദ്രവാക്യമുയര്ന്നത്. മോഡിയെ പരാജയപ്പെടുത്താന് രാജ്യത്തെ മുഴുവന് കര്ഷകരും ഒറ്റക്കെട്ടായി നീങ്ങുമെന്ന പ്രതിജ്ഞയും റാലിയിലുണ്ടായി.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ടാം കര്ഷക സമരത്തെ ഏത് വിധേനയും ഇല്ലാതാക്കാന് കേന്ദ്രം ശ്രമിച്ചു കൊണ്ടിരിക്കെയായിരുന്നു ഈ അപ്രതീക്ഷിത തിരിച്ചടി. ഒരു മാസത്തിലധികമായി പഞ്ചാബ്-ഹരിയാന-ദല്ഹി അതിര്ത്തിയില് കര്ഷകര് സമരം നടത്തി കൊണ്ടിരിക്കുകയാണ്. എന്നാല് സമരത്തോടോ കര്ഷകരുടെ ആവശ്യങ്ങളോടോ കേന്ദ്രസര്ക്കാരും പ്രധാനമന്ത്രിയും അനുകൂലമായി പ്രതികരിക്കുന്നില്ലെന്നും ന്യായമായ ആവശ്യങ്ങളുന്നയിക്കുന്ന കര്ഷകരെ ശത്രുക്കളായി കാണുകയാണ് ചെയ്യുന്നതെന്നും അത് കൊണ്ട് തന്നെ കേന്ദ്രസര്ക്കാരിനും മോഡിക്കുമെതിരെ തിരഞ്ഞെടുപ്പില് പ്രത്യക്ഷത്തില് അണിനിരക്കാനൊരുങ്ങുകയാണെന്നും കര്ഷക നേതാക്കള് പ്രഖ്യാപിച്ചിട്ടുണ്ട്. മേധാപട്കറെ പോലുള്ള നേതാക്കളും പിന്തുണയുമായി റാലിക്കെത്തിയിരുന്നു.
പഞ്ചാബ്, ഹരിയാന, യുപി, രാജസ്ഥാന്, മധ്യപ്രദേശ് തുടങ്ങി സംസ്ഥാനങ്ങളില് നിന്നുള്ള അമ്പതിനായിരത്തോളം കര്ഷകര് പങ്കെടുക്കുമെന്നായിരുന്നു ദല്ഹി ചലോ മാര്ച്ചിന് നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്ന സംയുക്ത കിസാന് മോര്ച്ച നേരത്തെ അറിയിച്ചിരുന്നത്. എന്നാല് അയ്യായിരത്തോളം കര്ഷകര്ക്കാണ് പോലീസ് മൈതാനത്ത് പ്രവേശിക്കാന് അനുമതി നല്കിയത്. ബാക്കിയുള്ള കര്ഷകര് അതിര്ത്തില് റോഡ് തടഞ്ഞും ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില് റെയില് തടഞ്ഞും ടോള് പ്ലാസകള് സൗജന്യമാക്കിയും പ്രതിഷേധത്തിന്റെ ഭാഗമായി. മോദി മത്സരിക്കുന്ന വാരാണസിയിലും അമിത്ഷാ ഉള്പ്പടെയുള്ള കേന്ദ്ര മന്ത്രിമാര് മത്സരിക്കുന്ന ഇടങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും മോഡി വിരുദ്ധ മുദ്യാവാക്യങ്ങളുമായി പ്രചാരണത്തിനിറങ്ങാന് മഹാപഞ്ചായത്ത് റാലി തീരുമാനിച്ചു.
ഒരു വര്ഷത്തിലേറെ നടന്ന ഒന്നാം കര്ഷക സമരത്തിനൊടുവില് തന്ന ഉറപ്പുകള് പാലിക്കപ്പെട്ടില്ല. രണ്ടാം കര്ഷക സമരത്തിന് മുന്നോടിയായും ശേഷവും കേന്ദ്രമന്ത്രിയുമായും മറ്റും നടന്ന ചര്ച്ചകളിലും അനുകൂല തീരുമാനമുണ്ടായില്ല. ഒന്നാം കര്ഷക സമരത്തിലെന്ന പോലെ രണ്ടാം കര്ഷക സമരത്തിലും കര്ഷകരെ വലിയ സേനാസന്നാഹങ്ങളോടെയാണ് കേന്ദ്രം നേരിടുന്നത്. ഇതിനകം ഏഴ് പേര്ക്ക് ജീവന് നഷ്ടമായി. കഴിഞ്ഞ ദിവസം സമരത്തില് പ്രതിഷേധിച്ച യുവകര്ഷകനെ പോലീസ് വെടിവെച്ചുകൊന്നു. മോഡിയെ താഴെയിറക്കാതെ രാജ്യത്തെ കര്ഷകര്ക്ക് നീതികിട്ടില്ലെന്ന ബോധ്യത്തിലാണ് തിരഞ്ഞെടുപ്പില് മോഡി വിരുദ്ധ പ്രചാരണത്തിലേക്ക് കടക്കുന്നത്. ഇത് രണ്ടാം കര്ഷക സമരത്തിന്റെ അടുത്ത ഘട്ടമാണെന്ന് കിസാന് സഭ നേതാവായ വിജു കൃഷ്ണന് റിപ്പോര്ട്ടറിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം പോലീസ് വെടിവെപ്പില് തലയ്ക്ക് വെടിയേറ്റ് മരിച്ച യുവകര്ഷകന് ശുഭകരണ് സിങ്ങിന്റെ ചിതാഭസ്മവുമായി രാജ്യവ്യാപകമായി പ്രതിഷേധ പ്രചാരണങ്ങള്ക്കിറങ്ങുമെന്നും വിജു കൃഷ്ണന് പറഞ്ഞു.
കാര്ഷിക നിയമങ്ങള് പിന്വലിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ആദ്യ കര്ഷക സമരത്തിന് വ്യത്യസ്തമായി താങ്ങുവില, പെന്ഷന് തുടങ്ങി പത്തോളം ആവശ്യങ്ങളുമായാണ് ഫെബ്രുവരി 13 മുതല് കര്ഷക സമരം തുടങ്ങിയത്. മുമ്പ് 2020-21 ലെ ആദ്യ ഘട്ട കര്ഷക പ്രക്ഷോഭത്തിന് നേതൃത്വം നല്കിയിരുന്ന സംയുക്ത കിസാന് സഭ ദല്ഹി ചലോ മാര്ച്ചിന് ഇല്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല് പിന്നീട് സമരം പുരോഗമിക്കുകയും കര്ഷകര് ആക്രമിക്കപ്പെടുകയും ചെയ്തതോട് കൂടി ഈ വിഭാഗവും സമരത്തിന് പരോക്ഷ പിന്തുണ അറിയിച്ചു. സംയുക്ത കിസാന് മോര്ച്ചയുടെ ഭാഗമായിരുന്ന ഇപ്പോള് നോണ് പൊളിറ്റിക്കല് വിഭാഗമെന്നറിയപ്പെടുന്ന ഒരു വിഭാഗവും കിസാന് മസ്ദൂര് മോര്ച്ചയുടെയും സംയുക്ത നേത്രത്വത്തിലാണ് ഇപ്പോള് സമരം നടക്കുന്നത്. ഏകദേശം ഇരുന്നൂറോളം കര്ഷക സംഘടനകള് ഇവര്ക്ക് കീഴില് അണിനിരക്കുന്നുണ്ട്. കഴിഞ്ഞ കര്ഷക സമര സമയത്ത് തന്ന ഉറപ്പുകള് പാലിക്കുക, അന്ന് കര്ഷകര്ക്കെതിരെയെടുത്ത കേസുകള് പിന്വലിക്കുക, കാര്ഷിക കടങ്ങള് എഴുതി തള്ളുക, കോര്പ്പറേറ്റ് വത്കരണം തടയുക, കര്ഷക പെന്ഷന് ഉയര്ത്തുക തുടങ്ങിയവയാണ് കര്ഷകരുടെ പ്രധാന ആവശ്യങ്ങള്.
രണ്ടാം കര്ഷക സമരം പ്രഖ്യാപിച്ചത് മുതല് അതിനെ തടയാന് എല്ലാവിധ മാര്ഗങ്ങളും കേന്ദ്രസര്ക്കാര് നടത്തിയിരുന്നു. 2021 പോലൊരു പരിക്ക്
പരിക്ക് പറ്റാതിരിക്കാന് കേന്ദ്ര കൃഷി മന്ത്രി അര്ജുന് മുണ്ടെ, പൊതുവിതരണ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ തുടങ്ങിയവരുടെ നേതൃത്വത്തില് തുടക്കം മുതല് തന്നെ നിരവധി തവണ മാരത്തണ് ചര്ച്ചകള് നടന്നു. എന്നാല് ഉറപ്പുകള് നല്കുക എന്നതിനപ്പുറം അത് പ്രാവര്ത്തികമാക്കുന്നതില് കേന്ദ്ര സര്ക്കാര് നടപടിയെടുക്കുന്നില്ലെന്നും ആവശ്യങ്ങളില് നടപടിയെടുക്കുന്നത് വരെ പിന്നോട്ടില്ലെന്നുമാണ് കര്ഷകര് പറയുന്നത്. സമരം പ്രഖ്യാപിച്ചതിന് പിറകെ കര്ഷകര്ക്ക് പ്രിയങ്കരരായിരുന്ന ചരണ്സിങ്ങിനും എം എസ് സ്വാമിനാഥനും ഭരത്രത്ന വരെ നല്കി കര്ഷകരെ മയപ്പെടുത്താന് നോക്കിയിരുന്നെങ്കിലും അത് വിലപ്പോയിയിരുന്നില്ല. എം എസ് സ്വാമിനാഥന് റിപ്പോര്ട്ടിലെ താങ്ങുവില നടപ്പിലാക്കിയാണ് സ്വാമിനാഥന് ആദരവ് നല്കേണ്ടത് എന്നാണ് എം എസ് സ്വാമിനാഥന്റെ മകള് മധുര സ്വാമിനാഥന് അന്ന് പറഞ്ഞത്. സമരത്തിനിടയില് മരണപ്പെട്ട യുവകര്ഷകന്റെ കുടുംബത്തിന് കേന്ദ്രസര്ക്കാര് മൂന്ന് കോടി പ്രഖ്യാപിച്ചപ്പോള് അത് നിഷേധിച്ച് കര്ഷകരുടെ ആവശ്യങ്ങള് അംഗീകരിക്കാനാണ് കുടുംബവും ആവശ്യപ്പെട്ടത്.
അനുനയ ചര്ച്ചകള് പാളിയതോടെ കേന്ദ്രം ബലപ്രയോഗത്തിലേക്ക് തിരിഞ്ഞു. സമരക്കാര്ക്ക് നേരെ ഡ്രോണ് ഉപയോഗിച്ചും കണ്ണീര് വാതകവും റബ്ബര് ബുള്ളറ്റുകളും വര്ഷിച്ചും മുള്ളു വേലികളും സിമന്റ് മതിലുകളും നിര്മിച്ചും ട്രാക്ടറുകള് മുന്നോട്ട് പ്രവേശിക്കാതിരിക്കാന് റോഡില് ഇരുമ്പാണികള് വിതറിയും ഇന്റര്നെറ്റ് വിലക്കിയും പ്രധാന നേതാക്കളുടെ എഫ്ബി അക്കൗണ്ടുകള് സസ്പെന്ഡ് ചെയ്തുമൊക്കെ സമരത്തെ പ്രതിരോധിക്കാന് കേന്ദ്ര സര്ക്കാര് ശ്രമിച്ചു. വിവിധ സേനാവിഭാഗങ്ങളില് നിന്നും പതിനാറായിരക്കണക്കിന് പേരെയും ഒരു ലക്ഷത്തിന് മുകളില് ടിയര് ഗ്യാസുമാണ് ഒരുക്കിയിരുന്നത്. കേള്വി ശക്തി നഷ്ടപ്പെടുത്തുന്ന ശബ്ദ പീരങ്കികളും ഉപയോഗിച്ചു.
കര്ഷകരുടെ ഭാഗത്ത് നിന്നും ഏഴുപേര്ക്ക് ജീവന് നഷ്ടമായി. നിരവധി പേര്ക്ക് കാഴ്ച്ചശേഷിയും കേള്വി ശക്തിയും നഷ്ടമായി. എന്നാല് ഇതിനെയെല്ലാം കര്ഷകര് വളരെ പ്രായോഗികമായി തന്നെ നേരിട്ടു. ഡ്രോണുകള് വഴിയുള്ള കണ്ണീര് വാതക പ്രയോഗങ്ങളെ പട്ടം പറത്തി അവര് നിലത്തിട്ടു. വാട്ടര് ടാങ്കുകള് ഉപയോഗിച്ച് കണ്ണീര് വാതക ഷെല്ലുകള് നിര്വീര്യമാക്കി. വഴിയിലെ തടസങ്ങള് നീക്കാന് പ്രതേക രീതിയിലുള്ള സംവിധാനങ്ങള് ട്രാക്ടറുകളില് ഘടിപ്പിച്ചാണ് കര്ഷകരെത്തിയത്.
ശേഷം റെയില്വേകളും റോഡുകളും ഉപരോധിച്ചു. ടോള് പ്ലാസകള് ഏറ്റെടുത്ത് പൊതുജനങ്ങള്ക്ക് സൗജന്യമാക്കി കൊടുത്തു. ചില കര്ഷക സംഘടനകളെ മാത്രം ചര്ച്ചയ്ക്ക് വിളിച്ചു ഭിന്നത വരുത്താന് ശ്രമിച്ചതിനെ ഒരുമിച്ച് ചര്ച്ചയ്ക്കിരുന്നു പൊളിച്ചു. കര്ഷക സമരത്തിന് ഐക്യദാര്ഢ്യവുമായെത്തിയ പ്രതിപക്ഷ കക്ഷികളെ സ്വാഗതം ചെയ്തതോടപ്പം തിരഞ്ഞെടുപ്പ് കാലത്ത് മുതലെടുപ്പും ധ്രുവീകരണവും തടയാന്
അവരുമായി കൃത്യമായി അകലം പാലിച്ച് സമരം കര്ഷകരുടേത് മാത്രമാക്കി. അതിനിടെയിലാണ് പ്രത്യക്ഷത്തില് തന്നെ മോഡിയുടെയും കേന്ദ്രസര്ക്കാരിന്റെയും തിരഞ്ഞെടുപ്പ് പതനത്തിന് വേണ്ടി തങ്ങള് നേരിട്ട് പ്രചാരണത്തിനിറങ്ങുമെന്ന പ്രഖ്യാപനം കര്ഷകരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. തങ്ങളുടെ ഗ്രാമങ്ങളിലെ ബിജെപി പ്രചാരണങ്ങള് തടയുമെന്നും കര്ഷകര് പറയുന്നു.
മോദിക്കും ബിജെപിക്കും വെല്ലുവിളിയാകുമോ ?
രണ്ടാം കര്ഷക സമരം പ്രഖ്യാപിച്ച മുതലുള്ള പ്രധാന ആരോപണമായിരുന്നു സമരത്തിന് പിന്നില് പ്രതേക രാഷ്ട്രീയ അജണ്ടയുണ്ടെന്നത്. സമരത്തിന് നേതൃത്വം നല്കുന്ന കിസാന് മസ്ദൂര് മോര്ച്ചയുടെ നേതാവ് ശിവ് കുമാര് മുന് ആര്എസ്എസ് നേതാവാണ് എന്നതായിരുന്നു അതിന് പലരും ഉയര്ത്തിയ പ്രധാന കാരണം. സംയുക്ത കിസാന് മോര്ച്ചയുടെ നോണ് പൊളിറ്റിക്കല് വിഭാഗവും കൃത്യമായ രാഷ്ട്രീയ നിലപാട് എടുത്തിരുന്നില്ല. എന്നാല് ഇപ്പോള് മഹാപഞ്ചായത്ത് റാലി എടുത്ത സംയുക്ത രാഷ്ട്രീയ തീരുമാനം കുറഞ്ഞത് ദല്ഹി, പഞ്ചാബ്, രാജസ്ഥാന്, ഹരിയാന തുടങ്ങി സംസ്ഥാനങ്ങളില്ലെങ്കിലും ബിജെപിക്ക് വെല്ലുവിളി ഉയര്ത്തും. കര്ഷകര്ക്കിടയില് രാഷ്ട്രീയ ഭിന്നതയുണ്ടെന്ന ആരോപണം അസ്ഥാനത്താവും.
പഞ്ചാബില് ഇതിനകം തന്നെ കര്ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് ബിജെപിയുമായുള്ള സഖ്യത്തില് നിന്ന് ശിരോമണി അകാലിദള് പിന്മാറിയിരുന്നു. കര്ഷക സമരത്തിന്റെ ക്രെഡിറ്റിന് വേണ്ടി മത്സരിക്കുന്ന ആം ആദ്മി പാര്ട്ടിക്കും കോണ്ഗ്രസിനും ശക്തമായ ആധിപത്യമുള്ള സംസ്ഥാനത്ത് ബിജെപി തങ്ങളുടെ നിലവിലുള്ള രണ്ട് സീറ്റ് പോലും നഷ്ടപ്പെടുമെന്ന ഭീതിയിലാണുള്ളത്.
കുറഞ്ഞത് ആറുമാസത്തേക്കെങ്കിലും സമരം നടത്താനാവശ്യമായ ഭക്ഷ്യ വസ്തുക്കളും അടിസ്ഥാന സാധനങ്ങളുമായാണ് കര്ഷര് പഞ്ചാബ്, ഹരിയാന അതിര്ത്തികളില് ട്രാക്റ്ററുകളുമായി തമ്പടിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് കൂടുതല് പ്രതിഷേധങ്ങളുമായി ഞങ്ങളുണ്ടാകും. കര്ഷകരെ ദ്രോഹിക്കുന്ന കോര്പ്പറേറ്റുകളെ പ്രീണിപ്പിക്കുന്ന ഈ സര്ക്കാര് താഴെ വീഴുന്നത് വരെ ഞങ്ങള് പോരാടും. ശംഭു അതിര്ത്തിയില് സമരങ്ങള്ക്ക് നേതൃത്വം കൊടുക്കുന്ന സര്വ്വന്സിങ് ബന്ദേര് പറയുന്നു.
2016- മുതല് ഒരു തരത്തിലുള്ള എതിര്ശബ്ദങ്ങളെയും ഗൗനിക്കാതെ എല്ലാം അടിച്ചമര്ത്തിയിരുന്ന രാജ്യത്തെ പ്രാധാനമന്ത്രിക്ക് പരസ്യമായി മാപ്പ് വരെ ചോദിക്കേണ്ടി വന്നതിലേക്ക് നയിച്ച ഇന്ത്യ കണ്ട ഏറ്റവും വലിയ സമരങ്ങളിലൊന്നായിരുന്നു ദല്ഹി-ഹരിയാന അതിര്ത്തികളില് നടന്ന ഒന്നാം കര്ഷക സമരം. വളരെ ജൈവികമായി ഉയര്ന്നുവന്ന ഇത്തരം സമരങ്ങള് തന്നെയായിരുന്നു മോഡി കാലത്തെ പ്രധാന പ്രതിപക്ഷവും. അത് കൊണ്ട് തന്നെ കര്ഷര് നടത്തുന്ന ഈ സമരവും അവരുടെ ആവശ്യങ്ങളും തീര്ച്ചയായും മോദിയുടെയും ബിജെപിയുടെയും തിരഞ്ഞെടുപ്പ് കാലത്തെ മുഖ്യപ്രതിപക്ഷമാവും.