"General Elections are not won on the basis of Arithmetic but of Chemistry"- Arun Jaitley
കണക്കല്ല, കെമിസ്ട്രി തന്നെയാണ് വിജയരഹസ്യം. എല്ലാ കണക്കുകൂട്ടലുകൾക്കുമപ്പുറം തിരഞ്ഞെടുപ്പ് ഫലത്തെ നിർണയിക്കുന്ന പ്രധാനപ്പെട്ട ഘടകം. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആ കെമിസ്ട്രി കാണാൻ കഴിയുന്നത് ബിജെപിയും പ്രാദേശിക പാർട്ടികളും തമ്മിലുള്ള കെട്ടുറപ്പിലാണ്. മുമ്പെങ്ങുമില്ലാത്ത വിധം പ്രാദേശിക പാർട്ടികളെ ഒപ്പം കൂട്ടാനുള്ള വ്യഗ്രത ബിജെപിക്കുണ്ടായിരുന്നു. ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി, പവൻ കല്ല്യാണിന്റെ ജനസേന, നിതീഷ് കുമാറിന്റെ ജെഡിയു, ജയന്ത് ചൗധരിയുടെ രാഷ്ട്രീയ ലോക്ദൾ എന്നിവയുമായി ബിജെപി ബാന്ധവം ഉണ്ടാക്കിയത് കഴിഞ്ഞയിടയ്ക്കാണ്. നാലിൽ മൂന്നും ഘർ വാപ്പസി ആയിരുന്നു എന്നത് മറ്റൊരു വസ്തുത. മുന്നേക്കൂട്ടി ഉണ്ടായ ബാന്ധവ തീരുമാനം പ്രഖ്യാപിച്ച വേളയിൽ ബിജെപി കഴിഞ്ഞകാലങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായ ഒരു സമീപനം കൈക്കൊണ്ടിട്ടുണ്ട്- സഖ്യത്തിനായി എത്തുന്ന പാർട്ടികളെ തുല്യരായി കരുതുമെന്ന പ്രതീതി സൃഷ്ടിക്കൽ. ഉപരിപ്ലവമായ ഒരു മിഥ്യ മാത്രമായിരിക്കുമത് എന്നതിൽ തർക്കം വേണ്ട, കാരണം എത്രയൊക്കെ തുല്യത പറഞ്ഞാലും ബിജെപി തന്നെയായിരിക്കും വല്ല്യേട്ടൻ!
പ്രാദേശിക പാർട്ടികളോടുള്ള ബിജെപി സമീപനം മാറിയെന്നതിൽ തർക്കമില്ല. കഴിഞ്ഞ വർഷം മെയിൽ, എൻഡിഎ രൂപീകരണത്തിന്റെ 25ാം വാർഷികവേളയിൽ ഇപ്പോഴുള്ളതായിരുന്നില്ല ബിജെപിയുടെ നിലപാട്. നാഷണൽ ഡെമോക്രാറ്റിക് അലയൻസിന്റെ വാർഷികാഘോഷമല്ല, മോദി സർക്കാരിന്റെ ഒമ്പതാം വാർഷികാഘോഷമാണ് അന്ന് നടന്നത്. കാരണം വ്യക്തമായിരുന്നു, കണക്കുകളുടെ കാര്യത്തിൽ സഖ്യകക്ഷികളുടെ പിന്തുണ ആവശ്യമില്ലാത്തവിധം ബിജെപി വടവൃക്ഷമായി വളർന്നിരുന്നു. നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവം മാത്രം മതി വിജയത്തിന് എന്ന അഹന്തയാണ് നേതാക്കൾ പരസ്യമാക്കിയത്. ജനപ്രിയതയിലും വ്യക്തിപ്രഭാവത്തിലും മോദിയെ വെല്ലുന്ന മറ്റൊരു നേതാവില്ലെന്ന് തന്നെ ബിജെപി കൊട്ടിഘോഷിച്ചു.
അടൽ ബിഹാരി വാജ്പേയി നേതൃത്വം നൽകിയ എൻഡിഎ സർക്കാരുകൾ സഖ്യകക്ഷികളെ വേണ്ടുംവിധം പരിഗണിച്ചിരുന്നു. എന്നാൽ, മോദിയുടെ കാലമായപ്പോഴേക്ക് അത് മാറി. മോദി സർക്കാരിന് സഖ്യകക്ഷികളുടെ ആശങ്കകളിൽ വലിയ ശ്രദ്ധ ഉണ്ടായിരുന്നില്ല. സഖ്യരാഷ്ട്രീയത്തിന്റെ നിർബന്ധിതപരിസരങ്ങൾ എന്ന പരിമിതി വാജ്പേയിക്ക് ഉണ്ടായിരുന്നു. പലപ്പോഴും തീരുമാനങ്ങളെടുക്കുന്നതിൽ ഈ ഘടകം വാജ്പേയിക്ക് വിലങ്ങുതടിയായി. രാമക്ഷേത്ര നിർമ്മാണം, ആർട്ടിക്കിൾ 370 റദ്ദാക്കൽ, ഏകീകൃത സിവിൽകോഡ് നടപ്പാക്കൽ തുടങ്ങിയ അജണ്ടകളിൽ നിന്ന് 1998നും 2004നുമിടയിൽ ബിജെപിക്ക് പിന്നോട്ട് പോകേണ്ടി വന്നതിനു കാരണം സഖ്യകക്ഷികളുടെ എതിർപ്പായിരുന്നു.
നരേന്ദ്രമോദി സർക്കാരിന് പക്ഷേ ഇത്തരം പ്രതിസന്ധികളൊന്നുമുണ്ടായില്ല. സർക്കാരിന് അതിജീവനം ഒരു വിഷയമേ അല്ലായിരുന്നു. മറിച്ച് സഖ്യകക്ഷികളാണ് ഭയപ്പെട്ടത്. തങ്ങളുടെ സ്ഥാനം നഷ്ടപ്പെടുമോ എന്നായിരുന്നു അവരുടെ ആധി. സഖ്യകക്ഷികളിൽ നിന്ന് ഒരു വിധ വെല്ലുവിളിയും കാര്യമായി ഉണ്ടായതേയില്ല, മുത്തലാഖ് ബില്ല്, ജമ്മുകശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച ബില്ല്, പൗരത്വ നിയമ ഭേദഗതി ബില്ല്, രാമക്ഷേത്ര നിർമ്മാണം തുടങ്ങിയവയൊക്കെ സർക്കാരിന് വളരെ വേഗം നടപ്പാക്കാനായി. അപ്പോൾപ്പിന്നെ 2023 മെയ് 15നും 2024 ജനുവരിക്കുമിടയിൽ എന്താണ് സംഭവിച്ചത്? എങ്ങനെയാണ് ബിജെപിക്ക് സഖ്യമുണ്ടാക്കൽ എക്കാലത്തെയും ഉയർന്ന നിലയിലായത്? തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള നീക്കത്തിനു പിന്നിൽ പരാജയഭീതിയാണോ? അതോ, വിജയത്തിലേക്കുള്ള ചവിട്ടുപടിയിൽ പുഷ്പവൃഷ്ടിയുണ്ടാക്കാനുള്ള നയതന്ത്രമോ? ഒരു തരത്തിലുള്ള അനിശ്ചിതത്വവും അധികാരത്തിലേക്കുള്ള തേരോട്ടത്തിൽ ഉണ്ടാകാതിരിക്കാനുള്ള തന്ത്രമോ? ഇനി ഇതൊന്നുമല്ല, ബിജെപിയുടെ ഭാഗമായില്ലെങ്കിൽ നാമാവശേഷമാകുമെന്ന പ്രാദേശിക പാർട്ടികളുടെ ഭയമാണോ ഈ സഖ്യരൂപീകരണങ്ങൾക്കു പിന്നിലുള്ളത്?
ബഹുപാർട്ടി ജനാധിപത്യമാണ് ഇന്ത്യയിലേത്. അങ്ങനെയാണെങ്കിലും തത്വാധിഷ്ഠിതമായോ ആശയപരമായോ അല്ല രാജ്യത്തെ രാഷ്ട്രീയ സഖ്യ രൂപീകരണങ്ങളെന്നത് പകൽ പോലെ വ്യക്തമാണ്. ബിജെപിയുടെ കാര്യത്തിൽ ഇത് കൂടുതൽ സ്പഷ്ടമാണ്. 1996ലെ അവസ്ഥ ഓർമ്മയുണ്ടോ? അന്ന് ശിവസേനയും അകാലിദളും മാത്രമായിരുന്നു ബിജെപിയുടെ സഖ്യകക്ഷികൾ. 13 ദിവസം കൊണ്ട് അധികാരത്തിൽ നിന്ന് താഴെയിറങ്ങേണ്ടി വന്നത് അക്കാരണം കൊണ്ടുകൂടിയാണ്, അധികമാരും പിന്തുണയ്ക്കാനില്ലായിരുന്നു. 1998ൽ പക്ഷേ സ്ഥിതി മാറി. സഖ്യകക്ഷികളുടെ എണ്ണം വർധിച്ചു, വിജയസാധ്യതയും കൂടി. മോദി പറഞ്ഞതായി മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ നീലാഞ്ജൻ മുഖോപാധ്യായ് പറഞ്ഞിട്ടുണ്ട്.
'ബിജെപിയുടെ ജയസാധ്യത പരിഗണിച്ചാണ് പാർട്ടികൾ സഖ്യം ചേരാനെത്തുന്നത് എന്നാണ് നരേന്ദ്രമോദി വിലയിരുത്തുന്നത്. ബിജെപിയുമായി സഖ്യം ചേർന്നാൽ തങ്ങൾക്ക് കൂടുതലിടത്ത് വിജയിക്കാനാകുമെന്ന് അവർ കണക്കുകൂട്ടിയാൽ, അവർ ബിജെപിയിൽ ചേരും. എന്നാൽ, ബിജെപിയുമായി ചേരുന്നത് തിരിച്ചടിയാണെന്ന് തോന്നിയാൽ അവർ സഖ്യം വിട്ടുപോകും. സഖ്യമില്ലെങ്കിൽ കുറച്ചു സീറ്റുകളെങ്കിലും നിലനിർത്താനാകുമെന്നാണ് അപ്പോഴവർ ചിന്തിക്കുക. അങ്ങനെ അവർ തനിയെ തിരഞ്ഞെടുപ്പിനെ നേരിടും.'- മോദി പറഞ്ഞതായി നീലാഞ്ജൻ മുഖോപാധ്യായ് എഴുതി.
ഇതേ സ്ട്രാറ്റജി ബിജെപിയും പരീക്ഷിക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. സംസ്ഥാനങ്ങളിൽ മേൽക്കൈയ്യുള്ള പ്രാദേശിക പാർട്ടികളുമായി സഖ്യം ചേരുന്നതിലൂടെ മറ്റെന്താണ് ബിജെപി ലക്ഷ്യം വെക്കുന്നത്? തിരഞ്ഞെടുപ്പ് കളത്തിലെ ശക്തി തന്നെയാണ് പ്രാദേശിക പാർട്ടികളെ ദേശീയ പാർട്ടികളുമായി അടുപ്പിക്കുന്നത്. ദക്ഷിണേന്ത്യയിൽ വേരുറപ്പിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന ബിജെപി കാലങ്ങളായി തമിഴ്നാട്ടിലെത്തി പയറ്റുന്നതും ഇതേ തന്ത്രം തന്നെയാണല്ലോ? തമിഴക മണ്ണിൽ ഉറച്ചുചവിട്ടാൻ ബിജെപിക്ക് കഴിയാത്തത് അവിടെ നിലവിൽ മേൽക്കൈയ്യുള്ള ഡിഎംകെയെ പാട്ടിലാക്കാൻ സാധിക്കുന്നില്ല എന്നതുകൊണ്ടുതന്നെ!
രാഷ്ട്രീയ സഖ്യങ്ങളിൽ പ്രത്യയശാസ്ത്രത്തിന് വലിയ പങ്കൊന്നുമില്ല. അഥവാ പ്രത്യശാസ്ത്രം നോക്കിയിട്ടൊന്നുമല്ല പല രാഷ്ട്രീയ പാർട്ടികളും സഖ്യങ്ങൾ ഉണ്ടാക്കുന്നത്. സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് ഏറ്റവും വലിയ അധികാര ശക്തിയായിരുന്ന കാലത്ത്, കോൺഗ്രസ് വിരുദ്ധതയായിരുന്നു പല പാർട്ടികളെയും യോജിപ്പിച്ചു നിർത്തിയ ഘടകം. 1963ൽ ഭാരതീയ ജനസംഘം ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ കോൺഗ്രസിനെതിരെ ഒറ്റക്കെട്ടായി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടു. അതൊരു പരീക്ഷണമായിരുന്നു. ആ പരീക്ഷണം വിജയം കണ്ടപ്പോൾ നേടാനായത് മൂന്ന് സീറ്റുകളാണ്. നാല് വർഷത്തിനുള്ളിൽ പല സംസ്ഥാനങ്ങളിലും അധികാരത്തിലെത്താൻ എസ്വിഡി എന്ന ഈ രാഷ്ട്രീയ സഖ്യത്തിനായി. വളരെ വേഗം തകർന്നെങ്കിലും ഈ സഖ്യം ഒരു നാഴികക്കല്ലായിരുന്നു. അങ്ങനെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു പുതുയുഗത്തിന് തുടക്കമായി.
ഒരു വശത്ത് ഇൻഡ്യയും മറുവശത്ത് എൻഡിഎയുമാണ് ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മോദിവിരുദ്ധതയാണ് ഇൻഡ്യ സഖ്യത്തിന്റെ മുഖമുദ്ര. ഹിന്ദുത്വയെ എതിർക്കണമെന്ന വികാരമാണ് ഇൻഡ്യാ സഖ്യത്തെ ഒന്നിപ്പിച്ചത്. അവിടെ ഒരു പ്രത്യയശാസ്ത്രം നേരിയ തോതിലെങ്കിലും ഉണ്ട് എന്നൊക്കെ പറയാം. പക്ഷേ, എൻഡിഎയുടെ സ്ഥിതി അതല്ല. കൂടെക്കൂടുന്ന പാർട്ടികളുടെ പ്രത്യയശാസ്ത്രം ബിജെപിക്കോ മറ്റ് എൻഡിഎ പാർട്ടികൾക്കോ ഒരു വിഷയമേയല്ല. ബിജെപി 370 സീറ്റുകളും എൻഡിഎ 400ലധികം സീറ്റുകളും നേടും എന്ന ആത്മവിശ്വാസത്തെ ബലപ്പെടുത്താൻ വമ്പൻ സ്രാവുകളെ മുതൽ ചെറുമീനുകളെ വരെ ഒരു കുളത്തിലിറക്കിയുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. അങ്ങനെയാകുമ്പോൾ പ്രതിപക്ഷ സഖ്യത്തിന് നേരിടേണ്ടി വരിക ബിജെപി നോമിനിയായി കളത്തിലിറങ്ങുന്ന ഒരേ ഒരു സ്ഥാനാർത്ഥിയെയാണ്. അവിടെ വോട്ടുകൾ ഭിന്നിപ്പിക്കപ്പെടില്ല അഥവാ അത്തരമൊരു ആനുകൂല്യം ഇൻഡ്യക്ക് ലഭിക്കില്ല.
തെലങ്കാനയിൽ ടിഡിപിക്ക് മുമ്പുള്ളതിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ വിജയസാധ്യത ബിജെപി കണക്കൂകൂട്ടുന്നുണ്ട്. ചന്ദ്രബാബു നായിഡുവിനെ വെറുതെ ഒപ്പംകൂട്ടിയതല്ലെന്ന് ചുരുക്കം. ഒരിക്കൽ വിട്ടുപോയ നായിഡുവിനെയും നിതീഷ് കുമാറിനെയുമൊക്കെ വീണ്ടും ഇരുകയ്യും നീട്ടി സ്വീകരിക്കുന്നത് അവരില്ലാതെ അതാത് സംസ്ഥാനങ്ങളിൽ ബിജെപിക്ക് നേട്ടം ഉണ്ടാക്കാനാവില്ല എന്നതുകൊണ്ടുതന്നെയാണ്. തിരഞ്ഞെടുപ്പ് കഴിയുമ്പോഴും ഈ മൃദുസമീപനം ബിജെപി തുടരുമോ എന്നാണ് കണ്ടറിയേണ്ടത്. ക്രമേണ ബിജെപിയുടെ വല്ല്യേട്ടൻ റോൾ ഈ ചെറുപാർട്ടികൾക്കെല്ലാം അലോസരമുണ്ടാക്കുക തന്നെ ചെയ്യും. പ്ലാനും പദ്ധതിയും തയ്യാറാക്കിയൊന്നുമല്ല ഈ സഖ്യരൂപീകരണങ്ങൾ. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള നീക്കങ്ങൾ മാത്രമാണ്. താല്ക്കാലിക നേട്ടങ്ങൾക്കുവേണ്ടിയുള്ള ഈ കൂട്ടുകെട്ടുകൾ വലിയ ആയുസ്സില്ലാത്ത നീർക്കുമിളകൾ മാത്രമാകാനുള്ള സാധ്യത കൂടുതലാണ്. ഇനിയൊരിക്കലും എൻഡിഎ വിട്ടുപോകില്ലെന്ന നിതീഷ് കുമാറിന്റെ പ്രഖ്യാപനത്തെ ഒക്കെ അതേ അർത്ഥത്തിൽ സ്വന്തം പാർട്ടിക്കാർ പോലും പരിഗണിക്കുന്നുണ്ടാവില്ല. വരും, പോകും എന്ന രീതിയാണല്ലോ നിതീഷ് കുമാറിന്റേത്!
തിരഞ്ഞെടുപ്പുകൾ തോറും മാറിമറയുന്ന 'ഫ്രണ്ട്സ് വിത് ബെനഫിറ്റ്സ്' ബന്ധം മാത്രമാണ് ഇത്തരം സഖ്യങ്ങൾ. അതിന്റെ അടിസ്ഥാനം തിരഞ്ഞെടുപ്പിലെ വിജയസാധ്യത മാത്രമാണ്, ലക്ഷ്യം സീറ്റ് നേട്ടം മാത്രമാണ്. എൻഡിഎയുടെ ഈ സഖ്യസ്നേഹം എത്രമാത്രം ഗുണം ചെയ്യുമെന്നറിയാൻ തിരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കാം. നാടകാന്ത്യം എന്താകുമെന്നത് പിന്നാലെ കണ്ടറിയാം....!
*വിവരങ്ങൾക്ക് കടപ്പാട്: നിരഞ്ജന് മുഖോപാധ്യായ്,എന്ഡിടിവി