ഏതു നിറത്തിലും തിളങ്ങുന്ന കല; തനി നിറം തെളിഞ്ഞ വർണവെറി

സൗന്ദര്യത്തിന്റെ, കലയുടെ നിര്വ്വചനം എന്താണെന്ന് കലാമണ്ഡലം സത്യഭാമ തിരിച്ചറിയേണ്ടിയിരിക്കുന്നു അവരെ ബാധിച്ചിരിക്കുന്ന ജാതിവര്ണവെറി സിന്ഡ്രം ആഴത്തില് വേരൂന്നിയതാണ്, പറിച്ചെറിയുക എളുപ്പമല്ല

വീണാ ചന്ദ്
3 min read|21 Mar 2024, 06:32 pm
dot image

കറുപ്പിന് സൗന്ദര്യമില്ലെന്ന, കറുത്തവന് കലാകാരനായാല് അംഗീകരിക്കാനാവില്ലെന്ന ഒരു അധിക്ഷേപ പരാമര്ശത്തിലേക്കാണ് കേരളം ഇന്ന് ഉണര്ന്നത്. നൃത്തം സൗന്ദര്യമുള്ളവന്റെ കലയാണെന്ന് ആവര്ത്തിച്ച് പറഞ്ഞ് കറുത്തവനെ അധിക്ഷേപിച്ചത് കലാമണ്ഡലം സത്യഭാമ എന്ന നര്ത്തകിയാണ്.

തെറ്റിദ്ധരിക്കരുത്, നൃത്തരംഗത്ത് മഹത്തായ സംഭാവനകള് നല്കുകയും രാജ്യം പദ്മശ്രീ നല്കി ആദരിക്കുകയും ചെയ്ത ആ സത്യഭാമ അല്ല ഇത്. കലാമണ്ഡലം എന്നത് പേരിനൊപ്പം അലങ്കാരമായി കൊണ്ടുനടക്കുന്ന, എന്നാല് കലയുടെ സാമൂഹിക മൂല്യബോധം ഒരു തരി പോലും സ്പര്ശിച്ചിട്ടില്ലാത്ത മറ്റൊരു സത്യഭാമയാണിത്. പേരെടുത്ത് പറയാതെ അവര് പരസ്യമായി അധിക്ഷേപിച്ചത് അതുല്യനായ ഒരു കലാകാരനെയാണ്, പേര് ആര്എല്വി രാമകൃഷ്ണന്.

മലയാളിക്ക് രാമകൃഷ്ണന് പരിചിതനാണ്. സത്യഭാമയേക്കാളുമേറെ മലയാളികള് രാമകൃഷ്ണനെ അറിയും. കലാഭവന് മണിയുടെ സഹോദരന് എന്നതിനപ്പുറം, സ്വപ്രയത്നത്തിലൂടെ പ്രതിഭയിലൂടെ കലാരംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് രാമകൃഷ്ണന്. തൃപ്പൂണിത്തുറ ആര്എല്വി കോളേജില് നിന്ന് മോഹിനിയാട്ടം പഠിച്ചു, എം.ജി യൂണിവേഴ്സിറ്റിയില് നിന്ന് എംഎ മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസായി. കേരള കലാമണ്ഡലത്തില് നിന്ന് പെര്ഫോമിങ്ങ് ആര്ട്സില് എംഫില് നേടി, അതും ഏറ്റവും ഉയര്ന്ന മാര്ക്കോടെ. മോഹിനിയാട്ടത്തില് പിഎച്ച്ഡിയും നേടിയിട്ടുണ്ട്. ദൂരദര്ശന്റെ എ ഗ്രേഡ് ആര്ട്ടിസ്റ്റാണ്. പതിനഞ്ച് വര്ഷമായി എത്രയോ കുട്ടികള്ക്ക് അധ്യാപകനുമാണ്. ഇങ്ങനെയൊരു വ്യക്തിയെ സത്യഭാമ അധിക്ഷേപിക്കുന്നതിന്റെ അടിസ്ഥാനമെന്താണ്, എന്തായാലും അക്കാദമിക് യോഗ്യതയില്ലായ്മയല്ല ഇവിടുത്തെ പ്രശ്നം. അത് ജാതിവെറിയുടേതാണ്, സവര്ണതയിലൂന്നിയ അഹംഭാവത്തിന്റേതാണ്. നിറമില്ലാത്ത, സൗന്ദര്യമില്ലാത്ത പുരുഷനെ വേദിയില് കണ്ടാല് അവര്ക്ക് തോന്നുന്ന അറപ്പും വെറുപ്പും വര്ണവെറിയുടെയും വംശീയവേര്തിരിവിന്റെയും വെളിപ്പെടലാണ്.

ക്ലാസിക് കലകള് എന്ന വിഭാഗത്തിലുള്ളതൊക്കെ സവര്ണനു മാത്രമേ ആകാവൂ എന്ന കാഴ്ച്ചപ്പാടിന്റെ വക്താവാണ് ഈ പറയുന്ന സത്യഭാമ. അവരുടെ കണ്ണില് കറുപ്പ് വെറുക്കപ്പെടേണ്ട നിറമാണ്, കറുത്തവര് നൃത്തവേദിക്ക് പുറത്തുനില്ക്കേണ്ടവരാണ്. പണ്ട് ഡോ പല്പ്പുവിനോട് ചെത്താന് പോയാല് പോരേ എന്ന് രാജാവ് ചോദിച്ചതായി ഒരു കഥയുണ്ട്. ഒരു നല്ല ചെത്തുകാരനെ നഷ്ടമായല്ലോ എന്ന ചിന്തയായിരുന്നത്രേ ആ ചോദ്യത്തിന് പിന്നില്! ഇതിന്റെ വര്ത്തമാനകാല വേര്ഷനായി സത്യഭാമയുടെ ജല്പനങ്ങളെ വിലയിരുത്താം.

കല കറുത്തവനുള്ളതല്ല, അതൊക്കെ സവര്ണര്ക്ക് മാത്രമുള്ളതാണ് എന്ന മിഥ്യാബോധത്തിലാണ് ആ സ്ത്രീ ഇപ്പോഴും ജീവിക്കുന്നത്. കല മനുഷ്യനെ സാംസ്കാരികമായി ഔന്നത്യത്തിലെത്തിക്കും എന്നാണ് സിദ്ധാന്തം. കലാകാരന് ചുറ്റുമുള്ളതിനോടൊക്കെ സ്നേഹവും സഹാനുഭൂതിയും ഉള്ളവനാണ്. കലയ്ക്കും മനുഷ്യത്വത്തിനുമപ്പുറം മറ്റൊന്നും അവിടെയുണ്ടാവില്ല. പക്ഷേ, വാക്കുകളിലൂടെ കേട്ടാലറയ്ക്കുന്ന വിഷം തുപ്പുന്ന ഒരു സ്ത്രീ സ്വയം അഭിമാനിക്കുന്നു, താനൊരു വലിയ കലാകാരിയാണെന്ന്. മറ്റുള്ളവരെ വിധിക്കാനുള്ള അര്ഹതയും അവകാശവും തനിക്കുണ്ടെന്ന്. കാരണം താന് സൗന്ദര്യം ആവോളമുള്ള നര്ത്തകിയാണല്ലോ എന്നാണ് ഭാവം...

പറഞ്ഞതില് ഉറച്ചു നില്ക്കുന്നു എന്ന് മാധ്യമപ്രവര്ത്തകരോട് പ്രതികരിക്കുമ്പോഴും അവരുടെ ശരീരഭാഷ വെറുപ്പും ജാതീയ മേല്ക്കോയ്മയും നിറഞ്ഞതായിരുന്നു. കറുപ്പിനെ വീണ്ടും വീണ്ടും അധിക്ഷേപിക്കുമ്പോള് അവരനുഭവിക്കുന്ന ആത്മനിര്വൃതി ആ ഭാവങ്ങളില് പ്രകടമായിരുന്നു. കറുത്തവര് നൃത്തം പഠിച്ചാല് വല്ല ഉത്സവപ്പറമ്പിലെ വേദികളിലും അത് അവതരിപ്പിച്ച് സംതൃപ്തിയടഞ്ഞോണം. മത്സരവേദികള് വെളുത്തവര്ക്കുള്ളതാണ്, അവരുറക്കെ പ്രഖ്യാപിക്കുമ്പോള് കേരളം അമ്പരപ്പോടെ കേള്ക്കുകയായിരുന്നു. കലാരംഗത്തെ പുഴുക്കുത്തുകള് ഇത്രയധികം ഇന്നും നിലനില്ക്കുന്നോ എന്ന്...

പലയിടങ്ങളിലും വിധികര്ത്താവായി പോയ കഥയൊക്കെ അവര് ധീരഘോരം പറയുന്നുണ്ട്, അവിടെയൊക്കെ മാര്ക്ക് ഷീറ്റില് ആദ്യത്തെ കോളം മത്സരാര്ഥിയുടെ സൗന്ദര്യത്തിന് മാര്ക്കിടാനുള്ളതായിരുന്നത്രേ. സത്യഭാമയുടെ സൗന്ദര്യ മാനദണ്ഡത്തിനകത്തുനില്ക്കാതെ പുറത്താക്കപ്പെട്ട കുട്ടികള് ആരൊക്കെയായിരിക്കുമെന്ന് ഊഹിക്കാമല്ലോ... മേക്കപ്പ് ഉള്ളതുകൊണ്ടു മാത്രം രക്ഷപ്പെടുന്നു എന്ന് പറഞ്ഞ് അവര് അധിക്ഷേപിക്കുന്നത് എത്രയെത്ര കലാകാരന്മാരെയും കലാകാരികളെയുമാണ്.

ശാസ്ത്രീയനൃത്തം മുമ്പെങ്ങുമില്ലാത്ത വിധം ജനകീയമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. അതുതന്നെയാണ് അവരെ പ്രകോപിപ്പിക്കുന്നതും. ഏത് പട്ടിയുടെ വാലിലും ഭരതനാട്യമാണെന്ന് പുച്ഛിക്കാന് സത്യഭാമയെ പ്രേരിപ്പിക്കുന്നത് ഇതൊക്കെ എലൈറ്റ് ക്ലാസിന് മാത്രമുള്ളതാണെന്ന ചിന്തയാണ്. സൗന്ദര്യത്തിന്റെ, കലയുടെ നിര്വ്വചനം എന്താണെന്ന് കലാമണ്ഡലം സത്യഭാമ തിരിച്ചറിയേണ്ടിയിരിക്കുന്നു. അവരെ ബാധിച്ചിരിക്കുന്ന ജാതിവര്ണവെറി സിന്ഡ്രം ആഴത്തില് വേരൂന്നിയതാണ്, പറിച്ചെറിയുക എളുപ്പമല്ല.

പൊതുസമൂഹം മാത്രമല്ല കലാലോകവും അവരെ എതിര്ക്കുകയാണെന്ന് മാധ്യമപ്രവര്ത്തകര് ചൂണ്ടിക്കാണിക്കുമ്പോള് തനിക്ക് ആരുടെയും സര്ട്ടിഫിക്കറ്റ് വേണ്ടെന്ന് ഉറപ്പിച്ചു പറയുന്ന സത്യഭാമ മേതില് ദേവികയെയും നീനാ പ്രസാദിനെയും അവഹേളിക്കുന്നുണ്ട്. നീനാ പ്രസാദിന് മോഹിനിയാട്ടത്തില് ഡിപ്ലോമ ഉണ്ടോ എന്നാണ് മറുചോദ്യം. ലോകമാദരിക്കുന്ന കലാകാരിയെ പോലും, തന്നോളം വലുതല്ല അവര് എന്ന് സ്ഥാപിക്കാന് സത്യഭാമ കിണഞ്ഞുപരിശ്രമിക്കുമ്പോള് അവരുടെ അല്പത്തരമാണ് മറനീക്കി പുറത്തുവരുന്നത്. തന്റെ അധ്യാപികയും അതുല്യ കലാകാരിയുമായിരുന്ന സാക്ഷാല് കലാമണ്ഡലം സത്യഭാമയെപ്പോലും തള്ളിപ്പറഞ്ഞിട്ടുണ്ട് ഈ ജൂനിയര് സത്യഭാമയെന്ന് മറന്നുകൂടാ. അവര്ക്ക് ഒന്നുമറിഞ്ഞൂടാ, മുഖത്തൊരു ഭാവവും വരില്ലായിരുന്നു എന്നായിരുന്നു അധ്യാപികയെക്കുറിച്ചുള്ള വിവാദപരാമര്ശം. ഇതു സംബന്ധിച്ച ഫോണ് സംഭാഷണം പുറത്തുവന്നതാണ് ഈ സത്യഭാമയും ആര്എല്വി രാമകൃഷ്ണനും തമ്മിലുള്ള പ്രശ്നങ്ങളുടെ തുടക്കം.

വര്ണവെറി, ജാതീയത, ഞാനെന്ന ഭാവം തുടങ്ങി ഒരു കലാകാരിക്ക് പാടില്ലാത്തതിന്റെയൊക്കെ ആകെത്തുകയാണ് ഇന്ന് വാര്ത്തകളില് നിറഞ്ഞുനില്ക്കുന്ന ഈ സത്യഭാമ. മോഹിനിമാര്ക്ക് ആടാനുള്ളതാണ് മോഹിനിയാട്ടം. മോഹനന് മോഹിനിയാവില്ല. പുരുഷന് സുന്ദരനാണെങ്കില് മാത്രമേ മോഹിനിയാട്ടം കളിക്കാന് പാടുള്ളു. കലാമണ്ഡലം സത്യഭാമ ഈ പറയുന്നതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങുന്ന ഒരു വിഭാഗം ഇപ്പോഴും നമ്മുടെ സമൂഹത്തിലുണ്ട്. എത്രയോ സമരപോരാട്ടങ്ങളിലൂടെ നവോത്ഥാനങ്ങളിലൂടെ നാം തുടച്ചുനീക്കി എന്ന് അവകാശപ്പെടുന്ന ജാതി വര്ഗ വര്ണ വിവേചനം സമൂഹത്തിന്റെ ഒരരികിലൂടെ ശക്തമായി തിരിച്ചുവരുന്നുണ്ട്. കലാരംഗത്ത് നാം കാണുന്നത് അതിന്റെ ചെറിയൊരറ്റം മാത്രമാണ്. കലാഭവന് മണി, വിനായകന് തുടങ്ങി ഏറ്റവുമൊടുവില് ജാസി ഗിഫ്റ്റ് വരെ ഒരുതരത്തില് അല്ലെങ്കില് മറ്റൊരു തരത്തില് ഈ അധിക്ഷേപം നേരിട്ടവരാണ്. കലാരംഗത്തെ വംശീയതയുടെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് ആര്എല്വി രാമകൃഷ്ണന് നേരിട്ട വിവേചനത്തിലൂടെ നാമിന്ന് കണ്ടത്. സത്യഭാമ ഒരു വ്യക്തിയല്ല, അതേ ചിന്താഗതി പുലര്ത്തുന്ന എത്രയോ സത്യഭാമമാരുടെ പ്രതിനിധി മാത്രമാണ്. വേദികളില് നിന്ന് അവര്ണനെ പുറത്താക്കാന് കോപ്പുകൂട്ടുന്ന ജാതീയ വെറിയുടെ ആ തിരിച്ചുവരവ് കാണാതെ പോകരുത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us