അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഒരുപാട് സർപ്രൈസ് ഒളിപ്പിച്ചുവച്ച ബിജെപി എന്നാൽ ഒട്ടും സർപ്രൈസല്ലാത്ത ഒറ്റൊന്ന് കൂടി വ്യക്തമാക്കി. ബിജെപി നേതാവും പാർട്ടി വിമർശകനുമായ വരുൺ ഗാന്ധിക്ക് സീറ്റില്ല. വരുണിന്റെ സിറ്റിങ് സീറ്റായ പിലിഭത്തിൽ പകരം പ്രഖ്യാപിച്ചത് മുന് കോണ്ഗ്രസ് നേതാവ് ജിതിന് പ്രസാദയെയാണ്. അടുത്തകാലത്തായി കേന്ദ്രത്തെയും ബിജെപി കേന്ദ്ര നേതൃത്വത്തെയും നിരന്തരമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തിയ വരുണിന് ഇനി സീറ്റ് നൽകാൻ സാധ്യതയില്ലെന്ന് തന്നെയായിരുന്നു വിലയിരുത്തൽ. ഇന്ന് പിലഭത്തിൽ നിന്ന് ജിതിന് പ്രസാദയുടെ പേര് പ്രഖ്യാപിച്ചതോടെ ഇക്കാര്യത്തിൽ വ്യക്തത വന്നു. എന്നാൽ വരുണിന്റെ അമ്മയും ബിജെപി മുൻ കേന്ദ്രമന്ത്രിയുമായ മനേകാ ഗാന്ധിക്ക് സിറ്റിങ് സീറ്റ് തന്നെ നൽകുകയും ചെയ്തിട്ടുണ്ട്. സുൽത്താൻപൂരിൽ നിന്നാണ് മനേക ലോക്സഭയിലേക്ക് മത്സരിക്കുക.
വരുണിന് സീറ്റ് നൽകുന്നതിനെ ബിജെപി കോർ കമ്മിറ്റി മീറ്റിങ്ങിൽ നേതാക്കൾ ഒറ്റ സ്വരത്തിൽ എതിർത്തിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ വരുൺ പിലിഭത്തിൽ നിന്ന് തന്നെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള സാധ്യതയും തള്ളാനാകില്ല. പിലിഭത്തിൽ നിന്ന് സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിയാകുമോ എന്ന സംശയം ഉയർന്നിരുന്നെങ്കിലും മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ എസ്പി ഇതിനോടകം പ്രഖ്യാപിച്ച് കഴിഞ്ഞു. നേരത്തെ അമേഠിയിൽ കോൺഗ്രസിന് വേണ്ടി വരുൺ ഇറങ്ങിയേക്കുമെന്നും വാർത്തകൾ ഉണ്ടായിരുന്നു. കോൺഗ്രസ് ഇതുവരെ അമേഠിയിൽ സ്ഥാനാർത്ഥിയെ നിശ്ചയിച്ചിട്ടില്ല. രാഹുലും പ്രിയങ്കയും സമ്മതം മൂളിയാൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി അമേഠിയിൽ മത്സരിക്കാൻ ആഗ്രഹിച്ച മനേകയുടെ ആഗ്രഹത്തിന് വരുണിലൂടെ സാക്ഷാത്കാരമാകും.
വരുൺ എന്ന കേന്ദ്ര വിമർശകൻ
കേന്ദ്രത്തിന്റെയും ഉത്തർപ്രദേശിന്റെയും ഭരണത്തിനെതിരെ വരുൺ നിരന്തരം വിമർശനമുന്നയിച്ചിരുന്നു. കാർഷിക ബില്ലുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 2021 ൽ കർഷകർ നടത്തിയ സമരത്തെ വരുൺ പിന്തുണച്ചു. വരുൺ കർഷക സമരത്തെ പിന്തുണച്ചപ്പോൾ, ഇതേ വർഷം ജൂലായിൽ നടത്തിയ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രിസ്ഥാനം ലഭിക്കാത്തതിലെ ക്ഷോഭമായാണ് നേതൃത്വം ഇതിനെവിലയിരുത്തിയത്. ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയായിരുന്നു പാർട്ടിയെ പ്രതിരോധത്തിലാക്കിയ വരുണിന്റെ ഈ നീക്കം.
ആ വർഷം ഒക്ടോബറിൽ, ലഖിംപൂർ ഖേരി കേസിൽ കർഷകർക്ക് നീതി വേണമെന്ന വരുൺിന്റെ ആഹ്വാനത്തെത്തുടർന്ന്, പ്രത്യേകിച്ച്, കേന്ദ്രമന്ത്രി അജയ് മിശ്ര തേനിക്കെതിരായ നടപടിയെത്തുടർന്ന്, പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവിൽ നിന്ന് വരുണിനെയും മനേകയെയും പുറത്താക്കി. അതിർത്തിയിൽ പ്രതിഷേധിച്ച കർഷകർക്ക് നേരെ ഓടിച്ചു കയറ്റിയ വാഹനത്തിൽ അജയ് മിശ്രയുടെ മകൻ ആഷിഷും ഉണ്ടായിരുന്നുവെന്നത് അന്ന് വലിയ വിവാദമായിരുന്നു. അജയ് മിശ്ര തേനിക്കെതിരെ കേസെടുക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് വരുൺ പാർട്ടിയെ പ്രതിരോധത്തിലാക്കിയത് ബിജെപിയെ ചൊടിപ്പിച്ചു. ഒരിക്കൽ പിതൃമാതാവും മുൻ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയെ 'യഥാർത്ഥ നേതാവ്' എന്ന് വിശേഷിപ്പിച്ച് രംഗത്തെത്തിയ വരുൺ, അവർ ഒരിക്കലും വിജയത്തിന്റെ ക്രെഡിറ്റ് അവകാശപ്പെട്ടിരുന്നില്ലെന്നും പറഞ്ഞിരുന്നു. 1971ലെ ബംഗ്ലാദേശ് വിമോചന പോരാട്ടം പരാമർശിച്ചായിരുന്നു ഇന്ദിരാഗാന്ധി പ്രശംസ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരോക്ഷമായി വിമർശിക്കുന്നത് കൂടിയായിരുന്നു വരുണിന്റെ ഈ പരാമർശം.
നയം മാറ്റി, മോദി സ്തുതി
എന്നാൽ 2024 വരുണിന് മാനസാന്തരം വന്ന വർഷമാണ്. ജനുവരി മുതൽ വരുൺ നടത്തിയ പരാമർശങ്ങളെല്ലാം സൂക്ഷ്മതയോടെയും കേന്ദ്രത്തിനെതിരെയല്ലെന്ന് ഉറപ്പിച്ചുള്ളതുമായിരുന്നു. ഇങ്ങനെ കടന്നാക്രമിച്ചാൽ സീറ്റ് ലഭിക്കില്ലെന്ന് തിരിച്ചറിവാകാം വരുണിനെ യൂ ടേൺ അടിക്കാൻ പ്രേരിപ്പിച്ചതെന്നാണ് ബിജെപി നേതാക്കളുടെ പോലും വിലയിരുത്തൽ. ഫെബ്രുവരിയിൽ, മുൻ പ്രധാനമന്ത്രിമാരായ ചൗധരി ചരൺ സിങ്ങിനും പി വി നരസിംഹ റാവുവിനും കാർഷിക ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥനും ഭാരതരത്ന നൽകാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്തതിന് സർക്കാരിനെ അഭിനന്ദിച്ച് വരുൺ രംഗത്തെത്തി. ഫെബ്രുവരി 26ന് അമൃത് ഭാരത് സ്റ്റേഷൻ സ്കീം പ്രഖ്യാപിക്കുകയും അതുവഴി പിലിഭത്ത് അടക്കമുള്ള 554 റെയിൽവെ സ്റ്റേഷനുകൾ നവീകരിക്കുകയും ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തിന് നന്ദി അറിയിച്ചും വരുൺ പ്രത്യക്ഷപ്പെട്ടു. എക്സിലൂടെയായിരുന്നു എംപിയുടെ നന്ദി പ്രകടനം.
ഈ വർഷം ആദ്യം മുതൽ പ്രാദേശിക ബിജെപി നേതാക്കൾക്കൊപ്പം വരുൺ വേദി പങ്കിടാൻ തുടങ്ങിയത് പല നേതാക്കളെയും ഞെട്ടിച്ചു. കഴിഞ്ഞ നാല് വർഷത്തിനിടെ അപൂർവ്വമായിപ്പോലും വരുൺ ഗാന്ധിയയെയും യുപിയിൽ നിന്നുളള ബിജെപി ജില്ല പ്രസിഡന്റ് സഞ്ജീവ് പ്രതാപ് സിങ്ങിനെയും ഒരേ വേദിയിൽ കണ്ടിരുന്നില്ല. എന്നാൽ ഈ വർഷം ഇവർ ഒരേ വേദിയിൽ പ്രത്യക്ഷപ്പെട്ടു. ഇത്തരം തിരുത്തലുകളെല്ലാം നടത്തിയിട്ടും ബിജെപി നേതൃത്വം വരുണിനെ മത്സരിപ്പിക്കാൻ തയ്യാറായില്ലെന്നതാണ് വാസ്തവം.
പരാജയമറിഞ്ഞിട്ടില്ലാത്ത 'ഗാന്ധി'
2004 ലാണ് ഗാന്ധി കുടുംബത്തെ ഞെട്ടിച്ചുകൊണ്ടാണ് സഞ്ജയ് ഗാന്ധിയുടെ ഭാര്യയും ആക്ടിവിസ്റ്റുമായ മനേകാ ഗാന്ധിയും മകൻ വരുൺ ഗാന്ധിയും ബിജെപിയിൽ ചേരുന്നത്. 2009 ൽ വരുൺ ആദ്യമായി ലോക്സഭയിലേക്ക് മത്സരിച്ചു. യുപിയിലെ പിലിഭത്തിൽ നിന്നായിരുന്നു കന്നിയങ്കം. 2013 ൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായി.
2009 മുതൽ തുടർച്ചയായി മൂന്ന് തവണയും പിലിഭത്തിൽ നിന്ന് വിജയിച്ച വരുണിനെ തഴയുകയും മനേകാ ഗാന്ധിയുടെ സീറ്റ് നിലനിർത്തുകയും ചെയ്ത ബിജെപി 'ഒരു കുടുംബത്തിൽ നിന്ന് ഒരു സ്ഥാനാർത്ഥി' എന്ന നയം കൂടിയാകും ഈ തീരുമാനത്തെ ന്യായീകരിക്കാൻ പുറത്തെടുക്കുക എന്നുറപ്പാണ്. എന്നാൽ പാർട്ടിക്കെതിരെ ശബ്ദമുയർത്തുന്നവർ പടിക്ക് പുറത്താണെന്ന സന്ദേശം നൽകാൻ കൂടി ബിജെപി വരുണിനെ ഉപയോഗിക്കുന്നുവെന്ന് വേണം വിലയിരുത്താൻ. അവർ എത്രവലിയവരായാലും, എത്ര പാരമ്പര്യമുള്ളവരായാലും.