ഇത്തവണ റായ്ബെറേലി കൂടി കൈവിട്ടാൽ കോൺഗ്രസിന് പിന്നെ യുപിയില്ല; അമേഠി തിരിച്ചുപിടിച്ചാൽ നേട്ടം

ഇൻഡ്യ മുന്നണിയുടെ മുഖ്യ കക്ഷിയായ കോൺഗ്രസ് യുപിയിലെ തങ്ങളുടെ പ്രധാന സീറ്റുകളായ അമേഠിയിലും റായ്ബെറേലിയിലും ഇത് വരെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല

dot image

ലോകസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഉത്തരേന്ത്യയിൽ വർഗീയ കാർഡിറക്കിയും ദക്ഷിണേന്ത്യയിൽ വെൽഫെയർ പൊളിറ്റിക്സ് പറഞ്ഞും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ 400 എന്ന മാന്ത്രിക സംഖ്യയിലേക്ക് എങ്ങനെയെങ്കിലും ഭൂരിപക്ഷമെത്തിക്കാനാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം ലക്ഷ്യമിടുന്നത്. അതെ സമയം ഇൻഡ്യ മുന്നണിയുടെ മുഖ്യകക്ഷിയായ കോൺഗ്രസ് ഉത്തരേന്ത്യയുടെ ഹൃദയഭൂമിയായ യുപിയിലെ തങ്ങളുടെ പ്രധാന സീറ്റുകളായ അമേഠിയിലും റായ്ബേലിയിലും ഇത് വരെയും സ്ഥാനാർത്ഥികളെ പ്രഖ്യാച്ചിട്ടില്ല.

രാഹുൽ ഗാന്ധി അമേഠിയിലും ആരോഗ്യ കാരണങ്ങളാൽ വിട്ടു നിൽക്കുന്ന സോണിയ ഗാന്ധിയ്ക്ക് പകരം റായ്ബെറേലിയിൽ പ്രിയങ്ക ഗാന്ധിയും മത്സരിക്കണമെന്നാണ് സംസ്ഥാന കോൺഗസ് നേതൃത്വത്തിന്റെ ആവശ്യവും ആഗ്രഹവും. ഇതിനകം തന്നെ ഇങ്ങനെയൊരു ആവശ്യം മുന്നോട്ട് വെച്ച് ഉത്തർപ്രേദേശ് കോൺഗ്രസ് പ്രമേയം പാസ്സാക്കിയിരുന്നു.

അമേഠിയും റായ്ബെറേലിയും ഉപേക്ഷിച്ചാൽ കോൺഗ്രസിന് പിന്നെ യുപിയില്ല

എൺപത് ലോകസഭാ സീറ്റുള്ള ഉത്തർപ്രദേശിൽ കോൺഗ്രസിന് വലിയ നിലയിൽ സ്വാധീന ശേഷിയുള്ള രണ്ടേ രണ്ടു മണ്ഡലങ്ങളാണ് അമേഠിയും റായ്ബെറേലിയും. പരമ്പരാഗതമായി ഗാന്ധി കുടുംബത്തിലുള്ളവരെ വിജയിപ്പിക്കുന്ന മണ്ഡലമായിരുന്നു രണ്ടും. പക്ഷെ 2019 ൽ അമേഠിയിൽ രാഹുൽ ഗാന്ധിക്ക് സ്മൃതി ഇറാനിയോട് അപ്രതീക്ഷിതമായി പരാജയപ്പെടേണ്ടി വന്നു. അര ലക്ഷം വോട്ടിനാണ് രാഹുൽ ഗാന്ധി പരാജയപെട്ടത്. ശക്തമായ മോഡി തരംഗത്തിലും പക്ഷെ സോണിയ ഗാന്ധി റായ്ബെറേലിയിൽ ഒന്നര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ യുപിയിൽ കോൺഗ്രസിന് കിട്ടിയ ഒറ്റ സീറ്റായിരുന്നു സോണിയയുടേത്.

400 സീറ്റ് എന്ന തങ്ങളുടെ സ്വപ്ന ലക്ഷ്യത്തിലേക്ക് രാജ്യത്ത് ഏറ്റവും കൂടുതൽ സീറ്റുള്ള യുപിയെ ക്ളീൻ വാഷ് ചെയ്തു മുന്നേറുമെന്ന ലക്ഷ്യത്തോടെയാണ് ബിജെപിക്ക് ഇറങ്ങുന്നത്. തങ്ങളുടെ അഭിമാന മണ്ഡലങ്ങളിൽ പിടിച്ചു നിൽക്കാൻ രാഹുലും പ്രിയങ്കയും ഇറങ്ങണമെന്നാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വവും സഖ്യത്തിലുള്ള സമാജ് വാദി പാർട്ടിയും ആവർത്തിക്കുന്നത്. പക്ഷെ ഇരു നേതാക്കളും ഇത് വരെയും നിലപാട് വ്യക്തമാക്കിയില്ല. ഇരു നേതാക്കൾക്കും തീരുമാനം ഹൈക്കമാൻഡിന് വിട്ടതോടെ പോസ്റ്ററുകളൊട്ടിച്ച് മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്യുകയാണ് അണികൾ.

ബിജെപിയുടെ പുതിയ തന്ത്രം

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടനെ തന്നെ രാഹുൽ ഗാന്ധിയെ വീണ്ടുമൊരു മത്സരത്തിന് ക്ഷണിച്ചാണ് സ്മൃതി ഇറാനി പ്രചാരണം തുടങ്ങിയത്. മണ്ഡലത്തിൽ ഇതിനകം തന്നെ മൂന്നുഘട്ട പ്രചാരണം സ്മൃതി ഇറാനി നടത്തി കഴിഞ്ഞു. ആ സമയത്താണ് സ്ഥാനാർത്ഥിയെ പോലും പ്രഖ്യാപിക്കാതെ കോൺഗ്രസ് അനിശ്ചിതത്വത്തിൽ നിൽക്കുന്നത്. ഹിന്ദി ഹൃദയ ഭൂമിയെ കൈവിട്ട് പേടിച്ചരണ്ട് രാഹുലും കൂട്ടരും ദക്ഷിണേന്ത്യയിലേക്ക് പോകുന്നുവെന്ന പ്രചാരണവും ബിജെപി ശക്തമാക്കുന്നുണ്ട്. അങ്ങനെയൊരു പ്രചാരണം സംസ്ഥാനത്ത് പാർട്ടിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നുള്ള വിലയിരുത്തലുണ്ട്.

അമേഠിയിലെയും റായ്ബെറേലിയിലെയും നിലവിലെ ട്രെൻഡ്

വിലക്കയറ്റമടക്കം സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങളാണ് ഇക്കുറി കോൺഗ്രസ് സംസ്ഥാനത്ത് പ്രചാരണായുധമാക്കുന്നത്. വികസന പൊടിക്കൈകൾ വിതറി ഹിന്ദുത്വ രാഷ്ട്രീയം നടപ്പാക്കുന്ന ബിജെപിയെ എതിർക്കാൻ ഈ പ്രചാരണങ്ങൾക്ക് കഴിയുമോ എന്ന് കണ്ടറിയണം. എന്നിരുന്നാലും യുപിയിലെ മറ്റ് 78 മണ്ഡലങ്ങളില്ലാത്ത ഒരു കോൺഗ്രസ് പാരമ്പര്യം ഈ രണ്ടുമണ്ഡലങ്ങൾക്കുണ്ട്. അമേഠിയിൽ വിലകയറ്റമടക്കുള്ള വിഷയങ്ങളിൽ സ്മൃതി ഇറാനിക്കെതിരെ ജനവിരുദ്ധ വികാരമുണ്ട്. അധികാരത്തിലെത്തിയാൽ പഞ്ചസാരയുടെ വില 13 രൂപയാക്കുമെന്ന് പറഞ്ഞിടത്ത് നിന്നും നിലവിൽ വില 45 രൂപയാണ്. ഇത്തരം വിഷയങ്ങളിലേക്ക് ശ്രദ്ധ കൊണ്ടുവരാൻ പറ്റുന്ന നേതാവാണ് രാഹുൽ ഗാന്ധി. അങ്ങനെയൊരു ക്യാമ്പയിൻ കൊണ്ടുവരാൻ കഴിഞ്ഞാൽ അമേഠിക്കപ്പുറം സംസ്ഥാനമൊട്ടാകെ വോട്ട് വിഹിതം കൂട്ടാനെങ്കിലും കോൺഗ്രസിന് കഴിയും. ഈ കഴിഞ്ഞ ഭാരത് ജോഡോ ന്യായ യാത്രയിൽ രാഹുൽ ഗാന്ധിയെത്തിയപ്പോൾ അമേഠിയിൽ വൻ ജനപങ്കാളിത്തമാണുണ്ടായിരുന്നത്.

അമേഠിയുടെ ചരിത്രത്തിൽ മൂന്നു തവണ മാത്രമാണ് കോൺഗ്രസ് പരാജയപ്പെട്ടിട്ടുള്ളത്. 1977 ൽ ജനതാപാർട്ടിയുടെ രവീന്ദ്ര പ്രതാപ് സിങ്ങും 1998 ൽ ബിജെപിയുടെ സഞ്ജയ് സിങ്ങും ഏറ്റവുമൊടുവിൽ കഴിഞ്ഞ തവണ സ്മൃതി ഇറാനിയും കോൺഗ്രസിനെ തോൽപ്പിച്ചു .

2004 മുതൽ റായ്ബെറേലിയിൽ സോണിയ ഗാന്ധിയായിരുന്നു വിജയിച്ചിരുന്നത്. സോണിയ ഗാന്ധിക്ക് മുമ്പ് ഇന്ദിരാഗാന്ധിയും അവർക്ക് മുമ്പ് അവരുടെ ഭർത്താവായ ഫിറോസ് ഗാന്ധിയും മത്സരിച്ചു വിജയിച്ച മണ്ഡലം കോൺഗ്രസിന്റെ വൈകാരിക വിഷയം കൂടിയാണ്. അത് കൊണ്ടുതന്നെയാണ് ആരോഗ്യ കാരണങ്ങളാൽ ഇത്തവണ വിട്ടുനിൽക്കുന്ന സോണിയ ഗാന്ധിക്ക് പകരം പ്രിയങ്ക ഗാന്ധി തന്നെ മത്സരിക്കണമെന്ന് പ്രാദേശിക നേതൃത്വം പറയുന്നത്. രാഹുൽ ഗാന്ധി വയനാട്ടിലേക്ക് കൂടുമാറിയപ്പോൾ ഉത്തരേന്ത്യയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രിയങ്കയുടെ നിറഞ്ഞ സാന്നിധ്യമുണ്ടായിരുന്നു. ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലടക്കം അത് അനുകൂലമായ ഫലമുണ്ടാക്കിയിരുന്നു.

രണ്ട് സീറ്റിനപ്പുറം കോൺഗ്രസിന്റെ ഉത്തരേന്ത്യയിലെ , പ്രത്യേകിച്ച് യുപിയിലെ ഭാവി നിർണ്ണയിക്കുന്ന തിരഞ്ഞെടുപ്പാവും ഇത്തവണ. 80 സീറ്റുകളിൽ 17 സീറ്റുകളിൽ മാത്രമാണ് ഇത്തവണ യുപിയിൽ കോൺഗ്രസ് മത്സരിക്കുന്നത്. ബാക്കിയുള്ള മണ്ഡലങ്ങളിലെല്ലാം മത്സരിക്കുന്നത് സഖ്യത്തിലെ അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടിയും മറ്റ് പ്രാദേശിക കക്ഷികളും കൂടി ചേർന്നാണ്. ഭൂരിപക്ഷം നേടാനുള്ള കേവല ഭൂരിപക്ഷമായ 272 സീറ്റിനപ്പുറം അമേഠിയും റായ്ബെറേലിയും കോൺഗ്രസിന്റെ യുപിയിലെ അവസാന തുരുത്താണ്. അതും കൂടി നഷ്ടപ്പെട്ടാൽ ഒരു തിരിച്ചുവരവ് കോൺഗ്രസിന് യുപിയിൽ ഉടൻ സാധ്യമാകണമെന്നില്ല.

നിലവിൽ ഒമ്പത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച കോൺഗ്രസ് ഹോളിക്ക് ശേഷം ബാക്കി എട്ടു സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിക്കുമെന്നാണ് സംസ്ഥാന അധ്യക്ഷന് അജയ് റായ് കഴിഞ്ഞ ദിവസം പറഞ്ഞത്. വാരണാസിയിൽ മോഡിക്കെതിരെ അജയ് റായ് കോൺഗ്രസിന് വേണ്ടി പോരാട്ടത്തിനിറങ്ങും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us