മരുഭൂമിയിൽ അയാൾ ലൈംഗികദാരിദ്ര്യം അനുഭവിച്ചിരുന്നെന്ന് പറയാന് എന്തിനാണ് ഒരു എഴുത്തുകാരൻ!

കണ്ണെത്താദൂരത്തോളം മണല് പരപ്പും, കുറച്ച് ആടുകളും മാത്രമുള്ള ആ മരുഭൂമിയില് അയാള് കനത്ത ഏകാന്തതയും വിശപ്പും ലൈംഗിക ദാരിദ്ര്യവും അനുഭവിച്ചിരുന്നു എന്ന് പറയുന്നതിന് എന്തിനാണ് ഒരു എഴുത്തുകാരന്? ഇവിടെയാണ് ബെന്യാമിന് എഴുത്തുകാരനാകുന്നത്. ആടുജീവിതം നോവലുമാകുന്നത്.

റിന്‍റുജ ജോണ്‍
3 min read|02 Apr 2024, 03:09 pm
dot image

ജീവിതം, അത് ജീവിച്ചവന്റെ മാത്രമാണ്. ബെന്യാമിന് എഴുതിയ പോലെ നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകളാണ്. അതിനുമപ്പുറം നാം അനുഭവിച്ചതൊക്കെയും സാഹചര്യം മാറുമ്പോൾ നമ്മെ സംബന്ധിച്ചും ഒരു കഥയായി മാറാം. അനുഭവങ്ങളെല്ലാം മനുഷ്യന്റെ ഓർമകളിൽ സൂക്ഷിക്കപ്പെടുന്നത് ഒരു കഥയായിട്ടായിരിക്കുമെന്ന് തോന്നിയിട്ടുണ്ട്. എത്രമേൽ തീവ്രമെങ്കിലും, എത്രമേൽ സന്തോഷകരമെങ്കിലും സങ്കടകരമെങ്കിലും നിസംഗമെങ്കിലും അത് അങ്ങനെതന്നെയാണ്. പിന്നിട്ട വഴികൾ മറ്റൊരാളുമായി പങ്കുവെക്കേണ്ടി വരുന്ന നിമിഷങ്ങളിലെല്ലാം ഏത് മനുഷ്യനും ഒരു കഥാകാരനാകുന്നു. ആ കഥ പറയുമ്പോൾ തീർച്ചയായും അയാൾ ഒരു എഡിറ്ററുമാകുന്നു. ഒളിപ്പിക്കേണ്ടവ ഭംഗിയായി ഒളിപ്പിക്കുകയും പൊലിപ്പിക്കേണ്ടവ പൊലിപ്പിക്കുകയും ചെയ്യുന്നു. ആരോടാണ് തന്റെ ജീവിതം പറയുന്നത്, അയാളുമായുള്ള അടുപ്പം, പറയേണ്ടി വന്ന സാഹചര്യം ഇതെല്ലാം വെച്ച് എഡിറ്റ് ചെയ്യപ്പെട്ട ഒരു അനുഭവം ആയിരിക്കില്ലേ ഇന്നോളം നമ്മൾ പറഞ്ഞിട്ടുണ്ടാവുക, കേട്ടിട്ടുണ്ടാവുക. ഈ കഥ പറച്ചിലിനിടയിൽ തന്നെ നമുക്ക് പരിചയമുള്ള പലരും നല്ലവരും വില്ലൻമാരും ആയി രൂപം മാറുന്നു. ഇന്നുവരെ പറയപ്പെട്ടിട്ടുള്ളതും കേൾക്കപ്പെട്ടിട്ടുള്ളതുമായ എല്ലാ അനുഭവങ്ങളും ഇങ്ങനെ തന്നെയാവില്ലേ?

ഷൂക്കൂർ അനുഭവിച്ചത്, നജീബ് പറഞ്ഞത്

അനുഭവങ്ങളിൽ ഭാവനയും ഭാഷയും കലർത്താനറിയുന്നവർ എഴുത്തുകാരനാകുന്നു. അത് പുസ്തകമാവുകയും വായിക്കപ്പടുകയും ചെയ്യുന്നു. സുഹൃത്ത് സുനില് പറഞ്ഞറിഞ്ഞാണ് ബെന്യാമിൻ എന്ന എഴുത്തുകാരന് ഷുക്കൂറിനെ കാണാന് പോകുന്നത്. മുന്പരിചയങ്ങളൊന്നുമില്ലാത്ത ഒരാളോട് തനിക്ക് താണ്ടേണ്ടി വന്ന ജീവിതത്തിലെ ഏറ്റവും വലിയൊരു ദുരിതപർവം എങ്ങനെയാവും മറ്റൊരാള് പങ്കുവയ്ക്കുക. ആടുജീവിതത്തിന്റെ ആമുഖത്തില് തന്നെ ബെന്യാമിന് അത് പറയുന്നുണ്ട്. 'ഓ അതൊക്കെ പണ്ട് കഴിഞ്ഞതല്ലേ...' എന്നായിരുന്നു നജീബിന്റെ മറുപടി. അതേ, പണ്ട് കഴിഞ്ഞ ഒരു കഥ, ഒരു പക്ഷേ അയാൾ ഓർക്കാൻ പോലും ആഗ്രഹിക്കാത്തത്. അത്രമേൽ പരിചിതനല്ലാതിരുന്ന മറ്റൊരാളുമായി ഈ അനുഭവങ്ങള് എങ്ങനെയാവും പങ്കുവെച്ചിട്ടുണ്ടാവുക? ഇവിടെ നജീബ് ആണ് കഥ പറയുന്നയാൾ. കേൾക്കുന്നയാൾ ബെന്യാമിനും. എത്രമേൽ ആ അനുഭവങ്ങളെ നജീബ് മനസ്സിലിട്ട് എഡിറ്റ് ചെയ്തിട്ടുണ്ടാവും? എന്തൊക്കെ ആയാൾ മറന്നു പോയതുണ്ടാവും? മനപൂർവം വിട്ടു കളഞ്ഞതുണ്ടാവും? പറയുന്നയാളും കേൾക്കുന്നയാളും തമ്മിലുള്ള അടുപ്പം കൂടുന്നതിന് അനുസരിച്ച് എവിടെയൊക്കെ അയാൾ വികാരാധീനനായിട്ടുണ്ടാവും? ഒന്നും പറയാനാവാതെ നിസംഗനായിട്ടുണ്ടാവും?. തീർച്ചയായും നജീബ് പറഞ്ഞതോ ബെന്യാമിൻ കേട്ടതോ നജീബ് എന്ന ഷുക്കൂറിന്റെ പൂർണ അനുഭവം ആവാൻ തരമില്ല.

തന്നതില്ല പരനുള്ളുകാട്ടുവാന്

ഒന്നുമേ നരനുപായമീശ്വരന്

ഇന്നു ഭാഷയതപൂര്ണ്ണമിങ്ങഹോ,

വന്നുപോം പിഴയുമര്ത്ഥശങ്കയാല്

നളിനി, കുമാരനാശാൻ

ബെന്യാമിൻ കേട്ടതും, എഴുതിയതും

ഓറഞ്ചു നീരിൽ ഹിമക്കട്ട ചാലിച്ച്

നീ പകരും ശീതതീഷ്ണമാം വോഡ്കയിൽ

ഇറ്റുകഞ്ഞിതെളിപോലുമില്ലാതെ

വയറ്റിലെ ചോരപുകഞ്ഞ് ഞാൻ താണ്ടിയ

കഷ്ടകാണ്ഡത്തിൻ കടുംകറ മായുമോ?

സഹശയനം - ബാലചന്ദ്രന് ചുള്ളിക്കാട്

ജീവിതത്തിന്റെ നല്ലതും ചീത്തയുമായ എന്തിനെയും ഒരു വ്യക്തിക്ക് അനുഭവിക്കാന് കഴിയുക അതുവരെയുള്ള അവന്റെ അനുഭവ പരിസരത്ത് നിന്നുകൊണ്ടാവും. പ്രണയിനിയോടൊപ്പമുള്ള നല്ലനിമിഷങ്ങളിൽ പോലും തികട്ടിവരുന്ന കഴിഞ്ഞകാലത്തിന്റെ ഓർമകളെകുറിച്ച് ബാലചന്ദ്രന് ചുള്ളിക്കാട് എഴുതിയിട്ടുണ്ട്. ഏത് കഥയും ഒരാൾ കേൾക്കുന്നത്, ഏത് പുസ്തകവും ഒരാൾ വായിക്കുന്നത്, ഏത് സിനിമയും ഒരാൾ കാണുന്നത് അവനവന്റെ കൂടി ജീവിത പരിസരത്തു നിന്നുകൊണ്ടാണ്. ജീവിതത്തിൽ ഒരിക്കൽ പോലും പട്ടിണികിടക്കേണ്ടി വന്നിട്ടില്ലാത്ത ഒരാളെ വയറിന്റെ കത്തലിനെ കുറിച്ച് എത്രത്തോളം പറഞ്ഞു മനസിലാക്കാന് കഴിയും? നജീബിന്റെ ജീവിതം ബെന്യാമിൻ ജീവിച്ചതല്ല, കേട്ടറിഞ്ഞതാണ്. നജീബ് പറഞ്ഞതിനും ബെന്യാമിൻ ഗ്രഹിച്ചതിനും ഇടയിലും നേരിയ വ്യത്യാസമുണ്ടാകുമെന്നുറപ്പ്. നജീബിന്റെ അനുഭവം കേട്ടതിനു ശേഷമുള്ള ബെന്യാമിനും മറ്റൊരാളാണ്. അയാളുടെ അനുഭവ പരിസരങ്ങളില് നജീബ് കൂടിച്ചേർന്നുകഴിഞ്ഞു.

അടുത്ത ഘട്ടത്തില് ഷുക്കൂറിന്റെ അനുഭവം നജീബിന്റെ കഥയായി ബെന്യാമിന് മാറ്റുന്നു. അവിടെ ബെന്യാമിന് എഴുത്തുകാരനാകുന്നു. നജീബില് ബെന്യാമിനും കലരുന്നു. നജീബ് പറഞ്ഞതു മാത്രമായിരിക്കില്ല, പലരും പറഞ്ഞതും, പല ഇടങ്ങളില് നിന്ന് കേട്ടതും, പലരുടെ അനുഭവങ്ങളും സ്വന്തം അനുഭവങ്ങളും, മരുഭൂമിയെക്കുറിച്ച് വായിച്ചറിഞ്ഞതുമെല്ലാം തീർച്ചയായും ആ എഴുത്തില് കലരുമെന്ന് ഉറപ്പ്. പ്രവാസജീവിതത്തിന്റെ അനുഭവം എഴുത്തുകാരനുമുണ്ട്. നജീബ് റിയാദിൽ കാലുകുത്തുന്ന ദിവസമായി നോവലിൽ പറയുന്ന 1992 ഏപ്രിൽ 4-നു തന്നെയാണ് താൻ പ്രവാസജീവിതത്തിലേയ്ക്കു തിരിച്ചതെന്ന് ബെന്യാമിൻ പറഞ്ഞിട്ടുണ്ട്. നജീബിനെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ അയാൾ കൂട്ടുകാരുമായി കമ്മ്യൂണിസം ചർച്ച ചെയ്യുകയായിരുന്നു, അതിന്റെ അടിസ്ഥാനത്തിൽ നോവലിലെ മുഖ്യകഥാപാത്രത്തെ വേണമെങ്കിൽ യുക്തിവാദി ആയി ചിത്രീകരിക്കാമായിരുന്നെന്നും എന്നാൽ ജീവിതത്തിന്റെ നിർണ്ണായകനിമിഷങ്ങളിൽ വിശ്വാസത്തിന്റെ കൂട്ടുപിടിക്കുന്നവനായാണ് താൻ അയാളെ ചിത്രീകരിച്ചതെന്നും ബെന്യാമിൻ പറഞ്ഞിട്ടുണ്ട്.

കണ്ണെത്താദൂരത്തോളം മണല് പരപ്പും, കുറച്ച് ആടുകളും മാത്രമുള്ള ആ മരുഭൂമിയില് അയാള് കനത്ത ഏകാന്തതയും വിശപ്പും ലൈംഗിക ദാരിദ്ര്യവും അനുഭവിച്ചിരുന്നു എന്ന് എഴുതുന്നതിന് എന്തിനാണ് ഒരു എഴുത്തുകാരന്? ഇവിടെയാണ് ബെന്യാമിന് എഴുത്തുകാരനാകുന്നത്. ആടുജീവിതം നോവലുമാകുന്നത്. നോവലിലെ നജീബ് എന്ന കഥാപാത്രം അനുഭവിച്ച ഏകാന്തതയും, പട്ടിണിയും എങ്ങനെയാണോ ആളുകളിലേയ്ക്ക് കമ്യൂണിക്കേറ്റ് ചെയ്യപ്പെട്ടത് അതേ തീവ്രതയില് അയാള് അനുഭവിക്കാന് സാധ്യതയുണ്ടായിരുന്ന ലൈംഗിക അരക്ഷിതാവസ്ഥയും കമ്യൂണിക്കേറ്റ് ചെയ്യപ്പെടുന്നു. അതിനെ കഥപറയാനായി എഴുത്തുകാരന് സ്വീകരിച്ച ക്രാഫ്റ്റായി തന്നെ കാണേണ്ടതുണ്ട്. അതിനെയും ഷുക്കൂർ ബെന്യാമിനുമായി പങ്കുവെച്ച ഒരു അനുഭവമായി വായിക്കാന് മാത്രം നിഷ്കളങ്കരാണോ മലയാളി വായനക്കാർ? എങ്കിൽ ആ നിഷ്കളങ്കത പ്രശ്നം തന്നെയാണ്.

ബ്ലെസി വായിച്ചത്, കാഴ്ചയിലേയ്ക്ക് പകർത്തിയത്

നജീബിന്റെ അനുഭങ്ങളിൽ ബെന്യാമിന്റെ ഭാവനകൾ കൂടി കലർന്നതാണ് ആടുജീവിതം എന്ന നോവൽ. സിനിമകളുടേതും കാഴ്ചകളുടേതുമായ തന്റെ അനുഭവപരിസരത്തു നിന്നാണ് ബ്ലെസി ഈ നോവൽ വായിക്കുന്നത്. നോവൽ അല്ല സിനിമ. അതിന്റെ സങ്കേതം മറ്റൊന്നാണ്. സിനിമയ്ക്കായി നോവലിൽ നിന്ന് നജീബിന്റെ കഥയെ പിന്നെയും പൊളിച്ചെഴുതേണ്ടതുണ്ട്. വാക്കുകളുടെ സാധ്യതകളെകാൾ ദൃശ്യങ്ങളുടെ സാധ്യതകളെ കണ്ടെത്തേണ്ടതുണ്ട്. രണ്ടര മണിക്കൂർ കാഴ്ചയിലേയ്ക്ക് ആത്മാവ് ചോരാതെ വർഷങ്ങളുടെ കഥയെ ചുരുക്കേണ്ടതുണ്ട്. പല രംഗങ്ങളും പൊലിപ്പിക്കുകയും പല രംഗങ്ങളും ഒഴിവാക്കുകയും ചെയ്യേണ്ടതുണ്ട്. നോവൽ എഴുതാൻ നജീബിന്റെ കഥ എഴുത്തുകാരൻ മാത്രം മനസിലാക്കിയാൽ മതിയായിരുന്നെങ്കിൽ, സിനിമയ്ക്കു മുൻപ് വലിയൊരു ക്രൂ നജീബിന്റെ കഥ ഉൾകൊള്ളേണ്ടതുണ്ട്. ഇതിനെല്ലാം ഒപ്പം സാങ്കേതികമായ സാധ്യതകളും ചേരേണ്ടതുണ്ട്. അതിനാൽ തന്നെ നജീബിന്റെ ആത്മകഥയല്ല ബെന്യാമിന്റെ ആടുജീവിതം, ബെന്യാമിന്റെ നോവലല്ല ബ്ലെസിയുടെ സിനിമ. നോവലും സിനിമയും തന്റെ അനുഭവങ്ങളും എന്തെന്ന് ഷുക്കൂർ എന്ന നജീബിന് സംശയമില്ലാത്തിടത്തോളം കാലം ഇപ്പോൾ നടക്കുന്ന ചർച്ചകളൊക്കെയും ചായകോപ്പയിലെ കൊടുങ്കാറ്റ് പോലെ അവസാനിച്ചുകൊള്ളും.

dot image
To advertise here,contact us
dot image