ടി എൻ ശേഷനെ പോലെ ഒരു തിരഞ്ഞെടുപ്പ് കമ്മീഷണർ ഇപ്പോഴില്ലാതെ പോയി,നിർഭാഗ്യമെന്നല്ലാതെ എന്ത് പറയാൻ!

ഇന്ത്യയുടെ ചരിത്രത്തിൽ നടക്കുന്ന ഏറ്റവും അസന്തുലിതമായ തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്

dot image

രാജ്യത്തെ മുസ്ലിംകൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അങ്ങേയറ്റം വിദ്വേഷവും വെറുപ്പും നിറഞ്ഞ പ്രസ്താവനയാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് ചർച്ചയാകുന്നത്. കടന്നുകയറ്റക്കാര്ക്കും കൂടുതല് കുട്ടികള് ഉള്ളവര്ക്കും നിങ്ങളുടെ സ്വത്ത് നൽകുന്നത് അംഗീകരിക്കാനാവുമോ എന്നാണ് രാജസ്ഥാനിലെ റാലിയിൽ നരേന്ദ്രമോദി ചോദിച്ചത്. മുസ്ലിംകളെ ഉന്നമിട്ടായിരുന്നു നരേന്ദ്രമോദിയുടെ പ്രസ്താവന. കോൺഗ്രസ് മുസ്ലിംകൾക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്നും അത് തടയാൻ ബിജെപിക്ക് വോട്ട് ചെയ്യണമെന്നുമുള്ള മോദിയുടെ പ്രസ്താവന പ്രത്യക്ഷത്തിൽ തന്നെ അങ്ങേയറ്റം വർഗീയവും ജനാധിപത്യ വിരുദ്ധവുമാണ്.

കഴിഞ്ഞ തവണ പുൽവാമയിലെ രാജ്യസ്നേഹ കാർഡിറക്കിയ മോദിയും ബിജെപിയും ഇത്തവണ കേന്ദ്രം പിടിക്കാൻ അവസാന അടവായി ഇറക്കുന്നത് വർഗീയ കാർഡാണ്. നിർഭാഗ്യവശാൽ അതിന് തടയിടാൻ നമ്മുടെ തിരഞ്ഞെടുപ്പ് സംവിധാനങ്ങൾക്കോ കമ്മീഷനോ സാധിക്കുന്നില്ല. ഇന്ത്യയുടെ ചരിത്രത്തിൽ നടക്കുന്ന ഏറ്റവും അസന്തുലിതമായ തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത് എന്ന് പറഞ്ഞുവെക്കാൻ കാരണവും അതാണ്. പണാധിപത്യത്തിലും അധികാര ആധിപത്യത്തിലും ഏറെ മുന്നിലുള്ള രാജ്യം ഭരിക്കുന്ന പാർട്ടി ഒരു ഭാഗത്തും പല രീതിയിൽ ബലഹീനതയുള്ള കോൺഗ്രസും മറ്റുപാർട്ടികളും മറുഭാഗത്തും അണിനിരക്കുമ്പോൾ നീതിപൂർവ്വമായ തിരഞ്ഞെടുപ്പ് നടക്കുമെന്ന് കരുതാൻ തത്കാലം വയ്യ.

ലോകത്ത് ഏറ്റവും വലിയ ജനാധിപത്യ വ്യവസ്ഥ കൊണ്ടാടുന്നുവെന്ന് പറയപ്പെടുന്ന രാജ്യത്ത് തിരഞ്ഞെടുപ്പ് സംവിധാനം ഒരു പാർട്ടിയുടെ ഹിതത്തിന് വഴങ്ങി കൊടുക്കുമ്പോൾ തിരിച്ചു വരണമെന്ന് ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾ ആഗ്രഹിക്കുന്ന ഒരു വ്യക്തിയുണ്ട്, മലയാളിയായ ടി എൻ ശേഷൻ! സ്വതന്ത്രവും നിക്ഷപക്ഷവുമായ തിരഞ്ഞെടുപ്പ് നടത്താൻ ഏതറ്റം വരെയും പോവാൻ തയ്യാറായിരുന്ന, ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയകളെ ഉടച്ചു വാർത്ത ആ മനുഷ്യനെ ഓർക്കാതെ ഈ തിരഞ്ഞെടുപ്പ് കാലം പൂർണ്ണമാവില്ല. ടി എൻ ശേഷനെ പോലെയുള്ളവർ ഒരിക്കൽ മാത്രം സംഭവിക്കുന്നതാണ് എന്ന് സുപ്രീം കോടതി തന്നെ പറഞ്ഞതാണ്.

2022 നവംബറില് തിരഞ്ഞെടുപ്പ് കമ്മിഷണര്മാരുടെ നിയമന സംവിധാനം പരിഷ്കരിക്കണമെന്ന ഹര്ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് 'ടിഎന് ശേഷനെ പോലുള്ളവര് ഒരിക്കല് മാത്രം സംഭവിക്കുന്നതാണ്' എന്ന പരാമര്ശവുമുണ്ടാവുന്നത്. പിന്നാലെ, കേന്ദ്രം തിരഞ്ഞെടുപ്പ് കമ്മിഷന് നിയമന നിയമം പരിഷ്കരിക്കുകയും ചെയ്തു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ തിരഞ്ഞെടുക്കുന്ന പാനലില്നിന്ന് സുപ്രീകോടതി ചീഫ് ജസ്റ്റിസ് പുറത്തായി. പകരം, കേന്ദ്രമന്ത്രി ഇടംപിടിച്ചു. ശേഷം നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പാണ് ഇത്. കേന്ദ്രത്തിന്റെ ഈ നീക്കത്തിന് എതിരെ ശക്തമായ പ്രതിരോധം തീർത്ത വ്യക്തിയായിരുന്നു മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ ഓഫീസർ കൂടിയായിരുന്ന ടി എൻ ശേഷൻ.

1990ലാണ് ടിഎൻ ശേഷൻ രാജ്യത്തിന്റെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായി ചുമതലയേൽക്കുന്നത്. രാജ്യം ഭരിക്കുന്ന സർക്കാരിന്റെ കയ്യിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ മോചിപ്പിച്ചത് ശേഷനായിരുന്നു. തിരഞ്ഞെടുപ്പ് ഏത് രീതിയിലാണ് നടത്തേണ്ടത് എന്ന കൃത്യമായ ബോധ്യം ശേഷനുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് സുതാര്യമാകേണ്ടതിന്റെ ആവശ്യകത രാജ്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിലും ശേഷൻ വിജയിച്ചു. അത് വരെ നടന്ന തിരഞ്ഞെടുപ്പുകളിൽ നടന്ന നൂറ്റി അമ്പതോളം പിഴവുകൾ ഉദാഹരണ സഹിതം വ്യക്തമാക്കി അതിനെ മറികടക്കാനുള്ള മാർഗനിർദേശങ്ങളും തയ്യാറാക്കി കേന്ദ്രസർക്കാരിന് സമർപ്പിച്ചായിരുന്നു ശേഷന്റെ തുടക്കം. എന്നാൽ ചന്ദ്രശേഖർ പ്രധാനമന്ത്രിയായിരുന്ന കേന്ദ്രസർക്കാർ ആ മാർഗ നിർദേശങ്ങളെല്ലാം തള്ളി.

പക്ഷേ, തുടർന്ന് ഒമ്പത് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ശേഷൻ സ്വന്തം അധികാരമുപയോഗിച്ച് പരിഷ്കാരങ്ങൾ നടത്തി. രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും സ്ഥാനാർഥികൾക്കും മാതൃകാ ചട്ടങ്ങളുണ്ടാക്കി. വോട്ടർപട്ടികയിലെ ക്രമക്കേടുകളും ബൂത്ത് പിടിത്തവും നിയമാനുസൃതമല്ലാതെ പണം ചെലവാക്കപ്പെട്ടതും പിടിക്കപ്പെട്ടു. ഏകദേശം ആയിരത്തോളം കേസുകൾ ഈ ഒമ്പത് സംസ്ഥാനങ്ങളിൽ നിന്നുമായി റിപ്പോർട്ട് ചെയ്തു. അത് വരെ ചരിത്രത്തിലില്ലാത്ത അച്ചടക്കത്തോടെ ആ തിരഞ്ഞെടുപ്പുകൾ നടന്നു. തിരഞ്ഞെടുപ്പ് ഫലത്തിലും ആ മാറ്റം പ്രതിഫലിച്ചിരുന്നു. അതോടെ ടി എൻ ശേഷൻ ശ്രദ്ധിക്കപ്പെട്ടു. അന്നത്തെ പ്രധാനമാധ്യമങ്ങളെല്ലാം ശേഷന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചു. ലോകം മാതൃകയാക്കേണ്ട തിരിഞ്ഞെടുപ്പ് മാതൃകയെന്ന് അന്ന് വിദേശമാധ്യമങ്ങളും വാർത്തയെഴുതി.

ആ ഒമ്പത് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തിയതിന് ശേഷം ശേഷൻ നടത്തിയ വിപ്ലവകരമായ മറ്റൊരു ചുവടുവെപ്പായിരുന്നു പതിനെട്ട് വയസ്സ് കഴിഞ്ഞു വോട്ടവകാശമുള്ള എല്ലാവർക്കും വോട്ടർ ഐഡി ലഭ്യമാക്കുക എന്നത്. അത് വരെയുള്ള തിരഞ്ഞെടുപ്പുകളിൽ വോട്ടർ ഐഡിക്ക് പകരം വയസ്സ് തെളിയിക്കുന്ന താത്കാലിക രേഖയായിരുന്നു വോട്ടിങ്ങിന് ഉപയോഗിച്ചിരുന്നത്. വ്യാപക ക്രമക്കേടുകൾ ചൂണ്ടി കാട്ടി ശേഷൻ വോട്ടർ ഐഡി സംവിധാനം അവതരിപ്പിച്ചു. തിരഞ്ഞെടുപ്പ് എങ്ങനെ എപ്പോൾ നടത്തണമെന്ന് കേന്ദ്രസർക്കാരിന് പകരം തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. 1950ല് ആദ്യ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായ സുകുമാര് സെന് മുതല് മുന്ഗാമികൾക്കൊന്നും കൊണ്ടുവരാൻ പറ്റാത്ത ഒരു വിവേചനാധികാരം കൊണ്ട് വരാൻ ശേഷന് കഴിഞ്ഞു. ഭരണകൂടത്തെ വരച്ച വരയിൽ നിർത്തിയ ശേഷനെ പൊതുജനം ഏറ്റടുത്തു. ഒരു പരിധിക്കപ്പുറം ശേഷനെ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ധൈര്യപ്പെട്ടില്ല. അയോഗ്യതയടക്കമുള്ള ചട്ടങ്ങൾ കൊണ്ടുവന്ന് രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും മേൽ എപ്പോഴും പ്രതിരോധത്തിന്റെ മതിൽ തീർക്കാൻ ശേഷന് കഴിഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പും ലോക്സഭാ തിരഞ്ഞെടുപ്പും കഴിഞ്ഞു രാജ്യസഭ തിരഞ്ഞെടുപ്പിലും ശേഷൻ ശുദ്ധികലശം തുടങ്ങി. അന്നത്തെ നിയമമനുസരിച്ച് സംസ്ഥാനത്ത് സ്ഥിരം താമസിക്കുന്നവർക്ക് മാത്രമേ ആ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് രാജ്യസഭയിൽ എത്താനാകൂ ,വലിയ രീതിയിൽ ഇത് ലംഘിക്കപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയ ശേഷൻ എല്ലാവർക്കും നോട്ടീസ് അയച്ചു. അസമിൽ സ്ഥിര താമസമില്ലെങ്കിലും അസമിൽ നിന്ന് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട് പ്രധാനമന്ത്രിയായ മൻമോഹൻ സിങ്ങിനും കിട്ടി അന്ന് നോട്ടീസ്. രാജ്യത്തെ ഒരു പ്രധാനമന്ത്രിക്ക് വരെ നോട്ടീസ് അയക്കാൻ മാത്രം തിരഞ്ഞെടുപ്പ് കമ്മീഷനെ ശക്തമാക്കിയാണ് 1996ൽ ശേഷൻ വിരമിക്കുന്നത്. ശേഷം കോൺഗ്രസ് ഈ നിയമം പാർലമെന്റ് ഭേദഗതിയിലൂടെ മറികടന്നു. ശേഷന് ശേഷം വന്നവരും ഭരണകൂടത്തിന് വഴങ്ങാതെ കർശന നിലപാടാണ് തിരഞ്ഞെടുപ്പ് വിഷയത്തിൽ എടുത്തിരുന്നത്. രണ്ട് തവണയായി വന്ന യുപിഎ കാലത്തും ഒരു പരിധി വരെ അത് അങ്ങനെ തന്നെയായിരുന്നു. ശേഷൻ ഒരുക്കി വെച്ച ശക്തമായ നിലമാണ് അതിന് സഹായകമായിരുന്നത്.

രാജ്യത്തെ എല്ലാ അധികാരങ്ങളിലും കസേരയുറപ്പിച്ച മോദിസർക്കാറിന് അവസാനമായി വെല്ലുവിളിയുണ്ടായിരുന്നത് ഈ തിരഞ്ഞെടുപ്പ് കമ്മീഷനായിരുന്നു. അത് കൊണ്ട് തന്നെ പാർലമെന്റിലെ മൃഗീയ ആധിപത്യം കൊണ്ടും ലോ ആൻഡ് ഓർഡറിലെ ബ്യുറോക്രസി ഉപയോഗിച്ചും ശേഷന്റെ തിരഞ്ഞെടുപ്പ് കമ്മീഷനെ അവർ പൊളിച്ചെഴുതി. നേരത്തെ പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ് എന്നിവര് ചേര്ന്നതായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷനെ നിയോഗിക്കാനുള്ള സമിതി. അതില് നിന്ന് സുപ്രീം കോടതി ജസ്റ്റിസിനെ മാറ്റി കേന്ദ്രമന്ത്രിയെ ആക്കി. ഫലത്തിൽ ഇത് രണ്ടേ ഒന്നിന്റെ ഭൂരിപക്ഷം കേന്ദ്രസർക്കാരിന് നൽകി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ട് മുമ്പ് കേന്ദ്രം പ്രഖ്യാപിച്ച ഈ സമിതിലെ രണ്ട് പേരും പ്രത്യക്ഷത്തിൽ തന്നെ ബിജെപി അനുഭാവം ഉള്ളവരായിരുന്നു. രാമ ക്ഷേത്ര ട്രസ്റ്റിലുണ്ടായിരുന്ന ഗ്യാനേഷ് കുമാറും ഉത്തരാഖണ്ഡിലെ വിവാദമായ ഏക സിവിൽ കോഡിന്റെ ഉപജ്ഞാതാവായിരുന്ന സുഖ്ഭീര് സിംഗുമാണ് സമിതിയിലുള്ളത് എന്നതിൽ അത് കൊണ്ട് തന്നെ ഒട്ടും അത്ഭുതമില്ലായിരുന്നു.

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കക്ഷികൾ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയും ഇപ്പോൾ നരേന്ദ്രമോദിയുടെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനയിൽ പ്രതിപക്ഷ കക്ഷികൾ കൊടുത്ത ഹർജിയും സ്വീകരിക്കുക പോലും ചെയ്യാത്തത് ആ ബിജെപി അനുഭാവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ്. 2019 ൽ പുൽവാമയിൽ കൊല്ലപ്പെട്ട സൈനികർക്ക് വേണ്ടി ബിജെപിക്ക് വോട്ട് ചെയ്യണമെന്ന നരേന്ദ്രമോദിയുടെ പ്രസ്താവന തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പിലെത്തിയപ്പോൾ ഉണ്ടായതും സമാന കാര്യമായിരുന്നു. അന്ന് തിരഞ്ഞെടുപ്പ് കമ്മീഷനിലെ മൂന്ന് അംഗങ്ങളിൽ രണ്ട് പേർ മോദിയെ പിന്തുണച്ചപ്പോൾ മോദി ചട്ട ലംഘനം നടത്തിയെന്ന് പറഞ്ഞ അശോക് ലവേസയ്ക്ക് പിന്നീട് സമിതിയിൽ നിന്ന് രാജിവെക്കേണ്ടി വന്നു. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചരിത്രത്തിൽ ആദ്യമായി രാജിവെച്ച അംഗം കൂടിയായി മാറേണ്ടി വന്നു അശോക് ലവേസയ്ക്ക്.

രാജ്യം മറ്റൊരു നിർണ്ണായക തിരഞ്ഞെടുപ്പിലൂടെ കടന്ന് പോകുമ്പോൾ കേന്ദ്രഭരണകൂടത്തിന്റെ ഹിതങ്ങൾക്കപ്പുറമായി ശക്തമായ ഒരു ജനാധിപത്യ അടിത്തറയിലുള്ള നിക്ഷ്പക്ഷവും സുതാര്യവുമായ ഒരു തിരഞ്ഞെടുപ്പ് നടക്കുമെന്ന് കരുതാൻ വയ്യ. ശേഷനെ പോലെ ഉള്ളവരെ തീർച്ചയായും ജനാധിപത്യ വിശ്വാസികൾ മിസ് ചെയ്യുന്നതും അത് കൊണ്ടാണ്. 'എന്താണ് നിയമം,അത് ഞാൻ നടപ്പിലാക്കും, അവിടെ കേന്ദ്രഭരണകൂടവും പ്രതിപക്ഷ കക്ഷികളും തുല്യരാണെ'ന്ന് പറഞ്ഞ ശേഷനെ പോലെ ചങ്കുറപ്പുള്ള , അസാമാന്യ പാടവമുള്ള ഒരു തിരഞ്ഞെടുപ്പ് കമ്മീഷണർ നിർഭാഗ്യവശാൽ ഈ പോരാട്ടത്തിൽ നമ്മുടെ കൂടെ ഇല്ലാതെ പോയി.

കല്പന,സുനിത,സോണിയ; 'നാരീ ശക്തിയില്' വിശ്വാസമര്പ്പിച്ച് ഇന്ഡ്യ മുന്നണി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us