എടാ മോനെ ശാസ്ത്രത്തിൽ വിശ്വസിക്കെടാ, മനുഷ്യന്റെ തലച്ചോറ് പ്രവർത്തിച്ചതാണ് കൊവിഷീൽഡ്

ഗോമൂത്രവും പാത്രം കൊട്ടലും അല്ല ശാസ്ത്രം. ഏത് മോഡേൺ മെഡിസിൻ മരുന്നുകൾക്കാണ് പാർശ്വഫലം ഇല്ലാത്തത്?

പി ആര്‍ പ്രവീണ
2 min read|01 May 2024, 06:29 pm
dot image

എടാ മോനെ ശാസ്ത്രത്തിൽ വിശ്വസിക്കെടാ.. (ഗോമൂത്രവും പാത്രം കൊട്ടലും അല്ല ശാസ്ത്രം) ഏത് മോഡേൺ മെഡിസിൻ മരുന്നുകൾക്കാണ് പാർശ്വഫലം ഇല്ലാത്തത്? ചെറിയൊരു വേദന, തലവേദന, പനി തുടങ്ങി തൊട്ടതിനും പിടിച്ചതിനും കഴിക്കുന്ന പാരസെറ്റമോളിന് അടക്കം ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുതന്നെയാണ് മോഡേൺ മെഡിസിൻ മരുന്നുകളുടെ ആധികാരികതയും. ഒരു പാർശ്വഫലവും ഇല്ലാത്ത ഒരു മോഡേൺ മെഡിസിൻ മരുന്നുമില്ല. എന്നു കരുതി കഴിച്ചാൽ പാർശ്വഫലങ്ങൾ ഉണ്ടാകും എന്നല്ല. പക്ഷേ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട് എന്നുള്ളതാണ്.

അതിനിടയിലാണ് ഇവിടെ കൊവിഷീൽഡ് വാക്സിൻ പാർശ്വഫലങ്ങൾ ഉണ്ടാക്കും എന്നുള്ള മുറവിളി. ആരെങ്കിലും പറഞ്ഞിരുന്നോ വാക്സിന് പാർശ്വഫലങ്ങൾ ഉണ്ടാകില്ല എന്ന്? ഏതെങ്കിലും ഒക്കെ തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് തന്നെയാണ് തുടക്കം മുതൽ കമ്പനിയും ഇതുമായി ബന്ധപ്പെട്ട വിദഗ്ധരും ഒക്കെ പറഞ്ഞിരുന്നത്. അല്ലെങ്കിൽ തന്നെ മരുന്നുകൾക്ക് പാർശ്വഫലം ഉണ്ട് എന്നുള്ള സത്യം അംഗീകരിക്കാതെ എങ്ങനെയാണ് മുന്നോട്ടു പോകാൻ ആവുക? ഒരു മഹാമാരി ലോകം തന്നെ കീഴടക്കാൻ എത്തിയപ്പോൾ അതിനെ പ്രതിരോധിക്കാൻ മനുഷ്യന്റെ തലച്ചോറ് പ്രവർത്തിച്ചതാണ് കൊവീഷീൽഡ്.

അതായത് വർഷങ്ങൾ എടുത്ത് കണ്ടെത്തേണ്ട വാക്സിനാണ് മാസങ്ങൾക്കുള്ളിൽ നമ്മുടെ മുന്നിലെത്തിയതെന്ന് ഓർക്കണം. ശാസ്ത്രത്തിന്റെ വളർച്ച, അത് മാത്രം ആണ് അതിന് പിന്നിൽ. എന്തിന് കൊവിഷീൽഡ്, നവജാത ശിശുക്കൾക്ക് എടുക്കുന്ന വാക്സീനുകൾ, ടെറ്റനസ് ഇഞ്ചക്ഷൻ ഇതെല്ലാം പാർശ്വഫലങ്ങൾ ഉള്ളത് തന്നെയാണ്. കോടിക്കണക്കിന് വരുന്ന ആളുകൾ എടുക്കുന്ന മരുന്നിൽ കുറച്ചു പേരിൽ നെഗറ്റീവ് ഇമ്പാക്ട് ഉണ്ടാക്കും. അതിൽ എന്റെയോ നിങ്ങളുടെയോ വളരെ വളരെ വളരെ പ്രിയപ്പെട്ടവരും ഉണ്ടാകും. പക്ഷേ അതുകൊണ്ട് കോടിക്കണക്കിന് വരുന്ന മറ്റുള്ളവർക്ക് ഉപകരിക്കുന്ന ഒരു മരുന്ന് കൊല്ലാൻ ഇറക്കിയ മരുന്നാണ് എന്ന പേരിൽ നടക്കുന്ന പ്രചാരണം ഈ നൂറ്റാണ്ടിൽ അംഗീകരിക്കാൻ ആകില്ല.

ശാസ്ത്രീയമായ ലബോറട്ടറികളിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയ വാക്സീനുകൾ ആണിത്. അത് മാത്രമാണ് നമ്മുടെ മുന്നിലെ രോഗ പ്രതിരോധത്തിന്റെ ശാസ്ത്രീയ മാർഗവും. ആ മാർഗം മുടക്കരുത്. അത് ശാസ്ത്ര സത്യങ്ങളിൽ നിന്നും പിന്തിരിഞ്ഞുള്ള ഓട്ടമാകും. ലോകമെങ്ങും ശാസ്ത്രത്തോട് കൂടുതൽ ചേരുമ്പോൾ നമ്മൾ വിയോജിച്ച് പോകരുത്. അത് എന്തിന്റെ പേരിൽ ആണെങ്കിലും.

dot image
To advertise here,contact us
dot image