തിരഞ്ഞെടുപ്പ് കാലം വിപണിയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എപ്പോഴും കൗതുകകരമാണ്. നമ്മുടെ രാജ്യം ഒരു തിരഞ്ഞെടുപ്പിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. അതുകൊണ്ടു തന്നെ വിപണി ഒരു പ്രത്യേക പഠനവിഷയവുമാണ്. ഇതിൽ പ്രധാനമാണ് ഓഹരി കമ്പോളത്തിലെ ഏറ്റിറക്കങ്ങൾ. ആഭ്യന്തര സാഹചര്യങ്ങളും അന്താരാഷ്ട്ര സാഹചര്യങ്ങളും ഒരുപോലെ സ്വാധീനം ചെലുത്തുന്ന ഓഹരി കമ്പോളം ഈ ലോക്സഭാ തിരഞ്ഞെടുപ്പിൻറെ പശ്ചാത്തലത്തിൽ എങ്ങനെയൊക്കെ പ്രവർത്തിക്കുന്നു, പെരുമാറുന്നു എന്നതാണ് ഈ ലേഖനം പരിശോധിക്കുന്നത്.
ഭരണത്തിലുണ്ടാകുന്ന ഏത് തരം അസ്ഥിരതയും ആദ്യം ബാധിക്കുക ഓഹരി കമ്പോളത്തേയാണല്ലോ. അതിന് തിരഞ്ഞെടുപ്പ് സാഹചര്യം തന്നെ വേണമെന്നില്ല. ഉദാഹരണത്തിന് ഒരു സർക്കാരിന് ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധിയുണ്ടാകുന്ന പക്ഷം ആ രാജ്യത്തെ ഓഹരി വിപണി അസ്ഥിരമാകും. കെട്ടുറപ്പുള്ള ഒരു സർക്കാരാണ് അധികാരത്തിലെങ്കിൽ ഓഹരി കമ്പോളം മുന്നേറ്റമുണ്ടാക്കുകയും ചെയ്യും. പ്രകൃതി ക്ഷോഭമോ യുദ്ധമോ ഒക്കെ ആദ്യം ബാധിക്കുക ഓഹരി വിപണിയേയാണ്. ഉദാഹരണത്തിന് ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെ ഭരണമുന്നണിയായ ദേശീയ ജനാധിപത്യ സഖ്യവും നരേന്ദ്ര മോദിയും വീണ്ടും അധികാരത്തിൽ വരുമെന്ന പ്രവചനങ്ങൾ ഓഹരി കമ്പോളത്തെ ശക്തിപ്പെടുത്തുന്നതാണ് നാം കണ്ടത്.
2004 ലെ തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം നേടാനായില്ല. അന്ന് ഇന്ത്യൻ ഓഹരി വിപണി കൂപ്പുകുത്തി. ഓഹരി വിപണി വീണ്ടും ശക്തമാകാനെടുത്തത് ആറ് മാസക്കാലമായിരുന്നു
എന്നാൽ ഒന്നാം ഘട്ട തിരഞ്ഞെടുപ്പിന് ശേഷം ഒരു ഭൂരിപക്ഷ സർക്കാർ അധികാരത്തിൽ വരാനുള്ള സാദ്ധ്യതകൾ കുറയുന്നു എന്ന് ചിലരെങ്കിലും പ്രവചിച്ചതോടെ ഓഹരി വിപണി ഇടിഞ്ഞു. 2004 ഇതിന് നല്ലൊരുദാഹരണമാണ്. 2004 ലെ തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ഒരു പാർടിക്കും കേവല ഭൂരിപക്ഷം നേടാനായില്ല. അന്ന് ഇന്ത്യൻ ഓഹരി വിപണി കൂപ്പുകുത്തി. ഓഹരി വിപണി വീണ്ടും ശക്തമാകാനെടുത്തത് ആറ് മാസക്കാലമായിരുന്നു. എന്നാൽ 2009 ൽ മൻമോഹൻ സിങ് സർക്കാരിന് അനുകൂലമായ ജനവിധിയുണ്ടായപ്പോൾ ഓഹരി വിപണി കുതിക്കുന്നതാണ് നാം കണ്ടത്. 2008 ൽ ആഗോള സാമ്പത്തിക മാന്ദ്യം ലോക സമ്പദ് രംഗത്തെ പിടിച്ച് കുലുക്കുമ്പോഴായിരുന്നു ഇന്ത്യൻ ഓഹരി വിപണി മുന്നേറ്റമുണ്ടാക്കിയത് എന്നതും പ്രധാനമാണ്. അന്ന് മൻമോഹൻസിങ് സർക്കാർ സാമ്പത്തിക മാന്ദ്യത്തെ മറികടക്കാൻ പ്രഖ്യാപിച്ച നയങ്ങളും ഓഹരി വിപണിക്ക് ഉത്തേജനം നൽകി. 1991 ൽ നരസിംഹറാവുവിൻറെ നേതൃത്വത്തിൽ ഒരു ന്യൂനപക്ഷ സർക്കാരാണ് അധികാരത്തിൽ വന്നതെങ്കിലും അതിനു ശേഷം ആ സർക്കാർ നടപ്പാക്കിയ ഉദാരവൽക്കരണ നയങ്ങൾ ഇന്ത്യൻ വിപണിയെ ആഗോള തലത്തിൽ തന്നെ എടുത്തുയർത്തുന്നതും നാം കണ്ടതാണ്.
ബിജെപി നേതൃത്വം നൽക്കുന്ന ദേശീയ ജനാധിപത്യ സഖ്യം അധികാരത്തിൽ വരുമെന്ന പ്രവചനം ഇന്ത്യൻ ഓഹരി വിപണിയെ എങ്ങനെയാണ് ബാധിച്ചതെന്ന് കണക്കുകൾ വെച്ച് നമുക്ക് പരിശോധിക്കാം. ജൂൺ 24 വെള്ളിയാഴ്ച നിഫ്റ്റി ഒറ്റയടിക്ക് 50 പോയിൻറ് ഉയർന്ന് 23,007.20 എന്ന എക്കാലത്തേയും റെക്കോഡ് നേട്ടത്തിലേക്ക് എത്തി. സെൻസെക്സും റെക്കോഡ് നേട്ടമുണ്ടാക്കി. ഭരണകക്ഷിക്ക് ഭൂരിപക്ഷം കിട്ടുന്ന സാഹചര്യമുണ്ടായാൽ ഇതേ ട്രെൻഡ് തുടരുമെന്നാണ് മോജോപിഎംഎസ്സിൻറെ ( MojoPMS ) ചീഫ് ഇൻവെസ്റ്റ്മൻറ് ഓഫീസർ സുനിൽ ഡമാനിയ പറയുന്നത്. മറിച്ചായാൽ വിപണി ഒറ്റയടിക്ക് ഇരുപത് ശതമാനം താഴേക്ക് പോകുമെന്നും ഡമാനിയ കണക്കു കൂട്ടുന്നു.
ആർക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ് വരുന്നതെങ്കിൽ ഇന്ത്യൻ ഓഹരി വിപണി സ്ഥിരതയിലേക്ക് എത്താൻ ചുരുങ്ങിയത് ആറ് മാസമെങ്കിലുമെടുക്കുമെന്നാണ് വിദ്ഗ്ദ്ധർ കരുതുന്നത്
ആർക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ് വരുന്നതെങ്കിൽ ഇന്ത്യൻ ഓഹരി വിപണി സ്ഥിരതയിലേക്ക് എത്താൻ ചുരുങ്ങിയത് ആറ് മാസമെങ്കിലുമെടുക്കുമെന്നാണ് വിദ്ഗ്ദ്ധർ കരുതുന്നത്. കാരണം അധികാരത്തിൽ വരുന്നത് ഒരു കൂട്ടുകക്ഷി സർക്കാരാണെങ്കിൽ അങ്ങനെയൊരു സർക്കാർ ആദ്യ ആറ് മാസം മുൻതൂക്കം നൽകുക ജനപ്രിയ പരിപാടികൾക്കും പദ്ധതികൾക്കുമായിരിക്കും. സ്വാഭാവികമായും സാമ്പത്തിക പരിഷ്കരണ നടപടികളെല്ലാം ബാക്ക് സീറ്റിലേക്ക് മാറുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാന സൗകര്യ വികസനമടക്കമുള്ള കാര്യങ്ങൾക്ക് ആദ്യഘട്ടത്തിൽ പ്രാധാന്യം കിട്ടാൻ സാദ്ധ്യത കുറവാണ്. കോർപ്പറേറ്റ് നികുതികൾ വർദ്ധിപ്പിച്ച് ജനപ്രിയ പദ്ധതികൾക്ക് ബജറ്റിൽ പണം കണ്ടെത്താനുള്ള ശ്രമവുമുണ്ടാകും. ഇത് വ്യവസായ മേഖലയെ ബാധിക്കും എന്ന കാര്യത്തിൽ സംശയമില്ല. ആഭ്യന്തര നിക്ഷേപത്തേയും അന്താരാഷ്ട്ര നിക്ഷേപത്തേയും ഒരുപോലെ ബാധിക്കുന്നതാകും ഈ നീക്കം. അത് ആദ്യം പ്രത്യാഘാതം സൃഷ്ടിക്കുക ഓഹരി കമ്പോളത്തിൽ തന്നെയായിരിക്കും. അങ്ങനെ സംഭവിച്ചാൽ നേരിട്ടുള്ള വിദേശ നിക്ഷേപം കുറയാനാണ് സാദ്ധ്യത. കാരണം ഒരു രാജ്യത്തിൻറെ ആഭ്യന്തര ഓഹരി വിപണയിലെ ഏറ്റിറക്കങ്ങളെ ആസ്പദിച്ചാണ് ആ രാജ്യത്ത് നിക്ഷേപം നടത്തണോ വേണ്ടയോ എന്ന കാര്യത്തിൽ ബഹുരാഷ്ട്ര കമ്പനികൾ തീരുമാനമെടുക്കുക.
ഏത് പാർട്ടി സർക്കാരുണ്ടാക്കുന്നു എന്നതല്ല മറിച്ച് അധികാരത്തിലെത്തുന്ന സർക്കാർ ശക്തമാണോ എന്നതാണ് എപ്പോഴും കമ്പോളത്തെ സ്വാധീനിക്കുന്ന ഘടകം. അതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പും മുൻകാലങ്ങളേപ്പോലെ തന്നെ കമ്പോളത്തെ സംബന്ധിച്ച് പ്രധാനമാണ്. തിരഞ്ഞെടുപ്പ് ഒരു ഹ്രസ്വകാല സ്വാധീനമാണെങ്കിലും അധികാരത്തിൽ വരുന്ന സർക്കാരിൻറെ സാമ്പത്തിക നയങ്ങൾ തന്നെയാണ് വിപണിയെ ബാധിക്കുന്ന ദീർഘകാല സ്വാധീനം.